scorecardresearch

ലോകത്തിലെ ഏറ്റവും വലിയ വിമാനം തകര്‍ത്ത് റഷ്യ; അന്റോനോവ് എഎൻ-225 നെക്കുറിച്ച്

അന്റോനോവ് എഎൻ-225 സ്ഥിതി ചെയ്തിരുന്ന ഹോസ്‌റ്റോമിലെ യുക്രൈനിയന്‍ വ്യോമതാവളത്തിലേക്ക് റഷ്യൻ സൈന്യം പ്രവേശിച്ചതിനെത്തുടർന്ന് വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായാണ് അധികൃതര്‍ പറയുന്നത്. നാശനഷ്ടത്തിന്റെ വ്യാപ്തി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിമാനം പുനർനിർമ്മിക്കുമെന്ന് യുക്രൈന്‍ വ്യക്തമാക്കി

അന്റോനോവ് എഎൻ-225 സ്ഥിതി ചെയ്തിരുന്ന ഹോസ്‌റ്റോമിലെ യുക്രൈനിയന്‍ വ്യോമതാവളത്തിലേക്ക് റഷ്യൻ സൈന്യം പ്രവേശിച്ചതിനെത്തുടർന്ന് വിമാനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചതായാണ് അധികൃതര്‍ പറയുന്നത്. നാശനഷ്ടത്തിന്റെ വ്യാപ്തി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിമാനം പുനർനിർമ്മിക്കുമെന്ന് യുക്രൈന്‍ വ്യക്തമാക്കി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Antonov AN-225, Antonov AN-225 Explained

Photo: Twitter/Dmytro Kuleba

കീവ്: ലോകത്തിലെ ഏറ്റവും വലിയ ചരക്ക് വിമാനമായിരുന്നു അന്റോനോവ് എഎൻ -225 ('മ്രിയ'). യുക്രൈനിന്റെ പക്കലുള്ള മ്രിയ റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്നു. കീവിനടുത്തുള്ള വിമാനത്താവളത്തില്‍ നടന്ന ആക്രമണത്തിലായിരുന്നു സംഭവമെന്ന് യുക്രൈന്‍ അധികൃതര്‍ സ്ഥിരീകരിച്ചു.

Advertisment

വിമാനം ഉണ്ടായിരുന്ന ഹോസ്റ്റോമിലെ യുക്രേനിയന്‍ വ്യോമതാവളത്തില്‍ റഷ്യന്‍ സൈന്യം പ്രവേശിച്ചതിനെ തുടര്‍ന്നാണ് വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ എത്രത്തോളം നാശനഷ്ടം സംഭവിച്ചു എന്നത് വ്യക്തമല്ല. വിമാനം പുനര്‍നിര്‍മ്മിക്കുമെന്ന് യുക്രൈന്‍ ഇതിനോടം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

"ഇതായിരുന്നു ലോകത്തിലെ ഏറ്റവും വലിയ വിമാനം, എഎന്‍-225 മ്രിയ (ഉക്രേനിയൻ ഭാഷയിൽ 'സ്വപ്നം' എന്നാണ് മ്രിയ എന്ന വാക്കിന്റെ അര്‍ത്ഥം). റഷ്യ നമ്മുടെ ‘മ്രിയ’ നശിപ്പിച്ചിരിക്കാം. പക്ഷേ, ശക്തവും സ്വതന്ത്രവും ജനാധിപത്യപരവുമായ യൂറോപ്യൻ രാഷ്ട്രമെന്ന നമ്മുടെ സ്വപ്നം തകർക്കാൻ അവർക്ക് ഒരിക്കലും കഴിയില്ല. ഞങ്ങൾ വിജയിക്കും," ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രൊ കുലേബ പറഞ്ഞു.

Advertisment

അന്റോനോവ് എഎൻ-225 നെക്കുറിച്ച്

അന്റോനോവ് എഎൻ-225 ന്റെ ചിറകുകള്‍ക്ക് 290 അടിയിലധികം നീളമാണുള്ളത്. 1980 കളില്‍ അന്നത്തെ യുക്രൈനിയന്‍ സോവിയറ്റ് യൂണിയനായിരുന്നു അന്റോനോവ് എഎൻ-225 രൂപകൽപ്പന ചെയ്തത്. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ പിരിമുറുക്കം നിറഞ്ഞ കാലഘട്ടമായിരുന്നു അത്. മ്രിയ വിമാനപ്രേമികള്‍ക്കിടയില്‍ വളരെയധികം പ്രീതി നേടിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള വിമാന പ്രദര്‍ശനങ്ങളിലും മുഖ്യാകര്‍ഷണം മ്രിയ തന്നെയാണെന്നാണ് വിവരം.

യുഎസിന്റെ സ്‌പേസ് ഷട്ടിലിന്റെ സോവിയറ്റ് പതിപ്പായ ബുറാൻ വഹിക്കാനുള്ള സോവിയറ്റ് എയറോനോട്ടിക്കൽ പ്രോഗ്രാമിന്റെ ഭാഗമായാണ് ഇത് ആദ്യം രൂപകൽപ്പന ചെയ്തത്. 1991 ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം, ബുറാൻ പ്രോഗ്രാം റദ്ദാക്കിയപ്പോൾ വൻതോതിലുള്ള ചരക്ക് കയറ്റുമതി ചെയ്യാൻ വിമാനം ഉപയോഗിച്ചു.

വിമാനം രൂപകൽപ്പന ചെയ്ത നിർമ്മാതാക്കളായ അന്റോനോവ് കമ്പനി നിർമ്മിച്ചത് ഒരു AN-225 മാത്രമാണ്. അന്റൊനോക്ക് കമ്പനി തന്നെ രൂപകല്‍പ്പന ചെയ്തതും റഷ്യൻ വ്യോമസേന ഉപയോഗിക്കുന്നതുമായ നാല് എഞ്ചിനുള്ള എഎന്‍-124 കോണ്ടറിന്റെ വലിയ പതിപ്പാണ് അന്റോനോവ് എഎൻ-225.

1988 ലാണ് വിമാനം ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ചത്. അന്നുമുതൽ ഇത് ഉപയോഗത്തിലുണ്ട്. സമീപകാലത്തായി അയൽ രാജ്യങ്ങളില്‍ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ വിമാനം ഉപയോഗിച്ചിരുന്നു. കോവിഡ് മഹാമാരിയുടെ ആദ്യ കാലഘട്ടങ്ങളില്‍ വിമാനത്തിന്റെ പ്രവര്‍ത്തനം സജീവമായിരുന്നു.

മ്രിയക്ക് സംഭവിച്ചത്

സൈനിക നീക്കം പ്രഖ്യാപിച്ചതിന് നാല് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു യുക്രൈനിന്റെ വ്യോമതാവളങ്ങള്‍ ലക്ഷ്യമാക്കി റഷ്യ ആക്രമണം നടത്തിയത്. എഎന്‍-225 അറ്റകുറ്റപ്പണി നടത്തിക്കൊണ്ടിരുന്ന ഹോസ്റ്റമൽ എയർഫീൽഡ് പിടിച്ചെടുത്തതായി വെള്ളിയാഴ്ച റഷ്യ അവകാശപ്പെട്ടു.

“യുക്രൈനിന്റെ വ്യോമയാന ശേഷിയുടെ പ്രതീകമായതിനാലാണ് റഷ്യ മ്രിയയെ ആക്രമിച്ചത്,” അന്റോനോവ് കമ്പനിയെ നിയന്ത്രിക്കുന്ന ഉക്രെയ്നിലെ സർക്കാർ പ്രതിരോധ മേഖലാ നിർമ്മാതാക്കളായ ഉക്രോബോറോൺപ്രോം ഞായറാഴ്ച പ്രഖ്യാപിച്ചു.

സാറ്റലൈറ്റ് ചിത്രങ്ങളില്‍ വിമാനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുള്ളതായി സിഎന്‍എന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ച രാവിലെ 11:13 ഓടെ വിമാനത്താവളത്തിൽ തീപിടിത്തമുണ്ടായതായി നാസയുടെ റിസോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം ഫോർ ഫയർ ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്തു.

അതേസമയം, വിമാനത്തിന് എന്താണ് സംഭവിച്ചതെന്ന് സാങ്കേതികമായി ഇപ്പോഴും പറയാന്‍ കഴിയില്ലെന്ന് അന്റോനോവ് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

അന്റോനോവ് എഎൻ-225 ന്റെ ഭാവി

റഷ്യയുടെ ചിലവില്‍ വിമാനം പൂര്‍വസ്ഥിതിയിലാക്കുമെന്ന് യുക്രോബോറോൺപ്രോം അറിയിച്ചു. മൂന്ന് ബില്യണ്‍ ഡോളറും അഞ്ച് വര്‍ഷം കാലാവധിയും ആവശ്യമാണെന്നും കമ്പനി പറയുന്നു. ഈ ചെലവുകൾ റഷ്യൻ ഫെഡറേഷൻ വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ചുമതല, ഇത് യുക്രൈനിന്റെ വ്യോമയാനത്തിനും എയർ കാർഗോ മേഖലയ്ക്കും ഗുരുതര നാശമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും കമ്പനിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Also Read: Russia-Ukraine Crisis: യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ഇങ്ങനെ

Ukraine Russia

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: