/indian-express-malayalam/media/media_files/uploads/2020/06/lockdown-covid.jpg)
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ പതിനെട്ടായിരത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വൈറസ് അതിവേഗം വ്യാപിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്.
കോവിഡ് രോഗികള്‍ കൂടുതലുള്ള മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഇപ്പോഴും മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ രണ്ടാഴ്ചയായി കേസുകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ആശങ്കാജനകമാണ്. ഈ നിരക്ക് വര്‍ധന, ഏറ്റവും കൂടുതല്‍ രോഗികളുള്ള 10 സംസ്ഥാനങ്ങളുടെ പട്ടികയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ കേരളം വീണ്ടും പ്രവേശിക്കുമെന്ന സൂചനയാണ് നല്‍കുന്നത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്ത് 35,000 പുതിയ കേസുകളാണു കണ്ടെത്തിയത്. ഇതോടെ മൊത്തം കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 1.61 ലക്ഷമായി. 3.51 ശതമാനമാണു നിലവിലെ കോവിഡ് പോസിറ്റീവ് പ്രതിദിന വളര്‍ച്ചാ നിരക്ക്. ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ദേശീയ പ്രതിദിന വളര്‍ച്ചാനിരക്കായ 1.53 ശതമാനത്തിന്റെ ഇരട്ടിയിലധികമാണിത്.
നിലവില്‍ നാല്‍പ്പത്തി ഒന്‍പതിനായിരത്തോളം സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. സജീവ കേസുകളുടെ കാര്യത്തില്‍ അഞ്ചാമതാണു കേരളം. മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണു കേരളത്തിനു മുന്നിലുള്ളത്.
സംസ്ഥാനത്ത് ഇന്നലെ 6477 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവര്‍ ഉള്‍പ്പെടെ 48,892 പേരാണ് ചികിത്സയിലുള്ളത്. മൊത്തം 1,11,331 പേര്‍ രോഗമുമുക്തി നേടി.ഇന്നലെ രോഗം സ്ഥിരീകരിച്ച 5418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 713 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3481 പേര്‍ ഇന്നലെ രോഗമുക്തി നേടി. അതിനിടെ, സംസ്ഥാനത്ത് കോവിഡ് മരണനിരക്കും വര്‍ധിക്കുകയാണ്. ഇന്നലെ മാത്രം 22 പേരാണു മരിച്ചത്. മൊത്തം മരണസംഖ്യ 635 ആയി. 2,15,691 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാണെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച പറഞ്ഞത്. ''പല ജില്ലകളിലും പോസിറ്റീവ് കേസുകളുടെ എണ്ണം കുത്തനെ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഗുരുതരമായ അവസ്ഥയിലേക്ക് നാം നീങ്ങുകയാണ്,'' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
പോസിറ്റീവ് കേസുകളില്‍ അടുത്തിടെയുണ്ടായ കുതിച്ചുചാട്ടം താരതമ്യേന കുറഞ്ഞ പരിശോധനയുടെ ഫലമായിരിക്കാമെന്നും ധാരാളം കേസുകള്‍ കണ്ടെത്താനായിട്ടില്ലെന്നുമാണു ആരോഗ്യ സാമ്പത്തിക ശാസ്ത്രജ്ഞനും കോഴിക്കോട് ഐഐഎമ്മിലെ ഗസ്റ്റ് ഫാക്കല്‍റ്റിയുമായ പ്രൊഫ. റിജോ എം ജോണ്‍ അഭിപ്രായപ്പെട്ടത്. ''കോവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണെങ്കിലും കേരളം പരിശോധന വേഗത്തിലാക്കുന്നില്ല. പരിശോധനകളുടെ എണ്ണം കൂട്ടാതെ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്ക് പ്രവചിക്കാന്‍ കഴിയില്ല,''അദ്ദേഹം പറഞ്ഞു.
കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നതില്‍ കേരളത്തിന്റെ തുടക്കം മന്ദഗതിയിലായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ടെസ്റ്റുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍, കോവിഡ് 19 മാനേജ്‌മെന്റിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനെ ഉപദേശിക്കുന്ന വിദഗ്ധ സമിതി അംഗമായ ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞതുപോലെ ഇനിയും കൂടുതല്‍ ടെസ്റ്റുകള്‍ നടത്തേണ്ടതുണ്ട്.
ഇതുവരെ 26.57 ലക്ഷം ടെസ്റ്റുകളാണു സംസ്ഥാനത്ത് നടത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി, ദിവസവും അന്‍പതിനായിരത്തിലധികം സാമ്പിളുകള്‍ വീതം പരിശോധിക്കുന്നു. ഇത് മുന്‍ ആഴ്ചകളേക്കാള്‍ മെച്ചപ്പെട്ട നിരക്കാണ്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചതും കൂടുതല്‍ പോസിറ്റീവ് കേസുകള്‍ കണ്ടെത്താന്‍ കാരണമായി. കഴിഞ്ഞിദിവസം 56,057 സാമ്പിളുകളാണ് പരിശോധിച്ചത്.
അതേസമയം, രാജ്യത്ത് രോഗമുക്തരാവുന്നവരുടെ എണ്ണം പുതിയ കേസുകളേക്കാള്‍ കൂടുതലായിരിക്കുകയാണ്. ഇന്നലെ 85,000 പുതിയ കേസുകള്‍ കണ്ടെത്തിയപ്പോള്‍ 93,000 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 59.03 ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 48.49 ലക്ഷം അഥവാ 82 ശതമാനത്തിലധികം പേര്‍ രോഗമുക്തരായി.
Also Read: ചൈനയുടെ കോവിഡ് വാക്‌സിന്‍: ദുബായ് മലയാളിക്ക് ആന്റിബോഡി രൂപപ്പെട്ടു
കഴിഞ്ഞ എട്ട് ദിവസങ്ങളില്‍ ഏഴിലും രോഗമുക്തി നേടുന്നവരുടെ എണ്ണം പുതിയ കേസുകളേക്കാള്‍ കൂടുതലാണ്. ഇത് ചികിത്സയിലുള്ളവരുടെ എണ്ണം കുറയാന്‍ കാരണമാകുകയാണ്. രാജ്യത്തെ ചികിത്സയിലുള്ളവരുടെ എണ്ണം 17 നു 10.17 ലക്ഷമായിരുന്നെങ്കില്‍ ഇന്നലെയത് 9.6 ലക്ഷമായി കുറഞ്ഞു.
മഹാരാഷ്ട്രയില്‍ ഇന്നലെ പതിനെട്ടായിരത്തോളം പുതിയ കേസുകളാണു സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 13 ലക്ഷമായി ഉയര്‍ന്നു. അടുത്തിടെ വരെ സംസ്ഥാനത്ത് ദിവസവും 22,000 മുതല്‍ 25,000 വരെ പോസിറ്റീവ് കേസുകളാണു സ്ഥിരീകരിച്ചുകൊണ്ടിരുന്നത്. മരണസംഖ്യ 35,000 കടന്നു. രാജ്യത്തെ കോവിഡ് മരണങ്ങളില്‍ 37 ശതമാനത്തിലധികവും മഹാരാഷ്ട്രയിലാണ്.
ഒഡിഷയില്‍ ഇതുവരെ രണ്ടു ലക്ഷത്തിലധികം പേര്‍ക്കാണു കോവിഡ് ബാധിച്ചത്. നാലായിരത്തിലധികം കേസുകളാണ് ഓരോ ദിവസവും പുതുതായി സ്ഥിരീകരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.