ദുബായ്: ചൈനയുടെ കോവിഡ്-19 പ്രതിരോധ വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തിയേക്കും. ചൈനീസ് കമ്പനിയായ സിനോഫാം യുഎഇയില്‍ നടത്തിയ പരീക്ഷണം വിജയമെന്നാണ് സൂചന. പരീക്ഷണത്തില്‍ കണ്ണിചേര്‍ന്ന കണ്ണൂര്‍ തായത്തെരു അഞ്ചുകണ്ടി സ്വദേശി മുഹമ്മദ് റസ്‌ലിം അന്‍വറിന്റെ ശരീരത്തില്‍ ആന്റിബോഡി ഉൽപ്പാദിപ്പിക്കപ്പെട്ടു.

മുഹമ്മദ് റസ്‌ലിം ഉള്‍പ്പെടെ യുഎഇയിൽ 31,000 പേരിലാണു സിനോഫാം കോവിഡ് പ്രതിരോധ മരുന്ന് പരീക്ഷിച്ചത്. 30,000 പേര്‍ വിവിധ രാജ്യക്കാരായ വോളണ്ടിയര്‍മാരും ആയിരം പേര്‍ ഗുരുതരമായ രോഗങ്ങളുള്ളവരുമാണ്. പരീക്ഷണം വിജയമാണെന്നാണ് അധികൃതരില്‍നിന്നു ലഭിച്ച വിവരമെന്ന് മുഹമ്മദ് റസ്‌ലിം ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

Also Read: യുഎഇയിൽ കോവിഡ് വാക്സിൻ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് അനുമതി

ദുബായില്‍ ഷിപ്പിങ് കമ്പനിയില്‍ അസിസ്റ്റന്റ് മാനേജറായി ജോലി ചെയ്യുന്ന മുപ്പത്തി രണ്ടുകാരനായ മുഹമ്മദ് റസ്‌ലിം പരീക്ഷണ വാക്സിന്റെ ആദ്യ ഡോസ് ഓഗസ്റ്റ് എട്ടിനാണു സ്വീകരിച്ചത്. രണ്ടാം ഡോസ് സെപ്റ്റംബര്‍ ഒന്നിനും സ്വീകരിച്ചു. മരുന്നിന്റെ ഫലമായി ശരീരത്തില്‍ ആന്റിബോഡി രൂപപ്പെട്ടതായി രണ്ടാഴ്ച കഴിഞ്ഞ് നടത്തിയ രക്തപരിശോധനയില്‍ സ്ഥിരീകരിച്ചുവെന്ന് മുഹമ്മദ് റസ്ലിം പറഞ്ഞു. ആന്റിബോഡി കൗണ്ട് കുറയുന്നുണ്ടോയെന്ന് അറിയാനായി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും രക്തപരിശോധനയുണ്ട്. കുത്തിവയ്പ് സ്വീകരിച്ചതിനെത്തുടര്‍ന്ന് പനിയോ തലവേദനയല്ലാത്ത മറ്റു പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മുഹമ്മദ് റസ്‌ലിം പറഞ്ഞു.

വോളണ്ടിയര്‍മാരില്‍ നടത്തിയ പരീക്ഷണത്തില്‍ വാക്‌സിന്‍ വിജകരമാണെന്നു കണ്ടതോടെ അടിയന്തര ഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു മരുന്ന് നല്‍കാന്‍ യുഎഇ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. അടുത്ത ഘട്ടത്തില്‍ 65 വയസിനുമുകളിലുള്ള മറ്റു ഗുരുതരമായ രോഗമുള്ളവര്‍ക്കും തുടര്‍ന്ന് പൊതുജനങ്ങള്‍ക്കും മരുന്നും ലഭ്യമാക്കും.

ജീവനില്ലാത്ത കൊറോണ വൈറസുകളുടെ കൂട്ടം അടങ്ങുന്ന പ്രതിരോധ വാക്സിന്റെ രണ്ട് ഡോസാണ് സ്വീകരിക്കേണ്ടത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ ആജീവനാന്തം ആന്റിബോഡി ശരീരത്തില്‍ നിലനില്‍ക്കുമെന്നാണ് സിനോഫാം അവകാശപ്പെടുന്നത്. ഒരു ഡോസിന് 300 ദിര്‍ഹം (6000 രൂപയോളം) ആയിരിക്കും യുഎഇയിലെ വിലയെന്നാണ് ലഭ്യമായ വിവരം. അന്തിമാനുമതി ലഭിച്ച് വാക്സിന്‍ ചൈനയില്‍ ലഭ്യമാക്കുന്ന അതേസമയത്ത് തന്നെ യുഎഇയ്ക്കും സിനോ ഫാം മരുന്ന് നല്‍കും.

Also Read: ‘മഹാമാരിക്കെതിരേ ഇതു മാത്രമേ വഴിയുള്ളൂ’; ചൈനയുടെ കോവിഡ് പരീക്ഷണ വാക്‌സിന്‍ സ്വീകരിച്ച് മലയാളിയും

വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ള എല്ലാ പ്രായപരിധിയിലുള്ളവരിലും മരുന്ന് ഫലപ്രദമാണെന്നു തെളിയിക്കപ്പെടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ വാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുകയുള്ളൂ. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുനിന്നുമുള്ള ആളുകളെ എളുപ്പം ലഭ്യമാവുന്ന രാജ്യം എന്ന നിലയ്ക്കാണു യുഎഇയെ മരുന്നുപരീക്ഷണത്തിനായി സിനോഫാം തിരഞ്ഞെടുത്തത്.

ചൈനയില്‍ നേരത്തെ തന്നെ ആരംഭിച്ച വാക്‌സിന്‍ പരീക്ഷണം ബഹ്‌റൈനിലും ജോര്‍ദാനിലും തുടരുന്നുണ്ട്. ഈ രാജ്യങ്ങളിലെ പരീക്ഷണം പൂര്‍ത്തിയാക്കി ലോകാരോഗ്യ സംഘടനയുടെ അനുമതി നേടി മരുന്ന് ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തിക്കാനാണു ചൈനയുടെ ലക്ഷ്യം.

യുഎഇയിലെ ആരോഗ്യവിഭാഗമായ സേഹയുടെ കീഴിലുള്ള ആശുപത്രിയില്‍നിന്ന് മുഹമ്മദ് റസ്‌ലിം ഉള്‍പ്പെടെയുള്ളവര്‍ കുത്തിവയ്പ് സ്വീകരിച്ചത്. പ്രാഥമിക പരിശോധന നടത്തി രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, പ്രമേഹം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ബോധ്യപ്പെട്ടവരെയാണു കുത്തിവയ്പിനായി തിരഞ്ഞെടുത്തത്. തുടര്‍ന്ന് കോവിഡ് നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തിയശേഷമാണു ആദ്യ ഡോസ് നല്‍കിയത്. രണ്ടാം ഡോസിന്റെ സമയത്തും ഇതേ നടപടിക്രമങ്ങളുണ്ട്.

Also Read: വിമാന സര്‍വീസ്: സൗദി തീരുമാനത്തില്‍ പ്രതീക്ഷയോടെ പ്രവാസികള്‍

വാക്സിന്‍ സ്വീകരിച്ചവര്‍ ഒരുവര്‍ഷം ആരോഗ്യവിഭാഗത്തിന്റെയും സിനോ ഫാമിന്റെയും നിരീക്ഷണത്തിലായിരിക്കും. മൂന്നു മാസത്തേക്കു യുഎഇയ്ക്കു പുറത്തു സഞ്ചരിക്കാന്‍ കഴിയില്ല. അടിയന്തര ഘട്ടത്തില്‍ ആരോഗ്യവിഭാഗത്തിന്റെ അനുമതിയോടെ യാത്ര ചെയ്യാന്‍ കഴിയും. ഇതുസംബന്ധിച്ച വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന ധാരണാപത്രം വാക്‌സിനെടത്തുവരില്‍നിന്ന് അധികൃതര്‍ ഒപ്പിട്ടുവാങ്ങിയിട്ടുണ്ട്.

സിനോ ഫാം നല്‍കുന്ന ബാന്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ കൈത്തണ്ടയില്‍ അണിയണം. ഇതില്‍ ഘടിപ്പിച്ച ചിപ്പ് വഴി രോഗിയുടെ ഹൃദയസ്പന്ദനവും രക്തസമ്മര്‍ദവും സിനോ ഫാം നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കും. വെള്ളത്തെ പ്രതിരോധിക്കുന്ന ബാന്‍ഡ് അഴിക്കാതിരിക്കാന്‍ പരാമവധി ശ്രദ്ധിക്കണമെന്നാണു നിര്‍ദേശം. വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഒരു വര്‍ഷത്തേക്ക് യുഎഇയിലെ ആശുപത്രികളില്‍ ഏത് അസുഖത്തിനുമുള്ള ചികിത്സയ്ക്കും പ്രത്യേക പരിഗണന ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook