/indian-express-malayalam/media/media_files/uploads/2021/08/GSLV.jpg)
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) ഇന്ന് രാവിലെ നടത്തിയ വിക്ഷേപണം പരാജയപ്പെട്ടതോടെ നഷ്ടമായത് സുപ്രധാന ഭൗമ നിരീക്ഷണ ഉപഗ്രഹം. ഇഒഎസ്-03 എന്ന ഉപഗ്രഹം വഹിച്ച ജിഎസ്എല്‍വി റോക്കറ്റിന്റെ പ്രവര്‍ത്തനം, കുതിച്ചുയര്‍ന്ന് ഏകദേശം അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ തകരാറിലാവുകയായിരുന്നു.
51.70 മീറ്റര്‍ ഉയരമുള്ള ജിഎസ്എല്‍വി എഫ്-10, 26 മണിക്കൂര്‍ കൗണ്ട് ഡൗണിന് ശേഷം ഇന്നു രാവിലെ 5.43നാണു വിക്ഷേപിച്ചത്. ഇഒഎസ്-03യെ റോക്കറ്റ് ഉപയോഗിച്ച് താല്‍ക്കാലിക ഭ്രമണപഥത്തില്‍ എത്തിക്കാനാണ് ഐഎസ്ആഒ ലക്ഷ്യമിട്ടിരുന്നത്. തുടര്‍ന്ന് ഉപഗ്രഹത്തെ അതിന്റെ പ്രൊപല്‍ഷന്‍ സംവിധാനം പ്രവര്‍ത്തിപ്പിച്ച് അന്തിമ ഭൂസ്ഥിര ഭ്രമണപഥത്തിലേക്കു മാറ്റുകയായിരുന്നു ഉദ്ദേശ്യം.
''ഒന്നും രണ്ടും ഘട്ടങ്ങളുടെ പ്രകടനം തൃപ്തികരമായിരുന്നു. എന്നാല്‍ സാങ്കേതിക തകരാറുകള്‍ കാരണം ക്രയോജനിക് അപ്പര്‍ സ്റ്റേജില്‍ ജ്വലനം നടന്നില്ല. ദൗത്യം ഉദ്ദേശിച്ച രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല,'' വിക്ഷേപണം സംബന്ധിച്ച്, കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാതെയുള്ള പ്രസ്താവനയില്‍ ഐഎസ്ആര്‍ഒ പറഞ്ഞു.
GSLV-F10 launch took place today at 0543 Hrs IST as scheduled. Performance of first and second stages was normal. However, Cryogenic Upper Stage ignition did not happen due to technical anomaly. The mission couldn't be accomplished as intended.
— ISRO (@isro) August 12, 2021
ക്രയോജനിക് ഘട്ടം സങ്കീർണം
ജിഎസ്എല്‍വിയുടെ ക്രയോജനിക് അപ്പര്‍ സ്റ്റേജില്‍, വളരെ കുറഞ്ഞ താപനിലയിലുള്ള ദ്രവീകൃത ഹൈഡ്രജനും ഓക്‌സിജനുമാണ് ഇന്ധനമാകുന്നത്. ഐഎസ്ആര്‍ഒ തദ്ദേശീയമായി വികസിപ്പിച്ചതാണ് ക്രയോജനിക് എന്‍ജിന്‍. ക്രയോജനിക് ഘട്ടം കൂടുതല്‍ കാര്യക്ഷമമായിരിക്കണമെന്നും ഇത് ബഹിരാകാശത്തേക്കു വലിയ പേലോഡുകള്‍ വഹിക്കാനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ജിഎസ്എല്‍വി പോലുള്ള ഭാരമേറിയ റോക്കറ്റുകള്‍ക്കു കൂടുതല്‍ കുതിപ്പിനുള്ള ഊര്‍ജം നല്‍കുമെന്നും കരുതപ്പെടുന്നു.
എന്നാല്‍ ക്രയോജനിക് ഇന്ധനങ്ങള്‍ പരമ്പരാഗത ദ്രാവക, ഖര ഇന്ധനങ്ങളേക്കാള്‍ വളരെ സങ്കീര്‍ണമാണ്, കാരണം ഏറ്റവും കുറഞ്ഞ താപനിലയില്‍, പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു വളരെ താഴെ അവ നിലനിര്‍ത്തേണ്ടതുണ്ട്. നിരവധി വിക്ഷേപണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും ക്രയോജനിക് ഘട്ടത്തില്‍ ഐ.എസ്.ആര്‍.ഒ ചില പ്രതിബന്ധങ്ങള്‍ നേരിട്ടിരുന്നു.
ജിഎസ്എല്‍വിയുടെ നാലാമത് പരാജയം
ജിഎസ്എല്‍വി റോക്കറ്റിന്റെ പതിനാലാമത് വിക്ഷേപണവും നാലാമത്തെ പരാജയവുമാണ് ഇന്നുണ്ടായത്. ജിഎസ്എല്‍വി മാര്‍ക്ക്- 2 പതിപ്പായ ഈ റോക്കറ്റ് ഉപയോഗിച്ചുള്ള ഇതിനു മുന്‍പുള്ള വിക്ഷേപണം 2018 ഡിസംബറിലായിരുന്നു. ആശയവിനിമയത്തിനുവേണ്ടിയുള്ള ജിസാറ്റ്-7എ എന്ന ഉപഗ്രഹമാണ് അന്നു വിക്ഷേപിച്ചത്. 2010 ലാണ് ഈ റോക്കറ്റിന്റെ അവസാന പരാജയം സംഭവിച്ചത്.
Also Read: ക്രയോജനിക് ഘട്ടത്തിൽ പാളിച്ച; ഇഒഎസ്-03 വിക്ഷേപണം പരാജയം
കോവിഡ് സാഹചര്യം കാരണം ദൗത്യങ്ങള്‍ ഇതിനകം വൈകിയ ഐഎസ്ആര്‍ഒയ്ക്ക് ജിഎസ്എല്‍വിയുടെ പരാജയം വലിയ തിരിച്ചടിയാണ്. ജിഎസ്എല്‍വി റോക്കറ്റുകള്‍ ഉപയോഗിച്ചുള്ള നിരവധി ദൗത്യങ്ങള്‍ ഈ വര്‍ഷവും അടുത്ത വര്‍ഷങ്ങളിലുമായി ഐഎസ്ആര്‍ഒ ആസൂത്രണം ചെയ്തിട്ടുണ്ട്. ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ ഉള്‍പ്പെടെ ഇക്കൂട്ടത്തിലുണ്ട്. ഇപ്പോഴത്തെ പരാജയം ഐഎസ്ആര്‍ഒയുടെ നിലവിലെ ഷെഡ്യൂളുകളെ ബാധിച്ചേക്കാം.
ഇഒഎസ്-03: ഭൂമിയിലേക്കുള്ള കണ്ണ്
ഇഒഎസ്-03 ന്റെ വിക്ഷേപണം കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ആസൂത്രണം ചെയ്തിരുന്നത്. ആദ്യം ചില സാങ്കേതിക തകരാറുകള്‍ കാരണവും തുടര്‍ന്ന് സാഹചര്യവും കാരണം അത് മാറ്റിവയ്‌ക്കേണ്ടി വരികയായിരുന്നു. പ്രളയവും ചുഴലിക്കാറ്റും പോലുള്ള പ്രകൃതിദുരന്തങ്ങളുടെ തത്സമയ നിരീക്ഷണം സാധ്യമാക്കുന്നതായിരുന്നു ഇഒഎസ്-03. പ്രതിദിനം നാല്-അഞ്ച് തവണ രാജ്യം ചിത്രീകരിക്കാന്‍ കഴിവുണ്ടായിരുന്നു.
ഈ വര്‍ഷത്തെ രണ്ടാമത്തെ മാത്രം വിക്ഷേപമാണ് ഐസ്ആര്‍ഒ ഇന്നു നടത്തിയത്. ഫെബ്രുവരിയിലാണ് ഇതിനു മുന്‍പത്തെ വിക്ഷേപണം നടന്നത്. ബ്രസീലിന്റെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ആമസോണിയ-1 ഉം 18 ചെറു ഉപഗ്രഹങ്ങളുമാണ് അന്ന് വിക്ഷേപിച്ചത്. പിഎസ്എല്‍വി സി-51 ഉപയോഗിച്ചായിരുന്നു വിക്ഷേപണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.