scorecardresearch

എന്തുകൊണ്ട് നടരാജൻ ബിസിസിഐ കരാറിൽ ഇല്ല? ബിസിസിഐ വാർഷിക കരാറിനെ കുറിച്ച് അറിയേണ്ടതെല്ലാം

ബിസിസിഐ നിശ്ചയിച്ചിരിക്കുന്ന ചില മാനദണ്ഡങ്ങൾ പ്രകാരമാണ് കരാറിൽ നടരാജന് സ്ഥാനം ലഭിക്കാതിരുന്നത്

ബിസിസിഐ നിശ്ചയിച്ചിരിക്കുന്ന ചില മാനദണ്ഡങ്ങൾ പ്രകാരമാണ് കരാറിൽ നടരാജന് സ്ഥാനം ലഭിക്കാതിരുന്നത്

author-image
Sports Desk
New Update
https://indianexpress.com/article/explained/why-did-natarajan-miss-out-on-a-bcci-annual-contract-7276191/

ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തങ്ങളുടെ പുതുക്കിയ വാർഷിക കരാർ വ്യാഴാഴ്ച പ്രഖ്യാപിച്ചു. പുതുക്കിയ കരാർ പട്ടികയിൽ കാണാതിരുന്ന താരങ്ങളിൽ പ്രധാനിയായി ഇന്ത്യയുടെ പുതിയ ഫാസ്റ്റ് ബോളർ ടി നടരാജനുമുണ്ട്. ബിസിസിഐ നിശ്ചയിച്ചിരിക്കുന്ന ചില മാനദണ്ഡങ്ങൾ പ്രകാരമാണ് കരാറിൽ നടരാജന് സ്ഥാനം ലഭിക്കാതിരുന്നത്.

Advertisment

എന്താണ് ബിസിസിഐയുടെ വാർഷിക കരാർ

എല്ലാ വർഷവും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അവരുടെ പ്രധാന കളിക്കാരെ വാർഷിക കരാറിൽ ഉൾപ്പെടുത്തിയാണ് പ്രതിഫലം നൽകുക.ഇതിനായി കളിക്കാരെ എപ്ലസ്, എ, ബി, സി എന്നീ നാല് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ എപ്ലസ് വിഭാഗത്തിൽ വരുന്നവർക്ക് വാർഷിക പ്രതിഫലമായി 7 കോടി രൂപയും,എ ഗ്രേഡ് വിഭാഗത്തിൽ വരുന്നവർക്ക് 5 കോടി രൂപയും, ബി ഗ്രേഡ് വിഭാഗത്തിൽ വരുന്നവർക്ക് 3 കോടി രൂപയും, സി ഗ്രേഡ് വിഭാഗത്തിൽ വരുന്നവർക്ക് ഒരു കോടി രൂപയുമാണ് ലഭിക്കുക. ബിസിസിഐയുടെ പ്രസിഡന്റും സെക്രട്ടറിയും, സെലക്ഷൻ കമ്മിറ്റി ചെയർമാനും അടങ്ങുന്ന കമ്മിറ്റിയാണ് കരാർ സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുക.

ഈ വർഷം വാർഷിക കരാർ ലഭിച്ച കളിക്കാർ എത്രപേർ?

ബിസിസിഐ 28 കളിക്കാരെയാണ് ഈ വർഷത്തെ വാർഷിക കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ വിരാട് കോഹ്ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ തുടങ്ങിയവർ 7 കോടി ലഭിക്കുന്ന എ പ്ലസ് കാറ്റഗറിയിലും, ആർ.അശ്വിൻ, രവീന്ദ്ര ജഡേജ, ചേതേശ്വർ പൂജാര, ശിഖർ ധവാൻ, കെ.എൽ.രാഹുൽ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ തുടങ്ങിയവർ 5 കോടി ലഭിക്കുന്ന എ കാറ്റഗറിയിലും വൃദ്ധിമാൻ സാഹ, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, ഷാർദൂൽ ഠാക്കൂർ, മയാങ്ക് അഗർവാൾ തുടങ്ങിയവർ 3 കോടി ലഭിക്കുന്ന ബി കാറ്റഗറിയിലും കുൽദീപ് യാദവ്, നവ്ദീപ് സെയ്നി, ദീപക് ചാഹർ, ശുഭ്മൻ ഗിൽ, ഹനുമ വിഹാരി, അക്ഷർ പട്ടേൽ, ശ്രേയസ് അയ്യർ, വാഷിങ്ടൻ സുന്ദർ, യുസ്‌വേന്ദ്ര ചെഹൽ, മുഹമ്മദ് സിറാജ് എന്നിവർ ഒരു കോടി ലഭിക്കുന്ന സി കാറ്റഗറിയിലും ഉൾപ്പെടുന്നു.

Read Also: കോവിഡ് വ്യാപനം വർധിച്ചിട്ടും മുംബൈയിലെ ഐപിഎൽ മത്സരങ്ങൾ മാറ്റുന്നില്ല; കാരണം ഇതാണ്

Advertisment

പുതിയ കരാറിൽ പ്രമോഷൻ ലഭിച്ചതും തരം താഴപ്പെട്ടവരും ആരൊക്കെ?

ഇംഗ്ലണ്ട് ടെസ്റ്റ് സീരിസിൽ ടീമിന്റെ ഭാഗമായിരുന്ന ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് എ ഗ്രേഡിലേക്ക് പ്രൊമോഷൻ ലഭിച്ചപ്പോൾ ലെഗ് സ്പിന്നറായ ചഹാലും, ചൈനമാൻ ബോളറായ കുൽദീപ് യാദവും സി ഗ്രേഡിലേക്ക് താഴപ്പെട്ടു. എന്നാൽ ടെസ്റ്റ് ടീമിന്റെ ഭാഗമായിരുന്ന ഉമേഷ് യാദവ് ബി കാറ്റഗറിയിൽ തുടർന്നു. കഴിഞ്ഞ വർഷത്തെ സ്ഥിരതയാർന്ന പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ശാർദൂൽ താക്കൂർ ബി ഗ്രേഡിലേക്ക് എത്തിയപ്പോൾ അഞ്ചു ടെസ്റ്റ് മത്സരങ്ങൾ കളിച്ച സിറാജ് സി കാറ്റഗറിയിൽ ഇടം കണ്ടെത്തി. എന്നാൽ മനീഷ് പാണ്ഡെക്കും കേദാർ ജാദവിനും വാർഷിക കരാറിൽ ഇടം നേടാൻ കഴിഞ്ഞില്ല.

വാർഷിക കരാർ ലഭിക്കുന്നതിനുള്ള മാനദണ്ഡമെന്ത്?

ഒരു സീസണിൽ കുറഞ്ഞത് 3 ടെസ്റ്റുകളും, 8 ഏകദിനങ്ങളും, 10 ടി20 മത്സരങ്ങളും കളിച്ച കളിക്കാരനാണ് ബിസിസിഐയുടെ വാർഷിക കരാർ ലഭിക്കുകയുള്ളു. ഈ മൂന്ന് ഫോർമാറ്റുകളിലും സ്ഥിരമായി കളിക്കുന്നവർക്കാണ് അതിൽ എ പ്ലസ് കരാർ ലഭിക്കുക. എന്നാൽ ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നവർ ബിസിസിഐ മുൻഗണന നൽകിയിട്ടുണ്ട് അതുകൊണ്ടാണ് ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, ഇഷാന്ത് ശർമ്മ, ആർ അശ്വിൻ തുടങ്ങിയ കളിക്കാർ എ കാറ്റഗറിയിൽ ഉൾപ്പെട്ടത്. ഇവർ ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് കഴിഞ്ഞ കുറച്ചു നാളുകളായി കളിച്ചിട്ടുള്ളത്.

എന്തുകൊണ്ടാണ് നടരാജൻ കരാറിൽ ഉൾപ്പെടാതിരുന്നത്?

ഓസ്‌ട്രേലിയൻ പരമ്പരയിൽ എല്ലാവരെയും വിസ്മയിപ്പിച്ച നടരാജൻ ഈ സീസണിൽ ഒരു ടെസ്റ്റ് മത്സരവും, രണ്ട് ഏകദിനങ്ങളും, 4 ടി20 മത്സരങ്ങളും മാത്രമാണ് കളിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ കരാറിൽ ഉൾപ്പെടുത്താനുള്ള മാനദണ്ഡങ്ങൾക്കുള്ളിൽ നടരാജൻ വരുന്നില്ല. നടരാജന് പുറമെ ഓസ്‌ട്രേലിയയിൽ ഒരു ടെസ്റ്റ് മാത്രം കളിച്ച ഓപ്പണർ പൃഥ്വി ഷായും കരാറിൽ ഉൾപ്പെട്ടിട്ടില്ല. എന്നാൽ ഓസ്‌ട്രേലിയയിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ കളിച്ച ശുഭ്മാൻ ഗില്ലിനു സി കാറ്റഗറിയിൽ ഇടം ലഭിച്ചു.

നടരാജന് ഇനി കരാറിൽ ഇടം ലഭിക്കുമോ?

ലഭിക്കും. ഇംഗ്ലണ്ടിൽ ഈ വർഷം നടക്കുന്ന പരമ്പരയിലെ രണ്ട് ടെസ്റ്റ് മത്സരങ്ങളിലോ, സെപ്റ്റംബറിന് മുൻപ് ആറ് ഏകദിനങ്ങളിലോ, ആറ് ടി20 മത്സരങ്ങളിലോ കളിക്കാനായാൽ വാർഷിക കരാറിലേക്ക് നടരാജനേയും ഉൾപ്പെടുത്തും. പൂർണമായ തുക ലഭിക്കില്ലെങ്കിലും മത്സരത്തിന് ആനുപാതികമായ തുക ലഭിക്കും. മറ്റു കളിക്കാരായ സൂര്യകുമാർ യാദവ്, കൃണാൽ പാണ്ഡ്യ എന്നിവർക്കും ബിസിസിഐ നിർദ്ദേശിച്ചിരിക്കുന്ന അത്രയും മത്സരങ്ങൾ ഈ സീസണിൽ കളിക്കാൻ കഴിഞ്ഞാൽ കരാറിൽ ഇടം ലഭിക്കും.

Indian Cricket Team Bcci

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: