മുംബൈ: മുംബൈ നഗരത്തിലെ കോവിഡ് രോഗബാധ കുതിച്ചുയരുന്ന സമയത്ത് തന്നെയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് 2021 സീസൺ മത്സരങ്ങൾ ഈ ആഴ്ച അവസാനം ആരംഭിക്കാനിരിക്കുന്നത്. മുംബൈയിലെ കോവിഡ് -19 കുതിച്ചുചാട്ടത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾക്കായി ഒരുങ്ങുകയാണ് മഹാരാഷ്ട്ര സർക്കാർ. ഒരു ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനുള്ള സാധ്യതയും സംസ്ഥാന സർക്കാർ തള്ളിക്കളയുന്നില്ല.
ഈ സാഹചര്യത്തിൽ മുംബൈയിൽ നടക്കേണ്ട് ഐപിഎൽ മത്സരങ്ങൾ മറ്റൊരു വേദിയിലേക്ക് മാറ്റുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഉയർന്നു വന്നു. എന്നാൽ ഐപിഎൽ മുംബൈയിൽ നിന്ന് മാറ്റുന്നത് പരിഗണനാ വിഷയമല്ലെന്ന് ബിസിസിഐ വാദിക്കുന്നു.
മുംബൈയിലെ കോവിഡ്-19 കേസുകളുടെ വർദ്ധനയും ലോക്ക്ഡൗണും ഐപിഎല്ലിനെ ബാധിക്കുമോ?
ഇതുവരെ, ഐപിഎല്ലിന്റെ ഏപ്രിൽ 10മുതൽ 25 വരെ മുംബൈയിൽ നടക്കുന്ന മത്സരങ്ങൾക്ക് ഒരു ഭീഷണിയുമില്ല. കാണികൾ ഇല്ലാതെ ഗെയിമുകൾ ആതിഥേയത്വം വഹിക്കാനാണ് ബിസിസിഐ തീരുമാനിച്ചത്. കളിക്കാർ, പരിശീലകർ, സപ്പോർട്ട് സ്റ്റാഫ്, ഉദ്യോഗസ്ഥർ എന്നിവർക്കായി ബയോ ബബിൾ ക്രമീകരണങ്ങൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഐപിഎല്ലിനെ പുതിയ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
“ഗെയിമുകൾക്കായി ഒരിടത്തും ഒത്തുചേരൽ ഇല്ല. പ്രേക്ഷകർ ഇല്ലാതെ, ബയോ ബബിളിന് പുറത്ത് ആരുമായും യാതൊരു ബന്ധവുമില്ലാതെ മത്സരങ്ങൾ അനുവദിക്കും, ”ദുരിതാശ്വാസ പുനരധിവാസ സെക്രട്ടറി അസീം ഗുപ്ത പറഞ്ഞു. ഐപിഎൽ മത്സരങ്ങൾ യഥാർത്ഥത്തിൽ വീടിനകത്ത് തന്നെ കഴിയാൻ ആളുകളെ പ്രേരിപ്പിച്ചേക്കുമെന്നും മഹാരാഷ്ട്ര സർക്കാർ പ്രതിനിധികളിൽ പലരും വിശ്വസിക്കുന്നു.
ഐപിഎലിനെ മുംബൈയിൽ നിന്ന് മാറ്റാൻ ബിസിഐക്കുള്ള താൽപര്യക്കുറവിന് കാരണം
അവസാന നിമിഷം മത്സരങ്ങൾ മറ്റൊരു വേദിയിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ വരുത്തുന്നത് ബുദ്ധിനുട്ടാണെന്ന് ബിസിസിഐ പറയുന്നു. അതിനാൽ ഷെഡ്യൂൾ അനുസരിച്ച് ഐപിഎൽ മുന്നോട്ട് പോകുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി.
ചെന്നൈ സൂപ്പർ കിംഗ്സ്, പഞ്ചാബ് കിംഗ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നീ നാല് ഐപിഎൽ ടീമുകളുടെ മത്സരങ്ങളാണ് മുംബൈ നഗരത്തിൽ നടക്കുക. ആഴത്തിൽ വേരൂന്നിയ ക്രിക്കറ്റ് സംസ്കാരമുള്ള നഗരമാണ് മുംബൈ. ബ്രബോർൺ സ്റ്റേഡിയം, മുംബൈ ക്രിക്കറ്റ് അസോസിയേഷൻ – ബാന്ദ്ര-കുർള കോംപ്ലക്സ് (എംസിഎ-ബികെസി), താനെയിലെ ഡാഡോജി കോണ്ടെവ് സ്റ്റേഡിയം എന്നിങ്ങനെ ലോകോത്തര നിലവാരമുള്ള മൂന്ന് പരിശീലന സൗകര്യങ്ങളും നഗരത്തിൽ ലഭ്യം. രാജ്യത്തെ വളരെ കുറച്ച് നഗരങ്ങൾ മാത്രമാണ് ക്രിക്കറ്റ് സൗകര്യങ്ങളുടെ കാര്യത്തിൽ മുംബൈയോട് അടുത്ത് നിൽക്കുന്നത്.
വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട് മറ്റ് പ്രശ്നങ്ങളും ഉണ്ട്. ഓരോ ഐപിഎൽ ടീമിലും 40 ഓളം അംഗങ്ങളുണ്ട്. ബിസിസിഐ ഐപിഎലിനെ മറ്റൊരു നഗരത്തിലേക്ക് മാറ്റുകയാണെങ്കിൽ, നാല് ടീമുകൾക്കായി 200 ഓളം മുറികൾ ഒരുക്കേണ്ടതുണ്ട്. കൂടാതെ, അതിന്റെ അമ്പയർമാർക്കും സ്റ്റാഫുകൾക്കും 30 മുറികൾ കൂടി ആവശ്യമാണ്. ഇതിനപ്പം ടെലിവിഷൻ പ്രൊഡക്ഷൻ ടീം അംഗങ്ങളേയും പുതിയ ആതിഥേയ നഗരത്തിലേക്ക് മാറ്റേണ്ടി വരും. അവർക്ക് നൂറിലധികം മുറികളും ഒരുക്കേണ്ടി വരും.
പ്രധാന പ്രശ്നം
ഐപിഎൽ മാറ്റുകയാണെങ്കിൽ, അവസാന മണിക്കൂറുകളിൽ വലിയ ഒരു കൂട്ടം ആളുകളെ ഒരു നഗരത്തിൽനിന്ന് മറ്റൊരു നഗരത്തിലേക്ക് മാറ്റേണ്ടി വരും. മുംബൈയിൽ നിന്ന് ഐപിഎല്ലുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളെയും വഹിച്ച് ചാർട്ടേഡ് ഫ്ലൈറ്റുകൾ ക്രമീകരിക്കുന്നത് ചെലവേറിയതാണെന്നതിനൊപ്പം സംഘടിപ്പിക്കാൻ പ്രയാസമേറിയ കാര്യം കൂടിയാണ്. ഏത് തരത്തിലുള്ള വിമാന യാത്രയായാലും സുരക്ഷാ ഉദ്യോഗസ്ഥരോട് സമ്പർക്കം പുലർത്തേണ്ടി വരും.
മിക്ക ടീമുകളും ഇതിനകം തന്നെ ഒരു സുരക്ഷിത ബയോ ബബിളിൽ പ്രവേശിച്ചതിനാൽ, ഈ പ്ലാൻ മാറ്റത്തോടെ പുതിയ വേദിയിൽ കുറഞ്ഞത് മൂന്ന് ദിവസത്തെ പുതിയ ഐസൊലേഷൻ പ്രോട്ടോക്കോൾ നടപ്പാക്കേണ്ടി വരും. മാത്രമല്ല, സാധാരണ സാഹചര്യങ്ങളിൽ ഒരു ഐപിഎൽ ഗെയിം നടത്തുന്നതിന് ബിസിസിഐക്ക് ഏഴ് ദിവസങ്ങൾ ആവശ്യമാണ്.