/indian-express-malayalam/media/media_files/uploads/2021/04/ap-photo-airport-covid-1200-explained.jpg)
ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുമുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. തിങ്കളാഴ്ച വൈകുന്നേരം ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് ബ്രിട്ടൺ വിലക്കേർപ്പെടുത്തുകയും ഇന്ത്യയെ ''റെഡ് ലിസ്റ്റിൽ'' ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. അതിനു പുറകെ യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശവും നൽകി.
ഇതേസമയം, ഹോങ് കോങ്ങ് ''എമർജൻസി സർക്യൂട്ട് ബ്രേക്കർ'' കൊണ്ടുവരികയും, ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ ഏപ്രിൽ 20 മുതൽ 14 ദിവസത്തേക്ക് നിരോധിക്കുകയും ചെയ്തു. ഈ മാസം ആദ്യം മുതൽ ന്യൂസിലാൻഡും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
എന്ത് കൊണ്ടാണ് മറ്റു രാജ്യങ്ങൾ ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകൾ വിലക്കുന്നത്?
രാജ്യത്ത് 103 പേരിൽ കോവിഡിന്റെ ഇന്ത്യൻ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് ഇന്ത്യയെ ട്രാവൽ ''റെഡ് ലിസ്റ്റിൽ" ഉൾപ്പെടുത്തിയത് എന്നാണ് ബ്രിട്ടൺ അറിയിച്ചത്. ഹോങ് കോങ്ങും സമാന സാഹചര്യം ചൂണ്ടിക്കാണിച്ചാണ് രണ്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നും ജനിതക വ്യതിയാനം സംഭവിച്ച വൈറസാണ് വരുന്നത് എന്നാണ് ഹോങ് കോങ്ങ് പറയുന്നത്.
Read Also: എന്തുകൊണ്ട് കൊറോണ വൈറസ് വായുവിലൂടെ പടരുന്നു? കാരണങ്ങൾ
ഇതോടൊപ്പം മറ്റു രാജ്യങ്ങളും ഇന്ത്യയിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക പങ്കുവെക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഇന്ത്യയെ ലെവൽ മൂന്ന് കാറ്റഗറിയിൽ നിന്ന് ലെവൽ നാല് കാറ്റഗറിയിലേക്ക് ഉൾപ്പെടുത്തി. കോവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളെയാണ് ലെവൽ നാല് കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്. ചൊവ്വാഴ്ച രാവിലത്തെ കണക്ക് പ്രകാരം ഇന്ത്യയിൽ 20,31,977 കോവിഡ് രോഗികളാണ് ഉള്ളത്.
ഇന്ത്യ ബ്രിട്ടണിന്റെ റെഡ് ലിസ്റ്റിലാണ് എന്നാൽ എന്താണ്?
ബ്രിട്ടൺ സർക്കാരിന്റെ മാനദണ്ഡ പ്രകാരം നിങ്ങൾ ഏപ്രിൽ 23 വെള്ളിയാഴ്ച പുലർച്ചെ നാല് മണിക്ക് മുൻപാണ് ബ്രിട്ടനിൽ എത്തുന്നതെങ്കിൽ പത്തു ദിവസത്തേക്ക് ക്വാറന്റൈനിൽ പോവുകയും രണ്ടാം ദിവസവും എട്ടാം ദിവസവും കോവിഡ് ടെസ്റ്റ് ചെയ്യുകയും വേണം. ഏപ്രിൽ 23 വെള്ളിയാഴ്ച്ച മുതൽ കഴിഞ്ഞ പത്തു ദിവസം ഇന്ത്യയിൽ ഉണ്ടായിരുന്ന ആളാണെങ്കിൽ ബ്രിട്ടീഷ് വംശജനോ ഐറിഷ് വംശജനോ ബ്രിട്ടണിൽ താമസിക്കാൻ അവകാശമുള്ള ആളാണെങ്കിൽ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകു. ഇങ്ങനെയുള്ളവർക്ക് പത്ത് ദിവസത്തെ ഹോട്ടൽ ക്വാറന്റൈനും നിർബന്ധമാണ്.
ഇന്ത്യയിലേക്കുള്ള യാത്രകൾക്ക് യുഎസ് സിഡിസിയുടെ നിർദേശമെന്ത്?
ഇതുസംബന്ധിച്ച് സിഡിസി ഇറക്കിയ പ്രസ്താവനയിൽ ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്, "ഇന്ത്യയിലെ നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പോലും കോവിഡ് -19 വകഭേദം ബാധിക്കുന്നതിന് സാധ്യതയുണ്ട്. അതിനാൽ ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കുക.'' അതോടൊപ്പം, "നിങ്ങൾ നിർബന്ധമായും ഇന്ത്യയിലേക്ക് പോകേണ്ടതുണ്ടെങ്കിൽ, യാത്രയ്ക്ക് മുമ്പ് രണ്ട് ഡോസ് വാക്സിനേഷൻ എടുക്കുക. എല്ലാ യാത്രക്കാരും മാസ്ക് ധരിക്കണം, മറ്റുള്ളവരിൽ നിന്ന് ആറടി അകലം പാലിക്കണം, ജനക്കൂട്ടം ഒഴിവാക്കണം, കൈകൾ കഴുകണം,” എന്നും ഡിസിസി പ്രസ്താവനയിൽ പറഞ്ഞു.
നിലവിൽ യുഎസിൽ നിന്നും ബ്രിട്ടണിൽ നിന്നും യാത്ര ചെയ്യാൻ കഴിയുമോ?
നിലവിൽ വിമാന കമ്പനികളായ എയർ ഇന്ത്യ, വിസ്താര, യുണൈറ്റഡ്, ബ്രിട്ടീഷ് എയർവേസ് എന്നിവ യുഎസിൽ നിന്നും ബ്രിട്ടണിൽ നിന്നും ഇന്ത്യയിലെ ഡൽഹി, മുംബൈ, ബാംഗ്ലൂർ, തുടങ്ങിയ എയർപോർട്ടുകളിലേക്കും തിരിച്ച് ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലേക്കും സർവിസുകൾ നടത്തുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.