/indian-express-malayalam/media/media_files/uploads/2021/06/covid-explained-11.jpg)
കോവിഡ് -19 ന് കാരണമാകുന്ന വൈറസ് മനുഷ്യ സമ്പർക്കത്തിൽ നിന്നാണോ അണുബാധയുള്ള മറ്റു ജീവികളിൽ നിന്നാണോ ഒരു പരീക്ഷണശാലയിൽ നിന്നാണോ ഉത്ഭവിച്ചതെന്നതിനെക്കുറിച്ച് കൃത്യമായ നിഗമനങ്ങളിലെത്താൻ അന്വേഷണം ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചത് മേയ് 26നാണ്. ഇതിനായി രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തിയതായും യുഎസ് പ്രസിഡന്റ് അറിയിച്ചിരുന്നു. 90 ദിവസത്തിനുള്ളിൽ ഈ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കും.
ലാബിൽനിന്ന് ചോർന്നെന്ന സിദ്ധാന്തം
വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ ഭിന്നാഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നാണ് ജോ ബൈഡൻ പറഞ്ഞത്. ഒപ്പം വൈറസ് “വുഹാനിലെ ലാബിൽനിന്ന് ചോർന്നു” എന്ന സിദ്ധാന്തം സംബന്ധിച്ചും ചർച്ചകൾ വീണ്ടും ഉയർന്നു. നേരത്തെ ഇത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സഹയാത്രികരും പ്രചരിപ്പിച്ച ഒരു വലതുപക്ഷ, വംശീയ ഗൂഢാലോചന സിദ്ധാന്തമായി തള്ളിക്കളഞ്ഞിരുന്നു.
Read More: ഒരു സെക്കൻഡിൽ കോവിഡ് പരിശോധനാ ഫലം; പുതിയ സംവിധാനവുമായി ഗവേഷകർ
കുറഞ്ഞത് 2020 സെപ്റ്റംബർ മുതൽ ഈ സിദ്ധാന്തം ഗൗരവമായി പരിഗണിക്കപ്പെട്ടിരുന്നു. ഈ വർഷം ജനുവരി 15 ന് ട്രംപ് ഭരണകൂടം സ്ഥാനമൊഴിയുന്നതിന് രണ്ടാഴ്ച മുമ്പ് ഇത് സംബന്ധിച്ച് വസ്തുതാ പത്രമെന്ന പേരിൽ നേരത്തെ രഹസ്യമാക്കി വച്ചിരുന്ന വിവരങ്ങൾ അടക്കമുള്ളവ ഉൾപ്പെടുത്തിയ രേഖ പ്രസിദ്ധീകരിച്ചിരുന്നു.
അതിൽ മൂന്ന് പ്രധാന കാര്യങ്ങളാണ് പറഞ്ഞിരുന്നത്:
- 2019 ഡിസംബർ 8 ന് ആദ്യ കോവിഡ് ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് മുൻപ് തന്നെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ (ഡബ്ല്യുഐവി) ഗവേഷകർ കോവിഡ് -19 രോഗബാധയുടെയും കാലാവസ്ഥ അനുസരിച്ച് വരുന്ന രോഗങ്ങളുടെയും രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.
- 2016 ൽ ഡബ്ല്യുഐവി ഗവേഷകർ കോവിഡ് 19 വൈറസിനോട് 96.2 ശതമാനം സാമ്യം ഉള്ള ബാറ്റ് കൊറോണ വൈറസായ RaTG13 എന്നതിൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു. 3013ലാണ് ഈ വൈറസിനെ ആദ്യമായി ഒറ്റപ്പെടുത്തിയെടുത്തത്. 2012 ൽ ആറ് ഖനിത്തൊഴിലാളികൾ മരിച്ച യുനാനിലെ ഒരു ഖനിയിൽ നിന്നെടുത്ത വവ്വാലുകളുടെ അവശിഷ്ടത്തിൽ നിന്നാണ് ഇത് എടുത്തത്.
- പീപ്പിൾസ് ലിബറേഷൻ ആർമിക്കുവേണ്ടി മൃഗങ്ങളിലുള്ള പരീക്ഷണങ്ങൾ ഉൾപ്പെടെ രഹസ്യമായ സൈനിക ഗവേഷണം ഡബ്ല്യുഐവി നടത്തി.
എന്നിരുന്നാലും, ബൈഡൻ ഭരണകൂടം സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ആ അന്വേഷണം അവസാനിപ്പിക്കുകയും ഡിപ്പാർട്ട്മെന്റിന്റെ പണവും സമയവും പാഴാക്കിയെന്ന് ആ അന്വേഷണത്തെക്കുറിച്ച് വിമർശനം ഉയർന്നെന്നും സിഎൻഎന്നിലെ ഒരു റിപ്പോർട്ടിൽ പറയുന്നു. എന്നാൽ കോവിഡ്-19 വൈറസ് പ്രകൃതിയിൽ നിന്നാണ് ഉത്ഭവിച്ചതെന്ന നിലപാടിൽ പുനപരിശോധന വരുത്താൻ ബൈഡൻ ഭരണകൂടത്തിന് മേൽ സമ്മർദ്ദം ഉയരുന്നുണ്ട്. പ്രത്യേകിച്ച് വൈറസ് ഉത്ഭവത്തെക്കുറിച്ച് കൃത്യമായ നിഗമനം കണ്ടെത്താൻ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പരാജയപ്പെട്ട സാഹചര്യത്തിൽ.
Read More: എങ്ങനെ സ്വയം കോവിഡ് പരിശോധന നടത്താം? മൈലാബ് കോവിസെല്‍ഫിനെക്കുറിച്ച് അറിയേണ്ടതെല്ലാം
“ഈ മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത സ്ഥാപിക്കാൻ ഒരു അന്വേഷണം അനിവാര്യമാണ്, വ്യക്തത കൈവരിക്കാൻ സാധ്യവുമാണ്” എന്ന് മെയ് 14 ന് 18 ശാസ്ത്രജ്ഞരുടെ ഒരു സംഘം സയൻസ് ജേണലിൽ എഴുതി. കൂടാതെ പ്രകൃതിയിൽ നിന്നാണോ ലബോറട്ടറിയിൽ നിന്നാണോ ഉത്ഭവത്തിന് സാധ്യത എന്നത് ഗൗരവമായി പരിഗണിക്കണം എന്നും അവർ ആവശ്യപ്പെട്ടു.
മെയ് 23, 24 തീയതികളിൽ വാൾസ്ട്രീറ്റ് ജേണൽ (ഡബ്ല്യുഎസ്ജെ ) പ്രസിദ്ധീകരിച്ച രണ്ട് റിപ്പോർട്ടുകളും ബൈഡനെ പുതിയ അന്വേഷണം പ്രഖ്യാപിക്കാൻ നിർബന്ധിതനാക്കിയതായി കരുതുന്നു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ രേഖകളിലുള്ളതിലും കൂടുതൽ വിവരങ്ങളുള്ള ആദ്യ റിപ്പോർട്ടിൽ വുഹാനിലെ ലാബിലെ മൂന്ന് ഗവേഷകർ 2019 നവംബറിൽ രോഗബാധിതരായെന്ന് പറയുന്നു. രണ്ടാമത്തെ റിപ്പോർട്ട് യുനാൻ ചെമ്പ് ഖനിയെക്കുറിച്ചായിരുന്നു.
ഖനിയും വൈറസും
കഠിനമായ ന്യുമോണിയ രോഗബാധിതരായ ഖനിത്തൊഴിലാളികൾക്ക് കോവിഡ് രോഗികളിൽ കാണപ്പെടുന്ന അതേ ശ്വാസകോശ പാച്ചുകളുണ്ടെന്ന് ഡബ്ല്യുഎസ്ജെ റിപ്പോർട്ടിൽ പറയുന്നു. തുടർന്നുള്ള വർഷത്തിൽ, ഖനിയിലെ 276 വവ്വാലുകളിൽ നിന്നുള്ള സാമ്പിളുകൾ ഡബ്ല്യുഐവിയിസെ ശാസ്ത്രജ്ഞർ പഠിച്ചു, അതിൽ അവർ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു.
Read More: കോവിഡ്: വായുവിലൂടെ വൈറസ് എത്ര ദൂരം സഞ്ചരിക്കും? അറിയാം സർക്കാർ നിർദേശങ്ങൾ
വൈറസ് വകഭേദത്തിനെ അവർ RaBTCoV/ 4991 എന്നാണ് രേഖപ്പെടുത്തിയത്. ഈ ഗവേഷണം 2016 ൽ പ്രസിദ്ധീകരിച്ചു. 2020 ഫെബ്രുവരിയിൽ ഇതേ ഗവേഷകർ നേച്ചർ എന്ന ജേണലിൽ ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചു. അതിൽ RaTG13 എന്ന വൈറസിനെ കുറിച്ച് പറഞ്ഞിരുന്നു. സാർസ് കോവി2 വൈറസുമായി 96.2 ശതമാനം ജീനോം സീക്വൻസ് പൊരുത്തമുള്ള വൈറസാണ് അത്.
ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ RaBTCOV / 4991, RaTG13 എന്നിവയുടെ ഭാഗിക ജനിതക ശ്രേണിയിലും സാമ്പിൾ ഡേറ്റുകളിലും സമാനതകൾ കണ്ടെത്തിയതിനെത്തുടർന്ന്, രണ്ട് വൈറസുകളും ഒന്നാണെന്ന് വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഗവേഷകർ പറഞ്ഞു. എന്നാൽ ഈ വൈറസല്ല 2012 ൽ ഖനിത്തൊഴിലാളികളുടെ മരണത്തിന് കാരണമായതെന്നും അവർ പറഞ്ഞു.
ചുരുങ്ങിയത് രണ്ട് വൈറസുകളും ഒന്നുതന്നെയാണെന്ന് ഡബ്ല്യുഐവി വൈകി സമ്മതിച്ചു എന്നതിനാലും ഇതിനുള്ള വിശദീകരണത്തിലെ ചില വൈരുദ്ധ്യങ്ങൾ കാരണവും ഡബ്ല്യുഐവിയിൽ നിന്നുള്ള ഡാറ്റയുടെ സുതാര്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയരാൻ കാരണമായി.ബാറ്റ് വൈറസുകളുടെ ഘടകങ്ങൾ സംയോജിപ്പിച്ച്, ഒരുപക്ഷേ വാക്സിനുകൾ കണ്ടെത്തുന്നതിനായി ഡബ്ല്യുഐവി പുതിയ വൈറസുകൾ നിർമ്മിക്കുന്നതിനുള്ള പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും ഇത് അബദ്ധവശാൽ ലാബിൽ നിന്ന് ദോഷകരമായ വൈറസ് ചോർന്നതിലേക്ക് നയിച്ചേക്കാമെന്നും ഉള്ള സിദ്ധാന്തം തള്ളിക്കളയാത്തവരാണ് മറ്റൊരു അറ്റത്ത് നിൽക്കുന്നുമുണ്ട്.
ഇതെല്ലാം വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പൂർണ്ണമായ ഒരു ചിത്രം അവതരിപ്പിച്ചില്ലെന്ന ആശങ്കയ്ക്ക് കാരണമാവുകയും ചെയ്തു.
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്
2021 മാർച്ച് 30 ന് പുറത്തിറങ്ങിയ 120 പേജുള്ള റിപ്പോർട്ടിൽ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അവ്യക്തമായിരുന്നു. എന്നാൽ അതിനുള്ള നാല് സാഹചര്യങ്ങളിൽ, വൈറസ് ഒരു മൃഗത്തിൽ നിന്ന് ഇടനിലയിൽ നിൽക്കുന്ന എന്തെങ്കിലും വഴി മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത കാണിക്കുന്നു. ലാബിൽ നിന്ന് ചോർന്നു എന്നതിന് സാധ്യത വളരെകുറവാണെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. ആ സാധ്യത കാര്യമായി പഠനവിധേയമാക്കുകയും ചെയ്തിരുന്നില്ല.
Read More: കോവിഡ് വാക്സിനുകളില്‍നിന്നുള്ള സംരക്ഷണം എത്രകാലം നിലനില്‍ക്കും?; അറിയേണ്ടതെല്ലാം
“ലോകാരോഗ്യസംഘടനയെ സംബന്ധിച്ചിടത്തോളം എല്ലാ അനുമാനങ്ങളും മുന്നിൽ വച്ചിട്ടുണ്ട്,” എന്നാണ് റിപ്പോർട്ട് സംബന്ധിച്ച് ലോകാരോഗ്യ സംഘടനാ ഡയരക്ടർ ജനറ തെദ്രോസ് അധാനോം ഘെൻറിയസസ് പറഞ്ഞത്.
ഒരു ലാബിൽ നിന്നുള്ള ചോർച്ച ഏറ്റവും സാധ്യത കുറവുള്ള സിദ്ധാന്തമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനമെങ്കിൽ ഇക്കാര്യത്തിൽ “കൂടുതൽ അന്വേഷണം ആവശ്യമാണ്," എന്നും സ്പെഷ്യലിസ്റ്റ് വിദഗ്ധരെ ഉൾപ്പെടുത്തി അധിക ദൗത്യങ്ങൾ നടത്താൻ സാധ്യതയുണ്ട്," എന്നും അവർ വ്യക്തമാക്കിയിരുന്നു.
റിപ്പോർട്ട് മിക്ക രാജ്യങ്ങളിലും ആശങ്കയുണ്ടാക്കി. യുഎസും മറ്റ് 13 രാജ്യങ്ങളും ഇത് സംബന്ധിച്ച് ലോകാരോഗ്യ അസംബ്ലിയിൽ ഒരു പ്രസ്താവന ഇറക്കിയിരുന്നു. ഒരു സ്വതന്ത്രമായ പ്രക്രിയയിലബടെ അത്തരത്തിലുള്ള ഉറവിടമറിയാത്ത രോഗബാധകളെ വിലയിരുത്താനുള്ള ശ്രമം വേണമെന്നും ആ രാജ്യങ്ങൾ പറഞ്ഞു.
ഒരു ഇടനിലയിലുള്ള ഇടം വഴി മറ്റു ജീവികളിൽ നിന്ന് രോഗം വ്യാപിച്ചെന്ന് പറയുന്ന റിപ്പോർട്ടിൽ പരീക്ഷണശാലിയിൽ നിന്നുള്ള ചോർച്ച എന്ന സാധ്യതയെക്കുറിച്ച് വേണ്ടത്ര പഠനം നടത്താത്തതിന്റെ പേരിൽ ഡബ്ല്യുഎച്ച്ഒ റിപ്പോർട്ടിനെതിരെ 18 ശാസ്ത്രജ്ഞർ നടത്തിയ വിമർശനം 'സയൻസ്' ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു.
ലോകാരോഗ്യ അസംബ്ലി യോഗം ചേർന്നപ്പോൾ ബൈഡെൻ ഇതിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ചൈന ഒഴികെയുള്ള ഒരു രാജ്യവും ഇതുവരെ അതിനെ എതിർത്തിട്ടില്ല.
ചൈനയുടെ നിലപാട്
ലാബിൽ നിന്ന് വൈറസ് ചോർന്നെന്ന സിദ്ധാന്തത്തെ യുഎസ് അമിത പ്രാധാന്യം നൽകി സൃഷ്ടിച്ചതാണെന്ന് പറഞ്ഞ് ചൈന തള്ളിക്കളഞ്ഞു. പകരം മേരിലാൻഡിലെ യുഎസ് ആർമി താവളമായ ഫോർട്ട് ഡിട്രിക്കിൽ നിന്നാണ് വൈറസ് വന്നതെന്ന് ചൈന അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ നീക്കമാണ് അതെന്ന് യുഎസ് പ്രസിഡന്റ് പ്രഖ്യാപിച്ച അന്വേഷണത്തെ പരാമർശിച്ച് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ നിലപാട്
കൂടുതൽ അന്വേഷണത്തിന് ഇന്ത്യപിന്തുണ നൽകുന്നു. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള പഠനം “സുപ്രധാനമായ ആദ്യപടിയാണെന്നും” കോവിഡ് -19 ന്റെ ഉത്ഭവം നിർണ്ണയിക്കാനായി എല്ലാവരും കൂടുതൽ അന്വേഷണത്തിൽ സഹകരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ചൈനയെ പേരെടുത്ത് പറയാതെയായിരുന്നു ഇന്ത്യയുടെ പ്രതികരണങ്ങൾ.
കോവിഡ് -19 ന്റെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന ആഗോള പഠനം വിളിച്ചുചേർത്തത് ഒരു പ്രധാന ആദ്യ ഘട്ടമാണ്. അടുത്ത ഘട്ട പഠനങ്ങളുടെ ആവശ്യകതയെക്കുറിച്ചും കൂടുതൽ ഡാറ്റയും പഠനങ്ങളും ശക്തമായ നിഗമനങ്ങളിൽ എത്തിച്ചേരണമെന്നും അത് ഊന്നിപ്പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിനും തുടർന്നുള്ള പഠനങ്ങൾക്കും എല്ലാവരുടെയും സഹകരണം ആവശ്യമാണ്, ” അരിന്ദം ബാഗ്ചി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.