/indian-express-malayalam/media/media_files/uploads/2021/01/covid-vaccine-explained-39-amp.jpg)
കോവിഷീൽഡ് വാക്സിൻ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും എത്ര രൂപയ്ക്കാണ് വിൽക്കാൻ ഉദ്ദേശിക്കുന്നതെന്ന് വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) പ്രഖ്യാപിച്ചിരിക്കുകയാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ ചില്ലറ വിൽപ്പനയ്ക്കും സ്വതന്ത്ര കമ്പോളത്തിലും വാക്സിനുകൾ ലഭ്യമാകുമെന്നും ഇത് സംബന്ധിച്ച റിപ്പോർട്ടുകളിൽ പറയുന്നു. പുതുതായി പ്രഖ്യാപിച്ച നിരക്ക് പ്രകാരം എത്ര രൂപ ഉപ ഈ മരുന്നിനായി ചിലവാക്കേണ്ടി വരുമെന്നും ഇക്കാര്യത്തിൽ എന്തെല്ലാം ശ്രദ്ധിക്കണമെന്നും പരിശോധിക്കാം.
കോവിഷീൽഡിനായി പുതിയ വില പ്രഖ്യാപിക്കാനുള്ള കാരണം
18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന്റെ തുടർച്ചയായാണ് ഈ പ്രഖ്യാപനം. ഈ തീരുമാനം അനുസരിച്ച്, കമ്പനികൾക്ക് ഇന്ത്യയിലേക്ക് വിതരണം ചെയ്യുന്ന വാക്സിനുകളുടെ 50 ശതമാനം “സ്വതന്ത്ര കമ്പോളത്തിലേക്ക്” വിൽക്കാം. ഇതിൽ സംസ്ഥാനങ്ങൾ, സ്വകാര്യ ആശുപത്രികൾ, ജീവനക്കാർക്ക് വാക്സിനേഷൻ നൽകാൻ ആഗ്രഹിക്കുന്ന കമ്പനികൾ എന്നിവ ഉൾപ്പെടുന്നു.
കോവിഷീൽഡിന്റെ വില
സംസ്ഥാന സർക്കാരുകളിൽനിന്ന് വാക്‌സിൻ ഒരു ഡോസിന് 400 രൂപയും സ്വകാര്യ ആശുപത്രികളിൽനിന്ന് 600 രൂപയും ഈടാക്കുമെന്ന് എസ്‌ഐഐ വ്യക്തമാക്കി. ഓരോ വ്യക്തിക്കും രണ്ട് ഡോസ് വാക്സിൻ ആവശ്യമാണെന്ന് കണക്കിലെടുക്കുമ്പോൾ, ഒരു വ്യക്തിക്കുള്ള രണ്ട് ഡോസ് വാക്സിൻ വാങ്ങുന്നതിന് സംസ്ഥാനങ്ങൾ 800 രൂപയും സ്വകാര്യ ആശുപത്രികൾ 1,200 രൂപയും നൽകേണ്ടി വരും.
കമ്പനികൾ നിർമ്മിക്കുന്ന ബാക്കി 50 ശതമാനം ഡോസുകൾ കുറഞ്ഞ നിരക്കിൽ കേന്ദ്രത്തിന് നൽകണം. കോവിഷീൽഡിനായുള്ള ഈ നിരക്ക് കേന്ദ്ര സർക്കാരിന് ഒരു ഡോസിന് 150 രൂപയാണെന്ന് എസ്‌ഐഐ സിഇഒ ആദർ പൂനവാല നേരത്തെ വെളിപ്പെടുത്തിയിരുന്നു.
Read More From Explained: എന്തുകൊണ്ടാണ് മറ്റു രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള യാത്രകൾ നിയന്ത്രിച്ചത്? അറിയാം
നിലവിൽ വാക്സിൻ സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും മാത്രം വിൽക്കാനാണ് കരുതുന്നതെന്ന് സിറം എസ്‌ഐഐ അറിയിച്ചു. നിലവിലെ സാഹചര്യത്തിന്റെ “സങ്കീർണ്ണത”, “അടിയന്തിരാവസ്ഥ” എന്നിവ പരിഗണിച്ച് “ഓരോ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും” വാക്സിൻ സ്വതന്ത്രമായി വിതരണം ചെയ്യുന്നത് വെല്ലുവിളിയാണെന്ന് കമ്പനി അഭിപ്രായപ്പെട്ടു. അതിനാൽ, സർക്കാർ സംവിധാനങ്ങൾ, സ്വകാര്യ ആരോഗ്യ സംവിധാനങ്ങൾ എന്നിവയിലൂടെ ഈ വാക്സിനുകൾ ലഭ്യമാക്കാൻ എല്ലാ കോർപ്പറേറ്റ് സ്ഥാപനങ്ങളോടും അഭ്യർത്ഥിക്കുകയാണെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി.
മെയ് 1 മുതൽ പ്രതിരോധ കുത്തിവയ്പ്പുകൾക്ക് ആരാണ് പണം നൽകേണ്ടത്?
18 വയസിനും 44 വയസ്സിനും ഇടയിൽ പ്രായമുള്ളവർ വാക്സിനുകൾക്ക് പണം നൽകേണ്ടി വരുമെന്നാണ് കരുതുന്നത്. കാരണം ഗവൺമെന്റിന്റെ നിലവിലുള്ള വാക്സിനേഷൻ പ്രോഗ്രാമിന് കീഴിൽ ഈ പ്രായപരിധിയിലുള്ളവരെ മുൻഗണനാ ഗ്രൂപ്പുകളായി കണക്കാക്കുന്നില്ല.
"45 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമേ കേന്ദ്രം സൗജന്യ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുകയുള്ളൂ എന്നതിനാൽ, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള എല്ലാ ചെറുപ്പക്കാർക്കും സംസ്ഥാന സർക്കാരുകൾ സൗജന്യ വാക്സിനേഷൻ നൽകണം. ഇതര സംസ്ഥാന തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും അവർ താമസിക്കുന്ന ഏത് സംസ്ഥാനത്തും സൗജന്യ പ്രതിരോധ കുത്തിവയ്പ്പുകൾ ലഭ്യമാക്കാണം,” പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് പ്രൊഫസർ കെ ശ്രീനാഥ് റെഡ്ഡി പറഞ്ഞു.
വാക്സിൻ സ്വീകരിക്കുന്നവർ എത്ര രൂപ നൽകേണ്ടി വരും?
നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാങ്ങുന്ന വാക്സിൻ ഡോസുകൾ എങ്ങനെ വിതരണം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനങ്ങളാണ്. ഈ ഡോസുകളിൽ സബ്സിഡി നൽകുന്നത് സംബന്ധിച്ച തീരുമാനങ്ങൾ സർക്കാരിന് കൈക്കൊള്ളാം. ആരിൽ നിന്നെല്ലാം പണം ഈടാക്കാം ആർക്ക് സൗജന്യമായി നൽകാം എന്നും സർക്കാരിന് തീരുമാനിക്കനായേക്കും.
Read More From Explained: എന്തുകൊണ്ട് കൊറോണ വൈറസ് വായുവിലൂടെ പടരുന്നു? കാരണങ്ങൾ
സ്വകാര്യ ആശുപത്രികൾ 600 രൂപയ്ക്ക് ഡോസുകൾ വാങ്ങുന്നതിനാൽ, അവർ വാക്സിൻ നൽകുന്നതിനുള്ള ചെലവടക്കം ഉൾപ്പെടുത്തി കൂടുതൽ തുക ഈടാക്കാം. മുൻഗണനാ ഗ്രൂപ്പുകളിലുള്ളവരിൽനിന്ന് സ്വകാര്യ സ്ഥാപനങ്ങൾക്ക് ഈടാക്കാവുന്ന തുകയുടെ ഉയർന്ന നിരക്ക് കേന്ദ്രം നിർണ്ണയിച്ചിട്ടുണ്ടെങ്കിലും, ഓപ്പൺ മാർക്കറ്റിൽ അത്തരം പരിധികളൊന്നുമില്ല. ഈ വിഭാഗത്തിൽ ആശുപത്രികൾ ഈടാക്കുന്ന ഡോസുകളുടെ വില നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക് ഇടപെടാമോ എന്നതും ഇപ്പോൾ വ്യക്തമല്ല.
നാലോ അഞ്ചോ മാസത്തിനുള്ളിൽ ചില്ലറ വിൽപ്പനയിലൂടെയും സ്വതന്ത്ര വ്യാപാരത്തിലും വാക്‌സിനുകൾ ലഭ്യമാകുമെന്നും എസ്‌ഐഐ വ്യക്തമാക്കിയിട്ടുണ്ട്. ഈ രീതിയിൽ ഡോസുകൾ എന്ത് വിലയ്ക്ക് ലഭ്യമാകുമെന്ന് വ്യക്തമല്ല. എന്നിരുന്നാലും, സ്വകാര്യ വിപണിയിൽ ഒരു ഡോസിന് 1,000 രൂപയ്ക്ക് വാക്സിൻ നൽകാൻ ഉദ്ദേശിച്ചിരുന്നതായി എസ്‌ഐഐ സിഇഒ നിരവധി തവണ പറഞ്ഞിട്ടുണ്ട്.
45 വയസ്സിനു മുകളിലുള്ളവർക്ക് ഈ വില നൽകേണ്ടി വരുമോ?
45 വയസും അതിൽ കൂടുതലുമുള്ളവരെ കേന്ദ്രത്തിന്റെ പൊതുജനാരോഗ്യ പ്രതിരോധ പദ്ധതി പ്രകാരം പ്രതിരോധ കുത്തിവയ്പ്പുകൾക്ക് മുൻഗണന നൽകേണ്ടവരായി കണക്കാക്കുന്നു. അതിനാൽ, സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യ വാക്സിനേഷനുകൾക്ക് അവർ അർഹരാണ്. സ്വകാര്യ ആശുപത്രികളിലാണ് അവർ വാക്സിനേഷൻ എടുക്കുന്നതെങ്കിൽ, സർക്കാരിന്റെ രോഗപ്രതിരോധ പദ്ധതി പ്രകാരം അവർ ഒരു ഡോസിന് 250 രൂപ എന്ന കുറഞ്ഞ നിരക്ക് നൽകണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.