/indian-express-malayalam/media/media_files/9eo7Mc6X3dkbeqLdiwLY.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ അരവിന്ദ് കെജ്‌രിവാൾ
ഡൽഹി മദ്യനയ ആഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വ്യാഴാഴ്ചയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ കെജ്‌രിവാളിന് ഇ.ഡി തുടർച്ചയായി സമൻസുകൾ അയച്ചിരുന്നു. എന്നാൽ ഹാജരാകുന്നതിൽ നിന്ന് ഒൻപത് തവണയും മുഖ്യമന്ത്രി വിട്ടുനിന്നു. അറസ്റ്റ് തടയുന്നതിന്, നിർബന്ധിത നടപടികളിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകണമെന്ന കെജ്‌രിവാളിന്റെ അപേക്ഷ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് ഡൽഹിയിലെ വസതിയിലെത്തി കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റു ചെയ്തത്.
എന്താണ് ഡൽഹി മദ്യനയ അഴിമതി കേസ്?
മദ്യ നയവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന രണ്ട് കേസുകളും, ഇഡി അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ഒരു കേസുമാണ് നിലവിലുള്ളത്. മദ്യവില്‍പ്പനയ്ക്ക് ലൈസൻസ് നല്‍കിയതില്‍ കോടികളുടെ അഴിമതി നടന്നതായാണ് പ്രധാന ആരോപണം.
നയ രൂപീകരണ നടപടിക്രമങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ഡൽഹി ചീഫ് സെക്രട്ടറി നരേഷ് കുമാർ, 2022 ജൂലൈയിൽ ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്‌സേനയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് കേസ് ഉയരുന്നത്. അന്നത്തെ എക്‌സൈസ് മന്ത്രിയായിരുന്ന ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എടുത്ത ഏകപക്ഷീയ തീരുമാനങ്ങൾ സർക്കാരിന് 580 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് റിപ്പോർട്ട്.
ലൈസൻസ് ഫീസ് കിഴിവുകൾ, പിഴകളിലെ ഇളവ്, കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട ഇളവ് തുടങ്ങി ഇളവുകൾ നൽകി മദ്യവ്യാപാര സ്ഥാപനങ്ങളിൽ നന്നും നടത്തിപ്പുകാരിൽ നിന്നും ആം ആദ്മി സർക്കാരും, നേതാക്കളും പണം വാങ്ങിയെന്നാണ് ആരോപണം. കൂടാതെ, ഈ പണം 2022ൽ പഞ്ചാബിലും ഗോവയിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ചിലവഴിച്ചതായും കേന്ദ്ര ഏജൻസി ചൂണ്ടിക്കാട്ടി.
റിപ്പോർട്ട് സിബിഐക്ക് കൈമാറിയതോടെയാണ്, സിസോദിയയുടെ അറസ്റ്റിലേക്ക് നയിച്ചത്. സിസോദിയ, എഎപി കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് വിജയ് നായർ എന്നിവർ ഉൾപ്പെടെ 14 പേരെയാണ് സിബിഐ എഫ്ഐആറിൽ ഉൾപ്പെടുത്തിയത്. മദ്യ മൊത്തവ്യാപാര സ്വകാര്യ സ്ഥാപനങ്ങൾക്ക് 12ശതമാനം മാർജിൻ നൽകി ആറു ശതമാനം കൈപ്പറ്റിയതായാണ് ഇ.ഡി ആരോപണം. തെക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ള സൗത്ത് ഗ്രൂപ്പിന് മദ്യ വിതരണ സോണുകൾ ലഭിക്കാൻ 100 കോടി കൈക്കൂലി വാങ്ങിയതായും ഇ.ഡി ആരോപിച്ചു.
അടുത്തിടെ, തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിൻ്റെ മകളും ബിആർഎസ് നേതാവുമായ കെ കവിത സൗത്ത് ഗ്രൂപ്പിൻ്റെ ഭാഗമാണെന്നും, അരവിന്ദ് കെജ്രിവാളുമായും, സിസോദിയയുമായും ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അറസ്റ്റു ചെയ്തിരുന്നു. ഓംഗോൾ എംപി മഗുണ്ട ശ്രീനിവാസുലു റെഡ്ഡിയുടെ മകൻ രാഘവ് മഗുണ്ട, പി.വി. രാംപ്രസാദ് റെഡ്ഡിയുടെ മകൻ പി. ശരത് ചന്ദ്ര റെഡ്ഡി, ഹൈദരാബാദ് ആസ്ഥാനമായുള്ള അരബിന്ദോ ഫാർമയുടെ സഹസ്ഥാപകൻ എന്നിവരും സംഘത്തിൻ്റെ ഭാഗമാണെന്ന് ആരോപിക്കപ്പെടുന്നു.
എന്തുകൊണ്ട് കെജ്‌രിവാളിനെതിരെ ആരോപണം ഉണ്ടായി?
മാർച്ച് 18ന്, കവിതയുടെ അറസ്റ്റിന് ശേഷമാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഗൂഢാലോചനയിൽ ബന്ധമുണ്ടെന്ന് ഇ.ഡി ആദ്യമായി ആരോപിച്ചത്. മദ്യനയ രൂപീകരണത്തിലും നടപ്പാക്കലിലും നേട്ടമുണ്ടാക്കുന്നതിനായി അരവിന്ദ് കെജ്‌രിവാളും മനീഷ് സിസോദിയയും ഉൾപ്പെടെയുള്ള എഎപിയുടെ ഉന്നത നേതാക്കളുമായി, കെ കവിതയും മറ്റു അംഗങ്ങളും ഗൂഢാലോചന നടത്തിയതായി ഇഡി അന്വേഷണത്തിൽ കണ്ടെത്തി.
ഈ ആനുകൂല്യങ്ങൾക്ക് പകരമായി, ആം ആദ്മി നേതാക്കൾക്ക് 100 കോടി രൂപ നൽകുന്നതിൽ ഇവർ പങ്കാളിയായിരുന്നതായും," ഇഡി വക്താവ് തിങ്കളാഴ്ച ആരോപിച്ചു.
മുൻപ്, പ്രധാന പ്രതികളിലൊരാളായ സമീർ മഹേന്ദ്രുവുമായി കെജ്‌രിവാൾ വീഡിയോ കോളിലൂടെ സംസാരിച്ചതായും, കൂട്ടുപ്രതിയായ വിജയ് നായർക്കൊപ്പം പ്രവർത്തിക്കാൻ ആവശ്യപ്പെട്ടതായും പ്രോസിക്യൂഷൻ പരാതിയിൽ ഇഡി വ്യക്തമാക്കി.
ബിജെപിയുടെ നിർദേശ പ്രകാരമാണ് തനിക്കെതിരെ ഇഡി തുടർച്ചയായി സമൻസുകൾ അയക്കുന്നതെന്നാണ് അരവിന്ദ് കെജ്‌രിവാൾ വിഷയത്തിൽ പ്രതികരിച്ചത്.
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.