/indian-express-malayalam/media/media_files/uploads/2021/08/cats-2.jpg)
രാജ്യത്ത് ഡിജിറ്റൽ കറൻസി കൊണ്ടുവരുന്നതിന്റെ ആദ്യ പടിയായി ഇലക്ട്രോണിക് വൗച്ചർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ പേയ്മെന്റ് സംവിധാനം "ഇ-റുപ്പി" പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അവതരിപ്പിച്ചു. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)യാണ് ഈ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്. ധനകാര്യ സേവന വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയോടെപ്പം ചേർന്ന് വികസിപ്പിച്ചിരിക്കുന്ന ഇ-റുപ്പി ഒരു വ്യക്തി നിർദ്ദിഷ്ടവും ഉദ്ദേശ്യ നിർദ്ദിഷ്ടവുമായ പേയ്‌മെന്റ് സംവിധാനമായിരിക്കും.
ഇ-റുപ്പി എങ്ങനെയാണ് പ്രവർത്തിക്കുക?
ഇ-റുപ്പി ഒരു പണരഹിതവും സമ്പർക്കരഹിതവുമായ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനമാണ്. എസ്എംഎസായോ ക്യൂആർ കോഡ് രൂപത്തിലോ പ്രീ പെയ്ഡ് ഗിഫ്റ്റ് വൗച്ചർ രൂപത്തിൽ ഗുണഭോക്താക്കളുടെ മൊബൈൽ ഫോണുകളിലാണ് ഇത് ലഭിക്കുക. പ്രത്യേക ക്രെഡിറ്റ്, ഡെബിറ്റ് കാർഡോ മൊബൈൽ ആപ്പോ ഇന്റർനെറ്റ് ബാങ്കിംഗോ ഇല്ലാതെ ബന്ധപ്പെട്ട സ്വീകരണ കേന്ദ്രങ്ങളിൽ നൽകി റിഡീം ചെയ്യാം. ഇ-റുപ്പി അതാത് സേവനങ്ങളുടെ സ്പോൺസർമാരെ ഗുണഭോക്താക്കളുമായും സേവന ദാതാക്കളുമായും ഡിജിറ്റൽ രീതിയിൽ ബന്ധപ്പിക്കാൻ സഹായിക്കും.
വൗച്ചറുകൾ എങ്ങനെയാണ് നൽകുന്നത്?
എൻപിസിഐയുടെ യുപിഐ പ്ലാറ്റ്ഫോമിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. കൂടാതെ വൗച്ചറുകൾ നൽകുന്നതിനായുള്ള ബാങ്കുകളുമുണ്ട്. വൗച്ചറുകൾ നൽകുന്ന ഏതൊരു കോർപ്പറേറ്റ്, സർക്കാർ ഏജൻസിയും നിർദിഷ്ട വ്യക്തികളുടെ വിശദാംശങ്ങളും പണമടയ്ക്കേണ്ട ഉദ്ദേശ്യവും വ്യക്തമാക്കി വായ്പ നൽകുന്ന സ്വകാര്യ, പൊതുമേഖലാ ബാങ്കുകളെ സമീപിക്കണം. ഗുണഭോക്താക്കളെ അവരുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് തിരിച്ചറിയുകയും ആ വ്യക്തിയുടെ പേരിൽ സേവനദാതാവ് വഴി ബാങ്ക് അനുവദിച്ച വൗച്ചർ ആ വ്യക്തിക്ക് എത്തിക്കുകയും ചെയ്യും.
ഇ-റുപ്പിയുടെ ഉപയോഗം എന്തൊക്കെയാണ്?
സർക്കാർ പറയുന്നതനുസരിച്ച്, ക്ഷേമ സേവനങ്ങൾ കൃത്യമായി ജനങ്ങളിലേക്ക് എത്താൻ ഇ-റുപ്പി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാതൃ -ശിശു ക്ഷേമ പദ്ധതികൾ, ക്ഷയരോഗ നിർമാർജന പരിപാടികൾ, ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, വളം സബ്സിഡികൾ തുടങ്ങി മരുന്നുകളും പോഷകാഹാര പിന്തുണയും നൽകുന്ന പദ്ധതികൾക്കു കീഴിൽ സേവനങ്ങൾ നൽകാനും ഇ-റുപ്പി ഉപയോഗിക്കാം. ഡിജിറ്റൽ വൗച്ചറുകൾ ജീവനക്കാരുടെ ക്ഷേമത്തിനും സിഎസ്ആർ പരിപാടികളുടെയും ഭാഗമായി പ്രയോജനപ്പെടുത്താൻ കഴിയുമെന്നും സർക്കാർ പറയുന്നു.
ഇ-റുപ്പി യുടെ പ്രാധാന്യം എന്താണ്, ഡിജിറ്റൽ കറൻസിയിൽ നിന്നും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
സർക്കാർ ഡിജിറ്റൽ കറൻസി വികസിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇ-റുപ്പി ആരംഭിക്കുന്നത് ഭാവിയിൽ ഡിജിറ്റൽ കറൻസിയുടെ വിജയത്തിന് ആവശ്യമായ ഡിജിറ്റൽ പേയ്മെന്റ് ഇൻഫ്രാസ്ട്രക്ചറിലെ വിടവുകൾ എടുത്തുകാണിക്കാൻ സഹായിച്ചേക്കും. ഇ-റുപ്പി ഇപ്പോഴും നിലവിലുള്ള ഇന്ത്യൻ രൂപയെ പിന്തുണയ്ക്കുന്നതാണ്, എന്നാൽ ഇതിന്റെ അടിസ്ഥാന ഉദ്ദേശ്യവും പ്രത്യേകതയും അതിനെ വെർച്വൽ കറൻസി എന്നതിൽ നിന്ന് വ്യത്യസ്തമാക്കുകയും വൗച്ചർ അധിഷ്ഠിത പേയ്മെന്റ് സംവിധാനം എന്നതിനോട് കൂടുതൽ അടുപ്പിക്കുകയും ചെയ്യുന്നു.
Also read: നോട്ടുകളിൽ നിന്നും നാണയങ്ങളിൽ നിന്നും കോവിഡ് പകരുമോ? പരീക്ഷണങ്ങളിലെ കണ്ടെത്തൽ ഇതാണ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.