കറൻസി നോട്ടുകളിൽ നിന്നോ കോയിനുകളിൽ നിന്നോ സമ്പർക്കത്തിലൂടെ കൊറോണ വൈറസ് ബാധിക്കുമോ എന്നത് കോവിഡ് വ്യാപനം തുടങ്ങിയ സമയം മുതൽ ഉയർന്നു കേട്ട ഒരു ചോദ്യമാണ്. ഈ വിഷയത്തിൽ നിരവധി പരീക്ഷണങ്ങളും നടന്നു. ഇപ്പോൾ ഏറ്റവും ഒടുവിൽ നടന്ന ഒരു പരീക്ഷണവും മുൻ പരീക്ഷണങ്ങളിലെ ഫലത്തെ ശരിവയ്ക്കുന്നു. പണത്തിൽ നിന്ന് സാർസ് കോവി-2 പകരാൻ സാധ്യത യഥാർത്ഥ സാഹചര്യങ്ങളിൽ വളരെ കുറവാണ് എന്നാണ് പരീക്ഷണ ഫലത്തിൽ പറയുന്നത്.
യൂറോപ്യൻ സെൻട്രൽ ബാങ്കിലെ വിദഗ്ധരുമായി സഹകരിച്ച് ജർമ്മനിയിലെ റുഹർ-യൂണിവേഴ്സിറ്റി ബോഷമിലെ ഗവേഷകരാണ് പഠനം നടത്തിയതെന്ന് സർവകലാശാല പത്രക്കുറിപ്പിൽ പറഞ്ഞു. ഐസയൻസ് ജേണലിൽ ഈ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിരവധി ദിവസങ്ങളിൽ, ഗവേഷകർ വിവിധ യൂറോ നാണയങ്ങളിലും നോട്ടുകളിലും വ്യത്യസ്ത സാന്ദ്രതകളുള്ള വൈറസ് ലായനികൾ പ്രയോഗിച്ച ശേഷമായിരുന്നു പരീക്ഷണം. ഒരു സ്റ്റെയിൻലെസ്-സ്റ്റീൽ ഉപരിതലം ഓരോ കേസിലും ഒരു നിയന്ത്രണ സംവിധാനമായി ഉപയോഗിച്ചിരുന്നു.
Read More: കോവിഡ് വാക്സിൻ ‘ബ്രേക്ക് ത്രൂ’ കേസുകൾ: അറിയേണ്ടതെല്ലാം
ഏഴ് ദിവസങ്ങൾക്ക് ശേഷവും സ്റ്റെയിൻലെസ്-സ്റ്റീൽ ഉപരിതലത്തിൽ സാംക്രമിക വൈറസ് നിലനിന്നതായി പഠനത്തിൽ കണ്ടെത്തി. എന്നാൽ 10-യൂറോ നോട്ടിൽ വൈറസ് പൂർണ്ണമായും അപ്രത്യക്ഷമാകാൻ മൂന്ന് ദിവസമെടുത്തുവെന്ന് പരിശോധനകൾ കാണിച്ചു. 10 സെന്റ്, ഒരു യൂറോ, അഞ്ച് സെൻറ് നാണയങ്ങൾക്ക്, യഥാക്രമം ആറ് ദിവസം, രണ്ട് ദിവസം, ഒരു മണിക്കൂർ എന്നിങ്ങനെയാണ് വൈറസ് പൂർണമായും അപ്രത്യക്ഷമാവാൻ സമയം എടുത്തത്.
“5 സെൻറ് കോയിനിൽ വൈറസ് വേഗം ഇല്ലാതാവാൻ കാരണം ചെമ്പ് കൊണ്ടാണ് അത് നിർമ്മിച്ചിരിക്കുന്നതെന്നതിനാലാണ്. ചെമ്പിൽ വൈറസുകൾക്ക് നിലനിൽപ് കുറവാണെന്ന് അറിയപ്പെടുന്നു,” ഗവേഷകൻ ഡാനിയൽ ടോഡിനെ ഉദ്ധരിച്ച് റുഹർ-യൂണിവേഴ്സിറ്റി പറഞ്ഞു.
Read More: ഒരേ സമയം രണ്ട് കോവിഡ് വകഭേദങ്ങൾ ബാധിക്കുമോ? ആരോഗ്യവിദഗ്ധർ പറയുന്നു
ഗവേഷകർ വികസിപ്പിച്ച പുതിയ രീതിയിൽ, അവർ ബാങ്ക് നോട്ടുകൾ, നാണയങ്ങൾ, ക്രെഡിറ്റ് കാർഡ് പോലുള്ള പിവിസി പ്ലേറ്റുകൾ എന്നിവയും വൈറസുമായി സാന്നിദ്ധ്യത്തിലെത്തിച്ചാണ് പഠനം നടത്തിയത്. ഈ പ്രതലങ്ങൾ നനഞ്ഞിരിക്കുമ്പോഴും ഉണങ്ങിക്കഴിയുമ്പോഴും മനുഷ്യന്റെ ചർമത്തോട് സമാനമായ വസ്തുക്കൾ ഉപയോഗിച്ച് സ്പർശിച്ച് തുടർ ഫലങ്ങൾ അവർ നിരീക്ഷിച്ചു.
മറ്റ് പഠനങ്ങൾ കാണിക്കുന്നത് ബഹുഭൂരിപക്ഷം കേസുകളിലും അണുബാധ ഉണ്ടാകുന്നത് എയറോസോളുകളിലൂടെയോ വൈറസ് അടങ്ങിയ കണികളിലൂടെയോ ആണെന്നാണ്.