/indian-express-malayalam/media/media_files/uploads/2021/01/money-ECONOMICS-FINANCE-EXPLAINED.jpg)
ഇന്ത്യയിലും, ആഗോള തലത്തിലും കോവിഡ് വ്യാപനത്തെത്തുടർന്നുള്ള സാമ്പത്തിക മാന്ദ്യത്തിൽ നിന്നുള്ള തിരിച്ചുവരവ് ഒരു 'കെ' ആകൃതിയിലുള്ള തിരിച്ചുവരവാകുമെന്ന് (കെ ഷെയ്പ്ഡ് റിക്കവറി) ജെപി മോർഗനിലെ ചീഫ് ഇന്ത്യ എകണോമിസ്റ്റ് ആയ സാജിദ് ചിനോയ് ഇന്ത്യൻ എക്സ്പ്രസ്സിൽ എഴുതിയ ഒരു ലേഖനത്തിൽ പറയുന്നു. സാജിദ് ചിനോയ് മാത്രമല്ല മറ്റ് സാമ്പത്തിക വിദഗ്ധരും ഇക്കാര്യം അഭിപ്രായപ്പെട്ടിട്ടുണ്ട്.
സമ്പദ്‌വ്യവസ്ഥയുടെ വിവിധ വിഭാഗങ്ങളിൽ വ്യത്യസ്‌ത നിരക്കുകളിൽ തിരിച്ചുവരവുണ്ടാവുമ്പോഴാണ് കെ- ഷെയ്ഡ് റിക്കവറി എന്ന് പറയുന്നത്. ഈ തരത്തിലുള്ള സാമ്പത്തികമായ വീണ്ടെടുക്കലിന്റെ ഗ്രാഫ് വരക്കുമ്പോൾ അതിന് ഇംഗ്ലീഷ് അക്ഷരം കെ യുമായി രൂപ സാദൃശ്യമുണ്ടാവും എന്നതിനാലാണ് 'കെ- ഷെയ്ഡ് റിക്കവറി' എന്ന് പറയുന്നത്.
“സാമ്പത്തിക പിരമിഡിന്റെ മുകൾ ഭാഗത്തുള്ള വിഭാഗങ്ങളിൽ അവരുടെ വരുമാനം വലിയ തോതിൽ സംരക്ഷിക്കപ്പെട്ടിക്കും, ലോക്ക്ഡൗൺ സമയത്ത് അവരുടെ സമ്പാദ്യ നിരക്ക് വർദ്ധിപ്പിക്കുകയും ഭാവിയിലെ മുന്നോട്ടുപോക്കിനായുള്ള ‘ഇന്ധനം’ നിറക്കുകയും ചെയ്തിട്ടുണ്ടാവും. അതേസമയം, ഏറ്റവും താഴെയുള്ള വിഭാഗങ്ങളിൽ ജോലികളിലും വരുമാനത്തിലും സ്ഥിരമായി നിലനിൽക്കുന്ന പ്രത്യാഘാതങ്ങൾ നേരിട്ടിരിക്കാൻ സാധ്യതയുള്ളവരുമാണ്,” സാജിദ് ചിനോയ് പറയുന്നു.
Read More From Explained: കോവിഡ്-19 വാക്സിനേഷൻ: ലോകം എവിടെ എത്തിനിൽക്കുന്നു; കണക്കുകൾ അറിയാം
ഈ ഭിന്നതകൾ ഇതിനകം ദൃശ്യമായിട്ടുണ്ട്. ഒക്ടോബർ മുതൽ പാസഞ്ചർ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഏകദേശം 4 ശതമാനം വർധിക്കുകയും ഇരുചക്ര വാഹനങ്ങളുടേത് 15 ശതമാനം ഇടിയുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് മൊത്ത ഉപഭോഗത്തിന്റെ 25-30 ശതമാനത്തോളം നടത്തുന്ന സാമ്പത്തികമായി ഏറ്റവും മുകളിലുള്ള 10 ശതമാനം കുടുംബങ്ങളുടെ ഉപഭോഗം ഇപ്പോൾ വർധിച്ചിട്ടുണ്ടെന്ന് സാജിദ് ചിനോയ് ചൂണ്ടിക്കാട്ടി.
ഉയർന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് രണ്ട് പാദങ്ങളിലായി വലിയൊരളവ് സമ്പാദ്യം നീക്കിവയ്ക്കാൻ കഴിഞ്ഞു. അത്തരത്തിൽ സമ്പാദിച്ച് വച്ച പണത്തിൽ നിന്നാണ് ഉയർന്ന അളവിലുള്ള ഇപ്പോഴത്തെ ചിലവഴിക്കലുണ്ടാവുന്നതെന്നും സാജിദ് ചിനോയ് പറയുന്നു.എന്നിരുന്നാലും,ഒറ്റത്തവണത്തേക്കുള്ള ഒരു ഫലമാണ് ഇത്.
Read More From Explained: വാട്സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം നിങ്ങളെ ബാധിക്കുന്നതെങ്ങനെ? അറിയേണ്ടതെല്ലാം
“സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങൾക്ക് തൊഴിൽ നഷ്ടം വേതനത്തിലെ വെട്ടിക്കുറയ്ക്കൽ എന്നിവയുടെ രൂപത്തിൽ ഒരളവ് വരെ സ്ഥായിയായ വരുമാനനഷ്ടം അനുഭവപ്പെട്ടിട്ടുവെന്നും സാജിദ് ചിനോയ് പറഞ്ഞു.
കോവിഡ് കാലത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പണം സമ്പാദിച്ച് വയ്ക്കാൻ കഴിയാതിരിക്കുകയും വരുമാനത്തിന്റെ ഭൂരിഭാഗവും ചിലവഴിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്.
കോവിഡ്-19 സാഹചര്യം മത്സരം കുറയ്ക്കുകയോ വരുമാനങ്ങളുടെയും അവസരങ്ങളുടെയും അസമത്വം വർദ്ധിപ്പിക്കുകയോ ചെയ്താൽ, വികസ്വര സമ്പദ്‌വ്യവസ്ഥകളിലെ ദീർഘകാല വളർച്ചയെ അത് ബാധിക്കും എന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.