/indian-express-malayalam/media/media_files/uploads/2023/02/Waris-Punjab-De-1.jpg)
ഇരുപത്തിയൊൻപതുകാരനായ അമൃത്പാൽ സിങ്ങിനുവേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കുകയാണ് പഞ്ചാബ് പൊലീസ്. ഇതേതുടർന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്റർനെറ്റ് സേവനങ്ങൾക്കും വിലക്കേർപ്പെടുത്തിയിരുന്നു. ഖലിസ്ഥാൻ വാദിയായ ഭിന്ദ്രൻവാലയെ അനുകരിച്ച് വേഷം ധരിച്ചിരുന്ന, ഭിന്ദ്രൻവാല രണ്ടാമൻ (ഭിന്ദ്രൻവാല 2.0) എന്ന് അറിയപ്പെടുന്ന അമൃത്പാൽ സിങ്ങിനെയാണ് രാജ്യം തിരയുന്നത്.
'വാരിസ് പഞ്ചാബ് ദേ' എന്ന സംഘടനയുടെ സ്ഥാപകനും നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധുവിന്റെ മരണത്തെത്തുടർന്ന് അതിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് അമൃതപാൽ കഴിഞ്ഞ വർഷം ദുബൈയിൽ നിന്ന് മടങ്ങിയെത്തിയത്. 'വാരിസ് പഞ്ചാബ് ദേ' സംസ്ഥാനത്തെ യുവാക്കളെ സിഖ് മതത്തിന്റെ തത്ത്വങ്ങൾ പിന്തുടരാനും ഖൽസാ രാജ് (സിഖ് സാമ്രാജ്യം) സ്ഥാപിക്കുന്നതിനായി പ്രവർത്തിക്കുന്നു. 'വാരിസ് പഞ്ചാബ് ദേ' എന്ന സംഘടനയുടെ ഉത്ഭവത്തെക്കുറിച്ചും അമൃത്പാൽ സിങ് അതിന്റെ തലവനായി ചുമതലയേറ്റതെങ്ങനെയെന്നും അറിയാം.
എന്താണ് 'വാരിസ് പഞ്ചാബ് ദേ'?
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2021 സെപ്തംബർ 30ന് അഭിഭാഷകനും നടനും ആക്ടിവിസ്റ്റുമായ സന്ദീപ് സിദ്ധു എന്ന ദീപ് സിദ്ധുവാണ് 'വാരിസ് പഞ്ചാബ് ദേ' (പഞ്ചാബിന്റെ അവകാശികൾ) എന്ന സംഘടന ആരംഭിച്ചത്. "പഞ്ചാബിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പോരാടുന്നതിനും സാമൂഹിക പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിനുമുള്ള സമ്മർദ്ദ ഗ്രൂപ്പ് എന്ന നിലയിലാണ് ഇതിനെ അവതരിപ്പിച്ചത്.
കേന്ദ്രസർക്കാർ കൊണ്ടുവന്ന കർഷക ബില്ലിനെതിരെ നടന്ന 2020ലെ കർഷക സമരത്തിലൂടെയാണ് സിദ്ധു വാർത്തകളിൽ നിറഞ്ഞത്. റിപ്പബ്ലിക് ദിനത്തിൽ നടന്ന അക്രമത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഡൽഹി പൊലീസ് സിദ്ധുവിനെതിരെ കേസെടുത്തു. കർഷകരുടെ പ്രതിഷേധ മാർച്ചിൽ, 2021 ജനുവരി 26ന് ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്തിയെന്നാരോപിച്ചായിരുന്നു കേസ്.
എട്ട് മാസത്തിന് ശേഷം സെപ്റ്റംബറിൽ സിദ്ധു 'വാരിസ് പഞ്ചാബ് ദേ' എന്ന സംഘടന ആരംഭിച്ചു. ചണ്ഡീഗഡിൽ നടന്ന സംഘടനയുടെ ഉദ്ഘാടന ചടങ്ങിനിടെ ," പഞ്ചാബിന്റെ അവകാശങ്ങൾക്കായി കേന്ദ്രത്തിനെതിരെ പോരാടുകയും പഞ്ചാബിന്റെ സംസ്കാരം, ഭാഷ, സാമൂഹിക ഘടന, അവകാശങ്ങൾ എന്നിവയ്‌ക്കെതിരെ എന്തെങ്കിലും ആക്രമണം ഉണ്ടാകുമ്പോഴെല്ലാം ശബ്ദം ഉയർത്തുകയും ചെയ്യുന്ന ഒരു സംഘടന," എന്നാണ് സിദ്ധു ഇതിനെ വിശേഷിപ്പിച്ചത്.
"പഞ്ചാബിന്റെ നിലവിലെ സാമൂഹിക അവസ്ഥയിൽ അസംതൃപ്തരായവർക്കുള്ള വേദിയാണിത്. ഇതൊരു സാമൂഹിക ഇടമാണ് (സോഷ്യൽ പ്ലാറ്റ്‌ഫോം) . ഞങ്ങൾ എല്ലാം തിരഞ്ഞെടുപ്പിലേക്ക് കൊണ്ടുപോകുന്നു.പക്ഷേ അതൊരു സോഷ്യൽ പ്ലാറ്റ്‌ഫോമാണെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു.അതൊരു തിരഞ്ഞെടുപ്പ് തന്ത്രം അല്ല.ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കുന്നില്ല.ഹിന്ദുവോ, മുസ്‌ലിമോ, സിഖോ, ക്രിസ്ത്യനോ, പഞ്ചാബിന്റെ അവകാശങ്ങൾക്കായി ഞങ്ങളോടൊപ്പം പോരാടുന്ന എല്ലാവർക്കും വേണ്ടിയുള്ളതാണിത്. 1947ന് മുൻപ് ഞങ്ങൾ ഒരുമിച്ചു ജീവിച്ചു, ഞങ്ങളുടെ ഗുരുക്കന്മാർ ജാതീയതയ്‌ക്കെതിരെ പോരാടി, എന്നാൽ ബ്രിട്ടീഷുകാർ ആ സാഹോദര്യം ഞങ്ങളിൽ നിന്ന് തട്ടിയെടുത്തു, ” സിദ്ധു ഉദ്ഘാടന ചടങ്ങിൽ നിലപാട് വ്യക്തമാക്കി.
"1947നുശേഷവും പഞ്ചാബിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല, നമ്മുടെ സാംസ്കാരിക ഇടം ഡൽഹി ഞങ്ങൾക്ക് തിരികെ നൽകിയില്ല. ഈ സംഘടന ദീപ് സിദ്ധുവിനെക്കുറിച്ചല്ല, പഞ്ചാബിന്റെ അവകാശങ്ങളെക്കുറിച്ചാണ്. ഭരണകൂടത്തിനെതിരായ പോരാട്ടമാണ്… പഞ്ചാബികൾക്കെതിരായ "മാനസിക വംശഹത്യ" ഇപ്പോഴും തുടരുകയാണ്. വിദ്യാഭ്യാസവും ആരോഗ്യവും ജനങ്ങൾക്ക് താങ്ങാനാവുന്ന നിലയിൽ എത്തിക്കുന്നത് മുതൽ പഞ്ചാബിന്റെ ഭാഷ, സംസ്‌കാരം, അവകാശങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനും ശ്രീ ഗുരു ഗ്രന്ഥ സാഹിബിനോടുള്ള ബഹുമാനം പുനഃസ്ഥാപിക്കുന്നതിനും… എല്ലാത്തിനും വേണ്ടി ഞങ്ങൾ പോരാടും," സിദ്ദു ചടങ്ങിൽ വിശദീകരിച്ചു. പഞ്ചാബിനെക്കുറിച്ചും അതിന്റെ അവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്ന പാർട്ടിയെ മാത്രമേ തന്റെ മുന്നണി പിന്തുണയ്ക്കൂ എന്നും സിദ്ദു പ്രഖ്യാപിച്ചു.
/indian-express-malayalam/media/media_files/uploads/2023/02/Waris-Punjab-De-2.jpg)
ഒടുവിൽ, സിമ്രൻജിത് സിങ് മാനിന്റെ ഖാലിസ്ഥാൻ അനുകൂല പാർട്ടിയായ ശിരോമണി അകാലി ദൾ (എസ്എഡി അമൃതസർ) സിദ്ധു പിന്തുണയ്ക്കുകയും പഞ്ചാബ് തിരഞ്ഞെടുപ്പിന് മുൻപ് അവർക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയ്തു. സംസ്ഥാന തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മുമ്പ് 2022 ഫെബ്രുവരി 15ന് നടന്ന കാർ അപകടത്തിൽ സിദ്ധു മരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പഞ്ചാബിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
സിമ്രൻജിത് സിങ് മൻ അമർഗഡ് നിയമസഭാ സീറ്റിൽ മത്സരിച്ചു തോറ്റു, എന്നാൽ, ഭഗവന്ത് മാൻ പഞ്ചാബ് മുഖ്യമന്ത്രിയായതിന് ശേഷം ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട്, സിമ്രൻജിത് സിങ് മാൻ സംഗ്രൂർ ലോക്‌സഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചു.
സിദ്ധുവിന്റെ മരണത്തെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സിമ്രൻജിത് സിങ് മാൻ ആവശ്യപ്പെട്ടു. "റിപ്പബ്ലിക് ദിന അക്രമത്തിൽ സിദ്ധുവിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഗൂഢാലോചന" എന്നാണ് സിദ്ധുവിന്റെ മരണത്തെക്കുറിച്ച് മാൻ അഭിപ്രായപ്പെട്ടത്. ഭിന്ദ്രൻവാലയെ വാഴ്ത്തുന്നവരുടെ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾക്കിടയിലാണ് ജന്മനാടായ ലുധിയാനയിൽ സിദ്ധുവിന്റെ സംസ്കാരം നടന്നത്.
എങ്ങനെയാണ് അമൃതപാൽ സിങ് 'വാരിസ് പഞ്ചാബ് ദേ'യുടെ തലവനായത്?
അമൃതപാൽ സിങ് ദുബൈയിൽ നിന്നും തിരിച്ചെത്തിയ ശേഷം 2022 സെപ്തംബർ 29ന് വാരിസ് പഞ്ചാബ് ദേയുടെ തലവനായി ചുമതലയേറ്റു. ഭിന്ദ്രൻവാലയെപ്പോലെ വേഷം ധരിച്ചാണ് അമൃത്പാൽ എത്തിയത്. ജർനൈൽ സിംഗ് ഭിന്ദ്രൻവാലയുടെ പൂർവിക ഗ്രാമമായ മോഗ ജില്ലയിലെ റോഡെയിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയ ആയിരക്കണക്കിനാളുകളെ സാക്ഷിയാക്കി ‘ദസ്താർ ബന്ദി’ (സിഖുകാർ തലയിൽ ടർബൻ ചുറ്റുന്ന ആചാരം) ചടങ്ങും നടന്നു. ഇതേതുടർന്ന് 'വാരിസ് പഞ്ചാബ് ദേ' എന്ന സംഘടന വിവാദത്തിലായി.
എന്നാൽ,സിദ്ധുവിന്റെ കുടുംബം അമൃത്പാലിൽനിന്ന് അകന്നു നിന്നു. തങ്ങളുടെ മകന്റെ സംഘടനയുടെ നേതാവായി ഒരിക്കലും അമൃത്പാലിനെ നിയമിച്ചിട്ടില്ലെന്നും ദുബൈയിൽനിന്നു കെട്ടിയിറക്കിയ ഒരാൾ പെട്ടെന്ന് 'വാരിസ് പഞ്ചാബ് ദേ'യുടെ നിയന്ത്രണം ഏറ്റെടുത്തത് എങ്ങനെയെന്ന് അറിയില്ലെന്നുമാണ് സിദ്ധുവിന്റെ കുടുംബം പറയുന്നത്.
“ഞങ്ങൾ അമൃത്പാലിനെ മുൻപ് കണ്ടിട്ടില്ല.ദീപും അവനെ കണ്ടിട്ടില്ല. ദീപുമായി കുറച്ചുനാൾ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെങ്കിലും പിന്നീട് ദീപ് അയാളെ ബ്ലോക്ക് ചെയ്തു. എങ്ങനെയാണ് എന്റെ സഹോദരന്റെ സംഘടനയുടെ തലവനായി സ്വയം പ്രഖ്യാപിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ പ്രചരിപ്പിക്കാൻ ഞങ്ങളുടെ പേര് ദുരുപയോഗം ചെയ്യുകയാണ്. അവൻ എങ്ങനെയോ എന്റെ സഹോദരന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലേക്ക് അക്സസ് നേടുകയും അവയിൽ ചിത്രങ്ങളും മറ്റും ഇടാൻ തുടങ്ങുകയും ചെയ്തുവെന്ന്, " ലുധിയാനയിലെ അഭിഭാഷകനും ദീപ് സിദ്ധുവിന്റെ സഹോദരനുമായ മൻദീപ് സിങ് സിദ്ധു ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
“എന്റെ സഹോദരൻ ഈ സംഘടന രൂപീകരിച്ചത് പഞ്ചാബിലെ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിനും ദരിദ്രർക്ക് നിയമസഹായം നൽകുക എന്നിങ്ങനെയുള്ള സാമൂഹിക ലക്ഷ്യത്തോടെയാണ്, അല്ലാതെ ഖലിസ്ഥാൻ പ്രചരിപ്പിക്കാനല്ല. പഞ്ചാബിൽ അസ്വസ്ഥത സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ് അമൃതപാൽ പറയുന്നത്. എന്റെ സഹോദരന്റെയും ഖലിസ്ഥാന്റെയും പേര് ഉപയോഗിച്ച് അയാൾ ആളുകളെ കബളിപ്പിക്കുകയാണ്. എന്റെ സഹോദരൻ ഒരു വിഘടനവാദി ആയിരുന്നില്ല,” മൻദീപ് വിശദീകരിച്ചു.
എന്നാൽ,സിദ്ധുവിന്റെ അനുയായികളാണ് അമൃത്പാലിനെ സംഘടനയുടെ തലവനാക്കിയതെന്ന് അമൃത്പാലിന്റെ അമ്മാവൻ, യുകെയിൽനിന്നു പഞ്ചാബിലേക്ക് മടങ്ങിയെത്തിയ ഹർജിത് സിങ് അവകാശപ്പെട്ടു. “എന്തുകൊണ്ടാണ് സിദ്ധുവിന്റെ സഹോദരനും കുടുംബവും ഇതിനെ പിന്തുണയ്ക്കാത്തത് എന്ന് ഞങ്ങൾക്ക് അറിയില്ല. യുവാക്കളെ അമൃതധാരി സിഖുകാരാകാനും (സ്നാനമേറ്റവർ) ലഹരിഒഴിവാക്കാനും പ്രോത്സാഹിപ്പിക്കുക എന്നതാണ് അമൃത്പാലിന്റെ ദൗത്യം,” ഹർജിത് പറഞ്ഞു.
ഇപ്പോൾ ഒരേ പേരിൽ രണ്ടു സമാന്തര സംഘടനകൾ പ്രവർത്തിക്കുന്നതായി മൻദീപ് പറയുന്നു.“എന്റെ സഹോദരൻ രൂപീകരിച്ച യഥാർത്ഥ 'വാരിസ് പഞ്ചാബ് ദേ'യുടെ തലവൻ ഹർനേക് സിങ് ഉപ്പലാണ്. മറ്റൊന്ന് അമൃത്പാൽ തലവനായ സംഘടനയാണ്. ഞങ്ങൾക്ക് ഇതുമായി ഒരു ബന്ധവുമില്ല,” മൻദീപ് വിശദീകരിച്ചു.
/indian-express-malayalam/media/media_files/uploads/2023/02/Waris-Punjab-De-3.jpg)
അമൃത്‌സർ ജില്ലയിലെ ബാബ ബകാല ഡിവിഷനിലെ ജല്ലുപൂർ ഖേര സ്വദേശിയായ അമൃത്പാൽ, ദുബൈയിൽ ട്രാൻസ്പോർട്ടറായി ജോലി ചെയ്തിരുന്നു. താൻ ഭിന്ദ്രൻവാലെയെ അനുകരിക്കുന്നില്ലെന്ന് സംഘടനയുടെ തലവനായി പ്രഖ്യാപിക്കപ്പെട്ട റോഡെയിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അമൃത്പാൽ വ്യക്തമാക്കി.
'ഭിന്ദ്രൻവാലയാണ് എന്റെ പ്രചോദനം. അദ്ദേഹം കാണിച്ചു തന്ന പാതയിലൂടെ ഞാൻ സഞ്ചരിക്കും. ഞാൻ അദ്ദേഹത്തെ പ്പോലെയാകാൻ ആഗ്രഹിക്കുന്നു, കാരണം ഓരോ സിഖുകാരനും അതാണ് ആഗ്രഹിക്കുന്നത്. പക്ഷേ ഞാൻ അദ്ദേഹത്തെ അനുകരിക്കുന്നില്ല.അദ്ദേഹത്തിന്റെ കാലിലെ പൊടിയോട് പോലും ഞാൻ തുല്യനല്ല,” അമൃതപാൽ പറഞ്ഞു. റിപ്പോർട്ടുകൾ പ്രകാരം ഭിന്ദ്രൻവാലയുടെ വേഷം ധരിച്ച് ആയുധധാരികളായ അംഗരക്ഷരുടെ അകമ്പടിയിലാണ് അമൃതപാലിന്റെ ജീവിതം.
സിദ്ധുവിനെ " ക്വോമി ഷഹീദ് "(സിഖ് സമുദായത്തിന്റെ രക്തസാക്ഷി) എന്നാണ് അമൃതപാൽ വിശേഷിപ്പിച്ചത്. “ഗുരു ഏൽപ്പിച്ച കടമ നിർവ്വഹിക്കുന്ന സിദ്ധുവിനെപ്പോലുള്ളവർക്ക് ഒരിക്കലും അപകടങ്ങളിൽ മരിക്കാനാവില്ല. സിദ്ധു എങ്ങനെയാണ് മരിച്ചത്, ആരാണ് കൊന്നതെന്ന് ഞങ്ങൾക്കറിയാം,” ഭിന്ദ്രൻവാലയുടെ സ്മരണയ്ക്കായി നിർമ്മിച്ച ഗുരുദ്വാര സന്ത് ഖൽസയ്ക്ക് സമീപം സ്ഥാപിച്ച വേദിയിൽ സമ്മേളനത്തെ അഭിസംബോധന ചെയ്ത അമൃതപാൽ പറഞ്ഞു.
"നമ്മളെല്ലാവരും ഇപ്പോഴും അടിമകളാണ്.സ്വാതന്ത്ര്യത്തിനായി പോരാടണം. നമ്മുടെ ജലം കൊള്ളയടിക്കുകയും നമ്മുടെ ഗുരുവിനോട് അനാദരവ് കാണിക്കുകയും ചെയ്യുന്നു. പഞ്ചാബിലെ യുവാക്കൾ ആത്മീയതയ്ക്കായി ജീവൻ ത്യജിക്കാൻ തയ്യാറാകണം," അമൃത്പാൽ പറഞ്ഞു. പഞ്ചാബിലെ ഓരോ ഗ്രാമത്തിലേക്കും നീങ്ങുകയും യുവാക്കളെ സിഖിയിലേക്ക് (സിഖിസം) തിരികെ കൊണ്ടുവരികയും ചെയ്യും, ഐഇഎൽടിഎസ് പാസ്സായ ശേഷം വിദേശത്തേക്ക് ഓടിപ്പോകുന്നതിന് പകരം, പഞ്ചാബിൽ തന്നെ തങ്ങി “അതിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം” നടത്തണം, ലഹരി ഭീഷണിയിൽനിന്ന് തങ്ങളുടെ ഗ്രാമങ്ങളെ സംരക്ഷിക്കാൻ യുവാക്കളോട് അമൃത്പാൽ അഭ്യർത്ഥിച്ചു. ദൈവനിന്ദ നടത്തുന്നവരെ കോടതിയിൽ ഹാജരാക്കുകയോ പൊലീസിന് കൈമാറുകയോ ചെയ്യില്ല. അവരെ ഞങ്ങൾ തന്നെ ശിക്ഷിക്കും.ലഹരിക്ക് അടിമപ്പെട്ട സിഖുകാരെ വീണ്ടും ഗുരുവിന്റെ അനുയായികളാക്കുകയും അവരെ ആയോധനകല അഭ്യസിപ്പിക്കുകയും ചെയ്യും ”അമൃതപാൽ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.