യുദ്ധങ്ങള്‍ എളുപ്പവും സുഗമവുമായിരിക്കുമെന്ന് ഒരിക്കലും വിശ്വസിക്കരുതെന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പറഞ്ഞിട്ടുണ്ട്. ഈ വാക്കുകളുടെ നേര്‍ക്കാഴ്ചയാണ് റഷ്യയും യുക്രൈനും. സാധാരണക്കാരുടെ കണ്ണീരിനും രക്തത്തിനും ആര്‍ക്കും മറുപടി പറയാന്‍ കഴിയാതെ പോയ, കൃത്യമായ കണക്കുകള്‍ പോലുമില്ലാത്ത റഷ്യ-യുക്രൈന്‍ യുദ്ധത്തിന് ഇന്ന് ഒരു വയസ്.
യുദ്ധം രൂക്ഷമായപ്പോള്‍
യുക്രൈന്‍ അധിനിവേശം ആരംഭിച്ചപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം നേടി മടങ്ങാം എന്നായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ധാരണ. റഷ്യന്‍ സൗഹൃദ ഭരണകൂടം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കാന്‍ പുടിന് വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല.
യുക്രൈനിന്റെ കിഴക്കന്‍ പ്രവശ്യകളിലുള്ള ഡൊനെറ്റ്സ്ക്, ലുഹാൻസ്ക്, കെർസൺ, സപ്പോരിജിയ തുടങ്ങിയ നാല് മേഖലകള്‍ കീഴടക്കാന്‍ ആരംഭത്തില്‍ റഷ്യക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ യുക്രൈന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്കിയുടെ പ്രതിരോധവും കൂര്‍മ്മബുദ്ധിയും അമേരിക്കയുടെ സൈനിക ഉപദേശവും ചേര്‍ന്നതോടെ റഷ്യക്ക് പിന്നോട്ട് വലിയേണ്ടി വന്നു.

യുക്രൈന്‍ തലസ്ഥാനമായ കീവ് കീഴടക്കാനുള്ള റഷ്യയുടെ നീക്കം യുക്രൈന്‍ പ്രതിരോധിച്ചു. ഒടുവില്‍ റഷ്യന്‍ സൈന്യത്തിന് തിരിച്ചടി ലഭിച്ചു. കീവ് കയ്യടക്കാമെന്നത് വെറും മോഹമായി മാത്രം അവശേഷിച്ചു. കൈവിട്ട് പോയ പല പ്രവിശ്യകളും വൈകാതെ യുക്രൈന്‍ വീണ്ടെടുത്തു.
സെപ്റ്റംബറിൽ കിഴക്കന്‍ ഡോണ്‍ബാസിലെ നാല് പ്രവശ്യകള്‍ റഷ്യ പിടിച്ചെടുത്തു. എന്നാല്‍ പിന്നീട് കൂടുതല്‍ പ്രദേശങ്ങള്‍ കീഴടക്കാന്‍ കഴിയാതെ പോയതോടെ യുക്രൈനെതിരായ ആക്രമണം റഷ്യ കടുപ്പിച്ചു. യുക്രൈനിലെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായി നശിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ആയിരക്കണക്കിന് സാധാരണക്കാരും റഷ്യന്‍ ആക്രമണത്തിന് ഇരയായി. യുക്രൈന്‍ സൈന്യം കീഴടങ്ങിയതോടെയാണ് മരിയുപോളില്‍ വെടിയൊച്ചകള്‍ നിലച്ചത്.
ശൈത്യകാലത്ത് ഏറ്റുമുട്ടലിന്റെ തീവ്രത കുറഞ്ഞു. എന്നാല്‍ ബഖ്മുട്ട് എന്ന ചെറിയ നഗരത്തില്‍ ഇരുസൈന്യങ്ങളും പോരാടി. ഡോണ്‍ബാസിലെ മറ്റ് നഗരങ്ങള്‍ കീഴടക്കാന്‍ ഇത് സഹായിക്കുമെന്നായിരുന്നു റഷ്യയുടെ ധാരണ. റഷ്യയെ നഗരങ്ങള്‍ പിടിച്ചെടുക്കുന്നതിൽ നിന്ന് തടയുന്നത് ജനങ്ങളിലേക്ക് കൂടുതല്‍ ഊര്‍ജം എത്തിക്കുമെന്ന് യുക്രൈനും വിശ്വസിച്ചു.


ആഗോളതലത്തില്‍ പുതിയ മുഖം
യുക്രൈനിലെ റഷ്യയുടെ അധിനിവേശം ആഗോളതലത്തിലും പ്രതിഫലിച്ചു. പല യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ സുരക്ഷയെപ്പറ്റി ആശങ്കപ്പെടാന്‍ ആരംഭിച്ചു. യുക്രൈന് സഹായം അഭ്യര്‍ഥിച്ച് നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ മുന്നോട്ട് വന്നു. യുദ്ധം യൂറോപ്പ്-അമേരിക്ക സുരക്ഷ സഖ്യത്തിന് കൂടുതല്‍ ഊര്‍ജം പകരുകയും ചെയ്തു.
നാറ്റോ സ്വീഡനും ഫിന്‍ലന്‍ഡിനുമായി വാതില്‍ തുറന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് ഒപ്പം നിന്ന് റഷ്യയെ നേരിടുകയായിരുന്നു അമേരിക്ക. അത് കൂടുതല്‍ വ്യക്തമായത് ന്യൂ സ്റ്റാര്‍ട്ട് ഉടമ്പടിയില്‍ നിന്ന് റഷ്യയുടെ പിന്മാറ്റത്തിലൂടെയായിരുന്നു. 2011-ലാണ് ആണവായുധങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന ഉടമ്പടി രൂപം കൊണ്ടത്.
യുദ്ധം കൂടുതല്‍ വിപുലമാകുന്നതിലേക്ക് കടക്കാതിരിക്കാന്‍ സെലെന്‍സ്കിയുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തയാറായിട്ടില്ല. പക്ഷെ യുക്രൈനിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്നതില്‍ അമേരിക്ക ഒരു മടിയും കാണിക്കുന്നില്ല എന്നതാണ് മറ്റൊരു വസ്തുത.

സമ്മര്‍ദത്തിലായി ഇന്ത്യ
യുക്രൈന്‍ യുദ്ധം തന്ത്രപരമായി മുന്നോട്ട് പോകുന്നതിലേക്ക് ഇന്ത്യയെ നയിക്കുകയായിരുന്നു. ഇതുവരെ നിഷ്പക്ഷമായാണ് ഇന്ത്യ നിലപാടെടുത്തിട്ടുള്ളത്. റഷ്യയുമായുള്ള ബന്ധം നിലനിര്‍ത്തിക്കൊണ്ട് തന്നെയാണ് ഇന്ത്യ മുന്നോട്ട് പോകുന്നതും. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങള്‍ക്കിടയിലും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ സാധിച്ചു.
യുദ്ധം ആരംഭിക്കുന്നതിന് മുന്‍പ് കേവലം രണ്ട് ശതമാനം മാത്രമായിരുന്നു ഇറക്കുമതി ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 25 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ യുദ്ധം മുന്നോട്ട് പോകും തോറും ഒരു പക്ഷം തിരഞ്ഞെടുക്കാന്‍ പാശ്ചാത്യ സഖ്യങ്ങളില്‍ നിന്ന് ഇന്ത്യക്ക് സമ്മര്‍ദമുണ്ടാകുകയാണ്. ഐക്യരാഷ്ട്ര സഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന പ്രമേയത്തിന് പിന്തുണ ആവശ്യപ്പെട്ട് യുക്രൈന്‍ ഇന്ത്യയെ സമീപിച്ചിരുന്നു.
യുദ്ധം അവസാനിപ്പിക്കാന്‍ ഒരു തരത്തിലുമുള്ള നയതന്ത്ര നീക്കങ്ങള്‍ ഇതുവരെ ഉണ്ടായിട്ടില്ല. വിട്ടുവീഴ്ചകള്‍ ചെയ്യാന്‍ ഇരുരാജ്യങ്ങളും വിസമ്മതിക്കുന്നതാണ് പ്രധാന കാരണം.