/indian-express-malayalam/media/media_files/uploads/2020/08/explained-fi-6.jpg)
Covid-19 vaccine: യുഎസിലെ ബയോടെക് കമ്പനിയായ മൊഡേണ വികസിപ്പിക്കുന്ന കൊറോണവൈറസിനെതിരായ വാക്‌സിന്റെ 10 കോടി ടോസുകള്‍ വാങ്ങുന്നതിനുള്ള 1.525 ബില്ല്യണ്‍ യുഎസ് ഡോളറിന്റെ കരാറില്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഏര്‍പ്പെട്ടു.
കോവിഡ്-19 വാക്‌സിന്‍ വികസിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന അഞ്ച് കമ്പനികളുമായി ഇതുവരെ യുഎസ് സര്‍ക്കാര്‍ മുന്‍കൂര്‍ വിതരണ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മോണേണയുമായുള്ള രണ്ടാമത്തെ കരാറാണിത്. വാക്‌സിന്‍ വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് കമ്പനിക്ക് നേരത്തെ യുഎസ് സര്‍ക്കാര്‍ 995 മില്ല്യണ്‍ ഡോളര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പുതിയ കൊറോണവൈറസിലെ എംആര്‍എന്‍എ (മെസ്സഞ്ചര്‍ ആര്‍എന്‍എ) ആണ് രോഗ പ്രതിരോധമുണ്ടാക്കാന്‍ മോഡേണയുടെ വാക്‌സിന്‍ ഉപയോഗിക്കുന്നത്. ഇതുവരെയും ഒരു രോഗത്തിനും ആര്‍എന്‍എയില്‍ അധിഷ്ഠിതമായ വാക്‌സിന്‍ നിര്‍മ്മിച്ചിട്ടില്ല.
രണ്ട് കരാറുകളിലുമായി യുഎസ് സര്‍ക്കാര്‍ 2.48 ബില്ല്യണ്‍ ഡോളറാണ് മോഡേണയ്ക്ക് വാഗ്ദാനം ചെയ്തിട്ടുള്ളത്. ഈ പണത്തില്‍ വെളിപ്പെടുത്തിയിട്ടില്ലാത്തൊരു പങ്ക് വാക്‌സിന്‍ കൃത്യസമയത്ത് നല്‍കുന്നതിനുള്ളതാണ്. എന്നാല്‍, വാക്‌സിന്‍ നല്‍കേണ്ട സമയ ക്രമം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കരാര്‍ പ്രകാരം, അധികമായി 400 മില്ല്യണ്‍ ഡോസ് വാക്‌സിന്‍ കൂടെ വാങ്ങുന്നതിനുള്ള വകുപ്പുണ്ട്.
മനുഷ്യരിലെ പരീക്ഷണത്തിന്റെ അവസാനഘട്ടത്തിലാണ് മോഡേണയുടെ വാക്‌സിന്‍. ഇത് 2021 ആരംഭത്തില്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2021 ജനുവരിയോടെ കൊറോണവൈറസിനെതിരായ 300 മില്ല്യണ്‍ ഡോസ് വാക്‌സിന്‍ വാങ്ങുന്നതിനാണ് യുഎസ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. അനുമതി ലഭിക്കാന്‍ സാധ്യതയുള്ള വാക്‌സിനുകള്‍ വികസിപ്പിക്കുന്ന വിവിധ കമ്പനികളുമായി 700 മില്ല്യണ്‍ ഡോസ് വാങ്ങുന്നതിനാണ് യുഎസ് കരാറുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെന്‍കയും ചേര്‍ന്ന് വികസിപ്പിക്കുന്ന വാക്‌സിന്റെ 300 മില്ല്യണ്‍ ഡോസ് വാങ്ങുന്നതിന് 1.2 ബില്ല്യണ്‍ ഡോളറിന്റെ കരാറിലാണ് സര്‍ക്കാര്‍ ഏര്‍പ്പെട്ടത്. മറ്റൊരു കരാര്‍ പ്രകാരം നോവാവാക്‌സിന്റെ പക്കല്‍ നിന്നും 1.6 ബില്ല്യണ്‍ ഡോളറിന് 100 മില്ല്യണ്‍ ഡോസ് വാക്‌സിന്‍ വാങ്ങും.
അമേരിക്ക ഏര്‍പ്പെട്ടിരിക്കുന്ന ഏറ്റവും വലിയ കരാര്‍ സനോഫിയും ഗ്ലാക്‌സോസ്മിത്ത്‌ക്ലൈനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന വാക്‌സിനുവേണ്ടിയാണ്. 100 മില്ല്യണ്‍ ഡോസ് ലഭിക്കുന്നതിന് യുഎസ് 2.1 ബില്ല്യണ്‍ ഡോളര്‍ ചെലവഴിക്കും.
Read Also: കോവിഡ് വ്യാപനം തടയാൻ ഫലപ്രദമായ മാസ്‌ക് ഏതാണ്? ഗവേഷണത്തിലെ കണ്ടെത്തലുകൾ ഇങ്ങനെ
ജോണ്‍സണ്‍ ആന്റ് ജോണ്‍സണിന്റെ പക്കല്‍ നിന്നും 100 മില്ല്യണ്‍ ഡോസ് വാങ്ങുന്നതിന് ഒരു ബില്ല്യണ്‍ ഡോളര്‍ കരാറിലാണ് യുഎസ് ഏര്‍പ്പെട്ടിരിക്കുന്നത്. ഫിസര്‍ ആന്റ് ബയോഎന്‍ടെക്കുമായി 1.95 ബില്ല്യണ്‍ ഡോളറിന്റെ കരാറും ഉണ്ട്. 100 മില്ല്യണ്‍ ഡോസാണ് ലഭിക്കുക.
യുഎസ് സര്‍ക്കാര്‍ ഇതുവരെ രാജ്യത്തെ 330 ബില്ല്യണ്‍ വരുന്ന ജനസംഖ്യയ്ക്കുവേണ്ടി 800 ബില്ല്യണ്‍ ഡോസ് വാക്‌സിനുകള്‍ക്ക് മുന്‍കൂര്‍ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
വികസിപ്പിച്ചു കൊണ്ടിരിക്കുന്ന എല്ലാ വാക്‌സിനുകളും വിജയിക്കണം എന്നില്ല. വിജയിക്കുന്ന വാക്‌സിന്‍ ഏതായാലും അവ തങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്തുകയാണ് യുഎസ്.
ഇന്ത്യയില്‍ പൂനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മധ്യ, കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ക്കായി 100 മില്ല്യണ്‍ ഡോസ് വാക്‌സിന്‍ നിര്‍മ്മിക്കുന്നതിന് ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷനുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഗവി എന്ന് വിളിക്കപ്പെടുന്ന ആഗോള വാക്‌സിന്‍ സഖ്യത്തിന്റെ ഭാഗമായിട്ടാണിത്. വിജയിക്കുന്ന ഏതൊരു വാക്‌സിനും ഇവിടെ ഉല്‍പാദിപ്പിക്കും. 50 ശതമാനം വാക്‌സിന്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടാതെ, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിക്കുന്ന വാക്‌സിന്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നതിനുള്ള കരാര്‍ അസ്ട്രാസെനെകയുമായി സെറം ഇന്ത്യ ഒപ്പുവച്ചിട്ടുണ്ട്. ഈ വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ നടത്തുന്നതിന് രാജ്യത്തെ മരുന്ന് നിര്‍മ്മാണ നിയന്ത്രണ ഏജന്‍സിയുടെ അനുമതി സെറത്തിന് ലഭിച്ചിട്ടുണ്ട്.
Covid-19 vaccine: വാക്‌സിന്‍ പരീക്ഷണം ഏതുവരെയെത്തി?
- തങ്ങളുടെ കൊറോണവൈറസ് വാക്‌സിന്‍ തയ്യാറായതായി റഷ്യ പ്രഖ്യാപിച്ചു.
- 160-ല്‍ അധികം വാക്‌സിനുകള്‍ പ്രീ-ക്ലിനിക്കല്‍, ക്ലിനിക്കല്‍ പരീക്ഷണ ഘട്ടങ്ങളിലാണ്.
- അവയില്‍ 28 എണ്ണം ക്ലിനിക്കല്‍ (മനുഷ്യരിലെ) പരീക്ഷണ ഘട്ടത്തിലാണ്. അവയില്‍ ആറെണ്ണമെങ്കിലും ചൈനീസ് കമ്പനികളോ ഗവേഷണ സ്ഥാപനങ്ങളോ ആണ്.
- അഞ്ചെണ്ണം അവസാന ഘട്ടത്തിലുമാണ്.
- കുറഞ്ഞത് എട്ട് വാക്‌സിനുകള്‍ ഇന്ത്യയില്‍ വികസിപ്പിക്കുന്നു. രണ്ടെണ്ണം ഒന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു.
(ഓഗസ്റ്റ് 10-ലെ വിവരങ്ങള്‍ അനുസരിച്ച്)
Read in English: US has pre-ordered 800 million doses for its 330 million population
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us