/indian-express-malayalam/media/media_files/uploads/2022/03/Ukraine.jpg)
ഹർകീവിലെ എല്ലാ ഇന്ത്യക്കാരും അവിടെനിന്നും എത്രയും പെട്ടെന്ന് സുരക്ഷിത മേഖലകളായ പെസോച്ചിൻ, ബേബെ, ബെസ്ലിയുഡോവ്കയിലേക്ക് പോകണമെന്നാണ് ഇന്നലെ (മാർച്ച് 3) യുക്രൈനിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തത്. ''സ്വയം സുരക്ഷ കണക്കിലെടുത്ത് എല്ലാവരും എത്രയും വേഗം ഹർകീവ് വിടുക, ഒരിക്കൽ കൂടി ആവർത്തിക്കുന്നു, എത്രയും വേഗം എല്ലാവരും ഈ മേഖലകളിൽ എത്തിച്ചേരണം,'' എംബസി വ്യക്തമാക്കി. ഇന്ത്യൻ സമയം 5.11 pm നും യുക്രൈനിൽ 1.40 pm നുമാണ് ഇന്ത്യൻ എംബസിയുടെ ഈ നിർദേശം എത്തിയത്.
നഗരങ്ങൾ സുരക്ഷിതമല്ല
നഗരങ്ങൾ രാജ്യത്തിന്റെ പ്രധാന ഭാഗമായതിനാൽ, ശത്രു സൈന്യം അവയെ പിടിച്ചെടുക്കാൻ ശ്രമിക്കും. ഹർകീവിലും കീവിലും അടക്കം കാണുന്നത് ഇതാണ്. ഗ്രാമപ്രദേശങ്ങൾ, പ്രാന്തപ്രദേശങ്ങൾ സുരക്ഷിതമാണ്. ഹൈവേകളിലൂടെയും റോഡുകളിലൂടെയും വലിയ സൈനിക സംഘങ്ങൾ നീങ്ങുന്നുണ്ട്.
എന്തൊക്കെ കയ്യിൽ കരുതണം
പറ്റാവുന്നതൊക്കെ കൂടെ കൊണ്ടുപോകുക എന്നതാണ് പ്രവണത. അത് ഒഴിവാക്കണം. നിങ്ങൾ കൂടുതൽ സാധനങ്ങൾ കൊണ്ടുപോവുകയാണെങ്കിൽ അത് നിങ്ങളുടെ യാത്രയെ ദുഷ്കരമാക്കും. നടക്കാൻ തയ്യാറാവുക, നിങ്ങളുടെ ബാഗിൽ കൊള്ളാവുന്ന മാത്രം എടുക്കുക. വസ്ത്രം വളരെ അത്യാവശ്യമാണ്. ഇതിനൊപ്പം ഒരു ജോഡി ഷൂസ്, നല്ല സോക്സ്, തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങൾ, ചോക്ലേറ്റ് പോലുള്ള ഭക്ഷണങ്ങൾ, വെള്ളം, പണം.
കൂട്ടമായി ഇരിക്കുക
സർക്കാർ ഏജൻസികൾ ഏതെങ്കിലും തരത്തിലുള്ള ഒഴിപ്പിക്കൽ നടപടികൾ സ്വീകരിക്കുകയാണെങ്കിൽ, അത് പിന്തുടരുന്നതാണ് നല്ലത്. അവർ കൂടുതൽ സംഘടിതരായിരിക്കും, എവിടെ പോകണമെന്ന് നിങ്ങളോട് പറയും, താമസ സൗകര്യവും ഭക്ഷണവും ഉള്ള ചില സ്ഥലങ്ങൾ ഉണ്ടായിരിക്കും. (യുക്രൈൻ-റഷ്യൻ അതിർത്തിയിലൂടെ ഇന്ത്യക്കാർക്ക് സുരക്ഷിതമായി കടന്നുപോകുന്നതിനുള്ള ഒരു "മാനുഷിക ഇടനാഴി" തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് റഷ്യ ബുധനാഴ്ച പറഞ്ഞിരുന്നു.)
അത് നടപ്പിലാകുന്നതുവരെ എപ്പോഴും കൂട്ടമായി തുടരുക. സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് ഒരിടത്തും പോകാതിരിക്കുക. നിങ്ങൾക്ക് പരസ്പരം സഹായം ആവശ്യമാണ്. ചിലർ രോഗബാധിതരായിരിക്കാം, ചിലർ ക്ഷീണിതരായിരിക്കാം, അവർക്ക് സഹായം വേണ്ടി വന്നേക്കാം.
ഫോണുകൾ എല്ലാം ഒരേ സമയം ഓണാക്കരുത്
ഏതെങ്കിലും തരത്തിൽ ആശയവിനിമയത്തിനുള്ള മാർഗ്ഗം ഉണ്ടായിരിക്കണം. 10-15 പേരടങ്ങുന്ന സംഘമാണെങ്കിൽ ഒന്നോ രണ്ടോ മൊബൈൽ ഫോണുകൾ മാത്രം ഓണാക്കി വയ്ക്കുക. എല്ലാവരുടെയും ഫോണുകൾ ഒരേ സമയം ഓണായിരിക്കരുത്, ഒരേ സമയം ചാർജ് തീരാൻ സാധ്യതയുണ്ട്. (ഇന്ത്യക്കാരോട് ഹർകീവിൽനിന്നും എത്താൻ പറഞ്ഞിരിക്കുന്ന മൂന്നു സ്ഥലങ്ങളിലേക്കും 11 കിലോമീറ്ററും 16 കിലോമീറ്ററും ദൂരമുണ്ട്. ഇവിടങ്ങളിലേക്ക് എത്താൻ 2-4 മണിക്കൂർ നടക്കേണ്ടി വരും. ഈ പ്രദേശങ്ങളിലെ താപനില 0-2 ഡിഗ്രി സെൽഷ്യസാണ്.)
വെടിവയ്പുണ്ടായാൽ
അങ്ങനെ സംഭവിച്ചാൽ, സ്വയം ഒരു സിവിലിയൻ ആയി തിരിച്ചറിയുന്നതാണ് നല്ലത്. സാധാരണഗതിയിൽ, ഇത്തരം സംഘർഷങ്ങളിൽ സാധാരണക്കാരെ മനഃപൂർവം ലക്ഷ്യമിടുന്നില്ല. നിങ്ങൾ ഒരു സിവിലിയനാണെന്നും ഓടാനോ ഒളിക്കാനോ ശ്രമിക്കുന്നതിനുപകരം കൈകൾ ഉയർത്തി നടക്കുക.
സൈനികരെ കണ്ടാൽ
സൈനികരുടെ അടുത്തേക്ക് പോകുന്നത് അഭികാമ്യമല്ല. അവർ അവരുടെ ദൗത്യത്തിൽ ശ്രദ്ധാലുക്കളായിരിക്കും. അവിടെ പോകുന്നത് നിങ്ങളുടെ ജീവന് ഭീഷണിയാകും. കാരണം ശത്രുക്കൾ അവരെ ലക്ഷ്യമിട്ടായിരിക്കും ആക്രമണം നടത്തുക.
സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ
ലക്ഷ്യങ്ങൾ സൈനിക കേന്ദ്രങ്ങൾ ആയിരിക്കുന്നിടത്തോളം, നിങ്ങൾ താരതമ്യേന സുരക്ഷിതരാണ്. നിങ്ങളുടെ നിലവിലെ സ്ഥലത്ത് ഏറ്റവും സുരക്ഷിതമായ സ്ഥലം ഏതാണെന്ന് കണ്ടെത്തുക. സൈനിക കേന്ദ്രങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, ആശയവിനിമയ കേന്ദ്രങ്ങൾ എന്നിവ ആക്രമിക്കപ്പെടാൻ സാധ്യത കൂടുതലാണ്. സാധാരണയായി ശത്രുക്കൾ ലക്ഷ്യമിടാൻ സാധ്യതയില്ലാത്ത ആശുപത്രികളുടെയും സ്കൂളുകളുടെയും സമീപ സ്ഥലങ്ങൾ സുരക്ഷിതമായിരിക്കും.
ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിടുകയാണെങ്കിൽ എത്രയും വേഗം അവിടെനിന്നും പോവുക. (യുദ്ധമേഖലകളിൽ വലിയൊരു കൂട്ടം ഇന്ത്യക്കാർ അകപ്പെട്ടിട്ടുണ്ട്. അതിനാലാണ് ഹർകീവിൽനിന്നും പോകാൻ ഇന്ത്യൻ സർക്കാർ നിർദേശം നൽകിയത്. ബാക്കിയുള്ളവർ, നിൽക്കണോ പോകണോ എന്ന ചോദ്യം അവശേഷിക്കുന്നു.)
പരിഭ്രാന്തരാകാതിരിക്കുക. പരിഭ്രാന്തരാകുമ്പോൾ നിങ്ങളെടുക്കുന്ന തീരുമാനം ശരിയാകണമെന്നില്ല. കിംവദന്തികൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കുക, ശാന്തമായി ചിന്തിക്കുക. അങ്ങനെയായാൽ നല്ല തീരുമാനങ്ങൾ എടുക്കാൻ കഴിയും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.