/indian-express-malayalam/media/media_files/uploads/2023/07/snake-bite-treatment.jpg)
കടിച്ചത് വിഷപ്പാമ്പാണോ അല്ലയോ എന്ന് മുറിവുകളുടെ രീതി നോക്കി മനസിലാക്കാൻ കഴിയുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്
മഴക്കാലമായതോടെ പലതരത്തിലുള്ള രോഗങ്ങൾ തലപ്പൊക്കാൻ തുടങ്ങി. രോഗങ്ങളുടെ കാര്യത്തിൽ പുലർത്തേണ്ടതുപോലെ ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങളും ഉണ്ട്. അതിൽ പ്രധാനപെട്ട ഒന്നാണ് പാമ്പ്ശല്യം. നമ്മുടെ വീടിന്റെ പരിസരത്തും അടുത്ത പറമ്പിലും എന്നു വേണ്ട നഗരപ്രദേശങ്ങളിൽ പോലും മഴക്കാലത്ത് പാമ്പുകൾ കാണാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇപ്പോൾ നഗരമെന്നോ നാട്ടിൻപുറമെന്നോ വ്യത്യാസമില്ലാതെ ഇവയെ കാണാം.
തണുപ്പു കുടുതൽ ഉള്ള സമയമായതിനാൽ ഇവ എവിടെ വേണമെങ്കിലും ഒളിച്ചിരിക്കാനോ മറഞ്ഞിരിക്കാനോ സാധ്യതയുണ്ട്. വീടിനു പുറത്തോ മുറികളിൽ തന്നെ ഊരിയിട്ടിരിക്കുന്ന ഷൂ ഇടുന്നതിനു മുൻപ്, ശ്രദ്ധിച്ച് നോക്കണം. ഷൂവിനുള്ളിൽ ഇവ മറഞ്ഞിരിക്കാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ ഹെൽമെറ്റും ശ്രദ്ധിക്കണം. പാമ്പ് മാത്രമല്ല, പഴുതാര പോലുള്ള ജീവികളും ഇവയിൽ കയറിയിരിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ ഇവയെല്ലാം ഉപയോഗിക്കുന്നതിനു മുൻപ് അവയ്ക്കുള്ളിൽ ഒന്നും ഇല്ലെന്നു ഉറപ്പു വരുത്തണം.
ആർക്കുവേണമെങ്കിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ് പാമ്പിന്റെ കടിയേൽക്കുക എന്നത്. പാമ്പിന്റെ വിഷത്തിന് ഇന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാണെങ്കിലും മരണം സംഭവിക്കുന്നതിന്റെ പ്രധാന കാരണം ചികിത്സ വൈകുന്നതും പ്രഥമ ശുശ്രൂഷയിലെ അപാകതകളുമാണ്. വിഷപ്പാമ്പിന്റെ കടിയേറ്റാൽ കുറഞ്ഞത് നാലുമണിക്കൂറിനുള്ളിൽ മറുമരുന്ന് കുത്തിവയ്ക്കണം. വൈകുംതോറും അത് മരണസാധ്യത വർധിപ്പിക്കുന്നു.
കടിച്ചത് വിഷപ്പാമ്പാണോ അല്ലയോ എന്ന് മുറിവുകളുടെ രീതി നോക്കി മനസിലാക്കാൻ കഴിയുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. വിഷപ്പാമ്പുകൾ കടിച്ചാൽ സൂചിക്കുത്ത് ഏറ്റതുപോലെ രണ്ട് അടയാളങ്ങൾ കാണാം. വിഷപ്പല്ലുകൾ തമ്മിലുള്ള അകലം പാമ്പിന്റെ വലിപ്പത്തെ ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കും. കടിച്ചഭാഗത്ത് വിഷം കലർന്നിട്ടുണ്ടെങ്കിൽ കഠിനമായ നീറ്റലും തരിപ്പും അനുഭവപ്പെടും. പാമ്പിന്റെ ഇനം, ഉള്ളിൽ കടന്ന വിഷത്തിന്റെ അളവ് എന്നിവയ്ക്കനുസരിച്ച് നീറ്റലിന് ഏറ്റക്കുറച്ചിലുണ്ടാകാം.
പാമ്പ് കടിച്ചാൽ അത് വിഷപാമ്പാണോ എന്ന് നോക്കി സമയം കളയാതെ, കടിയേറ്റയാളെ ശുശ്രൂഷിക്കേണ്ടതുണ്ട്. ചിലർ പാമ്പിനെ പിടിക്കാൻ നോക്കി സമയം കളയാറുണ്ട്. പാമ്പു കടിയേറ്റാൽ എന്തു ചെയ്യുന്നു എന്നത് രോഗിയുടെ ജീവൻ രക്ഷിക്കുകയോ അപായപ്പെടുത്തുകയോ ചെയ്യാം. അനാവശ്യ ടെൻഷൻ ഒഴിവാക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ടെൻഷൻ ഹൃദയമിടിപ്പും രക്തസമ്മർദവും കൂടുകയും വിഷം പെട്ടെന്ന് ശരീരത്തിൽ വ്യാപിക്കാനും മരണം സംഭവിക്കാനും കാരണമാവുകയും ചെയ്യും. സമചിത്തതയോടെ, ടെൻഷനില്ലാതെ പാമ്പിൻ വിഷത്തിന് ചികിത്സ ഉള്ള ആശുപത്രിയിലെത്തുകയാണ് വേണ്ടത്.
പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങൾ
പരിഭ്രമിക്കാതിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കാലിൽ ആണ് പാമ്പ് കടിയേറ്റതെങ്കിൽ ഒട്ടും നടക്കരുത്. നടന്നാൽ രക്ത ഓട്ടം കൂടുകയും വിഷം ശരീരത്തിലേക്ക് പെട്ടെന്ന് വ്യാപിക്കുകയും ചെയ്യും.
സാധാരണഗതിയിൽ പാമ്പിന്റെ കടിയേൽക്കുന്നത് കാലിലോ കയ്യിലോ ആണ്.
കടിയേറ്റ ഭാഗത്തിനു മുകളിലായി വിഷം വ്യാപിക്കാതിരിക്കാൻ ചരടുകൊണ്ടോ തുണി കൊണ്ടോ കെട്ടുക. അരമണിക്കൂർ ഇടവിട്ട് കെട്ട് അഴിച്ച് കാലിലേക്കുള്ള രക്ത ഓട്ടം സുഗമമാക്കണം. ചിലപ്പോൾ രക്തഓട്ടത്തിന് തടസം നേരിട്ട് കാലിൽ ഗാൻഗ്രീൻ ഉണ്ടാവുകയും കാലുതന്നെ മുറിച്ചു മാറ്റേണ്ട സാഹചര്യവും ഉണ്ടാകാം.
കടിയേറ്റ ഭാഗത്തെ വിഷം കലർന്ന രക്തം ഞെക്കിക്കളയുകയോ കീറി എടുക്കുകയോ ചെയ്യരുത്. മുറിവിൽ ഒന്നും പുരട്ടാനും പാടില്ല.
രോഗിയെ കിടത്തരുത്, അഥവാ കിടത്തേണ്ട സാഹചര്യം വന്നാൽ ചരിച്ച് കിടത്തുക. കടിയേറ്റ ഭാഗം ഹൃദയത്തിന്റെ താഴെ വരുന്ന രീതിയിൽ വയ്ക്കുക.
ശരീരത്തിന്റെ കടിയേറ്റ ഭാഗത്തുനിന്ന് ഇറുകിയ എന്തെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ അത് നീക്കംചെയ്യുക (മോതിരം, വാച്ച് പോലുളളവ). ഇവ നീക്കം ചെയ്തില്ലെങ്കിൽ ആ ഭാഗത്ത് നീരു വരുകയും ജീവൻ അപകടത്തിലാവുകയും ചെയ്യും.
രോഗിയെ നടത്തിക്കാതെ, എത്രയും വേഗം എ എസ് വി (ആന്റി സ്നേക് വെനം) ഉള്ള ആശുപത്രിയിലെത്തിക്കുക.
വിഷപാമ്പുകൾ പലതരം
സംസ്ഥാനത്ത് 114 ഇനം പാമ്പുകളാണുള്ളത്. അതിൽ 10 എണ്ണമാണ് മനുഷ്യജീവന് അപകടകരം. രാജവെമ്പാല, മൂർഖൻ, ശംഖുവരയൻ, അണലി (ചേനത്തണ്ടൻ), ചുരുട്ട മണ്ഡലി എന്നിങ്ങനെ അഞ്ചിനത്തിൽപെട്ട പാമ്പുകളെയാണ് ഏറ്റവും അപകടകാരികളായി കണക്കാക്കുന്നത്. ഇവയുടെ കടിയേറ്റുള്ള മരണവും സംസ്ഥാനത്ത് കൂടുതലാണ്. കടിച്ച പാമ്പ് ഏതാണെന്നറിയാൻ എപ്പോഴും സാധിക്കാറില്ല. അതിനാൽ ഈ അഞ്ചിനം പാമ്പുകൾക്കും എതിരെ പ്രവർത്തിക്കുന്ന ആന്റിവെനമാണ് ഉപയോഗിക്കുന്നത്.
വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണമാവില്ല. ഇര പിടിച്ചശേഷമുള്ള കടികളിലും പല്ലുകൾ ആഴത്തിൽ ഇറങ്ങാത്ത കടികളിലും മനുഷ്യശരീരത്തിലേക്കു മരണകാരണമാകാവുന്ന അളവിൽ വിഷം പ്രവേശിക്കണമെന്നില്ല.
രാജവെമ്പാല, മൂർഖൻ, ശംഖുവരയൻ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ (Neurotoxic) ബാധിക്കുന്നു. കാഴ്ച മങ്ങൽ, ശ്വാസതടസം, ആമാശയവേദന എന്നിവയാണു ഫലം. അണലിയുടെ വിഷം രക്തമണ്ഡല(Haemotoxic)ത്തെയാണ് ബാധിക്കുന്നത്. ഇതുമൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യും.
സർപ്പ ആപ്പ്
വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ വികസിപ്പിച്ച സർപ്പ ആപ് (സ്നേക് അവയർനസ് റെസ്ക്യു ആൻഡ് പ്രൊട്ടക്ഷൻ ആപ്, SARPA) പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാവുന്നതാണ്. വീട്ടിലോ പരിസരത്തോ അപകടകരമായി പാമ്പിനെ കണ്ടാൽ ആപ് ഉപയോഗിച്ച് പാമ്പുരക്ഷകരെ ബന്ധപ്പെടാം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമുള്ള ലൈസൻസ്ഡ് പാമ്പ് രക്ഷകരുടെ ഫോൺ നമ്പർ, ഇ മെയിൽ വിലാസം, ഏറ്റവും അടുത്തുള്ള പാമ്പുരക്ഷകർ തുടങ്ങിയ വിവരങ്ങളും ആപ്പിൽ ലഭ്യമാണ്.
എവിടെയാണ് പാമ്പിനെ കണ്ടത്, ആർക്കെങ്കിലും പാമ്പു കടിയേറ്റിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും വനംവകുപ്പിനെ അറിയിക്കാം. മൊബൈൽ ഫോണിൽ ലൊക്കേഷൻ ഓണാക്കിയ ശേഷം പാമ്പിന്റെ ചിത്രം അപ് ലോഡ് ചെയ്യണം. എല്ലാ സാഹചര്യത്തിലും ചിത്രം എടുക്കാൻ കഴിയണമെന്നില്ല. പടം ഇല്ലെങ്കിലും പ്രശ്നമല്ല. വിദഗ്ധ പരിശീലനം ലഭിച്ചവർ സ്ഥലത്തെത്തി പാമ്പിനെ പിടിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.