/indian-express-malayalam/media/media_files/uploads/2023/04/spcx.jpg)
ഫൊട്ടൊ: സ്പെയ്സ് എക്സ്| ട്വിറ്റർ
ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് വിക്ഷേപിച്ച സ്റ്റാർഷിപ് റോക്കറ്റ് വ്യാഴാഴ്ച നടന്ന ആദ്യ പരീക്ഷണ വിക്ഷേപണത്തിൽത്തന്നെ പൊട്ടിത്തെറിച്ചിരുന്നു. ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റാണ് ഇതെന്നായിരുന്നു അവകാശവാദം. എന്നാൽ ഇതിനുശേഷം, മസ്കിന്റെയും ജീവനക്കാരുടെയും ആവേശകരമായ പ്രതികരണം എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കി. ടെക്സസിലെ ബോക ചികയിലെ സ്പേസ് എക്സിന്റെ സ്പേസ്പോർട്ടിൽ വച്ചായിരുന്നു വിക്ഷേപണം. പ്രാദേശികസമയം രാവിലെ 8.33 (ജിഎംടി 13.33) ആണ് റോക്കറ്റ് പൊട്ടിത്തെറിച്ചത്.
ബഹിരാകാശ പേടക നിർമ്മാതാക്കളായ സ്പെയ്സ് എക്സ് സ്റ്റാർഷിപ്പിന്റെ (ബഹിരാകാശ പേടകവും സൂപ്പർ ഹെവി റോക്കറ്റും) ആദ്യ പരീക്ഷണമായിരുന്നു ഇത്. ഭൂമിയുടെ ഭ്രമണപഥത്തിലേക്കും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അതിനപ്പുറത്തേക്കും ക്രൂവും ചരക്കും കൊണ്ടുപോകാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്ന പൂർണമായി പുനരുപയോഗിക്കാവുന്ന ഗതാഗത സംവിധാനമാണിതെന്ന് സ്പെയ്സ് എക്സിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പറയുന്നു. സ്റ്റാർഷിപ് ലോകത്തിലെ ഇതുവരെ വികസിപ്പിച്ചെടുത്തതിൽ ഏറ്റവും ശക്തമായ വിക്ഷേപണ വാഹനമായിരിക്കുമെന്നാണ് സ്പെസ് എക്സ് അവകാശപ്പെട്ടത്.
വിജയകരമായ ലിഫ്റ്റ്-ഓഫ് നടത്തിയെങ്കിലും നാല് മിനിറ്റിനുശേഷം ക്രാഫ്റ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. "ഷെഡ്യൂൾ ചെയ്യാത്ത പെട്ടെന്നുള്ള ഡിസ്അസംബ്ലിങ്" എന്നാണ് സ്പെയ്സ് എക്സ് അതിന്റെ ട്വിറ്റർ ഹാൻഡിലിൽ പറഞ്ഞത്. പിന്നെ എന്തുകൊണ്ടാണ് സ്പെയ്സ് അത് ആഘോഷമാക്കിയതെന്നറിയാം.
എന്തിനായിരുന്നു ഈ പരീക്ഷണം?
ഇലോൺ മസ്‌ക് സ്ഥാപിച്ച വാണിജ്യ ബഹിരാകാശ പേടക കമ്പനി അതിന്റെ അടുത്ത ജനറേഷൻ സ്റ്റാർഷിപ് ബഹിരാകാശ പേടകത്തിന്റെയും സൂപ്പർ ഹെവി റോക്കറ്റിന്റെയും വൈമാനികനില്ലാത്ത പരീക്ഷണമാണ് വ്യാഴാഴ്ച നടത്തിയത്. ഭാരമുള്ള പേലോഡുകൾ വഹിക്കാൻ സ്റ്റാർഷിപ്പിന് ശേഷിയുണ്ടെന്നാണ് അവർ പറയുന്നത്.
സ്റ്റാർഷിപ്പിന്റെ രണ്ട് വിഭാഗങ്ങൾ ഒന്നിച്ചുള്ള ആദ്യ വിക്ഷേപണമാണിത്. കുറച്ച് മാസങ്ങൾക്ക് ശേഷം അടുത്തതും നടക്കും. വൈമാനികരുള്ള പരീക്ഷണങ്ങൾക്ക് മുൻപായി ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് ഉപഗ്രഹങ്ങളെയും സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ഉൾപ്പെടെയുള്ളവ വിക്ഷേപിക്കുന്നതിനും ഈ ക്രാഫ്റ്റ് ഉപയോഗിക്കാനും മസ്ക് പദ്ധതിയിടുന്നു.
2025 ലെ ആർട്ടെമിസ് III ദൗത്യത്തിനായി 3 ബില്യൺ ഡോളറിന്റെ കരാറിന് കീഴിൽ, ബഹിരാകാശയാത്രികരെ കൊണ്ടുപോകുന്ന ഹ്യൂമൻ ലാൻഡിങ് സംവിധാനം സ്പെയ്സ് എക്സ് നൽകുമെന്ന് നാസ പറഞ്ഞു. ഇതിലൂടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് മനുഷ്യർക്ക് പോകാൻ കഴിയും. “പരീക്ഷണങ്ങളുടെ ഒരു പരമ്പരതന്നെ ഇതിനായി നടത്തേണ്ടതുണ്ട്. അതിനുശേഷം ചന്ദ്രോപരിതലത്തിൽ സ്റ്റാർഷിപ്പിനെ ഇറക്കുന്ന വൈമാനികനില്ലാത്ത ഡെമോ മിഷനും സ്പെയ്സ് എക്സ് നടത്തും. ക്രൂ സുരക്ഷയുടെ ഉയർന്ന നിലവാരം ഉൾപ്പെടെ നാസയുടെ എല്ലാ ആവശ്യകതകളും നിറവേറ്റുമ്പോൾ, സ്റ്റാർഷിപ് അതിന്റെ ആദ്യത്തെ ആർട്ടെമിസ് ദൗത്യത്തിന് തയ്യാറാകും,” നാസ പറയുന്നു.
എന്താണ് സംഭവിക്കേണ്ടിയിരുന്നത്?
ക്രാഫ്റ്റ് അതിന്റെ ആദ്യഘട്ട സൂപ്പർ ഹെവി ബൂസ്റ്റർ ഗൾഫ് ഓഫ് മെക്സിക്കോയിലേക്ക് ഇറക്കാനാണ് പദ്ധതിയിട്ടിരുന്നത്. ബഹിരാകാശ പേടകം കിഴക്ക് ഭൂമിയിലെ ഒരു വൃത്തം പൂർത്തിയാക്കിയശേഷം, ഹവായിക്ക് സമീപം ഇറങ്ങുമെന്നാണ് ജർമ്മൻ വാർത്താ ഏജൻസിയായ ഡോയ്ച വെല്ലെ (ഡിഡബ്ല്യു) റിപ്പോർട്ട് ചെയ്യുന്നു.
പൂർണമായും പുനരുപയോഗിക്കാവുന്ന തരത്തിലാണ് സ്റ്റാർഷിപ് രൂപകൽപ്പന ചെയ്തിരിക്കുന്നതെങ്കിലും, പരീക്ഷണ പറക്കലിൽ നിന്ന് ഒന്നും വീണ്ടെടുക്കാൻ കഴിഞ്ഞില്ല. വിക്ഷേപിക്കുന്നതിനും ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് പറക്കുന്നതിനും അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുന്നതിനും പുനരുപയോഗത്തിനായി ലാൻഡ് ചെയ്യുന്നതിനുമുള്ള അതിന്റെ കഴിവുകൾ അളക്കാനായിരുന്നു പരീക്ഷണം. ഒരിക്കൽ വിജയിച്ചാൽ, ബഹിരാകാശത്ത് ദീർഘനേരം നീണ്ടുനിൽക്കുന്ന യാത്രകളിൽ "100 പേരെ വരെ" വഹിക്കാൻ ക്രാഫ്റ്റിന് കഴിയുമെന്ന് സ്പെയ്സ് എക്സ് പറയുന്നു.
എന്നാൽ വിമാനം തുടങ്ങി നാല് മിനിറ്റിനുള്ളിൽ സ്‌ഫോടനം ഉണ്ടായി. ബഹിരാകാശത്തെ 90 മിനിറ്റായിരുന്നു ദൗത്യം. സ്റ്റാര്‍ഷിപ്പ് പേടകവും (മുകളിലുള്ള ഭാഗം) സൂപ്പര്‍ ഹെവി റോക്കറ്റും (താഴെയുള്ള ഭാഗം) അടങ്ങുന്നതാണ് സ്റ്റാര്‍ഷിപ്പ് വിക്ഷേപണ വാഹനം. വിക്ഷേപണത്തിനുശേഷം സ്റ്റാര്‍ഷിപ് പേടകത്തില്‍ നിന്ന് റോക്കറ്റ് വേര്‍പെടേണ്ടതുണ്ട്. എന്നാല്‍ ഇതുനടന്നില്ല.
മസ്കിന്റെയും ജീവനക്കാരുടെയും പ്രതികരണം
ബഹിരാകാശവാഹനം ഗ്രൗണ്ടിൽ നിന്ന് ഉയർത്തുക എന്ന പ്രധാന ലക്ഷ്യം വിജയകരമായ ലിഫ്റ്റ്-ഓഫിലൂടെ നേടിയെടുത്തതെന്ന് മസ്‌ക് ഉൾപ്പടെയുള്ള സ്‌പേസ് എക്‌സ് എക്‌സിക്യൂട്ടീവുകൾ ചൂണ്ടിക്കാട്ടി. അത് ലക്ഷ്യം നിറവേറ്റുമെന്ന ഉയർന്ന പ്രതീക്ഷകൾ ഇല്ലെന്ന് മസ്ക് പറഞ്ഞിരുന്നു. “അത് ഭ്രമണപഥത്തിലെത്തുമെന്ന് ഞാൻ പറയുന്നില്ല, ഭ്രമണപഥത്തിൽ എത്തുമെന്ന് 50 ശതമാനം പ്രതീക്ഷ മാത്രമേ ഉള്ളൂ.." എന്ന് മസ്ക് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
“ചരിത്രത്തിലുടനീളമുള്ള എല്ലാ മികച്ച നേട്ടങ്ങളും ചില തലത്തിലുള്ള അപകടസാധ്യതകൾ ആവശ്യപ്പെടുന്നു. കാരണം വലിയ അപകടസാധ്യതയ്‌ക്കൊപ്പം വലിയ പ്രതിഫലവും ലഭിക്കും,” നാസ അഡ്മിനിസ്‌ട്രേറ്റർ ബിൽ നെൽസൺ സ്‌പേസ് എക്‌സിനെ അഭിനന്ദിച്ചുകൊണ്ട് ട്വീറ്റിൽ പറഞ്ഞു.
ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ ഔട്ടർ സ്‌പേസ് ഇൻസ്റ്റിറ്റ്യൂട്ടിലെ സഹപ്രവർത്തകയായ പ്ലാനറ്ററി സയന്റിസ്റ്റ് ടാനിയ ഹാരിസൺ പറഞ്ഞു, “നിങ്ങൾ ഒരു പുതിയ റോക്കറ്റ് രൂപകൽപ്പന ചെയ്യാൻ ശ്രമിക്കുമ്പോൾ ധാരാളം അപകടങ്ങൾ സംഭവിക്കാറുണ്ട്. ഇത് സമാരംഭിച്ചു എന്ന വസ്തുത ഒരുപാട് ആളുകളെ സന്തോഷിപ്പിക്കുന്നു," ടാനിയ പറയുന്നു. “മനുഷ്യർ നിർമ്മിക്കാൻ ശ്രമിച്ച ഏറ്റവും വലിയ റോക്കറ്റാണിത്,” അവർ പറഞ്ഞു.
സ്പെയ്സ് എക്സിന്റെ വലിയ ലക്ഷ്യങ്ങൾക്കിടയിൽ ഇത് യോജിക്കുന്നതെങ്ങനെ?
ഒരിക്കൽ വിജയകരമായി പരീക്ഷിച്ചാൽ, സ്റ്റാർഷിപ് ചൊവ്വയിൽ നിന്ന് നിരവധി ടൺ പാറകൾ കൊണ്ടുവരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിരവധി ബഹിരാകാശ യാത്രികരെയും മുഴുവൻ ലാബ് സൗകര്യങ്ങളും ചന്ദ്രനിലേക്കും ചൊവ്വയിലേക്കും കൊണ്ടുപോകാനും പദ്ധതിയിടുന്നു. ചൊവ്വയുടെ മണ്ണിന്റെയും ധാതുക്കളുടെയും സാമ്പിളുകൾ അതിന്റെ ചൊവ്വ പെർസെവറൻസ് റോവർ വഴി വീണ്ടെടുക്കാനുള്ള ഒരു ദൗത്യത്തിൽ നാസയും പ്രവർത്തിക്കുന്നുണ്ട്. പക്ഷേ അത് വളരെ ചെറിയ അളവിലാണ്.
വാണിജ്യ ഉപഗ്രഹങ്ങൾ, സയൻസ് ടെലിസ്‌കോപ്പുകൾ, ബഹിരാകാശത്തിലേക്കുള്ള സവാരികൾക്കായി പൂർണ്ണമായും പുനരുപയോഗിക്കാവുന്ന റോക്കറ്റ് സംവിധാനം ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്ന ആസ്‌ട്രോ-ടൂറിസ്റ്റുകൾ എന്നിവയ്ക്ക് സ്റ്റാര്‍ഷിപ് പ്രധാനമാണ്. സ്‌പേസ് എക്‌സിന്റെ ഇന്റർപ്ലാനറ്ററി പര്യവേക്ഷണ ലക്ഷ്യങ്ങൾക്കും അതിന്റെ കൂടുതൽ സമീപകാല വിക്ഷേപണ ബിസിനസിനും സ്റ്റാര്‍ഷിപ് നിർണായകമാണെന്ന് മസ്‌ക് വ്യക്തമാക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.