ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേയ്‌സ് എക്‌സ് വിക്ഷേപിച്ച പുതിയ റോക്കറ്റിന്റെ ആദ്യ പരീക്ഷണ പറക്കല്‍ പരാജയം. വിക്ഷേപണത്തിന് തൊട്ടുപിന്നാലെ റോക്കറ്റ് പെട്ടിത്തെറിച്ച് മെക്സിക്കോ ഉള്‍ക്കടലില്‍ പതിച്ചു. ഏതാണ്ട് 400 അടി (120 മീറ്റര്‍) ഉയരമുള്ള സ്റ്റാര്‍ഷിപ്പ് റോക്കറ്റാണ് തകര്‍ന്നത്.
ലിഫ്റ്റ് ഓഫിന് മിനിറ്റുകള്‍ക്ക് ശേഷം ബഹിരാകാശ പേടകത്തില്‍ നിന്ന് ബൂസ്റ്ററിനെ പുറംതള്ളാന്‍ പദ്ധതിയിട്ടെങ്കിലും പരാജയപ്പെട്ടു. റോക്കറ്റ് തകരാന്‍ തുടങ്ങി, നാല് മിനിറ്റിനുള്ളില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ടെക്സസിലെ ബൊക ചികയിലെ സ്പേസ് എക്സിന്റെ സ്വകാര്യ വിക്ഷേപണ കേന്ദ്രത്തിലെ സ്റ്റാര്‍ബെയ്സില്‍ നിന്ന് പ്രാദേശികസമയം രാവിലെ 8.33-നാണ് വിക്ഷേപണം നടന്നത്.
ആദ്യ പരീക്ഷണ വിക്ഷേപണമായതിനാല്‍ ബഹിരാകാശ സഞ്ചാരികള്‍ ഉണ്ടായിരുന്നില്ല. തിങ്കളാഴ്ച പരീക്ഷണം നടത്താനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ സാങ്കേതിക തടസ്സം നിമിത്തം അതു മാറ്റുകയായിരുന്നു. അതിനിടെ, സ്റ്റാര്‍ഷിപ്പ് റോക്കറ്റ് പറന്നുയര്‍ന്നതിനു പിന്നാലെ അഭിനന്ദിച്ചുകൊണ്ട് ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് റോക്കറ്റ് അന്തരീക്ഷത്തില്‍വച്ച് പൊട്ടിത്തെറിച്ചത്.