/indian-express-malayalam/media/media_files/uploads/2021/02/covid-explained.jpg)
കോവിഡ് വാക്സിനേഷൻ എടുത്തവരിൽ രോഗം ബാധിക്കാനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് പഠനഫലം. മാർച്ച് 23 ന് പ്രസിദ്ധീകരിച്ച, ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിന് എഴുതിയ ഒരു കത്തിലാണ്, ഒരു കൂട്ടം ഗവേഷകർ കോവിഡ് -19 വാക്സിനെടുത്ത ശേഷവും കോവിഡ് വരാൻ സാധ്യതയുണ്ടോ എന്ന കാര്യത്തിൽ മറുപടി നൽകിയിരിക്കുന്നത്.
ഡിസംബർ 16നും ഫെബ്രുവരി ഒൻപതിനും ഇടയിൽ ഫൈസർ അല്ലെങ്കിൽ മോഡേണ വാക്സിൻ സ്വീകരിച്ചവരെക്കുറിച്ചുള്ള, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ- സാൻഡിയാഗോ, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ലോസ്ആഞ്ചലസ് എന്നിവിടങ്ങളിൽനിന്നുള്ള വിവരങ്ങളാണ് ഗവേഷകർ പരിശോധിച്ചത്. ആദ്യ ഡോസ് വാക്സിനെടുത്ത 36,659 കേസുകളുടെയും രണ്ടാം ഡോസ് വാക്സിനെടുത്ത 28,184 കേസുകളുടെയും വിവരങ്ങളാണ് ലഭ്യമാക്കിയത്. ഡിസംബർ 16നും ഫെബ്രുവരി ഒൻപതിനും ഇടയിലുള്ള സമയം ഈ പ്രദേശത്തെ കോവിഡ്-19 അണുബാധകളിൽ ഗണ്യമായ വർധനവുണ്ടായ സമയമാണ്.
ഈ ഗ്രൂപ്പിനുള്ളിൽ, 379 വ്യക്തികൾക്ക് വാക്സിനേഷനെടുത്ത് കുറഞ്ഞത് ഒരു ദിവസമെങ്കിലും കഴിഞ്ഞ ശേഷം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. അതിൽ ഭൂരിപക്ഷം (71 ശതമാനം) പേർക്കും ആദ്യ ഡോസ് കഴിഞ്ഞ് ആദ്യ രണ്ടാഴ്ചയ്ക്കുള്ളിലാണ് പോസിറ്റീവ് സ്ഥിരീകരിച്ചത്. രണ്ട് ഡോസുകൾ ലഭിച്ച 37 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. രണ്ട് വാക്സിനുകളും ലഭിച്ചാൽ പരമാവധി രോഗപ്രതിരോധ ശേഷി കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ- സാൻഡിയാഗോയിൽനിന്നുള്ള വിവരങ്ങൾ പരിശോധിച്ചപ്പോൾ അതിൽ വാക്സിനേഷൻ ലഭിച്ചവർക്ക് കോവിഡ് വരാനുള്ള സാധ്യത 1.19 ശതമാനമാണെന്ന് കണ്ടെത്തി. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ- ലോസ് ആഞ്ചലസിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ഇത് 0.97 ശതമാനമാണ്. ഇത് മോഡേണ, ഫൈസർ ക്ലിനിക്കൽ ട്രയലുകളിൽ തിരിച്ചറിഞ്ഞതിനേക്കാൾ കൂടുതലാണ്.
Also Read: പുതിയ കോവിഡ് വകഭേദം നായകളിലും പൂച്ചകളിലും; ഒപ്പം ഹൃദ്രോഗവും
“ഈ ഉയർന്ന അപകടസാധ്യതയെക്കുറിച്ച് നിരവധി വിശദീകരണങ്ങളുണ്ട്,” യുസി സാൻഡിയാഗോയിൽ നിന്നുള്ള വിവരങ്ങളെക്കുറിച്ച് ഗവേഷകരിലൊരാളായ ലൂസി ഇ ഹോർട്ടൺ പറഞ്ഞു. "ഒന്നാമതായി, സർവേയിൽ പങ്കെടുത്ത ആരോഗ്യ പ്രവർത്തകർക്ക് സ്ഥിരമായി പരിശോധന നടത്താനുള്ള സൗകര്യമുണ്ടായിരുന്നു. രണ്ടാമതായി, ഈ കാലയളവിൽ വാക്സിനേഷൻ ദൗത്യത്തെ കവച്ചുവയ്ക്കുന്ന തരത്തിൽ പ്രാദേശികമായി അണുബാധകളുടെ കുതിച്ചുചാട്ടമുണ്ടായി. മൂന്നാമതായി, വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നവരെ അപേക്ഷിച്ച് ആരോഗ്യ പ്രവർത്തകരുടെ ജനസംഖ്യാ ഘടനയിൽ വ്യത്യാസമുണ്ട്. ആരോഗ്യ പ്രവർത്തകർ ചെറുപ്പക്കാരായതിനാൽ കോവിഡ് പകരാനുള്ള സാധ്യത കൂടുതലാണ്,” ലൂസി ഇ ഹോർട്ടൺ പറഞ്ഞു.
കോവിഡ് വ്യാപാക്കാനുള്ള സാധ്യത കൂടിയ സാഹചര്യങ്ങൾ വർധിച്ചത് കോവിഡ് രോഗബാധയുടെ ഉയർന്ന നിരക്കിനെ ബാധിച്ചിരിക്കുന്നു. റെസ്റ്റോറന്റുകളിലും ബാറുകളിലും മാസ്‌കും വേണ്ടത്ര ശാരീരിക അകലവും ഇല്ലാതെ ചിലവഴിക്കുക, സാമൂഹിക സമ്മേളനങ്ങളിൽ പങ്കെടുക്കുക തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ചെറുപ്പക്കാരായവരാണ് ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ ഇടപെടുന്നത്.
രണ്ടാമത്തെ ഡോസ് കഴിഞ്ഞ് 14 ദിവസത്തിനുശേഷം, പരമാവധി പ്രതിരോധശേഷി എത്തുമെന്ന് പ്രതീക്ഷിക്കുമ്പോൾ, അണുബാധയ്ക്കുള്ള സാധ്യത വളരെ അപൂർവമാണെന്ന് രചയിതാക്കൾ കണ്ടെത്തി. “ഈ വാക്സിനുകളുടെ ഫലപ്രാപ്തി ക്ലിനിക്കൽ ട്രയലിലെ ക്രമീകരണത്തിന് പുറത്തും നിലനിർത്തുന്നുവെന്ന് ഇത് സൂചിപ്പിക്കുന്നു,” പഠനത്തിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.