/indian-express-malayalam/media/media_files/uploads/2021/06/Crude-oil-price-Explain.jpg)
കോവിഡ് -19-ന് കാരണമാകുന്ന സാർസ് കോവി-2 വൈറസിന്റെ ഒമിക്‌റോൺ വകഭേദത്തെക്കുറിച്ചുള്ള ആശങ്കകൾ കാരണം അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില കുറയുന്നത് തുടരുകയാണെങ്കിൽ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വില കുറയാൻ സാധ്യതയുണ്ട്. അസംസ്‌കൃത എണ്ണവിലയിലെ സമീപകാല ചലനങ്ങളും ആഭ്യന്തര ഇന്ധന വിലയിൽ അവയുടെ സ്വാധീനവും ഇന്ത്യൻ എക്‌സ്പ്രസ് പരിശോധിക്കുന്നു.
ക്രൂഡ് ഓയിൽ വില എത്ര കുറഞ്ഞു?
കോവിഡ് മഹാമാരിയുടെ തുടക്കത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് നവംബറിൽ ബ്രെന്റ് ക്രൂഡ് വിലയിൽ കണ്ടത്. മാസത്തിന്റെ തുടക്കത്തിൽ ബാരലിന് 84.4 ഡോളറായിരുന്നു വിലയെങ്കിൽ മാസാവസാനം അത് 70.6 ഡോളറിൽ അവസാനിച്ചു. നിലവിലുള്ള വാക്‌സിനുകൾ മറ്റ് വകഭേദങ്ങളെപ്പോലെ ഒമിക്‌റോൺ വകഭേദത്തിൽ നിന്നുള്ള അണുബാധ തടയുന്നതിൽ ഫലപ്രദമല്ലെന്ന ആശങ്ക, എണ്ണ ആവശ്യകതയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തി. ബ്രെന്റ് ക്രൂഡ് ഇപ്പോൾ ബാരലിന് 70 ഡോളറാണ് വില.
യുണൈറ്റഡ് സ്റ്റേറ്റ്സ്, ചൈന, ജപ്പാൻ, ഇന്ത്യ, ദക്ഷിണ കൊറിയ, യുണൈറ്റഡ് കിംഗ്ഡം എന്നിവയുടെ അടിയന്തര ക്രൂഡ് ഓയിൽ കരുതൽ ശേഖരം ആസൂത്രിതമായി പുറത്തിറക്കുന്നതിന്റെ പ്രഖ്യാപനവും ക്രൂഡ് ഓയിൽ വിലയിൽ ഒരു വർഷം നീണ്ട വർധന തടയാൻ സഹായിച്ചു. ഏതാണ്ട് ഇരട്ടിയോളമായി വില വർധിച്ച് ഇത് ബാരലിന് 85.5 ഡോളറായിരുന്നു. 2020 ഒക്ടോബറിൽ ബാരലിന് 43 ഡോളർ എന്ന നിലയിൽ നിന്നായിരുന്നു ഈ വർഷം ഒക്ടോബറിൽ ഈ നിലയിലെത്തിയത്. വർദ്ധിച്ചുവരുന്ന ക്രൂഡ് ഓയിൽ വില നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കരുതൽ ശേഖരത്തിൽ നിന്ന് 50 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണ പുറത്തിറക്കുമെന്ന് കഴിഞ്ഞ മാസം അവസാനം യുഎസ് പ്രഖ്യാപിച്ചിരുന്നു. കരുതൽ ശേഖരത്തിൽ നിന്ന് ഇന്ത്യ അഞ്ച് ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ യുകെ 1.5 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ പുറത്തിറക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.
ആഭ്യന്തര ഇന്ധന വിലയിലെ ഇടിവ് എങ്ങനെ സ്വാധീനിക്കും?
ബ്രെന്റ് ക്രൂഡ് വില നിലവിലെ നിലവാരത്തിൽ തുടരുകയാണെങ്കിൽ, എണ്ണ വിപണന കമ്പനികൾ (ഒഎംസികൾ) പെട്രോളിയം ഉൽപ്പന്നങ്ങളുടെ അന്താരാഷ്ട്ര വിലയ്ക്ക് അനുസൃതമായി പെട്രോൾ, ഡീസൽ വിലകൾ കുറയ്ക്കാൻ തുടങ്ങും. ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങളുടെ ആഘാതം പലപ്പോഴും കാലതാമസത്തോടെയാണ് വരാറുള്ളത്. കാരണം ആഭ്യന്തര വിലകൾ പെട്രോളിന്റെയും ഡീസലിന്റെയും ആഗോള വിലയുടെ 15 ദിവസത്തെ റോളിംഗ് ശരാശരിയാണ്. എന്നിരുന്നാലും, മഹാമാരിയുടെ തുടക്കം മുതൽ എണ്ണ വിപണന കമ്പനികൾ ആഗോള മാനദണ്ഡങ്ങൾ കർശനമായി പാലിച്ചിട്ടില്ല. ചാഞ്ചാട്ടത്തിന്റെ കാലഘട്ടങ്ങളിൽ ചില സമയങ്ങളിൽ വില സ്ഥിരമായി നിലനിർത്തിയിട്ടുണ്ട്.
Also Read: Omicron | ഒമിക്രോൺ വകഭേദത്തെക്കുറിച്ചുള്ള സംശയങ്ങൾ: ആരോഗ്യ മന്ത്രാലയത്തിന്റെ മറുപടികൾ ഇവയാണ്
ക്രൂഡ് ഓയിൽ വിലയിൽ മുൻകാല ഇടിവുണ്ടായപ്പോൾ, കുറഞ്ഞ മാർജിൻ നികത്താൻ ശ്രമിച്ചതിനാൽ ഒഎംസികൾ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചത് മന്ദഗതിയിലാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നിരവധി സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനാൽ, എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില ഏതാണ്ട് സ്ഥിരമായി നിലനിർത്തിയിരുന്നു.
എണ്ണ വിപണന കമ്പനികൾ 2020 മാർച്ച് പകുതി മുതൽ 83 ദിവസത്തേക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില സ്ഥിരമായി നിലനിർത്തിയിരുന്നു, കൂടാതെ കോവിഡ് -19 മഹാമാരി മൂലം ഡിമാൻഡ് ഇടിഞ്ഞതിനെത്തുടർന്ന് അന്താരാഷ്ട്ര വിലകൾ ഇടിഞ്ഞിരുന്നു.
ഡീസൽ എക്‌സൈസ് തീരുവയിൽ ലിറ്ററിന് 10 രൂപയും പെട്രോളിന്റെ എക്‌സൈസ് തീരുവയിൽ ലിറ്ററിന് അഞ്ച് രൂപയും കുറച്ചതായി കേന്ദ്രം പ്രഖ്യാപിച്ച നവംബർ ആദ്യം മുതൽ ഒഎംസികൾ പെട്രോളിന്റെയും ഡീസലിന്റെയും വില സ്ഥിരത നിലനിർത്തി. മിക്ക സംസ്ഥാനങ്ങളും പെട്രോളിനും ഡീസലിനും ചുമത്തിയ മൂല്യവർധിത നികുതി (വാറ്റ്) വെട്ടിക്കുറച്ചതായി പ്രഖ്യാപിച്ചു. സാമ്പത്തിക പ്രവർത്തനങ്ങൾ കുത്തനെ ഇടിഞ്ഞതിനാൽ വരുമാനം ഉയർത്തുന്നതിനായി 2020 ൽ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും എക്സൈസ് തീരുവ വർധിപ്പിച്ചതിനാൽ കേന്ദ്രം ഇതുവരെ കോവിഡിന് മുമ്പുള്ള കേന്ദ്ര നികുതികളിലേക്ക് തിരിച്ചെത്തിയിട്ടില്ല
Also Read: Omicron| ഒമിക്രോൺ കോവിഡ് വകഭേദത്തെ ആർടി-പിസിആർ പരിശോധനയിൽ കണ്ടെത്താനാവുമോ
കേന്ദ്ര-സംസ്ഥാന നികുതികൾ വെട്ടിക്കുറച്ചിട്ടും, 2021-ന് മുമ്പുള്ളതിനേക്കാൾ കൂടിയ നിലയിലാണ് ഇപ്പോഴും പെട്രോളിന്റെയും ഡീസലിന്റെയും നിലവിലെ വില. ഈ വർഷത്തിന്റെ തുടക്കത്തിൽ നിന്ന് 21.7 ശതമാനം വർധിച്ചിട്ടുണ്ട് പെട്രോൾ വില. മുംബൈയിൽ പെട്രോൾ ഇപ്പോൾ ലിറ്ററിന് 110 രൂപയിലാണ് ചില്ലറ വിൽപന നടത്തുന്നത്. അതേസമയം ഡീസൽ ലിറ്ററിന് 17 ശതമാനം വർധിച്ച് 94.1 രൂപയിലാണ് മുംബൈയിൽ ചില്ലറ വിൽപന നടത്തുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.