/indian-express-malayalam/media/media_files/uploads/2021/07/explained-1.jpg)
ന്യൂഡല്‍ഹി: കോവിഡ് മുക്തിനേടിയവരുടേയും, മോഡേണ അല്ലെങ്കില്‍ ഫൈസര്‍ വാക്സിന്‍ സ്വീകരിച്ചവരുടേയും ടി - സെല്ലുകള്‍ക്ക് കോവിഡിന്റെ വിവിധ വകഭേദങ്ങളെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പഠനം. സെല്‍ റിപ്പോര്‍ട്ട് മെഡിസിനില്‍ ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു.
സഹായകരമായതും, പ്രതികൂലവുമായ ടി സെല്ലുകള്‍ക്ക് ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളെ തിരിച്ചറിയാന്‍ കഴിയുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു. ടി സെല്ലുകള്‍ പ്രതിരോധ ശേഷിയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്.
ആൽഫ (ബി.1.1.7), ബീറ്റ (ബി.1.351), ഗാമ (പി.1), എപ്സിലോൺ (ബി.1.427 / ബി.1.429) എന്നീ നാല് വകഭേദങ്ങളുടെ വിവരങ്ങള്‍ പഠനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പഠനം ആരംഭിച്ചതിന് ശേഷമാണ് ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം ഉണ്ടായതെന്ന് ലാ ജൊല്ല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇമ്മ്യൂണോളജി (എൽ.ജെ.ഐ) വെബ്‌സൈറ്റില്‍ പറയുന്നു.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങൾ ഡെല്‍റ്റ ഉള്‍പ്പെടെയുള്ള വകഭേദങ്ങളെ കേന്ദ്രീകരിച്ചാണെന്നും വെബ്സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്.
മൂന്ന് വിഭാഗങ്ങളിലെ ടി സെല്‍സ് ശേഖരിച്ചാണ് പഠനം നടന്നിരിക്കുന്നത്. കോവിഡ് മുക്തി നേടിയവര്‍, മോഡേണയോ, ഫൈസര്‍ വാക്സിനോ സ്വീകരിച്ചവര്‍, കോവിഡ് വൈറസ് ബാധിച്ചവര്‍. ഈ വിഭാഗത്തില്‍പ്പെട്ടവരുടെ ടി സെല്ലുകള്‍ ആല്‍ഫ, ബീറ്റ, ഗാമ, എപ്ലിലോണ്‍ എന്നീ വകഭേദങ്ങളുമായി പരീക്ഷിച്ചു. പ്രസ്തുത വകഭേദങ്ങളെ തിരിച്ചറിയാന്‍ സാധിക്കുന്ന ടി സെല്ലുകള്‍ രോഗമുക്തി നേടിയവരിലും, വാക്സിന്‍ സ്വീകരിച്ചവരിലും കണ്ടെത്തി.
ടി സെല്ലുകള്‍ പ്രവര്‍ത്തനം തുടരുന്നത് വരെ പുതിയ വകഭേദങ്ങളെ തിരിച്ചറിയാന്‍ പ്രതിരോധ ശേഷിയുണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.