scorecardresearch

കൂറ്റന്‍ കല്ലുകൾക്കൊപ്പം കുത്തിയൊലിച്ച് പെട്ടിമുടി, നിസഹായരായി അവര്‍; ദുരന്തം ഇങ്ങനെ

പെട്ടിമുടി ലയത്തിന്റെ രണ്ടു കിലോമീറ്റര്‍ അകലെയുള്ള മലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മൂന്നു കിലോമീറ്റര്‍ പരിധിയില്‍ കല്ലും ചെളിയും നിറഞ്ഞു. മണ്ണിനിടയില്‍പെട്ട ലയങ്ങളിലെ താമസക്കാരെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്

പെട്ടിമുടി ലയത്തിന്റെ രണ്ടു കിലോമീറ്റര്‍ അകലെയുള്ള മലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മൂന്നു കിലോമീറ്റര്‍ പരിധിയില്‍ കല്ലും ചെളിയും നിറഞ്ഞു. മണ്ണിനിടയില്‍പെട്ട ലയങ്ങളിലെ താമസക്കാരെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്

author-image
WebDesk
New Update
കൂറ്റന്‍ കല്ലുകൾക്കൊപ്പം കുത്തിയൊലിച്ച് പെട്ടിമുടി, നിസഹായരായി അവര്‍; ദുരന്തം ഇങ്ങനെ

സംസ്ഥാനത്ത് കാലവര്‍ഷം അതിരൂക്ഷമാകുകയാണ്. അതിതീവ്ര മഴയ്ക്കുന്ന സാക്ഷ്യം വഹിക്കുന്ന ഇടുക്കി, വയനാട് ജില്ലകളിലെ സ്ഥിതി സങ്കീര്‍ണമാണ്. ഇടുക്കി രാജമലയില്‍ മണ്ണിടിഞ്ഞിടിഞ്ഞുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. 12 പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ക്കായി തിരച്ചിലില്‍ തുടരുകയാണ്.

Advertisment

ദുരന്തം പെട്ടിമുടിയില്‍

കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷന്‍സിന്റെ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണു വന്‍ മണ്ണിടിച്ചിലുണ്ടായത്. ഇന്നലെ പുലര്‍ച്ചെ രണ്ടോടെ രാജമല മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായത്. അഞ്ചു ലയങ്ങള്‍ മണ്ണിനടിയില്‍പെട്ടു. നാല് ലയങ്ങള്‍ പൂര്‍ണമായി മൂടി. 30 മുറികളിലായി എണ്‍പതിലധികം പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്.

Also Read: രാജമലയിൽ മരണസംഖ്യ ഉയരുന്നു; മീനച്ചിലാറ്റിൽ കുതിച്ചുയർന്ന് ജലനിരപ്പ്; സംസ്ഥാനത്ത് ശക്തമായ മഴ

പെട്ടിമുടി ലയത്തിന്റെ രണ്ടു കിലോമീറ്റര്‍ അകലെയുള്ള മലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. മൂന്നു കിലോമീറ്റര്‍ പരിധിയില്‍ കല്ലും ചെളിയും നിറഞ്ഞു. മണ്ണിനിടയില്‍പെട്ട ലയങ്ങളിലെ താമസക്കാരെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുകയാണ്. ജില്ലാ ഭരണകൂടത്തിന്റെ കണക്കുപ്രകാരം അന്‍പതിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. രക്ഷപ്പെടുത്തിയവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലെത്തിച്ചു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ള ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Advertisment

publive-image

പുത്തുമല ആവര്‍ത്തിച്ച് രാജമല

കഴിഞ്ഞ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയില്‍ വയനാട് പുത്തുമലയിലുണ്ടായതിനു സമാനമായ സംഭവമാണ് ഇടുക്കി രാജമലയിലെ പെട്ടിമുടിയിലുണ്ടായിരിക്കുന്നത്. മണിക്കൂറുകളായി തുടരുന്ന രക്ഷാപ്രവര്‍ത്തനം ഇനിയും നീളും. സ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാണ്.

Also Read: രാജമല ദുരന്തം: ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയും സംസ്ഥാന സർക്കാരും

ദുരന്തം ഉറക്കത്തിനിടെ

രാത്രി മുഴുവന്‍ നല്ല മഴയുണ്ടായിരുന്നതുകൊണ്ട് ആളുകളെല്ലാം വീടുകളില്‍ തന്നെയായിരുന്നു. പുലര്‍ച്ചെ നടന്ന അപകടം പുറംലോകമറിയുന്നത് രാവിലെ ഏഴിനു ശേഷമാണ്. ലയങ്ങളെല്ലാം മണ്ണിനടിയിലായതാണു ഫാക്ടറിയിലെ ജോലിക്കാര്‍ എത്തിയപ്പോള്‍ കണ്ടത്. ''രാവിലെ എത്തിയപ്പോള്‍ ലയങ്ങള്‍ കാണാനില്ല, അതിലെല്ലാം ആളുകളുണ്ടായിരുന്നു,'' രാജമല പഞ്ചായത്ത് അംഗം എ.ഗിരി പറയുന്നു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയില്ലാത്ത സ്ഥലമായിരുന്നു ഇതെന്നും വലിയ അപകടമാണ് നടന്നിരിക്കുന്നതെന്നും ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് പഞ്ഞെു.

publive-image

രക്ഷാപ്രവര്‍ത്തനം ഇങ്ങനെ

ദുരന്തവിവരം പുറത്തെത്താന്‍ വൈകിയതാണ് രക്ഷാപ്രവര്‍ത്തനത്തനം വൈകിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളെല്ലാം മണ്ണിനടിയിലായി. മൊബൈല്‍ ടവര്‍ തകരാറിലായി. ആളുകള്‍ കിലോമീറ്ററുകള്‍ നടന്നെത്തി ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

Also Read: ലയങ്ങൾ കാണാനില്ല സാർ, അതിലെല്ലാം ആളുകളുണ്ടായിരുന്നു; വിറങ്ങലിച്ച് രാജമല

ദുരന്തമുണ്ടായതിനു പിന്നാലെ ദേശീയ ദുരന്തനിവാരണ സേന(എന്‍ഡിആര്‍എഫ്)യുടെ ആദ്യ യൂണിറ്റ് പെട്ടിമുടിയിലെത്തി രക്ഷാപ്രവര്‍ത്തം സജീവമാക്കി. ഏലപ്പാറയില്‍ നേരത്തെ തന്നെ സജ്ജമാക്കിയ സംഘത്തെയാണ് പെട്ടിമുടിയിലേക്കു നിയോഗിച്ചത്. തൃശൂരില്‍ നിന്നുള്ള ഒരു സംഘംകൂടി ഇവിടേക്കു പുറപ്പെട്ടിട്ടുണ്ട്.

publive-image

എറണാകുളത്തുനിന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന്റെ പ്രത്യേകസംഘവും രക്ഷാപ്രവര്‍ത്തനത്തിനെത്തി. പ്രത്യേക പരിശീലനം ലഭിച്ച 50 അംഗ സംഘത്തെയാണു നിയോഗിച്ചത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ പൊലീസ്, വനം, റവന്യൂ വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി സജ്ജമായിരിക്കാന്‍ സമീപത്തെ ആശുപത്രികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗർവാളിനെ സർക്കാർ ചുമതലപ്പെടുത്തി.

രക്ഷാപ്രവര്‍ത്തനത്തിനു തടസമായി കാലാവസ്ഥ

സങ്കീര്‍ണ സ്ഥിതി കണക്കിലെടുത്ത് എയര്‍ ലിഫ്റ്റിങ്ങിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമസേനയുമായി ബന്ധപ്പെട്ടു. ആവശ്യാനുസരണം ഉടന്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാല്‍, എയര്‍ ലിഫ്റ്റിങ്ങിനു സാധ്യമാകുന്ന കാലാവസ്ഥയല്ല രാജമലയിലേത്. രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ട്.

തകര്‍ന്ന പെരിയവര പാലം ശരിയാക്കി താല്‍ക്കാലിക ഗതാഗതമൊരുക്കിയാണു രക്ഷാപ്രവര്‍ത്തനത്തനം ഊര്‍ജിതമാക്കിയത്. കാലവര്‍ഷക്കെടുതി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രി എം.എം.മണി ഇന്ന് ഇടുക്കിയിലേക്കു തിരിച്ചിട്ടുണ്ട്.

ലയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ നിർദേശം

സംസ്ഥാനത്തെ തോട്ടം മേഖലയിലെ ലയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇടുക്കി രാജമല പെട്ടിമുടിയിലെ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിലാണു ബന്ധപ്പെട്ട ജില്ലകളിലെ കലക്ടര്‍മാര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

എന്താണ് ലയങ്ങള്‍?

തോട്ടം തൊഴിലാളികള്‍ക്കു താമസിക്കുന്നതിനായി നിര്‍മിച്ചിരിക്കുന്ന ചെറിയ, ലൈന്‍ വീടുകളെയാണ് ലയങ്ങള്‍ എന്ന് പറയുന്നത്. തോട്ടങ്ങള്‍ക്ക് അടുത്തായാണ് ഇവ സ്ഥിതി ചെയ്യുന്നത്. ഇടുങ്ങിയ ഇത്തരം വീടുകളിലെ ജീവിതം പൊതുവെ നരകപൂര്‍ണമാണ്. തേയിലത്തോട്ടങ്ങള്‍ ധാരാളമുള്ള ഇടുക്കിയില്‍ ലയങ്ങള്‍ ഏറെയുണ്ട്. രാജമലയിലെ പെട്ടിമുടിയില്‍ അഞ്ച് ലയങ്ങളാണു മണ്ണിനടിയിലായത്. നാല് ലയങ്ങള്‍ പൂര്‍ണമായി തകര്‍ന്ന് ഒലിച്ചുപോയതായാണു വിവരം.

publive-image

എവിടെയാണ് രാജമല?

രാജ്യത്തെ തന്നെ ഏറ്റവും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ പ്രകൃതിരമണീയമായ രാജമല. മൂന്നാറില്‍നിന്നു 15 കിലോമീറ്റര്‍ അകലെയുള്ള രാജമല സമുദ്രനിരപ്പില്‍നിന്ന് 2700 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളുടെ വാസകേന്ദ്രമായ രാജമല പുല്‍മേടുകളും കുന്നുകളും ട്രക്കിങ്ങിന് അനുയോജ്യമായ സ്ഥലങ്ങളുമായി ആകർഷകമാണ്. ദുരന്തം നടന്ന പെട്ടിമുടയും വിനോസഞ്ചാര കേന്ദ്രമാണ്.

Also Read: മുല്ലപ്പെരിയാറ്റിൽ ജലനിരപ്പ് 132 അടിയായി; സംസ്ഥാനത്തേക്ക് വിവിധ ഡാമുകളിൽ നിന്ന് വെള്ളം തുറന്ന് വിടുന്നു

ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയും സംസ്ഥാനവും

പെട്ടിമുടിയിലുണ്ടായ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. രാജമലയിലെ മണ്ണിടിച്ചില്‍ മൂലം ജീവനുകള്‍ നഷ്ടപ്പെട്ടത് വേദനയുളാക്കുന്നതായും ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. പരുക്കേറ്റവര്‍ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബങ്ങള്‍ക്കു രണ്ടു ലക്ഷം രൂപ വീതം പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കും.

publive-image

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക അഞ്ചുലക്ഷം രൂപ വീതം നല്‍കുമെന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ മുഴുവന്‍ ചികിത്സാച്ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഏതു സാഹചര്യവും നേരിടാന്‍ സജ്ജം: മന്ത്രി ഇ.ചന്ദ്രശേഖരന്‍

മഴ ശക്തിപ്രാപിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് മറ്റിടങ്ങളില്‍ ദുരന്ത സാഹചര്യമില്ലെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍. ഇടുക്കി രാജമലയില്‍ മാത്രമാണ് ദുരന്തം സംഭവിച്ചിരിക്കുന്നത്. രണ്ടോ മൂന്നോ ദിവസം കൂടി ശക്തമായ മഴയും അതിനെത്തുടര്‍ന്നുള്ള പ്രശ്നങ്ങളും പ്രതീക്ഷിക്കുന്നു. ദുരന്തസ്ഥലത്തേക്ക് ഹെലികോപ്റ്റര്‍ എത്തിക്കാന്‍ സാധിക്കാത്ത കാലാവസ്ഥയാണിപ്പോള്‍. ഏതു സാഹചര്യവും നേരിടാന്‍ തയാറാണ്. ആവശ്യമെങ്കില്‍ സൈന്യത്തിന്റെ സഹായം തേടും. പ്രശ്നങ്ങളുണ്ടായാല്‍ നേരിടാൻ എല്ലാ ഇടങ്ങളിലും സംവിധാനങ്ങള്‍ സജ്ജമാണെന്നും മന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: