/indian-express-malayalam/media/media_files/uploads/2021/10/Justice-RV-Raveendran.jpg)
ഇസ്രായേല്‍ സ്ഥാപനമായ എന്‍എസ്ഒ ഗ്രൂപ്പ് നിര്‍മിച്ച പെഗാസസ് ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരിക്കുകയാണു സുപ്രീം കോടതി. റിട്ട. ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെയാണു കോടതി നിയോഗിച്ചത്.
സുപ്രീം കോടതി ജഡ്ജിയായരിക്കെ ഭരണഘടനാ നിയമം, സംവരണം, മനുഷ്യാവകാശം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിരവധി സുപ്രധാന വിധികള്‍ പുറപ്പെടുവിച്ചയാളാണു ജസ്റ്റിസ് രാജു വരദരാജുലു രവീന്ദ്രന്‍.
1946 ഒക്ടോബര്‍ 15നു ജനിച്ച ജസ്റ്റിസ് രവീന്ദ്രന്‍ ശാസ്ത്രത്തിലും നിയമത്തിലും ബിരുദത്തിന് ഉടമയാണ്. 1968 മാര്‍ച്ചില്‍ അഭിഭാഷകനായി എന്റോള്‍ ചെയ്ത അദ്ദേഹം 1993 ഫെബ്രുവരി 22-ന് കര്‍ണാടക ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമിതനായി. 2004 ജൂലൈ എട്ടിനു മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിക്കപ്പെട്ട അദ്ദേഹം 2005 സെപ്തംബര്‍ ഒന്‍പതിനാണു സുപ്രീം കോടതിയിലെത്തിയത്. ആറു വര്‍ഷം സുപ്രീം കോടതി ജഡ്ജിയായി തുടര്‍ന്ന അദ്ദേഹം 2011 ഒക്ടോബര്‍ 15-നാണു വിരമിച്ചത്.
കേന്ദ്രത്തിലെ ഭരണമാറ്റത്തിന് അനുസരിച്ച് ഗവര്‍ണര്‍മാരെ മാറ്റുന്ന പ്രവണതയെ അപലപിച്ച സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഭാഗമായിരുന്നു ജസ്റ്റിസ് രവീന്ദ്രന്‍. കേന്ദ്രസര്‍ക്കാരിന്റെയോ കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെയോ നയങ്ങളോടും ആശയങ്ങളോടും യോജിപ്പില്ലെന്ന കാരണത്താലോ കേന്ദ്ര സര്‍ക്കാരിന് അവരില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാലോ ഗവര്‍ണറെ നീക്കം ചെയ്യാനാകില്ലെന്ന് ബെഞ്ച് വിധിച്ചു.
കേസ് തോല്‍ക്കുമ്പോള്‍ ദേഷ്യം പ്രകടിപ്പിക്കരുതെന്നും പകരം ഫലങ്ങളെ തത്വചിന്താപരമായി അംഗീകരിക്കണമെന്നുമായിരുന്നു അദ്ദേഹം തന്റെ വിടവാങ്ങല്‍ ചടങ്ങില്‍ യുവ അഭിഭാഷകര്‍ക്കു നല്‍കിയ ഉപദേശം. വിധി എതിരാകുമ്പോള്‍ ന്യായാധിപന്‍മാര്‍ക്കെതിരെ ആരോപണമുന്നയിക്കരുതെന്നും അത് സ്ഥാപനത്തെ നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ പരിഷ്‌കരിക്കുന്നതിനായി 2015 ല്‍ സുപ്രീം കോടതി നിയോഗിച്ച ആര്‍ എം ലോധ കമ്മിറ്റിയുടെ ഭാഗമായിരുന്നു വിരമിച്ചശേഷം അദ്ദേഹം.
മലയാളിയായ അഖില ഇസ്ലാം മതം സ്വീകരിച്ച് ഹാദിയായതും ഷെഫിന്‍ ജഹാന്‍ എന്ന മുസ്ലീം യുവാവിനെ വിവാഹം ചെയ്തതിനെക്കുറിച്ചുമുള്ള ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ മേല്‍നോട്ടം വഹിക്കാന്‍ ജസ്റ്റിസ് രവീന്ദ്രനോട് സുപ്രീം കോടതി 2017 ഓഗസ്റ്റില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അത് നിരസിക്കുകയായിരുന്നു.
ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ ഏറ്റവും പുതിയ പുസ്തകമായ 'അനോമിലീസ് ഇന്‍ ലോ ആന്‍ഡ് ജസ്്റ്റിസ്: റൈറ്റിങ്‌സ് റിലേറ്റഡ് ലോ ആന്‍ഡ് ജസ്റ്റിസ്' ഈ വര്‍ഷം ജൂണില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണു പ്രകാശനം ചെയ്തത്. ജസ്റ്റിസ് രവീന്ദ്രന്‍ ഒരിക്കലും കോടതിയില്‍ ശബ്ദമുയര്‍ത്തുകയോ സമനില വിട്ട് പെരുമാറുകയോ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയോ ആരെയെങ്കിലും വിമര്‍ശിക്കുകയോ ചെയ്തിട്ടില്ലെന്നാണു ചടങ്ങില്‍ സംസാരിച്ച മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ സി ലഹോട്ടി പറഞ്ഞത്.
''അദ്ദേഹം ഒരിക്കലും ധര്‍മപ്രഭാഷണം നടത്തില്ല. വ്യക്തികളെ വിധിക്കലല്ല, കേസിന്റെ വസ്തുതകളോടാണ് തന്റെ കടമയെന്ന് അദ്ദേഹം വിശ്വസിച്ചു,''ജസ്റ്റിസ് ലഹോട്ടി പറഞ്ഞു.
പെഗാസസ് വിഷയത്തില്‍ അന്വേഷണത്തിനു തന്റെ മേല്‍നോട്ടത്തില്‍ സാങ്കേതിക സമിതിയെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ ബെംഗളരുവില്‍നിന്ന് ഫോണില്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുന്നതു വരെ എന്തെങ്കിലും കാര്യത്തില്‍ അഭിപ്രായം പറയാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീം കോടതി നിര്‍ദേശിച്ച തരത്തില്‍, സാങ്കേതിക സമിതിയുടെ പ്രവര്‍ത്തനത്തിനു മേല്‍നോട്ടം വഹിക്കാനായിരിക്കും തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.