ന്യൂഡൽഹി: ഇസ്രായേല്‍ സ്ഥാപനമായ എന്‍എസ്ഒ ഗ്രൂപ്പ് നിര്‍മിച്ച പെഗാസസ് ചാര സോഫ്റ്റ്വെയർ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍ ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീം കോടതി വിദഗ്ധ സമിതിയെ നിയോഗിച്ചു. റിട്ട. ജസ്റ്റിസ് ആർ.വി.രവീന്ദ്രന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി സുപ്രീം കോടതിയുടെ നിരീക്ഷണത്തിലാണ് അന്വേഷണം നടത്തുക. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ആരോപണങ്ങൾ സമിതി സമഗ്രമായി പരിശോധിച്ച ശേഷം കോടതിക്ക് മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കണം. എട്ട് ആഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.
‘സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തി കേന്ദ്രത്തിന് എപ്പോഴും സൗജന്യമായി കടന്നു പോകാൻ കഴിയില്ല. കേന്ദ്രം ഇവിടെ നിലപാട് ന്യായീകരിക്കേണ്ടതായിരുന്നു, കോടതിയെ കാഴ്ചക്കാരനാക്കരുത്,” ബെഞ്ചിനെ ഉദ്ധരിച്ച് ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു.
“കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും പ്രത്യേകമായ നിഷേധിക്കൽ ഒന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട്, ഹർജികൾ പ്രഥമദൃഷ്ട്യാ സ്വീകരിക്കുകയല്ലാതെ ഞങ്ങൾക്ക് മറ്റു മാർഗമില്ല, അതിനാൽ, സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഒരു വിദഗ്ധ സമിതിയെ ഞങ്ങൾ നിയമിക്കുന്നു,” അതിൽ പറഞ്ഞു.
സ്വകാര്യതയുടെയും സാങ്കേതിക വിദ്യയുടെയും പ്രാധാന്യവും സുപ്രീം കോടതിയുടെ വിധി ന്യായത്തിൽ എടുത്തു പറഞ്ഞു. ജനങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ സാങ്കേതിക വിദ്യ ഉപയോഗിക്കാമെങ്കിൽ അതുപോലെ തന്നെ സ്വകാര്യതയിലേക്ക് കടന്നു കയറാനും അത് ഉപയോഗിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യതയുടെ കാര്യത്തിൽ ചില നിയന്ത്രണങ്ങൾ ഉണ്ടെന്നും എന്നാൽ അവ ഭരണഘടനയുമായി ഒത്തുചേർന്നു പോകണമെന്നും കോടതി വ്യക്തമാക്കി.
എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ ഉൾപ്പെടെ നൽകിയ 12 ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. മാധ്യമപ്രവർത്തകരായ എൻ.റാം, ശശികുമാർ, പ്രഞ്ജോയ് ഗുഹ താകുർത്ത, തൃണമൂൽ കോൺഗ്രസ് നേതാവ് യശ്വന്ത് സിൻഹ, ജഗ്ദീപ് എസ് ചോക്കർ എന്നിവരും ഹർജികൾ സമർപ്പിച്ചവരിൽ ഉൾപ്പെടുന്നു.
Also Read: കോവാക്സിൻ അനുമതി: കൂടുതൽ വിശദീകരണം തേടി ലോകാരോഗ്യ സംഘടന; അന്തിമ വിലയിരുത്തൽ നവംബർ മൂന്നിന്
പ്രശ്നം പരിശോധിക്കാന്‍ സാങ്കേതിക വിദഗ്ധരുടെ സമിതി രൂപീകരിക്കുമെന്നു കോടതി കഴിഞ്ഞ മാസം പറഞ്ഞിരുന്നു. നിയമവിരുദ്ധമായ നിരീക്ഷണം സംബന്ധിച്ച എല്ലാ ആരോപണങ്ങളും കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായി നിഷേധിച്ചിരുന്നു. എന്നാല്‍ ‘ചില നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ പ്രചരിപ്പിക്കുന്ന തെറ്റായ ആഖ്യാനങ്ങള്‍ ഇല്ലാതാക്കാനും ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ പരിശോധിക്കാനുമുള്ള ലക്ഷ്യത്തോടെയുള്ള ‘സമിതി’ രൂപീകരിക്കുമെന്ന് ഓഗസ്റ്റ് 15 ന് സമര്‍പ്പിച്ച ഹ്രസ്വ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പ്രശ്നത്തിന്റെ എല്ലാ വശങ്ങളിലേക്കും കടക്കുന്ന ഈ മേഖലയിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതിയായിരിക്കും രൂപീകരിക്കുകയെന്നാണു സര്‍ക്കാര്‍ അറിയിച്ചത്.
അതേസമയം, പെഗാസസ് വാങ്ങിയോ ഉപയോഗിച്ചോയെന്ന കാര്യം കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് എന്തെങ്കിലും അധിക സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് കോടതി ആരാഞ്ഞു.
എന്നാല്‍ വിഷയം ‘ദേശീയ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങള്‍’ നിറഞ്ഞതാണെന്നും അതിനാല്‍ കോടതിയില്‍ പൊതു സത്യവാങ്മൂലത്തില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
സുരക്ഷയോ പ്രതിരോധമോ മറ്റേതെങ്കിലും ദേശീയ താല്‍പ്പര്യ പ്രശ്നങ്ങളോ സംബന്ധിച്ച വിഷയങ്ങള്‍ അറിയാന്‍ ഒരു തരത്തിലും താല്‍പ്പര്യമില്ലെന്നായിരുന്നു കോടതി അന്ന് വ്യക്തമാക്കിയത്. ചില പ്രത്യേക പൗരന്മാര്, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ക്കെതിരെ
ചില സോഫ്റ്റ്വെയറുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ആശങ്ക. നിയമപ്രകാരം അനുവദനീയമല്ലാത്ത മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ ഈ സോഫ്റ്റ്വെയര് സര്‍ക്കാര്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നറിയേണ്ടതുണ്ടെന്നും കേസില്‍ വിധി പുറപ്പെടുവിക്കുന്നതു മാറ്റിവച്ചുകൊണ്ട് കോടതി കഴിഞ്ഞമാസം പറഞ്ഞു.
ഇസ്രായേല്‍ സ്ഥാപനമായ എന്‍എസ്ഒയുടെ സ്പൈവെയര്‍ പെഗാസസ് ഉപയോഗിച്ച് പ്രമുഖ പൗരന്മാര്, രാഷ്ട്രീയ നേതാക്കള്‍, എഴുത്തുകാര്‍ എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്തിയെന്നാണ് ആരോപണം. പെഗാസസ് സ്പൈവെയര്‍ ഉപയോഗിച്ച് നിരീക്ഷണത്തിന് സാധ്യതയുള്ള ലക്ഷ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ മൂന്നൂറിലധികം മൊബൈല്‍ ഫോണ്‍ നമ്പറുകളുണ്ടെന്ന് രാജാന്തര മാധ്യമക്കൂട്ടായ്മയാണു റിപ്പോര്‍ട്ട് ചെയ്തത്.