/indian-express-malayalam/media/media_files/uploads/2019/09/identity.jpg)
Explained: ന്യൂഡല്‍ഹി: മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ ജനങ്ങള്‍ സ്വയം വിവരങ്ങള്‍ നല്‍കുന്ന ഡിജിറ്റല്‍ സെന്‍സസാകും 2021ല്‍ നടത്തുകയെന്നും രാജ്യത്ത് ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. രജിസ്ട്രാർ ജനറല്‍ ഓഫ് ഇന്ത്യയുടെയും ഡല്‍ഹി സെന്‍സസ് കമ്മിഷണറുടെയും പുതിയ മന്ദിരത്തിന്റെ തറക്കല്ലിടല്‍ നിര്‍വ്വഹിക്കുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
2021 ലെ സെന്‍സസ് വിവരങ്ങൾ ഭാവി ആസൂത്രണത്തിനും ക്ഷേമ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ളതാണെന്നാണ് അമിത് ഷാ വ്യക്തമാക്കിയത്. ഡിജിറ്റലായി ഡേറ്റ ശേഖരിക്കുന്ന ആദ്യത്തെ സെൻസസ് ഇതായിരിക്കുമെന്നതിനാൽ വിശാലമായ ശ്രേണികളും ഉപയോഗങ്ങളും ഉണ്ടായിരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ജനന, മരണ രജിസ്‌ട്രേഷന്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെടുത്തിയാല്‍ 18 വയസാകുന്നവരെ ചേര്‍ക്കാനും മരിക്കുന്നവരുടെ പേര് ഒഴിവാക്കാനും കഴിയും. ഇതുവഴി നിയമ ലംഘനങ്ങളും ലിംഗസമത്വ പ്രശ്നങ്ങളും തൊഴിലുറപ്പ് പദ്ധതിയിലെ കുറവുകളും പരിഹരിക്കപ്പെടും. കുടിവെള്ള വിതരണം, റോഡ് കണക്ടിവിറ്റി, വൈദ്യുതി, പൊതുജന സേവനങ്ങള്‍ എന്നിവ ആവിഷ്‌കരിക്കാന്‍ സെന്‍സസ് വിവരങ്ങള്‍ സഹായകമാകും.
Read More: Explained: ആണിനും പെണ്ണിനും വിവാഹ പ്രായം വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ട്?
ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള വിവരങ്ങളും സെന്‍സസിനൊപ്പം ശേഖരിക്കും.ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്പിലൂടെയാകും സെന്‍സസ് വിവരങ്ങള്‍ ശേഖരിക്കുക. ജനങ്ങള്‍ക്കു കുടുംബാംഗങ്ങളുടെ വിവരം മൊബൈല്‍ ഫോണ്‍ വഴി നല്‍കാം.
16 ഭാഷയില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യാം. കുട്ടികള്‍ക്ക് 18 വയസാകുമ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും മരിക്കുന്നവരുടെ പേര് സെന്‍സസ് പട്ടികയില്‍നിന്ന് നീക്കാനും ഡിജിറ്റല്‍ സംവിധാനത്തില്‍ സൗകര്യമുണ്ടാകും. സെന്‍സസ്, പൗരത്വ രജിസ്റ്റര്‍ നടപടിക്രമങ്ങള്‍ക്ക് 12000 കോടി രൂപയാണു നീക്കിവച്ചിരിക്കുന്നത്.
ആധാർ കാർഡ്, വോട്ടർ കാർഡ്, തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് തുടങ്ങിയ കാർഡുകളെല്ലാം ഉൾക്കൊള്ളുന്ന ഒരൊറ്റ കാർഡാണ് ഇതെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. വരാനിരിക്കുന്ന ഡിജിറ്റൽ സെൻസസ് ഇവയെല്ലാം ഒരുമിച്ചു കൊണ്ടുവരുന്നതിനുള്ള അടിത്തറ സൃഷ്ടിക്കുമെന്ന് അമിത് ഷാ പറഞ്ഞു.
അടൽ ബിഹാരി വാജ്പേയ് സർക്കാരിന്റെ കാലത്ത് 2001ൽ ദേശീയ സുരക്ഷാ സംവിധാനം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ സമിതി (എംപവേർഡ് ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സ്) ചേർന്ന് നിർദ്ദേശിച്ച വിവിധോദ്ദേശ്യ ദേശീയ തിരിച്ചറിയൽ കാർഡ് (എംപിഎൻഐസി)നോട് പുതിയ പദ്ധതിക്ക് സാമ്യമുള്ളതായി തോന്നാം. കെ. സുബ്രമണ്യന്റെ നേതൃത്വത്തിലുള്ള കാർഗിൽ അവലോകന കമ്മിറ്റിയുടെ നിർദേശങ്ങളെ തുടർന്നായിരുന്നു മന്ത്രിതല സമിതിയുടെ റിപ്പോർട്ട്.
അനധികൃത കുടിയേറ്റത്തിൽ നിന്നുള്ള ഭീഷണി വർധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു എൽകെ അദ്വാനി, (ആഭ്യന്തരം), ജോർജ്ജ് ഫെർണാണ്ടസ് (പ്രതിരോധം), ജസ്വന്ത് സിങ് (വിദേശകാര്യം), യശ്വന്ത് സിൻഹ (ധനകാര്യം) എന്നിവരടങ്ങിയ മന്ത്രിതല സമിതി എംപിഎൻസി ശുപാർശ ചെയ്തത്. അതിൽ പറയുന്നതിങ്ങനെ:
“അനധികൃത കുടിയേറ്റം ഗുരുതരമായി വർധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ താമസിക്കുന്ന പൗരന്മാരുടെയും പൗരന്മാരല്ലാത്തവരുടെയും നിർബന്ധിത രജിസ്ട്രേഷൻ വേണം. ഇതു ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ സഹായിക്കും. എല്ലാ പൗരന്മാർക്കും വിവിധോദ്ദേശ്യ തിരിച്ചറിയൽ കാർഡ് (എംപിഎൻഐസി) നൽകും. പൗരന്മാരല്ലാത്തവർക്കു വ്യത്യസ്ത നിറത്തിലും രൂപകൽപ്പനയിലുമുള്ള തിരിച്ചറിയൽ കാർഡുകൾ നൽകും. ഇതു തുടക്കത്തിൽ അതിർത്തി ജില്ലകളിലോ അല്ലെങ്കിൽ അതിർത്തിക്ക് 20 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലോ നൽകണം. ക്രമേണ ഉൾപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കുകയും വേണം. എംപിഎൻസിയുടെ മുഴുവൻ ചെലവും കേന്ദ്രസർക്കാർ വഹിക്കും.”
2020ന്റെ തുടക്കത്തിൽ നാഷണൽ ഇന്റലിജൻസ് ഗ്രിഡ് (നാറ്റ് ഗ്രിഡ്) പ്രഖ്യാപിക്കുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭീകരപ്രവർത്തനവും അനധികൃത കുടിയേറ്റങ്ങളും തടയാൻ വിമാനയാത്ര, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ തുടങ്ങിയ 21 ഡേറ്റാ ബേസുകളിൽനിന്ന് ഒരേസമയം വിവരങ്ങൾ ഉപയോഗിക്കാൻ ഇന്റലിജൻസ് ബ്യൂറോ(ഐബി), റിസർച്ച് ആൻഡ് അനാലിസിസ് വിങ്(റോ), സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉൾപ്പെടെ പത്ത് ഏജൻസികൾക്ക് കഴിയുന്ന തരത്തിലാണു നാറ്റ് ഗ്രിഡ് തയ്യാറാക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.