/indian-express-malayalam/media/media_files/uploads/2022/11/Vikram-S-Rocket.jpg)
ചരിത്രമാകുന്നൊരു വിക്ഷേപണത്തിനു കണ്ണുനട്ടിരിക്കുകയാണ് ഇന്ത്യന്‍ ബഹിരാകാശ മേഖല. ചന്ദ്രനും ചൊവ്വയുമൊക്കെ കൈയെത്തും ദൂരത്താണെന്നു തെളിയിച്ച, പുനരുപയോഗ വിക്ഷേപണ വാഹനം യാഥാര്‍ഥ്യമാക്കുന്നതിന്റെ അന്തിമഘട്ടത്തിലേക്കു കടന്ന നമ്മുടെ സ്വന്തം ഐ എസ് ആര്‍ ഒ അല്ല ഈ വിക്ഷേപണത്തിലെ താരം. മറിച്ച് ഒരു സ്വകാര്യ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ്.
ബഹിരാകാശ മേഖയില്‍ ഒരു സ്വകാര്യ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയോ? അതും ഐ എസ് ആര്‍ ഒ കൊടികുത്തി വാഴുന്ന ഇന്ത്യയിലോ എന്ന ചോദ്യമുയര്‍ന്നതു തല്‍ക്കാലം മാറ്റിവച്ചേക്കൂ. സ്വകാര്യ മേഖലയിലെ ഇന്ത്യയുടെ ആദ്യത്തെ റോക്കറ്റായ വിക്രം-എസ് സജ്ജമായിക്കഴിഞ്ഞു. റോക്കറ്റിനെക്കുറിച്ചും അതു വികസിപ്പിച്ച കമ്പനിയെക്കുറിച്ചും വിശദമായി പരിശോധിക്കാം.
എന്താണ് 'പ്രാരംഭ്'?
ഹൈദരാബാദ് ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാര്‍ട്ടപ്പായ സ്‌കൈറൂട്ട് എയ്റോസ്പേസാണ് ചെറു വിക്ഷേപണ വാഹനമായ വിക്രം-എസ് വികസിപ്പിച്ചത്. 'പ്രാരംഭ്' എന്നാണ് ആദ്യ ദൗത്യത്തിനു കമ്പനി നല്‍കിയിരിക്കുന്ന പേര്.
സ്‌കൈറൂട്ട് എയ്റോസ്പേസാണു റോക്കറ്റ് വികസിപ്പിച്ചെതെങ്കിലും വിക്ഷേപണം നിര്‍വഹിക്കുന്നത് ഐ എസ് ആര്‍ ഒ തന്നെയാണ്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണു വിക്രം-എസിന്റെ വിക്ഷേപണം.
Thrilled to announce #Prarambh, our maiden launch mission, also the first for the Indian private space sector, with launch window between 12-16 Nov '22. Thanks to Chairman @isro for unveiling our mission patch and @INSPACeIND for all the support.
— Skyroot Aerospace (@SkyrootA) November 8, 2022
Stay tuned🚀#OpeningSpaceForAllpic.twitter.com/xha83Ki2k0
നവംബര്‍ 12നും 16നും ഇടയിലായിരിക്കും വിക്ഷേപണം. അന്തിമ തീയതി ഉടന്‍ പ്രഖ്യാപിക്കും. വിക്ഷേപണത്തിനുള്ള സാങ്കേതികാനുമതി രാജ്യത്തെ നോഡല്‍ ഏജന്‍സിയായ ഇന്‍സ്‌പേസ് (ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍) നല്‍കിക്കഴിഞ്ഞു.
വിക്രം-എസ് റോക്കറ്റ് പ്രത്യേകതകള്‍
ഒറ്റ ഘട്ട സബ്-ഓര്‍ബിറ്റല്‍ വിക്ഷേപണ വാഹനമാണു വിക്രം-എസ്. 'പ്രാരംഭ്' എന്ന കന്നി ദൗത്യത്തില്‍ മൂന്ന് ഉപഭോക്തൃ പേലോഡുകളാണ് ഈ റോക്കറ്റ് വഹിക്കുന്നത്. സ്പേസ് കിഡ്സ് ഇന്ത്യയുടെ കീഴില്‍ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത 2.5 കിലോഗ്രാം വരുന്ന പേലോഡും ഇതില്‍ ഉള്‍പ്പെടുന്നു.
റോക്കറ്റിന്റെ മുഴുവന്‍ സമയ ടെസ്റ്റ് ഫയറിങ് മേയ് 22നു സ്‌കൈറൂട്ട് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
എന്തുകൊണ്ട് വിക്രം എന്ന പേര്?
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവായ വിക്രം സാരാഭായിയോടുള്ള ആദരസൂചകമായാണു തങ്ങളുടെ റോക്കറ്റുകള്‍ക്കു 'വിക്രം' എന്ന് സ്‌കൈറൂട്ട് എയ്റോസ്പേസ് പേരിട്ടിരിക്കുന്നത്.
സ്‌കൈറൂട്ടിന്റെ ഏക വിക്ഷേപണ വാഹനമല്ല വിക്രം-എസ്. വിക്രം-1, വിക്രം-2, വിക്രം-3 എന്നിങ്ങനെ മൂന്ന് റോക്കറ്റുകള്‍ കമ്പനി പ്രഖ്യാപിച്ചുകഴിഞ്ഞു. വിക്രം സീരീസുകളിലെ ഭൂരിഭാഗം സാങ്കേതികവിദ്യകളും പരീക്ഷിക്കാന്‍ കൂടി ലക്ഷ്യമിടുന്നതാണു 'പ്രാരംഭ്' ദൗത്യം.
480 കിലോ പേലോഡ് 500 കിലോ മീറ്റര്‍ വരുന്ന താഴ്ന്ന ചരിഞ്ഞ ഭ്രമണപഥത്തിലും 290 കിലോ പേലോഡ് 500 കിലോ മീറ്റര്‍ വരുന്ന സൗരസ്ഥിര ഭ്രമണപഥത്തിലും എത്തിക്കാന്‍ ലക്ഷ്യമിടുന്നതാണു വിക്രം-1. 595 കിലോ പേലോഡ് 500 കിലോ മീറ്റര്‍ വരുന്ന താഴ്ന്ന ചരിഞ്ഞ ഭ്രമണപഥത്തിലും 400 കിലോ പേലോഡ് 500 കിലോ മീറ്റര്‍ വരുന്ന സൗരസ്ഥിര ഭ്രമണപഥത്തിലും എത്തിക്കുന്നതാണു വിക്രം-2. 895 കിലോ പേലോഡ് 500 കിലോ മീറ്റര്‍ വരുന്ന താഴ്ന്ന ചരിഞ്ഞ ഭ്രമണപഥത്തിലെത്തിലും 500 കിലോ 500 കിലോ മീറ്റര്‍ വരുന്ന സൗരസ്ഥിര ഭ്രമണപഥത്തിലും എത്തിക്കാന്‍ ഉദ്ദേശിച്ചുള്ളതാണു വിക്രം-3.
ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് പുതുയുഗപ്പിറവി
ബഹിരാകാശ രംഗം സ്വകാര്യമേഖലയ്ക്കു കൂടി തുറന്ന നല്‍കുന്ന തരത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ദിശാമാറ്റമാണ് ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണ ദൗത്യമായ 'പ്രാരംഭി'നു വഴിയൊരുക്കിയത്. 2020ലാണു കേന്ദ്രസര്‍ക്കാര്‍ ബഹിരാകാശ രംഗത്ത് തുറന്ന നയം പ്രഖ്യാപിച്ചത്.
ബഹിരാകാശ യാത്രകള്‍ താങ്ങാനാവുന്നതും വിശ്വസനീയവും എല്ലാവര്‍ക്കും സ്ഥിരവുമാക്കുന്നതു മുന്നോട്ടു കൊണ്ടുപോകുകയാണു വിക്രം-എസ് വികസിപ്പിച്ച സ്‌കൈറൂട്ട് എയ്റോസ്പേസ് തങ്ങളുടെ ദൗത്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ചെലവ് കുറഞ്ഞ ഉപഗ്രഹ വിക്ഷേപണ സേവനത്തിനൊപ്പം ബഹിരാകാശ യാത്രകളും ലക്ഷ്യമിടുന്നതായി കമ്പനി പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.