സസ്യശാസ്ത്രജ്ഞയും സസ്യശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയ ആദ്യ ഇന്ത്യന്‍ വനിതയുമായ എടവലത്ത് കക്കാട്ട് ജാനകി അമ്മാളിന്റെ 125-ാം ജന്മദിനമാണ് ഇന്ന്. ജനിതകശാസ്ത്രം, കോശങ്ങളെ കുറിച്ചുള്ള പഠനം, പരിണാമം തുടങ്ങിയ മേഖലകളില്‍ ശാസ്ത്രരംഗത്തെ സംഭാവനകളുടെ പേരിലായിരുന്നു ജാനകി അമ്മാള്‍ അറിയപ്പെടുന്നത്. ‘ക്രോമസോം വുമണ്‍, നോമാഡ് സയന്റിസ്റ്റ്: ഇ കെ ജാനകി അമ്മാള്‍, എ ലൈഫ് 1897-1984’ എന്ന ജാനകി അമ്മാളുടെ ജീവചരിത്രം സാവിത്രി പ്രീത നായര്‍ ഈ സസ്യശാസ്ത്രജ്ഞയിലുള്ള പ്രചോദനമുള്‍ക്കൊണ്ട് രചിച്ചതാണ്.
ആരായിരുന്നു ജാനകി അമ്മാള്‍?
1897-ല്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ ജനിച്ച ജാനകി അമ്മാള്‍ ക്വീന്‍സ് മേരിയിലും പ്രസിഡന്‍സി കോളേജിലും ബിരുദം നേടി. തുടര്‍ പഠനത്തിനായി നേടുന്നതിനായി മദ്രാസിലേക്കും പോയി. 1925-ല്‍ അരേിക്കയിലെ മിഷിഗണ്‍ സര്‍വ്വകലാശാലയില്‍ പ്ലാന്റ് സൈറ്റോളജി (കോശങ്ങളുടെ ഘടനയിലും പ്രവര്‍ത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന) ഗവേഷണം നടത്തിയ ജാനകി അമ്മാള്‍ ബിരുദാനന്തര ബിരുദം നേടി. മദ്രാസിലെ വിമന്‍സ് ക്രിസ്ത്യന്‍ കോളേജിലും (ഡബ്ല്യുസിസി) തിരുവനന്തപുരത്തെ മഹാരാജാസ് കോളേജ് ഓഫ് സയന്‍സിലും അധ്യാപികയായി ഹ്രസ്വകാലം ജോലി ചെയ്തു.
ഒരു ജനിതകശാസ്ത്രജ്ഞനെന്ന നിലയില്‍ 1934 മുതല്‍ 1939 വരെ തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ ‘സുഗര്‍കെയിന്‍ ബ്രീഡിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍’ ജോലി ചെയ്തു. ശാസ്ത്രജ്ഞനായ സി വി സുബ്രഹ്മണ്യന്റെ ‘ഇടവലേത്ത് കക്കാട്ട് ജാനകി അമ്മാളിന്റെ’ ഗവേഷണ കൃതി അനുസരിച്ച് കരിമ്പും അനുബന്ധമായ പുല്ല് വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന നിരവധി ഇന്റര്‍ജനറിക്, ഇന്റര്‍സ്‌പെസിഫിക് സങ്കരയിനങ്ങള്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ അവര്‍ മുഴുകി. ഈ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നായിരുന്നു, കാരണം നല്ല മധുരമുള്ള പഞ്ചസാര ഉല്‍പ്പാദിപ്പിക്കുന്ന കരിമ്പ് സങ്കരയിനങ്ങളെ സൃഷ്ടിക്കുന്നതില്‍ അവരുടെ പ്രവര്‍ത്തനം നിര്‍ണായകമായി.
തുടര്‍ന്ന് അവര്‍ ഇംഗ്ലണ്ടിലേക്ക് പോയി, ലണ്ടനിലെ ജോണ്‍ ഇന്നസ് ഹോര്‍ട്ടികള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂഷനില്‍ അസിസ്റ്റന്റ് സൈറ്റോളജിസ്റ്റായും 1945-51 കാലത്ത് വിസ്ലിയിലെ റോയല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയില്‍ സൈറ്റോളജിസ്റ്റായും ജോലി ചെയ്തു. സി.ഡി. ഡാര്‍ലിംഗ്ടണിനൊപ്പം അവര്‍ 1945-ല്‍ ‘ദി ക്രോമസോം അറ്റ്‌ലസ് ഓഫ് കള്‍ട്ടിവേറ്റഡ് പ്ലാന്റ്‌സ്’ എന്ന പുസ്തകം രചിച്ചു. ഈ പുസ്തകത്തില്‍ നിരവധി ജീവജാലങ്ങളെക്കുറിച്ചുള്ള അവരുടെ ഗവേഷണങ്ങളും അടങ്ങിയിരിക്കുന്നു. ജാനകി അമ്മാളിന്റെ പ്രവര്‍ത്തനത്തിനുള്ള ആദരവായി റോയല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി അവരുടെ പേരില്‍ മഗ്‌നോളിയ പൂക്കള്‍ക്ക് മഗ്‌നോളിയ കോബസ് ജാനകി അമ്മാള്‍ എന്ന പേര് നല്‍കി.
പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍
1950-കളില്‍ ജാനകി അമ്മാള്‍ ഇന്ത്യയില്‍ തിരിച്ചെത്തി. 1951-ല്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ജാനകി അമ്മാളിനെ ഇന്ത്യയില്‍ ‘ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ’ (ബി.എസ്.ഐ.) പുനഃസംഘടിപ്പിക്കാന്‍ ക്ഷണിച്ചു, ഇത് രാജ്യത്തെ സസ്യവിഭവങ്ങള്‍ പര്യവേക്ഷണം ചെയ്യുകയും സാമ്പത്തിക ഗുണമുള്ള സസ്യജാലങ്ങളെ തിരിച്ചറിയുകയും ചെയ്യാനിടയാക്കിയെന്ന് സി വി സുബ്രഹ്മണ്യന്റെ ഗവേഷണ കൃതിയില്‍ പറയുന്നു. അലഹബാദിലെ സെന്‍ട്രല്‍ ബൊട്ടാണിക്കല്‍ ലബോറട്ടറിയുടെ ചുമതലയും ജമ്മു കശ്മീരിലെ റീജിയണല്‍ റിസര്‍ച്ച് ലബോറട്ടറിയില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറുടെ ചുമതലയും അവര്‍ വഹിച്ചു.
പാലക്കാട് ജില്ലയിലെ സൈലന്റ് വാലി വനത്തില്‍ വെള്ളപ്പൊക്കത്തിനിടയാക്കിയേക്കുമെന്ന കാരണം ചൂണ്ടികാട്ടി അന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജലവൈദ്യുത പദ്ധതി തടയാന്‍ പ്രയത്‌നിച്ച ‘സേവ് ദ സൈലന്റ് വാലി’ സംഘടനയുമായുള്ള ജാനകിയുടെ ബന്ധവും പ്രസിദ്ധമായിരുന്നു. സ്മിത്സോണിയന്‍ മാഗസിന്‍ പറയുന്നതനുസരിച്ച്, അവര്‍ ആക്ടിവിസ്റ്റുകള്‍ക്കൊപ്പം ചേരുമ്പോഴേക്കും അവര്‍ ഇന്ത്യന്‍ ശാസ്ത്ര മേഖലയിലെ സ്ഥിരമായ ശബ്ദമായിരുന്നു. പ്രദേശത്തെ സസ്യശാസ്ത്ര പരിജ്ഞാനം വിലയിരുത്തുന്നതിനും സംരക്ഷിക്കുന്നതിനുമായി അവര്‍ സൈലന്റ് വാലിയിലെ ക്രോമസോം സര്‍വേയ്ക്ക് നേതൃത്വം നല്‍കി. പിന്നീട് വനം ദേശീയോദ്യാനമായി പ്രഖ്യാപിച്ചു, ജല വൈദ്യുത പദ്ധതി ഉപേക്ഷിതോടെ സേവ് ദ സൈലന്റ് വാലി എന്ന പ്രസ്ഥാനം തങ്ങളുടെ ലക്ഷ്യങ്ങളില്‍ വിജയം കാണുകയായിരുന്നു.
ജാനകി അമ്മാളിനെ കുറിച്ച് പറയുന്ന വിശദമായ ജീവചരിത്രം രചിച്ചത് സാവിത്രി പ്രീത നായരാണ്. രണ്ടാം ലോകമഹായുദ്ധം, നാസി ജര്‍മ്മനിയുടെ ഉദയം, ഹരിതവിപ്ലവം, സൈലന്റ് വാലി പ്രോജക്ട് തുടങ്ങിയ വിവിധ ചരിത്രസംഭവങ്ങളുമായി കൂടിച്ചേരുന്ന ജാനകി അമ്മാളിനെയും അവരുടെ ജീവിതത്തെയും കുറിച്ചാണ് പുസ്തകം പറയുന്നത്. ജവഹര്‍ലാല്‍ നെഹ്റു, സിറില്‍ ഡി ഡാര്‍ലിംഗ്ടണ്‍ പോലുള്ള ജീവശാസ്ത്രജ്ഞര്‍, ഹില്‍ഡ സെലിഗ്മാനെപ്പോലുള്ള സാമൂഹിക പ്രവര്‍ത്തകരുമായുള്ള അമ്മാളിന്റെ ഇടപെടലുകളും രചയിതാവ് പരാമര്‍ശിക്കുന്നു.