/indian-express-malayalam/media/media_files/uploads/2022/07/Rupee-exchange-rate.jpg)
യു എസ് ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞിരിക്കുകയാണ്. ഇന്ന് ആദ്യ വ്യാപാരത്തില്‍ തന്നെ 80 കടന്നു. ആദ്യമായാണ് ഇതു സംഭവിക്കുന്നത്. ഒരു ഡോളറിന് 80.06 ആയി രൂപയുടെ മൂല്യം ഇടിഞ്ഞതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
എന്താണ് രൂപയുടെ വിനിമയ നിരക്ക്?
യുഎസ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്കെന്നതു ഒരു യുഎസ് ഡോളര്‍ വാങ്ങാന്‍ ആവശ്യമായ രൂപയുടെ എണ്ണമാണ്. ഇത് അമേരിക്കന്‍ സാധനങ്ങള്‍ വാങ്ങുന്നതിന് മാത്രമല്ല, ഇന്ത്യന്‍ പൗരന്മാര്‍ക്കും കമ്പനികള്‍ക്കും ഡോളര്‍ ആവശ്യമുള്ള മറ്റ് ചരക്കുകളുടെയും സേവനങ്ങളുടെയും (ക്രൂഡ് ഓയില്‍) ഒരു പ്രധാന അളവാണ്.
രൂപയുടെ മൂല്യം കുറയുമ്പോള്‍, ഇന്ത്യയ്ക്കു പുറത്തുനിന്ന് എന്തെങ്കിലും വാങ്ങുന്നതിന് (ഇറക്കുമതി) ചെലവ് കൂടും. ഇതിനൊരു മറുവശം കൂടിയുണ്ട്. ഇതേ യുക്തിപ്രകാരം, ഒരാള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് (പ്രത്യേകിച്ച് യു എസിലേക്ക്) ചരക്കുകളും സേവനങ്ങളും വില്‍ക്കാന്‍ (കയറ്റുമതി ചെയ്യാന്‍) ശ്രമിക്കുകയാണെങ്കില്‍, രൂപയുടെ ഇടിവ് ഇന്ത്യയുടെ ഉല്‍പ്പന്നങ്ങളെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുന്നു. കാരണം മൂല്യത്തകര്‍ച്ച വിദേശികള്‍ക്ക് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് വിലകുറഞ്ഞതാക്കുന്നു.
എന്തുകൊണ്ടാണ് ഡോളറിനെതിരെ രൂപ ക്ഷീണിക്കുന്നത്?
ലളിതമായി പറഞ്ഞാല്‍, ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയാന്‍ കാരണം വിപണിയില്‍ രൂപയേക്കാള്‍ വലിയ ഡിമാന്‍ഡ് ഡോളറിനുള്ളതുകൊണ്ടാണ്. രൂപയ്ക്കെതിരായ ഡോളറിന്റെ വര്‍ധിച്ച ഡിമാന്‍ഡ് രണ്ട് ഘടകങ്ങള്‍ കൊണ്ടാണ് സംഭവിക്കുന്നത്.
ഒന്ന്, ഇന്ത്യക്കാര്‍ കയറ്റുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ സാധനങ്ങളും സേവനങ്ങളും ഇറക്കുമതി ചെയ്യുന്നു. ഇതിനെയാണ് കറന്റ് അക്കൗണ്ട് കമ്മി (കറന്റ് അക്കൗണ്ട് ഡെഫിസിറ്റ്-സി എ ഡി) എന്ന് പറയുന്നത്. ഒരു രാജ്യത്തിന് സി എ ഡിയുള്ളപ്പോള്‍, വരുന്നതിനേക്കാള്‍ കൂടുതല്‍ വിദേശ കറന്‍സി (പ്രത്യേകിച്ച് ഡോളര്‍) പുറത്തേക്കു പോകുന്നതായി അതു വ്യക്തമാക്കുന്നു.
യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ 2022ന്റെ തുടക്കം മുതല്‍ ക്രൂഡ് ഓയിലിന്റെയും മറ്റു ചരക്കുകളുടെയും വില ഉയരാന്‍ തുടങ്ങിയതിനാല്‍ ഇന്ത്യയുടെ സി എ ഡി കുത്തനെ വര്‍ധിച്ചു. സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യക്കാര്‍ക്കു കൂടുതല്‍ ഡോളര്‍ വേണ്ടിവരുന്നതിനാല്‍ ഇത് രൂപയുടെ മൂല്യം കുറയാന്‍ (അല്ലെങ്കില്‍ ഡോളറിനെതിരെ മൂല്യം നഷ്ടപ്പെടാന്‍) സമ്മര്‍ദം ചെലുത്തുന്നു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപം കുറയുന്നതാണു രണ്ടാമത്തെ കാരണം. ചരിത്രപരമായി, ഇന്ത്യ ഉള്‍പ്പെടെയുള്ള മിക്ക വികസ്വര സമ്പദ്വ്യവസ്ഥകള്‍ക്കും സി എ ഡിയുണ്ട്. എന്നാല്‍ ഇന്ത്യയുടെ കാര്യത്തില്‍, ഈ കമ്മി നികത്തുന്നത് വിദേശ നിക്ഷേപകരുടെ ഒഴുക്കുകൊണ്ടാണ്. ഇതിനെ ക്യാപിറ്റല്‍ അക്കൗണ്ട് സര്‍പ്ലസ് എന്നു വിളിക്കുന്നു. ഈ മിച്ചം ശതകോടിക്കണക്കിനു ഡോളര്‍ കൊണ്ടുവരികയും രൂപയ്്ക്കുവേണ്ടിയുള്ള ഡിമാന്‍ഡ് (ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍) ശക്തമായി തുടരാന്‍ ഇടയാക്കുകയും ചെയ്തു.
എന്നാല്‍ 2022 ന്റെ തുടക്കം മുതല്‍ കൂടുതല്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍നിന്ന് പണം പിന്‍വലിക്കുകയാണ്. യുഎസിലെ പലിശ നിരക്ക് ഇന്ത്യയിലേക്കാള്‍ വളരെ വേഗത്തില്‍ ഉയരുന്നതിനാലാണ് ഇതു സംഭവിച്ചത്.
യുഎസിലെ ചരിത്രത്തിലെ ഉയര്‍ന്ന പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ യു എസ് സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് വലിയതോതില്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. നിക്ഷേപത്തിലെ ഈ ഇടിവ് ഇന്ത്യന്‍ ഓഹരി വിപണികള്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ ഇന്ത്യന്‍ രൂപയുടെ ഡിമാന്‍ഡ് കുത്തനെ കുറച്ചിട്ടുണ്ട്.
രൂപയുടെ ഡിമാന്‍ഡ് (ഡോളറുമായി താരതമ്യപ്പെടുത്തുമ്പോള്‍) കുത്തനെ ഇടിഞ്ഞുവെന്നതാണ് ഈ രണ്ട് പ്രവണതകളുടെയും മൊത്തം ഫലം. അതാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയാന്‍ കാരണം.
മൂല്യം കുറയുന്ന ഒരേയൊരു കറന്‍സിയാണോ രൂപ?
അല്ല. യൂറോ, ജാപ്പനീസ് യെന്‍ തുടങ്ങി എല്ലാ കറന്‍സികള്‍ക്കെതിരെയും ഡോളറിന്റെ മൂല്യം ഉയരുകയാണ്. വാസ്തവത്തില്‍, യൂറോ പോലുള്ള നിരവധി കറന്‍സികള്‍ക്കെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നിട്ടുണ്ട്.
അതിനര്‍ത്ഥം രൂപ സുരക്ഷിത സ്ഥിതിയിലാണെന്നാണോ?
രൂപയുടെ വിനിമയ നിരക്ക് 'മാനേജ് ചെയ്യുന്നതില്‍' ആര്‍ ബി ഐയുടെ പങ്ക് മനസിലാക്കേണ്ടത് പ്രധാനമാണ്. വിനിമയ നിരക്ക് പൂര്‍ണമായും വിപണി നിര്‍ണയിക്കുകയാണെങ്കില്‍, അത് വലിയതോതില്‍ ചാഞ്ചാടുമായിരുന്നു. അതായതു രൂപയുടെ മൂല്യം ഉയരുമ്പോഴും മൂല്യം ഇടിയുമ്പോഴും.
എന്നാല്‍ രൂപയുടെ വിനിമയ നിരക്കില്‍ വലിയതോതിലുള്ള ഏറ്റക്കുറച്ചിലുകള്‍ അനുവദിക്കാതെ ആര്‍ ബി ഐ ഇടപെടുന്നു. വിപണിയില്‍ ഡോളര്‍ വില്‍ക്കുന്നതിലൂടെ തകര്‍ച്ചയെ ആര്‍ ബി ഐ മയപ്പെടുത്തുന്നു. അതായത് ഡോളറിനെതിരായ രൂപയുടെ ഡിമാന്‍ഡിലെ അന്തരം കുറയ്ക്കുന്ന ഒരു നീക്കം. ഇതാണ് ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവുണ്ടാക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ച തടയാനായി ആര്‍ ബി ഐ വിപണിയില്‍നിന്ന് അധിക ഡോളര്‍ ഒഴിവാക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.