scorecardresearch
Latest News

നാല്‍പ്പതിനു താഴെയാണോ പ്രായം? ചിയേഴ്സ് പറയുന്നതിനു മുൻപ് ഇത് വായിക്കൂ

15-39 വയസിനിടയിലുള്ള പുരുഷന്മാരിലാണു ഹാനികരമായ മദ്യപാനത്തിന്റെ ഏറ്റവും വലിയ അപകടസാധ്യതയെന്നു ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച വിശകലനം പറയുന്നു

alcohol, alcohol consumption, alcohol safety

പ്രായമായവരേക്കാള്‍ യുവാക്കള്‍ മദ്യപാനത്തില്‍നിന്ന് ഉയര്‍ന്ന ആരോഗ്യ അപകടങ്ങള്‍ നേരിടുന്നതായാണു ബ്രിട്ടീഷ് മെഡിക്കല്‍ ജേണലായ ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച പുതിയ വിശകലനം പറയുന്നത്. ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസില്‍ നിന്നുള്ള ഈ വിശകലനം ഭൂമിശാസ്ത്രപരമായ പ്രദേശം, പ്രായം, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തില്‍ മദ്യപാനത്തിന്റെ അപകട സാധ്യത റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ പഠനമാണ്.

204 രാജ്യങ്ങളിലെ കണക്കുകള്‍ പ്രകാരം, 2020 ല്‍ 134 കോടി ആളുകള്‍ (103 കോടി പുരുഷന്മാരും 31.2 കോടി സ്ത്രീകളും) സുരക്ഷിതമല്ലാത്ത അളവില്‍ മദ്യം കഴിച്ചതായി ഗവേഷകര്‍ കണക്കാക്കുന്നു.

അപകടസാധ്യത 40 വയസിനു താഴെ

15-39 വയസിനിടയിലുള്ള പുരുഷന്മാരിലാണു ഹാനികരമായ മദ്യപാനത്തിന്റെ ഏറ്റവും വലിയ അപകടസാധ്യതയെന്നു വിശകലനത്തില്‍ കണ്ടെത്തി. എല്ലാ രാജ്യങ്ങളിലും സുരക്ഷിതമല്ലാത്ത അളവില്‍ മദ്യപിക്കുന്ന ജനസംഖ്യയുടെ ഏറ്റവും വലിയ വിഭാഗം ഈ പ്രായത്തിലുള്ള പുരുഷന്മാരാണ്. 2020-ല്‍ സുരക്ഷിതമല്ലാത്ത അളവില്‍ കഴിച്ചവരില്‍ 59.1 ശതമാനം 15-39 പ്രായത്തിലുള്ളവരായിരുന്നു. ഇവരില്‍ 76.7 ശതമാനവും പുരുഷന്മാരാണ്.

ഈ പ്രായത്തിലുള്ളവരില്‍ മദ്യപാനം കൊണ്ട് ആരോഗ്യപരമായ ഗുണങ്ങളൊന്നുമില്ലെന്നും അപകടസാധ്യതകള്‍ മാത്രമാണുള്ളതെന്നും വിശകലനം പറയുന്നു. വാഹനാപകടങ്ങള്‍, ആത്മഹത്യകള്‍, കൊലപാതകം എന്നിവയുള്‍പ്പെടെ മദ്യപാനവുമായി ബന്ധപ്പെട്ട 60 ശതമാനം അത്യാഹിതങ്ങളും ഈ വിഭാഗത്തിലാണു സംഭവിക്കുന്നത്.

ഇന്ത്യയില്‍ 2020ല്‍, 15-39 പ്രായത്തിലുള്ള 1.85 സ്ത്രീകളും 25.7 പുരുഷന്മാരും സുരക്ഷിതമല്ലാത്ത അളവില്‍ മദ്യം കഴിച്ചു. ഇതേ കാലയളവില്‍ 40-64 പ്രായത്തിലുള്ള 1.79 സ്ത്രീകളും 23 ശതമാനം പുരുഷന്മാരുമാണു സുരക്ഷിതമല്ലാത്ത അളവില്‍ മദ്യം കഴിച്ചത്.

40 വയസിനു മുകളിലുള്ളവരില്‍ മദ്യപാനം മൂലമുള്ള ആരോഗ്യ അപകടസാധ്യതകള്‍ പ്രായവും ദേശവും അനുസരിച്ച് വ്യത്യാസപ്പെടുന്നു. ചെറിയ അളവില്‍ മദ്യം കഴിക്കുന്നത് (ഉദാഹരണത്തിന്, 3.4 ഔണ്‍സ് വരുന്ന ഒന്നോ രണ്ടോ ഗ്ലാസ് റെഡ് വൈന്‍) ഈ പ്രായത്തിലുള്ള ആളുകള്‍ക്കു ഹൃദയസംബന്ധമായ അസുഖങ്ങള്‍, പക്ഷാഘാതം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതു പോലെയുള്ള ചില ആരോഗ്യ ആനുകൂല്യങ്ങള്‍ നല്‍കുമെന്നു വിശകലനം പറയുന്നു.

”ഞങ്ങളുടെ സന്ദേശം ലളിതമാണ്: ചെറുപ്പക്കാര്‍ മദ്യപിക്കരുത്. എന്നാല്‍ പ്രായമായവര്‍ക്കു ചെറിയ അളവിലുള്ള കുടി പ്രയോജനം ചെയ്യും. ചെറുപ്പക്കാര്‍ മദ്യപാനത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്നു കരുതുന്നത് യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതല്ലെങ്കിലും ഏറ്റവും പുതിയ കണ്ടെത്തലുകള്‍ അറിയിക്കേണ്ടതു പ്രധാനമാണെന്നു കരുതുന്നു. കാരണം സ്വന്തം ആരോഗ്യത്തെക്കുറിച്ച് വിവേകമുള്ള തീരുമാനങ്ങളെടുക്കാന്‍ അവര്‍ക്കു കഴിയും,” ഡോ. ഇമ്മാനുവേല ഗാകിഡൗ റിപ്പോര്‍ട്ടില്‍ പറയുന്നു. വാഷിങ്ടണ്‍ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷനില്‍ (ഐ എച്ച് എം ഇ) ഹെല്‍ത്ത് മെട്രിക്‌സ് സയന്‍സസ് പ്രൊഫസറാണ് അവര്‍.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായുള്ള അഭ്യര്‍ഥന

15-39 പ്രായത്തിലുള്ളവരെ ലക്ഷ്യമിട്ടുള്ള കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളോടെ പ്രായം, ദേശം എന്നിവ അടിസ്ഥാനമാക്കിയുള്ളതാവണം മദ്യ ഉപഭോഗം സംബന്ധിച്ച ആഗോള ശിപാര്‍ശകളെന്നാണു വിശകലനം ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള പല മാര്‍ഗനിര്‍ദേശങ്ങളും ശിപാര്‍ശ ചെയ്യുന്ന ഉപഭോഗ തോത് എല്ലാ ദേശങ്ങളിലെയും ചെറുപ്പക്കാരെയും സംബന്ധിച്ച് വളരെ ഉയര്‍ന്നതാണെന്ന് വിശകലനം ഊന്നിപ്പറയുന്നു.

മദ്യവുമായി ബന്ധപ്പെട്ട നയം കൊണ്ടുവരാന്‍ ആരോഗ്യ മന്ത്രാലയത്തിനു നിരവധി കത്തുകള്‍ എഴുതിയതായി മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.പങ്കജ് ചതുര്‍വേദി ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

”ഞങ്ങള്‍ നിരോധനം ആവശ്യപ്പെടുന്നില്ല. പക്ഷേ മദ്യത്തിന്റെ ഉപഭോഗം കുറയ്‌ക്കേണ്ടത് അടിയന്തരമാണ്. സമപ്രായക്കാരുടെ സമ്മര്‍ദം മൂലം മദ്യപാനത്തിന്റെ പ്രായം കുറയുയാണ്. 14-16 വയസുള്ളവരും കുട്ടികളും മദ്യപിക്കുന്നു,” അദ്ദേഹം പറഞ്ഞു.

എത്ര കുടിക്കാം?

മദ്യപിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഒരാള്‍ക്ക് ആരോഗ്യ അപകടസാധ്യത കണക്കിലെടുത്ത് എത്രത്തോളം മദ്യം കഴിക്കാമെന്നു പഠനം പറയുന്നു.

15-39 വയസ്: ഈ വിഭാഗത്തില്‍ ആരോഗ്യം നഷ്ടപ്പെടുന്നതിനു മുന്‍പായി ശിപാര്‍ശ ചെയ്യുന്ന മദ്യത്തിന്റെ അളവ് പ്രതിദിനം 0.136 സ്റ്റാന്‍ഡേര്‍ഡ് ഡ്രിങ്കാണ്. സ്ത്രീകള്‍ക്കു പ്രതിദിനം 0.273 സ്റ്റാന്‍ഡേഡ് ഡ്രിങ്കാണു പഠനം പറയുന്നത്. എന്താണു സ്റ്റാന്‍ഡേര്‍ഡ് ഡ്രിങ്ക് എന്നതു താഴെ കൊടുത്തിരിക്കുന്ന പട്ടികയില്‍നിന്നു മനസിലാക്കാം.

alcohol, alcohol consumption, alcohol safety

40-64 വയസ്: ആരോഗ്യപ്രശ്‌നങ്ങളില്ലാത്തവര്‍ക്ക്, പ്രതിദിന സുരക്ഷിത മദ്യപാന അളവ് പകുതി (പുരുഷന്മാര്‍ക്ക് 0.527, സ്ത്രീകള്‍ക്ക് 0.562) മുതല്‍ രണ്ട് സ്റ്റാന്‍ഡേര്‍ഡ് ഡ്രിങ്ക് (പുരുഷന്മാര്‍ക്ക് 1.69, സ്ത്രീകള്‍ക്ക് 1.82) വരെയാണ്.

65 വയസ് മുതലള്ളവര്‍: പ്രതിദിനം മൂന്നില്‍ അല്‍പ്പം കൂടുതല്‍ സ്റ്റാന്‍ഡേര്‍ഡ് ഡ്രിങ്ക് (പുരുഷന്മാര്‍ക്ക് 3.19, സ്ത്രീകള്‍ക്ക് 3.51).

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: How much alcohol is unsafe based on age