/indian-express-malayalam/media/media_files/uploads/2021/04/covid-test-explained.jpg)
ഇന്ത്യയിലെ ഈ രണ്ടാമത്തെ കോവിഡ് തരംഗത്തിലെ ശ്രദ്ധേയമായ നിരവധി പ്രത്യേകതകളിലൊന്നാണ് വളരെ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് ഒന്നാം തരംഗ സമയത്തേതിൽ നിന്ന് വ്യത്യസ്തമായി ഇപ്പോൾ രണ്ടാം തരംഗ സമയത്ത് പരിശോധനകളിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുതലാണ്.
ഉദാഹരണത്തിന്, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, 13.5 ശതമാനത്തിലധികം ടെസ്റ്റുകളിൽ പോസിറ്റീവ് ഫലം ലഭിച്ചു. പോസിറ്റിവിറ്റി നിരക്കിന്റെ ഏഴ് ദിവസത്തെ ശരാശരി നിരക്ക് മുൻപൊരിക്കലും ഇത്രയും ഉയർന്നിരുന്നില്ല. സമൂഹത്തിൽ രോഗം പടരുന്നതിന്റെ അളവുകോലാണ് പോസിറ്റീവ് നിരക്ക്. രോഗം കൂടുതൽ വ്യാപകമാണെങ്കിൽ ഉയർന്ന പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തും.
നിലവിലെ ഉയർന്ന പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ രണ്ട് മാസങ്ങളിൽ വൈറസ് വളരെ വേഗത്തിൽ പടർന്നിരിക്കാനുള്ള സാധ്യതയെ ശരിവയ്ക്കുന്നു. ഒപ്പം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിരവധി ആളുകളെ രോഗം ബാധിച്ചുവെന്നും വ്യക്തമാക്കുന്നു.
Read More: മാസ്ക് ലൂസാണോ? വഴിയുണ്ട്
ആദ്യ തരംഗത്തിൽ, കഴിഞ്ഞ വർഷം ജൂലൈ അവസാന വാരത്തിൽ പോസിറ്റിവിറ്റി നിരക്ക് ഉയർന്നിരുന്നു. പിന്നീട് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പോസിറ്റീവ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും പോസിറ്റിവിറ്റി നിരക്ക് ക്രമാനുഗതമായി കുറഞ്ഞു.
അക്കാലത്ത്, കോവിഡ് കേസുകളുടെ ഉയർന്ന നിരക്ക് വർദ്ധിച്ച പരിശോധനകളുടെ നേരിട്ടുള്ള ഫലമായിരുന്നു. ജൂലൈ മാസത്തിൽ ഭൂരിഭാഗവും ഇന്ത്യയിൽ ഒരു ദിവസം അഞ്ച് ലക്ഷത്തിൽ താഴെ പരിശോധനകൾ മാത്രമാണ് നടത്തിയിരുന്നത്. ജൂലൈ അവസാനത്തോടെയാണ് പരിശോധനകൾ വർധിപ്പിച്ചത്. ഓഗസ്റ്റ് മൂന്നാം വാരത്തോടെ പരിശധനകൾ പ്രതിദിനം പത്ത് ലക്ഷത്തിലധികം എന്ന നിരക്കിൽ എത്തിച്ചേരുകയും ചെയ്തു.
ആദ്യ തരംഗത്തിൽ സെപ്തംബറിലുണ്ടായ പീക്ക് അവസ്ഥയിലേതിനേക്കാളും 2.5 മടങ്ങോളം അധികമാണ് ഇപ്പോൾ സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളുടെ എണ്ണം. പക്ഷേ, പരിശോധനയിൽ എന്തെങ്കിലും വർദ്ധനവുണ്ടായതുകൊണ്ടല്ല ഈ വർധന. പരിശോധനകളുടെ എണ്ണം കഴിഞ്ഞ വർഷം സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലെ അതേ നിരക്കിലാണ്. എന്നാൽ കൂടുതൽ ആളുകൾക്ക് പോസിറ്റീവ് ഫലം ലഭിക്കുന്നു.
Read More: പ്രതിരോധം ശക്തമാക്കും; അടിയന്തരമായി 50 ലക്ഷം ഡോസ് വാക്‌സിന്‍ വേണമെന്നു കേരളം
കോവിഡ് രോഗവ്യാപനം തുടങ്ങിയ ശേഷമുള്ള മിക്കവാറും സമയത്തും മഹാരാഷ്ട്രയിൽ ഉയർന്ന പോസിറ്റിവിറ്റി നിരക്ക് തന്നെയാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഛത്തീസ്ഗഡ്, യുപി എന്നിവ അടക്കം ചില സംസ്ഥാനങ്ങളിൽ താരതമ്യേന കുറഞ്ഞ നിരക്കായിരുന്നു കഴിഞ്ഞ വർഷം, ദേശീയ ശരാശരിയേക്കാളും കുറഞ്ഞ നിരക്കി. എന്നാൽ ഇപ്പോൾ ഛത്തീസ്ഗഡിൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് മഹാരാഷ്ട്രയുടേതിനേക്കാളും കൂടുതലാണ്.
ഉയർന്ന പോസിറ്റിവിറ്റി നിരക്ക് ആളുകൾ തമ്മിലുള്ള സമ്പർക്കം വർദ്ധിച്ചതിനാലോ അല്ലെങ്കിൽ വൈറസിന്റെ വേഗത്തിൽ പകരുന്ന വേരിയന്റിന്റെ പെട്ടെന്നുള്ള സംക്രമണം കാരണമോ ആകാം. ഈ രണ്ട് കാര്യങ്ങളും ഉയർന്ന പോസിറ്റിവിറ്റി നിരക്കിൽ പങ്കുവഹിച്ചു എന്നതിന് തെളിവുകളുണ്ട്.
പ്രാദേശികമായി രൂപപ്പെട്ടതും മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽ ആദ്യമായി കണ്ടെത്തിയതുമായ ഒരു പുതിയ വകഭേദത്തിന് രണ്ട് നിർണായക ജനിതമാറ്റങ്ങൾ ഉണ്ട്, അത് വേഗത്തിൽ പകരുന്നതിനും രോഗപ്രതിരോധ പ്രതികരണം മറികടക്കുന്നതിനും സഹായിക്കുന്നു. ജീൻ സീക്വൻസിംഗിനായി ശേഖരിച്ച മഹാരാഷ്ട്രയിൽ നിന്നുള്ള വൈറസ് സാമ്പിളുകളിൽ 60 ശതമാനത്തിലധികം ഈ ഇരട്ട വ്യതിയാനം വന്ന വകഭേദത്തിന്റെ സാന്നിദ്ധ്യം കാണിക്കുന്നു. ഈ വകഭേദം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിരിക്കാം.
ആരോഗ്യ വകുപ്പ് അധികാരികൾ സ്വീകരിക്കുന്ന ഏറ്റവും ഫലപ്രദമായ നിയന്ത്രണ നടപടികളിലൊന്നാണ് വലിയ അളവിൽ പരിശോധനകൾ സംഘടിപ്പിക്കുക എന്നത്. കൂടുതൽ പരിശോധനയിൽ കൂടുതൽ രോഗബാധകൾ ഒരുമിച്ച് കണ്ടെത്തുന്നതോടെ ഒരു ചുരുങ്ങിയ കാലത്തേക്ക് പ്രതിദിനം സ്ഥിരീകരിക്കുന്ന കോവിഡ് രോഗബാധകളുടെ എണ്ണം കൂടുതലായി ലഭിക്കും. കൂടുതൽ ആളുകളിലെ രോഗബാധ തിരിച്ചറിയുകയും അവരെ ഐസൊലേറ്റ് ചെയ്യുകയും വഴി അവരിൽ നിന്ന് മറ്റുള്ളവരിലേക്ക് അണുബാധ പകരുന്നത് നിയന്ത്രിക്കാനാവും. എന്നാൽ നിലവിലെ സാഹചര്യങ്ങളിൽ വളരെ ഉയർന്ന പോസിറ്റീവ് കേസുകൾ ഉള്ളതിനാൽ ഒരു നിയന്ത്രണ നടപടിയെന്ന നിലയിൽ പരിശോധനകളുടെ ഫലപ്രാപ്തിയും ദുർബലപ്പെട്ടു.
പരിശോധനയിൽ രാജ്യം ഒരു ഉയർന്ന പരിധിയിലെത്തിയതായും കരുതാം. ഇനിയും പരിശോധനകൾ വർധിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്. നിലവിലെ കണക്കനുസരിച്ച്, എല്ലാ ദിവസവും 14 മുതൽ 15 ലക്ഷം വരെ സാമ്പിളുകളാണ് പരിശോധിക്കുന്നത്. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലേതിന് സമാനമാണ് ഇപ്പോഴത്തെ പരിശോധനകളുടെ എണ്ണം. എന്നാൽ അക്കാലത്ത് കോവിഡ് കേസുകൾ ഇപ്പോഴത്തേതിനെ അപേക്ഷിച്ച് വളരെ കുറവായിരുന്നു, മാത്രമല്ല രോഗം വളരെ മന്ദഗതിയിലാണ് അന്ന് പടർന്നത്.
എന്നിരുന്നാലും, രോഗം ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനങ്ങൾ അവയുടെ പരിശോധന ശേഷി വർദ്ധിപ്പിക്കുകയാണ്. മഹാരാഷ്ട്ര ഒരു ദിവസം രണ്ട് ലക്ഷത്തോളം സാമ്പിളുകൾ പരിശോധിച്ചു. ഡൽഹി പ്രതിദിനം ഒരു ലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തി. ഛത്തീസ്ഗഢ് പ്രതിദിനം 50,000 സാമ്പിളുകൾ എന്ന നിലയിൽ മുമ്പത്തേക്കാളും കൂടുതൽ പരിശോധനകൾ നടത്തുകയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.