തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പ്രതിരോധം ശക്തമാക്കുമെന്നു ആരോഗ്യമന്ത്രി കെകെ ശൈലജ. അടിയന്തരമായി 50 ലക്ഷം ഡോസ് വാക്സിന് നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. 5,80,880 ഡോസ് വാക്സിനാണ് കരുതലുള്ളത്. 60.84 ലക്ഷം ഡോസ് വാക്സിനാണ് സംസ്ഥാനത്തിന് ഇതുവരെ ലഭിച്ചത്. 56.75 ലക്ഷം ഡോസ് വിതരണം ചെയ്തുകഴിഞ്ഞു.
കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കാനായി കൂട്ട രോഗപരിശോധന, കൂട്ടവാക്സിനേഷന്‍ എന്ന തന്ത്രമാണു കേരളം ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണു കൂട്ട വാക്സിനേഷനുവേണ്ടി കുറഞ്ഞത് 50 ലക്ഷം ഡോസ് വാക്സിന് അടിയന്തരമായി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. കോവിഷീല്‍ഡും കോവാക്സിനും തുല്യമായി വേണമെന്നാണ് ആവശ്യപ്പെട്ടതെന്നു മന്ത്രി പറഞ്ഞു.
കൂട്ടപ്പരിശോധനയുടെ കണക്കുകള്‍ സര്‍ക്കാര്‍ ഇന്നു പുറത്തുവിടും. ഇന്നലെയും ഇന്നുമായി രണ്ടര ലക്ഷം പരിശോധനയാണു ലക്ഷ്യമിട്ടത്. ഇന്നലെ മാത്രം 1,33,836 പേരെയാണു പരിശോധനയ്ക്കു വിധേയമാക്കിയത്. കൂട്ടപ്പരിശോധനയില്‍ കൂടുതല്‍ രോഗികളുണ്ടായാലും പരിചരണത്തിന് ആരോഗ്യവകുപ്പ് സജ്ജമായിക്കഴിഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 1.39 കോടി ടെസ്റ്റുകളാണു നടത്തിയത്.
Read More: കോഴിക്കോട് സ്ഥിതി രൂക്ഷമായാൽ കടുത്ത നിയന്ത്രണങ്ങളെന്ന് ജില്ലാ കലക്ടറുടെ മുന്നറിയിപ്പ്
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാണെന്നും കൂട്ടായ പരിശ്രമത്തിലൂടെ കോവിഡ് വ്യാപനം തടയാനാവുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 11.89 ലക്ഷം പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 58,245 പേര്. ദിനംപ്രതി കേസുകള്‍ വര്‍ധിക്കുകയാണ്. ഇന്നലെ 10,031 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8 ശതമാനമാണ്. രോഗവ്യാപനം വര്‍ധിച്ചാല്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ കടുപ്പിക്കാനാണു സര്‍ക്കാരിനു മുന്നിലുള്ള ആലോചന. രണ്ടാം തരംഗത്തെ തടയാന്‍ ക്രഷിങ് ദി കര്‍വ് എന്ന പേരില്‍ കര്‍മപദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് ഉയര്‍ന്നിട്ടില്ലെന്നും 0.4 ശതമാനമാണെന്നും മന്ത്രി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ ഇതല്ല സ്ഥിതിയെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രിയുമായി ഇന്നു നടന്ന യോഗത്തില്‍നിന്ന് മനസിലായതെന്നു മന്ത്രി പറഞ്ഞു. നിലവില്‍ സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമമില്ല. എന്നാല്‍ കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ക്ഷാമമുണ്ടായേക്കാം. അതിനാല്‍ ഓക്ജ്സിന്‍ വിതരണത്തില്‍ കേരളത്തെക്കൂടി പരിഗണിക്കണമെന്നു യോഗത്തില്‍ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.