scorecardresearch

50,000 വര്‍ഷത്തിനു ശേഷം ഭൂമിക്കു സമീപം പ്രത്യക്ഷപ്പെടുന്ന 'പച്ച വാല്‍നക്ഷത്രം'; എപ്പോള്‍ കാണാന്‍ കഴിയും?

സി/2022 ഇ3 (സെഡ് ടി എഫ്) എന്ന വാല്‍നക്ഷത്രമാണു ഭൂമിക്കു സമീപത്തേക്കു വന്നുകൊണ്ടിരിക്കുന്നത്

സി/2022 ഇ3 (സെഡ് ടി എഫ്) എന്ന വാല്‍നക്ഷത്രമാണു ഭൂമിക്കു സമീപത്തേക്കു വന്നുകൊണ്ടിരിക്കുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
green comet, C/2022 E3 (ZTF), C/2022 E3 (ZTF) where to see, C/2022 E3 (ZTF) India

ഏകദേശം 50,000 വര്‍ഷത്തിനുശേഷം ഭൂമിക്കു സമീപം പ്രത്യക്ഷപ്പെട്ട്, തുടർന്ന് വര്‍ഷങ്ങള്‍ക്കുശേഷം നമ്മുടെ അടുത്തേക്കു വരുമെന്നു കരുതുന്ന 'പച്ച വാല്‍നക്ഷത്ര'ത്തെ അടുത്തയാഴ്ച കാണാന്‍ കഴിഞ്ഞേക്കും. അടുത്തിടെയാണ് ഈ വാല്‍നക്ഷത്രത്തെ കണ്ടുപിടിച്ചത്.

Advertisment

വാല്‍നക്ഷത്രം ഫെബ്രുവരി രണ്ടിനു ഭൂമിയോട് ഏറ്റവുമടുത്ത് എത്തുമെന്നാണു കണക്കാക്കപ്പെടുന്നത്. ആദ്യം കണ്ടവരെ സൂചിപ്പിച്ചുകൊണ്ട് സി/2022 ഇ3 (സെഡ് ടി എഫ്) എന്നാണ് ഈ വാല്‍നക്ഷത്രത്തെ വിളിക്കുന്നത്. യു എസിലെ സ്വിക്കി ട്രാന്‍സിയന്റ് ഫെസിലിറ്റി (സെഡ് ടി എഫ്) യിലെ വൈഡ്-ഫീല്‍ഡ് സര്‍വേ കാമറ ഉപയോഗിച്ച് 2022 മാര്‍ച്ചിലാണു വാല്‍നക്ഷത്തെ ജ്യോതിശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്.

ധൂമകേതുവിനെ ദൂരദര്‍ശിനികളും ബൈനോക്കുലറുകളും ഉപയോഗിച്ച് കാണാമെന്നും രാത്രിയില്‍ ആകാശം വ്യക്തമാണെങ്കില്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ടുതന്നെ ദൃശ്യമാകാമെന്നുമാണു നാസ പറയുന്നത്. ഗ്രീന്‍ വാല്‍നക്ഷത്രത്തെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ ഇതാ:

എന്താണ് 'പച്ച വാല്‍നക്ഷത്രം'?

ജനുവരി പകുതിയോടെ സൂര്യനെ സമീപിച്ച വാല്‍നക്ഷത്രം ഇപ്പോള്‍ അതില്‍നിന്നു സ്വന്തം ഭ്രമണപഥത്തിലൂടെ അകന്നു സഞ്ചരിക്കുകയാണ്. സെഡ് ടി എഫിന്റെ കോ-പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ ടോം പ്രിന്‍സും മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്നുള്ള വാല്‍നക്ഷത്ര വിദഗ്ധനായ മൈക്കല്‍ കെല്ലിയുമാണ്. ''നമ്മുടെ സൗരയൂഥത്തിന്റെ അരികില്‍ നിന്നാണ് ഇതു വരുന്നതെന്ന് ഭ്രമണപഥം സൂചിപ്പിക്കുന്നു, ധൂമകേതുക്കളുടെ ഒരു വിദൂര തടാകത്തെ ഞങ്ങള്‍ ഊര്‍ട്ട് മേഘം എന്ന് വിളിക്കുന്നു,''കെല്ലി സ്‌പേസ് ഡോട്ട് കോമിനോട് പറഞ്ഞു.

Advertisment

ധൂമകേതുക്കളും ഛിന്നഗ്രഹങ്ങളും പോലെയുള്ള എണ്ണമറ്റ ചെറിയ വസ്തുക്കളെ ഉള്‍ക്കൊള്ളുന്ന, സൂര്യനെ വലയം ചെയ്യുന്ന ബഹിരാകാശത്തിന്റെ വലിയ വര്‍ത്തുളാകൃതിയിലുള്ള ഒരു മേഖലയാണ് ഊര്‍ട്ട് മേഘമെന്നു കരുതപ്പെടുന്നത്.

ഇതിനെ 'സൗരയൂഥത്തിലെ ഏറ്റവും ദൂരെയുള്ള പ്രദേശം' എന്നും 'ധൂമകേതുക്കളുടെ വീട്' എന്നും നാസ വിശേഷിപ്പിക്കുന്നു. ഗ്രീന്‍ വാല്‍നക്ഷത്രം ഭൂമിയില്‍നിന്ന് 2.5 ലൈറ്റ് മിനിറ്റ് അഥവാ 2.7 കോടി മൈല്‍ അകലെയായിരിക്കുമെന്ന് ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

പച്ച വാല്‍നക്ഷത്രം എപ്പോള്‍, എവിടെ കാണാം?

വാല്‍നക്ഷത്രത്തില്‍ ഇതേ തെളിച്ചത്തില്‍ തുടരുകയാണെങ്കില്‍ ടെലിസ്‌കോപ്പുകള്‍, ബൈനോക്കുലറുകള്‍ എന്നിവ ഉപയോഗിച്ച് എളുപ്പം കാണാന്‍ കഴിയുമെന്നു നാസ വ്യക്തമാക്കി. ചില സന്ദര്‍ഭങ്ങളില്‍ ഇരുണ്ട ആകാശത്തില്‍ നഗ്നനേത്രങ്ങള്‍ ഉപയോഗിച്ചും കാണാനാവും.

ജനുവരിയില്‍ വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് അതിവേഗം നീങ്ങുന്ന വാല്‍നക്ഷത്തെ വടക്കന്‍ അര്‍ധഗോളത്തിലെ നിരീക്ഷകര്‍ക്കു പ്രഭാത ആകാശത്ത് കാണാനാവും. ഫെബ്രുവരി ആദ്യം തെക്കന്‍ അര്‍ധഗോളത്തില്‍ വാല്‍നക്ഷത്രം ദൃശ്യമാകും.

ഇന്ത്യന്‍ ആകാശത്ത്, വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നോക്കുമ്പോള്‍, ബൂടെസ് നക്ഷത്രസമൂഹത്തിലെ ചക്രവാളത്തിനു 16 ഡിഗ്രി മുകളിലായി ഒരാള്‍ വാല്‍നക്ഷത്രത്തെ കാണാന്‍ സാധ്യതയുണ്ടെന്നു വെതര്‍ ഡോട്ട് കോം പറയുന്നു. എന്നാല്‍ കെട്ടിടങ്ങളില്‍നിന്നുള്ള വിളക്കുകളും തെരുവ് വിളക്കുകളും പ്രകാശിക്കുന്നതിനുകാരണം നിരീക്ഷണ ഉപകരണങ്ങളില്ലാതെ വാല്‍നക്ഷത്രതെ ദര്‍ശിക്കുക ബുദ്ധിമുട്ടാവും.

സി/2022 ഇ3 (സെഡ് ടി എഫ്) വാല്‍നക്ഷത്ത്രിന്റെ സഞ്ചാരം വെര്‍ച്വല്‍ ടെലിസ്‌കോപ്പ് പ്രോജക്റ്റ് കിഴക്കന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം ഫെബ്രുവരി ഒന്നിനു രാത്രി 11ന് അല്ലെങ്കില്‍ ജനുവരി 31നു രാവിലെ 9.30നു സൗജന്യമായി ലൈവായി സംപ്രേഷണം ചെയ്യും. പ്രോജക്റ്റിന്റെ വെബ്സൈറ്റിലോ യൂട്യൂബ് ചാനലിലോ സംപ്രേഷണം കാണാം.

എന്തുകൊണ്ടാണ് പച്ച നിറം?

സൗരയൂഥ രൂപീകരണത്തിന്റെ അവശിഷ്ടങ്ങളായ തണുത്തുറഞ്ഞ പാറകളോ വാതകം നിറഞ്ഞതോ ആയ വസ്തുക്കളാണ് ധൂമകേതുക്കള്‍ അഥവാ വാല്‍നക്ഷത്രങ്ങള്‍. അവയുടെ ഘടന, സ്വഭാവസവിശേഷതകള്‍, സഞ്ചരിക്കുന്ന പാത എന്നിവ കാരണം പിന്നില്‍ പ്രകാശം അവശേഷിപ്പിക്കുന്നു. ഇവിടെ, വാല്‍നക്ഷത്രം തന്നെ പച്ചയാണ് (ധൂമകേതുവിന്റെ തല എന്ന് വിളിക്കുന്നു). പിന്നില്‍ ഒരു വെളുത്ത പ്രകാശം പുറപ്പെടുവിക്കുന്നു (പലപ്പോഴും വാല്‍നക്ഷത്രത്തിന്റെ വാല്‍ എന്ന് വിളിക്കപ്പെടുന്നു).

ബഹിരാകാശത്തെ മറ്റു വസ്തുക്കളെപ്പോലെ, ധൂമകേതുക്കള്‍ക്കും ഭ്രമണപഥമുണ്ട്. സൂര്യന്റെ ഗുരുത്വാകര്‍ഷണം കാരണം അവയെ ചിലപ്പോള്‍ സൂര്യനോട് അടുപ്പിക്കുന്നു. വാല്‍നക്ഷത്രങ്ങള്‍ സൂര്യനു സമീപം പരിക്രമണം ചെയ്യുമ്പോള്‍, ''അവ ചൂടാകുകയും വാതകങ്ങളും പൊടിപടലങ്ങളും ഒരു ഗ്രഹത്തേക്കാള്‍ വലുതായി തിളങ്ങുന്ന നിലയില്‍ വമിക്കുകയും ചെയ്യുന്നു,'' എന്ന് നാസ വിശദീകരിക്കുന്നു. കത്തുന്നതിനെത്തുടര്‍ന്നുള്ള പൊടിപടലങ്ങള്‍, ദൂരെനിന്ന് നോക്കുമ്പോള്‍ ഭൂമിയിലെ മനുഷ്യര്‍ക്ക് ഒരു പ്രകാശത്തിന്റെ പാത പോലെ കാണപ്പെടുന്നു. അതുകൊണ്ട് ധൂമകേതുക്കള്‍ പലപ്പോഴും നീലയോ വെള്ളയോ അല്ലെങ്കില്‍ പച്ചയോ ഉള്ള പ്രകാശം പുറപ്പെടുവിക്കുന്നതായി കാണുന്നു.

ഈ സാഹചര്യത്തില്‍, ''വാല്‍നക്ഷത്രത്തിന്റെ തലയിലെ ഡയറ്റോമിക് കാര്‍ബണിന്റെ (പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന കാര്‍ബണ്‍ ആറ്റങ്ങളുടെ ജോഡികള്‍) സാന്നിധ്യത്തില്‍നിന്നാണു പച്ച തിളക്കം ഉയരുന്നതായി കരുതപ്പെടുന്നത്. സൗരവികിരണത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാല്‍ ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ തന്മാത്ര പച്ച വെളിച്ചം പുറപ്പെടുവിക്കുന്നു,'' ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

പച്ച വാല്‍നക്ഷത്രം വിരളമാണോ?

സൂര്യനെ ചുറ്റാന്‍ 200 വര്‍ഷത്തിലധികം സമയമെടുക്കുന്ന ദീര്‍ഘകാല ധൂമകേതുക്കളുടെ വിഭാഗത്തില്‍ വരുന്ന ഈ പച്ച വാല്‍നക്ഷത്രത്തെ എളുപ്പത്തില്‍ കണ്ടെത്താനാവില്ല. ഉയര്‍ന്ന വര്‍ത്തുളാകൃതിയിലുള്ള ഭ്രമണപഥത്തില്‍, ധൂമകേതു ഊര്‍ട്ട് മേഘത്തിലേക്ക് മടങ്ങുകയും ഏകദേശം 50,000 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യും. എന്നാല്‍ ധൂമകേതുക്കളുടെ ഭ്രമണപഥങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, അനേകം വര്‍ഷങ്ങള്‍ക്കു ശേഷമാണ് അവ ഭൂമിയുടെ അടുത്ത് വീണ്ടും പ്രത്യക്ഷപ്പെടുന്നത്.

Science Space Nasa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: