കേസ് അന്വേഷണത്തിന്റെ ഭാഗമായി ഹാജരാക്കുന്ന കുറ്റപത്രം പൊതുരേഖയല്ലെന്നു പറഞ്ഞിരിക്കുകയാണു സുപ്രീം കോടതി. കുറ്റപത്രം പരസ്യമാക്കുന്നതു കുറ്റാരോപിതരുടെയും ഇരയുടെയും അന്വേഷണ ഏജന്‍സികളുടെയും അവകാശങ്ങള്‍ ഹനിക്കുന്നതാണെന്നും അതു ക്രിമിനല്‍ നടപടിക്രമങ്ങളുടെ ചട്ടങ്ങളുടെ ലംഘനമാണെന്നുമാണു സുപ്രീം കോടതി പറഞ്ഞത്.
കുറ്റപത്രം പൊതുരേഖയായി പ്രസിദ്ധപ്പെടുത്താന്‍ പൊലീസ്, ഇഡി, സിബിഐ പോലുള്ള അന്വേഷണ ഏജന്‍സികള്‍ക്കുള്ള നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി ജസ്റ്റിസ് എം.ആര്.ഷാ, ജസ്റ്റിസ് സി.ടി.രവികുമാര്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് തള്ളി. ദുരുപയോഗ സാധ്യത ചൂണ്ടിക്കാട്ടിയാണു കോടതി ഹര്‍ജി തള്ളിയത്.
എന്താണ് കുറ്റപത്രം?
ഒരു കേസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം അന്വേഷണ ഉദ്യോഗസ്ഥനോ ഏജന്‍സിയോ ക്രിമിനല്‍ നിയമനടപടി ചട്ട(സിആര്‍പിസി)ത്തിന്റെ 173-ാം വകുപ്പ് അനുസരിച്ച് നല്കുന്ന അന്തിമ റിപ്പോര്‍ട്ടാണു കുറ്റപത്രം. അന്വേഷണ ഉദ്യോഗസ്ഥന് കൈമാറുന്ന കെുറ്റപത്രത്തില് പരമാര്‍ശിച്ചിരിക്കുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിലാണു തുടര്‍നടപടികള്‍ കോടതി സ്വീകരിക്കുന്നത് .
എന്തൊക്കെ കുറ്റകൃത്യങ്ങളാണ് സംഭവിച്ചത്, അത് സംബന്ധിച്ച വിവരം ലഭിച്ചത് എങ്ങനെ, അതിലുള്‍പ്പെടുന്ന വ്യക്തികളുടെ പേരുകള്‍ എന്നിവ കുറ്റപത്രത്തില്‍ ഉണ്ടായിരിക്കണം. പ്രതി അറസ്റ്റിലാണോ, കസ്റ്റഡിയിലാണോ, ജാമ്യത്തില്‍ വിട്ടയച്ചോ, പ്രതിക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ എന്നിങ്ങനെയുള്ള വസ്തുതകളൊക്കെ കുറ്റപത്രത്തില്‍ ഉണ്ടാകണം. കൂടാതെ, കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ മതിയായ തെളിവുകളുള്ള സാഹചര്യത്തില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന് അതുസംബന്ധിച്ച എല്ലാ രേഖകളും സഹിതം മജിസ്ട്രേറ്റിനു കൈമാറുന്നു. ഈ അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കുറ്റം ചുമത്തുന്നതും പ്രോസിക്യൂഷന് കേസ് നടത്തുന്നത്.
കെ വീരസ്വാമി വേഴ്സസ് യൂണിയന് ഓഫ് ഇന്ത്യ ആന്‍ഡ് അദേഴ്സ് എന്ന കേസില്‍ 1991ല്‍ സുപ്രീം കോടതി പ്രഖ്യാപിച്ച വിധി പ്രകാരം ”സിആര്‍പിസി 173(2) വകുപ്പ് പ്രകാരം കുറ്റപത്രമെന്നത് അന്വേഷണ ഉദ്യോഗസ്ഥന് കോടതിയില്‍ സമര്‍പ്പിക്കുന്ന അന്തിമ റിപ്പോര്‍ട്ടല്ലാതെ മറ്റൊന്നുമല്ല,”എന്ന് വ്യക്തമാക്കുന്നു. നിര്‍ദിഷ്ട കാലയളവായ 60 മുതല്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം. ഈ കാലവധിക്കകം കുറ്റപത്രം സമര്പ്പിച്ചിട്ടിലെങ്കില് പ്രതിക്ക് ജാമ്യത്തിനു നിയമപരമായ അവകാശം ലഭിക്കും.
കുറ്റപത്രവും എഫ്ഐആറും തമ്മിലുള്ള വ്യത്യാസം എന്തൊക്കെ?
സിആര്‍ പി സിയുടെ 173-ാം വകുപ്പ് പ്രകാരം എന്താണ് ‘കുറ്റപത്രം’ എന്നത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രഥമ വിവര റിപ്പോര്‍ട്ട് അഥവാ ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടിനെ (എഫ് ഐ ആര്) കുറിച്ച് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലോ (ഐ പി സി) സിആര്‍ പി സിയിലോ പറഞ്ഞിട്ടില്ല. സിആര്‍ പി സി 154-ാം വകുപ്പിലുള്ള പൊലീസ് ചട്ടങ്ങള്‍/നിയമങ്ങള്‍ എന്നിവയില്‍ ‘കോഗ്നിസിബിള്‍ കേസിലെ വിവരങ്ങള്‍’ എന്ന വിഭാഗത്തില്‍ ഇത് ഉള്‍പ്പെടുന്നു. കുറ്റപത്രം ഒരു അന്വേഷണത്തിന്റെ അവസാനം സമര്‍പ്പിക്കുന്ന അന്തിമ റിപ്പോര്‍ട്ടാണ്.
എഫ്ഐആര്‍ എന്നത് ഒരു കുറ്റകൃത്യം നടക്കുന്ന സന്ദര്‍ഭത്തില്‍ ആദ്യമായി ലഭിക്കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഏത് കേസിലും ഒരു എഫ്ഐആര്‍ ഉണ്ടാകും. എഫ്ഐആര്‍ ഒരു വ്യക്തി ചെയ്ത കുറ്റം തീരുമാനിക്കുന്നില്ല. പൊലീസിനു കിട്ടുന്ന പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന രേഖ മാത്രമാണ് എഫ്ഐആര്‍. അതുപ്രകാരം വാറന്റില്ലാതെയോ വാറന്റ് നല്‍കിയോ പ്രതിയെ അറസ്റ്റ് ചെയ്യാം. എന്നാല്‍ കുറ്റപത്രത്തില്‍ കുറ്റകൃത്യവും അതിന്റെ തെളിവുകളും അടക്കമാണു സമര്‍പ്പിക്കുന്നത്. ഒരു വ്യക്തിയുടെ മേല്‍ ആരോപിക്കപ്പെട്ട കുറ്റങ്ങളെ സമര്‍ത്ഥിക്കാന്‍ പ്രോസിക്യൂഷന് ആവശ്യമായ തെളിവുകളും സാക്ഷി മൊഴികളും രേഖകളും അടയങ്ങിയതാണു കുറ്റപത്രം.
എഫ്ഐആര്‍ ഫയല്‍ ചെയ്തശേഷമാണ് അന്വേഷണം നടക്കുന്നത്. പൊലീസിന്റെ പക്കല്‍ മതിയായ തെളിവുകളുണ്ടെങ്കില്‍ മാത്രമേ കേസ് മജിസ്ട്രേറ്റിനു കൈമാറാനും സാധിക്കൂ. അല്ലാത്തപക്ഷം, സിആര്‍ പി സി 169-ാം വകുപ്പ് പ്രകാരം പ്രതിയെ കസ്റ്റഡിയില്‍നിന്ന് മോചിപ്പിക്കും. 1967ല്‍ അഭിനന്ദന് ഝാ ആന്‍ഡ് അദേഴ്സ് വേഴ്സസ് ദിനേശ് മിശ്ര എന്ന കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ ഇത് ആവര്‍ത്തിക്കുന്നു.
ഒരു കുറ്റകൃത്യം നടന്നതായി അറിവ് ലഭിക്കുന്ന ആദ്യ സന്ദര്‍ഭത്തില്‍ തന്നെ എഫ്ഐആര്‍ ഫയല്‍ ചെയ്യണം. സിആര്‍ പി സി 154 (3) വകുപ്പ് പ്രകാരം, എഫ്ഐആര്‍ ഫയല്‍ ചെയ്യാന്‍ അധികാരികള്‍ വിസമ്മതിച്ചാല്‍ അതേക്കുറിച്ച് പൊലീസ് സൂപ്രണ്ടിനു പരാതി നല്കാന് സാധിക്കും. അവര്‍ ആ വിഷയം സ്വയം അന്വേഷിക്കുകയോ അവരുടെ കീഴുദ്യോഗസ്ഥരോട് അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്യാം.
എഫ്ഐആറില്‍ പരാമര്‍ശിച്ചിരിക്കുന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ശേഖരിച്ചശേഷം മാത്രമേ പൊലീസ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സിക്കു കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കൂ. തെളിവുകളുടെ അഭാവത്തില്‍ കേസ് ‘റദ്ദാക്കല്‍ റിപ്പോര്‍ട്ട്’ അല്ലെങ്കില്‍ ‘അണ്‍ട്രേസ്ഡ് റിപ്പോര്‍ട്ട്’ സമര്‍പ്പിക്കാം.
എന്തുകൊണ്ടാണ് കുറ്റപത്രം ‘പൊതുരേഖ’ അല്ലാത്തത്?
ഹര്‍ജിക്കാര്‍ വാദിച്ചപോലെ തെളിവ് നിയമം 74, 76 വകുപ്പുകള്‍ പ്രകാരം കുറ്റപത്രം ഒരു ‘പൊതുരേഖ’ അല്ലാത്തതിനാല്‍ അത് പരസ്യമായി ലഭ്യമാക്കാന്‍ കഴിയില്ലെന്ന് അപേക്ഷ തള്ളിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. ഔദ്യോഗിക സ്ഥാപനങ്ങള്‍, ട്രൈബ്യൂണലുകള്‍, നിയമനിര്‍മാണ, ജുഡീഷ്യല്‍ അല്ലെങ്കില്‍ എക്സിക്യൂട്ടീവ്, ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്ത്, കോമണ്‍വെല്‍ത്ത് അല്ലെങ്കില്‍ വിദേശ രാജ്യങ്ങളിലെയോ പൊതുസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളോ ആണ് തെളിവ് നിയമം 74-ാം വകുപ്പ് പ്രകാരം ‘പൊതു രേഖകള്‍’ ആയി നിര്‍വചിക്കുന്നത്. ഇപ്രകാരം സ്വകാര്യ രേഖയായി സൂക്ഷിച്ചിരിക്കുന്ന രേഖകളും പൊതുരേഖ എന്നതില്‍ ഉള്‍പ്പെടുന്നു.
അതേസമയം, ഇത് സംബന്ധിച്ച രേഖകളുടെ പകര്‍പ്പ് രേഖാമൂലം ആവശ്യപ്പെട്ട് , നിയമപരമായ നിര്‍ദിഷ്ട ഫീസ് അടച്ച് അപേക്ഷ നല്‍കിയവര്‍ക്ക് തെളിവ് നിയമത്തിലെ 76-ാം വകുപ്പ് അനുസരിച്ച് രേഖകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കണം. ഇങ്ങനെ നല്കുന്ന പകര്‍പ്പില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പേര്, തീയതി, മുദ്ര, പദവി എന്നിവയും രേഖപ്പെടുത്തിയിരിക്കണം. 74, 76 വകുപ്പുകള്‍ സംബന്ധിച്ച ധാരണാപിശകുണ്ടായതായി വിധി പ്രസ്താവിക്കുന്നതിനിടെ കോടതി നിരീക്ഷിച്ചു.
തെളിവ് നിയമത്തിലെ 74-ാം വകുപ്പില്‍ പരാമര്‍ശിച്ചിട്ടുള്ളവ മാത്രമേ പൊതുരേഖകളായി നിര്‍വചിച്ചിട്ടുള്ളൂ, അതു മാത്രമേ അതിന്റെ സൂക്ഷിപ്പുകാരനായ ഉദ്യോഗസ്ഥനു സാക്ഷ്യപ്പെടുത്തിയ പകര്‍പ്പായി നല്കാന് സാധിക്കുകയുള്ളൂവെന്നു കോടതി വ്യക്തമാക്കി. തെളിവ് നിയമത്തിലെ 74-ാം വകുപ്പ് പ്രകാരം, കുറ്റപത്രത്തിന്റെ പകര്‍പ്പും അതിന് അനുബന്ധമായ രേഖകളും ‘പൊതു രേഖകള്‍’ ആണെന്നു പറയാനാവില്ല. 74-ാംവകുപ്പ് പ്രകാരം പൊതുരേഖകള്‍ ആയി നിര്‍വചിച്ചിട്ടില്ലാത്ത മറ്റെല്ലാ രേഖകളും തെളിവ് നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം സ്വകാര്യ രേഖകളാണ്.
‘യൂത്ത് ബാര്‍ അസോസിയേഷന് ഓഫ് ഇന്ത്യ വേഴ്സസ് യൂണിയന് ഓഫ് ഇന്ത്യ’ എന്ന കേസിലെ സുപ്രീം കോടതിയുടെ 2016ലെ വിധി ഹര്ജിക്കാരന് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ആ വാദം കോടതി തള്ളി. ബലാത്സംഗം, ലൈംഗികാതിക്രമം ഒഴികെയുള്ള കേസുകളുടെ രജിസ്ട്രേഷന് ചെയ്തു 24 മണിക്കൂറിനുള്ളില്‍ എഫ്ഐആറുകളുടെ പകര്‍പ്പുകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാന്‍ രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളോടും ഈ വിധിയില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ യൂത്ത് ബാര്‍ അസോസിയേഷന് കേസിലെ വിധിയെ കുറ്റപത്രവുമായി ബന്ധപ്പെടുത്താനാകില്ലെന്നു കോടതി വ്യക്തമാക്കി.
നിരപരാധികളായ പ്രതികള്‍ ഉപദ്രവിക്കപ്പെടാതിരിക്കാനും യോഗ്യതയുള്ളവര്‍ക്കു കോടതികളില്‍നിന്ന് ഇളവ് തേടാനും സഹായകമാകുന്നതിനാണ് എഫ്ഐആര്‍ അപ്ലോഡ് ചെയ്യാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്. 2016ലെ വിധിയിലെ നിര്‍ദ്ദേശങ്ങള്‍ എഫ്ഐആറുകള്‍ക്ക് മാത്രം ബാധകമാണെന്നും കുറ്റപത്രത്തിലേക്ക് അവ നീട്ടാന്‍ കഴിയില്ലെന്നും പറഞ്ഞു കോടതി അതു നിരസിച്ചു. ആ കേസിലെ പ്രതികള്‍ക്കനുകൂലമായ നിര്‍ദേശം പുറപ്പെടുവിച്ചതിനാല്‍ പൊതുജനങ്ങളിലേക്ക് അതു വ്യാപിപ്പിക്കാന്‍ കഴിയില്ലെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
രേഖകളുടെ ദുരുപയോഗം സംബന്ധിച്ച് കോടതിയുടെ വിലക്ക് എന്താണ്?
എന്‍ജിഒകളും പൊതുതാല്‍പ്പര്യങ്ങളില്‍ ഇടപെടുന്നവരും ഇതു ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നു കേസ് കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് എം.ആര്.ഷാ ആശങ്ക പ്രകടിപ്പിച്ചു. ”കുറ്റപത്രം എല്ലാവര്ക്കും നല്‍കാനാവില്ല,” ജസ്റ്റിസ് എം.ആര്.ഷാ ജനുവരി ഒമ്പതിന് പറഞ്ഞിരുന്നതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ‘വിജയ് മദന്‍ലാല്‍ ചൗധരി വേഴ്സസ് യൂണിയന് ഓഫ് ഇന്ത്യ’ കേസിന്റെ 2022ലെ വിധിയില്‍ ജസ്റ്റിസ് സി.ടി.രവികുമാര്‍ എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) എഫ്ഐആറിന് തുല്യമല്ലെന്നു വ്യക്തമാക്കി. അതിനാല്‍ 1973ലെ ചട്ടങ്ങള്‍ പ്രകാരം പ്രതിക്ക് അതിന്റെ പകര്‍പ്പ് അനുവദിക്കാനാവില്ലെന്നും വിധിച്ചു. സുപ്രീം കോടതി 2022ലെ വിധിന്യായത്തില്‍ പറഞ്ഞു. അതേ തത്ത്വങ്ങളെ ബാധകമാക്കി ഈ കേസിലും ഇഡി പോലുള്ള അന്വേഷണ ഏജന്‍സികള്‍ക്ക് പൊതുജനങ്ങള്‍ക്ക് കുറ്റപത്രത്തിന്റെ പകര്‍പ്പ് ലഭ്യമാക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.