/indian-express-malayalam/media/media_files/uploads/2023/03/exam.jpg)
Representative Image
രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പാഠ്യേതര വിഷയങ്ങളിൽ മികവ് പ്രകടിപ്പിക്കുന്നവർക്കുള്ള ഗ്രേസ് മാർക്ക് തിരിച്ചു വരുന്നു. നിരവധി മാറ്റങ്ങളോടെയാണ് ഗ്രേസ് മാർക്ക് തിരിച്ചുവരുന്നത്. കോവിഡ് കാരണം കലോത്സവങ്ങൾ, കായിക മത്സരങ്ങൾ എന്നിവയൊന്നും നടക്കാതിരുന്നതിനാൽ കഴിഞ്ഞ രണ്ട് വര്‍ഷമായി ഗ്രേസ് മാർക്കുകൾ നൽകിയിരുന്നില്ല.
ഗ്രേസ് മാർക്ക് നൽകുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാതിരുന്നതിനാൽ പത്ത് ( എസ് എസ് എൽ സി), പ്ലസ് ടു പരീക്ഷാ വിജ്ഞാപനങ്ങളിലും ഗ്രേസ് മാര്‍ക്കിനെക്കുറിച്ച് പരാമര്‍ശിച്ചിരുന്നില്ല. പുതിയ ഉത്തരവ് പ്രകാരം ഗ്രേസ് മാർക്കിൽ പല മാറ്റങ്ങളും വന്നിട്ടുണ്ട്. എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളിൽ പാഠ്യേതരവിഷയങ്ങളില്‍ മികവ് തെളിയിച്ചവർക്കുള്ള പരാമവധി ഗ്രേസ് മാർക്ക് 30 ആയി നിജപ്പെടുത്തിയിരുന്നു.
അക്കാദമിക് മികവ് പുലർത്തുന്നവരെക്കാൾ നേട്ടം, ഗ്രേസ് മാർക്കിന്റെ ആനുകൂല്യത്തോടെ പലർക്കും ലഭിക്കുന്നു എന്ന പരാതി നേരത്തെ ഉയർന്നിരുന്നു. അക്കാദമിക് തലത്തിൽ മികച്ച ഗ്രേഡ് കിട്ടിയവരെ പിന്തള്ളി ഗ്രേസ് മാർക്ക് ലഭിക്കുന്നവർ ആ ആനുകൂല്യത്തിലൂടെ മുന്നിലെത്തുന്ന സാഹചര്യത്തിലാണ് മാനദണ്ഡങ്ങൾ പരിഷ്ക്കരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. ഇത് പ്രകാരം അടിസ്ഥാനപരമായി നിരവധി മാറ്റങ്ങളുമായാണ് ഗ്രേസ് മാർക്ക് തിരിച്ചുവരുന്നത്. ആ മാറ്റങ്ങൾ ഇങ്ങനെയാണ്.
ഗ്രേസ് മാർക്കിന് പരിഗണിക്കുന്നത് എങ്ങനെ?
എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർഥികൾക്ക് വിവിധ മേഖലകളിൽ മികവ് പ്രകടിപ്പിക്കുന്നതിന് ഗ്രേസ് മാർക്ക് ലഭിക്കുന്നുണ്ട് എന്നാലും ഒന്നിലേറെ വിഭാഗങ്ങളിൽ പങ്കെടുത്താൽ അതിൽ എല്ലാത്തിനും ഗ്രേസ് മാർക്ക് ലഭിക്കില്ല. കലാമത്സരത്തിലും കായിക മത്സരത്തിലും പങ്കെടുത്ത ഒരാൾക്ക് അതിൽ ഏതെങ്കിലും ഒന്നിന് മാത്രമേ ലഭിക്കുകയുള്ളൂ. ഏറ്റവും ഉയർന്ന ഗ്രേസ് മാർക്ക് ലഭിക്കുന്ന ഇനമായിരിക്കും അതിന് പരിഗണിക്കുക.
നേരത്തെ, ഗ്രേസ് മാർക്ക് ഉൾപ്പെടെ 100 ശതമാനം മാർക്കും ലഭിക്കുമായിരുന്നു. ഇതു പ്ലസ് വൺ, ഡിഗ്രി പ്രവേശനത്തിൽ യഥാർഥ മെറിറ്റിനെ ബാധിക്കുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു. പുതിയ മാറ്റത്തോടെ ഈ പരാതിക്ക് പരിഹാരമാവുകയും അക്കാദമിക് മെറിറ്റുള്ളവർ പിന്തള്ളപ്പെട്ടുപോകാതിരിക്കുകയും ചെയ്യുമെന്ന് വിദ്യാഭ്യാസവകുപ്പ് അവകാശപ്പെടുന്നു.
പല വിഭാഗങ്ങളിൽ ലഭിക്കുന്ന ഗ്രേസ് മാർക്കുകൾ വ്യത്യസ്തമാണ്. പരമാവധി ലഭിക്കാവുന്ന ഗ്രേസ് മാർക്ക് 30 ഉം ഏറ്റവും കുറവ് മാർക്ക് മൂന്നും ആണ്. അന്താരാഷ്ട്ര തലമത്സരങ്ങൾ വരെ പങ്കെടുക്കുന്നവർക്ക് ഗ്രേസ് മാർക്ക് ലഭിക്കും. ഓരോ വിഭാഗങ്ങളിൽ, വിവിധ തലങ്ങളിൽ വിജയികൾക്ക് ലഭിക്കുന്ന ഗ്രേസ് മാർക്കിന് വ്യത്യാസം ഉണ്ടാകും.
അന്താരാഷ്ട്ര തലത്തിലെ സ്പോർട്സ് വിജയികൾക്കാണ് ഗ്രേസ് മാർക്കിന്റെ പരാമവധിയായ 30 മാർക്കും ലഭിക്കുന്നത്. ദേശീയ തലത്തിലെ മെഡൽ ജേതാക്കൾക്ക് 25 മാർക്കും സംസ്ഥാന തലത്തിലെ ഒന്നാം സ്ഥാനക്കാർക്ക് 20 മാർക്കും ലഭിക്കും. കലോത്സവം, ശാസ്ത്രമേള, എന്നിവയിലെ എ ഗ്രേഡുകാർക്ക് 20 മാർക്കാണ് ലഭിക്കുക. ബി ഗ്രേഡുകാർക്ക് പതിനഞ്ചും സി ഗ്രേഡുകാർക്ക് പത്ത് മാർക്കും ലഭിക്കും. എൻ എസ് എസ് നാഷണൽ ക്യാംപ് അംഗങ്ങൾക്ക് 25 മാർക്ക് നൽകും. സ്കൗട്സ് ആന്റ് ഗൈഡ്സ് രാഷ്ടപതി അവാർഡ് ജേതാക്കൾക്ക് 25 മാർക്കും ലഭിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.
ഓരോ വിഭാഗത്തിലും മികവിന് അനുസരിച്ച് ലഭിക്കുന്ന അനുവദിക്കുന്ന ഗ്രേസ് മാർക്കുകൾ ഇങ്ങനെ
കലോത്സവം, ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയം, ഐടി മേളകൾ,ശാസ്ത്ര സെമിനാർ,സി വി രാമൻ ഉപന്യാസ മത്സരം, ശാസ്ത്ര പ്രോജക്റ്റ്, ശ്രീനിവാസ രാമാനുജൻ സ്മാരക ഗണിത ശാസ്ത്ര പ്രബന്ധ അവതരണം, പത്രവായന മത്സരം, സാമൂഹിക ശാസ്ത്ര ടാലന്റ് സേർച് പരീക്ഷ, സ്പെഷൽ സ്കൂൾ കലോത്സവം, എന്നിവയിലെ സംസ്ഥാനതല മത്സരത്തിലെ വിജയികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കും.
എ ഗ്രേസ് - 20 മാർക്ക്
ബി ഗ്രേഡ് - 15 മാർക്ക്
സി ഗ്രേഡ് - 10 മാർക്ക്
ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം എന്നിവയ്ക്ക് 20,17,14 എന്നിങ്ങനെയാണ് മാർക്കുകൾ ലഭിക്കുന്നത്.
കായിക മത്സരങ്ങൾ
രാജ്യാന്തര മേളകളിലെ പങ്കാളിത്തത്തിന് 30 മാർക്കാണ് ലഭിക്കുന്നത്. ദേശീയതല മെഡലിന് 25 മാർക്കും. പൊതുവിദ്യഭ്യാസ വകുപ്പ് നടത്തുന്നതോ സംസ്ഥാന സ്പോർട് കൗൺസിൽ, കായിക വകുപ്പ് എന്നിവ അംഗീകരിച്ചതോ ആയ അസോസിയേഷനുകൾ നടത്തുന്ന അക്വാറ്റിക്സ്, അത്‌ലറ്റിക്സ് എന്നീ മത്സരങ്ങളിലും ഗെയിംസ് ഇനങ്ങൾക്കും നാലാം സ്ഥാനം വരെ നേടുന്നവർക്ക് ഏഴ് മാർക്ക് വീതം ലഭിക്കും. ജൂനിയർ റെഡ്ക്രോസിന് ലഭിക്കുക 10 മാർക്കാണ്.
സ്കൗട്ട് ആൻഡ് ഗൈഡ്സിലെ ഗ്രേസ് മാർക്ക് വിതരണം ഇങ്ങനെ
80 ശതമാനം ഹാജർ ഉൾപ്പെടെയുള്ള പങ്കാളിത്തം -18, രാജ്യപുരസ്കാർ, മുഖ്യമന്ത്രിയുടെ ഷീൽഡ് -20, രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചവർക്കാണെങ്കിൽ ഗ്രേസ് മാർക്ക് ഉയരും. 25 ആണ് ഇവർക്ക് ലഭിക്കുന്ന മാർക്ക്. അതേസമയം എസ് പി സിക്ക് 20 മാർക്കാണ് ലഭിക്കുന്നത്.
എൻസിസി
75 ശതമാനം ഹാജരുള്ളവർക്ക് 20, കോർപറൽ മുതലുള്ള റാങ്ക് നേടിയവർ, എ, ബി, സി സർട്ടിഫിക്കറ്റുകൾ, വിവിധ ക്യാംപുകളിൽ ( സൈനിക, നേവൽ) പങ്കെടുത്തുവർക്ക് 25 വീതം മാർക്ക് ലഭിക്കും.
എൻഎസ്എസ്
സർട്ടിഫിക്കറ്റുകൾ നേടിയ വോളന്റിയമാർക്ക് ഗ്രേസ് മാർക്ക് 20 ആണ്. ദേശീയ ക്യാംപിലും റിപ്പബ്ലിക് ദിന ക്യാപുകളിലും പങ്കെടുക്കുന്നവർക്ക് 25 ഗ്രേസ് മാർക്ക് ലഭിക്കും.
ബാല ശാസ്ത്ര കോൺഗ്രസ്
സംസ്ഥാന ബാല ശാസ്ത്ര കോൺഗ്രസിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് 15 മാർക്ക് വീതം. ദേശീയതലത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് 25 മാർക്കാണ് ലഭിക്കുന്നത്.
ദക്ഷിണേന്ത്യൻ ശാസ്ത്ര മേളയിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് 22 വീതമാണ് ഗ്രേസ് മാർക്ക്. ജവഹർലാൽ നെഹ്റു ദേശീയ ശാസ്ത്ര മേള -25
ലിറ്റിൽ കൈറ്റ്സ് -15
സർഗേത്സവം- എ ഗ്രേസ് -13
ബി ഗ്രേഡ് - 10
കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അതോറിറ്റിയുടെ ക്വിസ് മത്സരം
ഒന്നാം സ്ഥാനത്തിനു അഞ്ചും രണ്ടാം സ്ഥാനത്തിന് മൂന്നു മാർക്കും ലഭിക്കും.
ബാലശ്രീ അവാർഡിന് 15 മാർക്കും ലഭിക്കും.
8, 9 ക്ലാസുകളിൽ പഠിക്കുമ്പോൾ സംസ്ഥാന തല സ്കൂൾ കലോത്സവത്തിലോ ശാസ്ത്രഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര, പ്രവൃത്തി പരിചയമേളയിലോ പങ്കെടുത്ത് ലഭിക്കുന്ന ഉയർന്ന ഗ്രേഡ്. അത് ഗ്രേസ് മാർക്കിനു പരിഗണിക്കമെങ്കിൽ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തിരിക്കണമെന്നില്ല. പകരം റവന്യൂ ജില്ലാതല മത്സരത്തിൽ അതേ ഇനത്തിൽ എ ഗ്രേഡ് ലഭിച്ചാൽ മതിയാകും എന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.