/indian-express-malayalam/media/media_files/uploads/2021/06/drone100.jpg)
രാജ്യാന്തര അതിർത്തിയിൽ നിന്ന് 14 കിലോമീറ്റർ ദൂരെ ജമ്മുവിലെ വ്യോമസേനാ താവളത്തിന് നേരെ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തെത്തുടർന്ന് രാജ്യത്ത് ഡ്രോൺ പ്രതിരോധ സംവിധാനം അടിയന്തരമായി സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഉയർന്നു വന്നിരിക്കുകയാണ്.
"നിലവിൽ, ഡ്രോണുകളെ വെടിവെച്ചിടുക എന്നത് മാത്രമാണ് സാധ്യമായത്, സ്‌നൈപ്പറും ഡ്രോണും ഒരേ റേഞ്ചിൽ ആണെങ്കിൽ ഇത് പറയുന്നതിനേക്കാൾ ചെയ്യാൻ എളുപ്പമാണ്. അതുപോലെ, രാത്രിയിൽ ഡ്രോണുകളെ കണ്ടെത്തുക എന്നത് എളുപ്പമല്ല" ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു.
ജമ്മുവിലുണ്ടായ ഡ്രോൺ ആക്രമണം ഇന്ത്യയിൽ ആദ്യത്തേത് ആണെങ്കിലും, സൗദി അറേബ്യയിലെ രണ്ടു പ്രധാന എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെ 2019ൽ യെമെനിലെ ഹൂതി വിമതർ നടത്തിയ ആക്രമണമാണ് ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണങ്ങളിൽ ഏറ്റവും വലുത്.
ആളുകളെ ലക്ഷ്യംവെച്ചുള്ള കൊലപാതകങ്ങൾ നടത്തുന്നതിന് പശ്ചിമേഷ്യയിൽ, പ്രത്യേകിച്ച് ഇറാഖിലും സിറിയയിലും അമേരിക്ക ഡ്രോണുകൾ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. 2020ൽ ഇറാഖിലെ ഏറ്റവും ശക്തനായ നേതാവ് കാസിം സുലൈമാനിയെ അമേരിക്ക കൊലപ്പെടുത്തിയത് ഡ്രോൺ ആക്രമണത്തിലൂടെ ആയിരുന്നു. 2018ൽ സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഉപയോഗിച്ചുള്ള കൊലപാതകശ്രമത്തിൽ നിന്നും താൻ രക്ഷപ്പെട്ടതായി വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ പറഞ്ഞിട്ടുണ്ട്.
ഡ്രോൺ ഭീഷണിയെ എങ്ങനെ നേരിടാം?
അൺമാനേഡ് ഏരിയൽ വെഹിക്കിൾസ് (യുഎവി) അഥവാ ഡ്രോൺ എന്നറിയപ്പെടുന്നവയെ പ്രതിരോധിക്കാൻ നിരവധി സ്വകാര്യ പ്രതിരോധ കരാറുകാർ വർഷങ്ങളായി ഓഫ്-ദി ഷെൽഫ് ആന്റി ഡ്രോൺ എന്ന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നുണ്ട്.
റഡാറുകൾ, ഒപ്റ്റിക്, തെർമൽ സെൻസറുകൾ, ഫ്രീക്വൻസി ജാമറുകൾ എന്നിവ ഉപയോഗിച്ച് ഇസ്രയേലിലും അമേരിക്കയിലും ചൈനയിലും ഉള്ള കമ്പനികൾ ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ നിർമിച്ചിട്ടുണ്ട്.
ഈ സംവിധാനങ്ങൾ എങ്ങനെ വേറിട്ടു നിൽക്കുന്നു?
ഇത് ഡ്രോണുയർത്തുന്ന ഭീഷണിയും അതിന്റെ പരിധിയും രീതിയും വിലയിരുത്തി നിർവീര്യമാകുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. ചില സംവിധാനങ്ങൾ ഡ്രോണിന്റെ സാന്നിധ്യം നിരീക്ഷിച്ച് മുന്നറിയിപ്പ് നൽകുമ്പോൾ ചിലത് ലേസറുകളും മിസൈലുകളും സജ്ജമാക്കിയിട്ടുള്ളവയാണ്.
എന്താണ് ഇപ്പോഴുള്ള ഡ്രോൺ പ്രതിരോധ സംവിധാനം?
ഇസ്രായേൽ ഉപയോഗിക്കുന്ന അയൺ ഡോം മിസൈൽ സംവിധാനം നിർമ്മിച്ച റാഫേൽ ഡ്രോൺ ഡോം എന്നൊരു സംവിധാനവും നിർമ്മിച്ചിട്ടുണ്ട്. അയൺ ഡോമിൽ, വരുന്ന മിസ്സൈലുകളെ തിരിച്ചറിഞ്ഞ് തടയുന്നത് പോലെ ഡ്രോൺ ഡോം ഡ്രോണുകളെ തടയും.
“360 ഡിഗ്രി കവറേജ്” വാഗ്ദാനം ചെയ്യുന്ന സ്റ്റാറ്റിക് റഡാറുകൾ, റേഡിയോ ഫ്രീക്വൻസി സെൻസറുകൾ, ക്യാമറകൾ എന്നിവയ്ക്ക് പുറമെ, ശത്രുക്കളായ ഡ്രോണുകളിലേക്ക് അയക്കുന്ന നിർദേശങ്ങളെ തടസ്സപ്പെടുത്താനും ഡ്രോൺ ഓപ്പറേറ്ററിലേക്ക് തിരികെ കൈമാറുന്ന ദൃശ്യങ്ങൾ തടയാനും ഡ്രോൺ ഡോമിന് കഴിയും. ഡ്രോണുകളെ കൃത്യമായി വെടിവെച്ചു താഴെയിടാൻ കഴിയുന്ന ഉയർന്ന ശക്തിയുള്ള ലേസർ ബീമുകളാണ് ഇതിന്റെ പ്രധാന പ്രത്യേകത.
ആളുകൾ താമസിക്കുന്ന സ്ഥലങ്ങളിലും ഇവ വിന്യസിക്കുന്നത് സുരക്ഷിതമാണെന്ന് കമ്പനിയുടെ പ്രമോഷണൽ വീഡിയോകളിലൊന്നിൽ അവകാശപ്പെടുന്നു, “ലേസർ ബീം ലക്ഷ്യത്തിലേക്ക് 100 ശതമാനം ലോക്ക് ചെയ്തിട്ടില്ലെങ്കിൽ അത് ഒരിക്കലും വിടാൻ സാധിക്കില്ല” എന്ന് പറയുന്നു. റാഫേൽ ഉൾപ്പടെ എല്ലാ കമ്പനികളും ഇവ രാത്രിയും എല്ലാവിധ കാലാവസ്ഥകളിലും പ്രവർത്തിക്കുമെന്ന് പറയുന്നു.
Read Also: കടല്‍പരീക്ഷണത്തിനൊരുങ്ങി തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎസി 1; അറിയാം സവിശേഷതകൾ
യുഎസ് ആസ്ഥാനമായുള്ള ഫോർടെം ടെക്നോളജീസും സമാനമായ രീതിയിലാണ് പ്രവർത്തിക്കുന്നത്, എന്നാൽ ശത്രുക്കളുടെ ഡ്രോണുകളെ പിന്തുടരാനും പിടിച്ചെടുക്കാനും ‘ഡ്രോൺഹണ്ടർ’ എന്ന ഒരു ഇന്റർസെപ്റ്റർ ഡ്രോണാണ് അവർ ഉപയോഗിക്കുന്നത്. 'നെറ്റ്ഗൺ" എന്ന ചിലന്തി വലയ്ക്ക് സമാനമായ ഒന്നുപയോഗിച്ചാണ് ഡ്രോൺഹണ്ടർ ഡ്രോണുകളെ പിടിക്കുന്നത്.
സാധാരണ കണ്ടെത്തലിനും നിരീക്ഷണത്തിനുമല്ലാതെ, ഓസ്‌ട്രേലിയൻ കമ്പനിയായ ഡ്രോൺഷീൽഡ് ഉന്നം നിശ്ചയിച്ച് വെടിവെക്കാൻ സാധിക്കുന്ന, കയ്യിൽ കൊണ്ടുനടക്കാവുന്ന ഡ്രോൺ രൂപത്തിലുള്ള ഒന്നും വാഗ്ദാനം ചെയ്യുന്നുണ്ട്. കമ്പനിയുടെ ഡ്രോൺഗൺ ടാക്റ്റിക്കൽ, ഡ്രോൺഗൺ എംകെഐഐ എന്നിവ റേഡിയോ ഫ്രീക്വൻസിയിൽ തകരാറുണ്ടാക്കുകയും, അത് ശത്രുക്കളുടെ ഡ്രോണിന്റെ വീഡിയോയെ തടസ്സപ്പെടുത്തുകയും അതിനെ അവിടെ തന്നെ ഇറങ്ങാനോ ഓപ്പറേറ്ററിലേക്ക് മടങ്ങാനോ നിർബന്ധിതമായ അവസ്ഥയിലെത്തിക്കും.
ഇവയ്ക്ക് എന്ത് വില വരും?
ഡ്രോൺ ഡിറ്റക്ഷൻ മേഖലയിലെ ഒരു കമ്പനിയും ഇവയുടെ വില വെബ്‌സൈറ്റിൽ നൽകിയിട്ടില്ല. ആവശ്യക്കാരുടെ താല്പര്യത്തിനനുസരിച്ചും എത്രത്തോളം സുരക്ഷ വേണമെന്നതിനെ ആശ്രയിച്ചും നിർമിക്കുമ്പോൾ വില നൂറോ ആയിരമോ ഡോളറുകളിൽ നിന്ന് മില്യണിലേക്ക് വരെ എത്തിയേക്കാം.
എന്നിരുന്നാലും, ചൈന ആസ്ഥാനമായുള്ള ഡിജെഐ കമ്പനി 2020ൽ ഇറക്കിയ ഒരു പത്രക്കുറിപ്പിൽ ഇവയ്ക്ക് എത്രമാത്രം തുക ചിലവാകും എന്നതിനെക്കുറിച്ചുള്ള ധാരണ നൽകിയിരുന്നു. "340,000 ഡോളറിന്റെ ഡ്രോൺ ഡിറ്റക്ഷൻ സിസ്റ്റവും വാർഷിക പരിപാലനത്തിന് 44,000 ഡോളറും" ആണ് അന്ന് അതിൽ കമ്പനി പറഞ്ഞിരുന്നത്.
ഇന്ത്യക്ക് തദ്ദേശീയമായി ഒരു പരിഹാരം ഉണ്ടോ?
ഉണ്ട്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഒരു ‘ആന്റി ഡ്രോൺ സിസ്റ്റം’ വികസിപ്പിച്ചിട്ടുണ്ട്, ഇത് ഈ വർഷം വിന്യസിക്കുമെന്ന് പ്രതിരോധ മന്ത്രാലയം മാർച്ചിൽ വാർത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
ഈ സിസ്റ്റത്തിന്റെ കഴിവ് സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമല്ലാതെ തുടരുമ്പോഴും, 2020 ൽ അന്ന് യുഎസ് പ്രസിഡന്റ് ആയിരുന്ന ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശന വേളയിൽ ഇത് ഉപയോഗിച്ചിരുന്നു. വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ട് പ്രകാരം, അന്ന് അഹമ്മദാബാദിൽ നടന്ന 22 കിലോ മീറ്റർ റോഡ് ഷോക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി ഈ സംവിധാനം ഉപയോഗിച്ചിരുന്നു.
അതേവർഷം തന്നെ സ്വതന്ത്ര ദിനത്തിൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടയിലും ഈ സംവിധാനം ഉപയോഗിച്ചിരുന്നു. വാർത്താ ഏജൻസിയായ എഎൻഐ പറയുന്നതനുസരിച്ച്, ഡ്രോൺ പ്രതിരോധ സംവിധാനത്തിന് 3 കിലോമീറ്റർ ദൂരത്ത് വരെയുള്ള ഡ്രോണുകൾ കണ്ടെത്താനും ജാം ചെയ്യാനും, 1 മുതൽ 2.5 കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളിൽ ലേസർ ഉപയോഗിച്ച് വെടിയുതിർക്കാനും സാധിക്കും.
മാർച്ചിൽ, അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസ് ലിമിറ്റഡ് ആന്റി ഡ്രോൺ സംവിധാനം സർക്കാർ ഏജൻസികൾക്ക് പ്രദർശിപ്പിച്ചെന്ന് സിഎൻബിസി-ടിവി 18 റിപ്പോർട്ട് ചെയ്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.