കൊച്ചി: ഇന്ത്യ തദ്ദേശമായി നിര്‍മിച്ച ആദ്യ വിമാനവാഹിനിക്കപ്പല്‍ ഐഎസി 1 അഥവാ ഐഎൻഎസ് വിക്രാന്ത് കൊച്ചിൻ ഷിപ്‌യാർഡ് ലിമിറ്റഡ് നാവികസേനയ്ക്കു കൈമാറിയിരിക്കുകയാണ്. കപ്പൽ ഓഗസ്റ്റിൽ ഔദ്യോഗികമായി നാവിക സേനയുടെ ഭാഗമാകും.
76 ശതമാനത്തിലധികം ഭാഗങ്ങളും തദ്ദേശീയമായി നിർമിച്ച ഇന്ത്യയുടെ പ്രഥമ വിമാനവാഹിനി കപ്പലാണ് ഐഎഎസി. ഐ.എ.സിയുടെ നിർമാണം പൂർത്തിയായതോടെ തദ്ദേശീയമായി വിമാനവാഹിനി കപ്പൽ രൂപകൽപ്പന ചെയ്ത് നിർമിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടിരിക്കുകയാണ്.
എന്താണ് ഐഎസി 1?
രാജ്യത്ത് ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും വലിയ കപ്പലാണ് ഐഎസി 1. അടുത്ത വര്‍ഷം കമ്മിഷന്‍ ചെയ്യുന്ന കപ്പല്‍ അതിനുശേഷം ഐഎന്‍എസ് വിക്രാന്ത് എന്നാണ് അറിയപ്പെടുക. ഡീകമ്മിഷന്‍ ചെയ്ത വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ പേര് നിലനിര്‍ത്താനാണിത്.
നിര്‍മാണം ആരംഭിച്ച് 12 വര്‍ഷത്തിനുശേഷമാണ് ഐഎസി 1 കടല്‍ പരീക്ഷണത്തിന് ഇറങ്ങിയിരിക്കുന്നത്. 2009 ഫെബ്രവരിയിൽ കീലിട്ട കപ്പല്‍ 2018ല്‍ പൂര്‍ത്തിയാവേണ്ടതായിരുന്നു. പല കാരണങ്ങളാല്‍ നിര്‍മാണം നീളുകയായിരുന്നു. 2013ലായിരുന്നു നീറ്റിലിറക്കിയത്. 2002ലാണു വിമാന വാഹിനിക്കപ്പൽ നിർമാണ പദ്ധതിക്കു കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയത്.
കഴിഞ്ഞവര്‍ഷം നവംബര്‍ അവസാനം കപ്പലിന്റെ ബേസിന്‍ ട്രയല്‍ നടത്തിയിരുന്നു. കടല്‍ പരീക്ഷണത്തിനുമുന്നോടിയായി കപ്പല്‍ ഓടിച്ചുകൊണ്ട, യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും പരീക്ഷണമാണ് അന്ന് കപ്പല്‍നിര്‍മാണശാലയോട് ചേര്‍ന്ന് നടത്തിയത്.

262 മീറ്റര്‍ നീളം, 1600 നാവികര്‍
262 മീറ്റര്‍ നീളവും 62 മീറ്റർ വീതിയുമുള്ള സൂപ്പർ സ്ട്രക്ചർ ഉൾപ്പെടെ 59 മീറ്റർ ഉയരവുമുള്ള ഐഎസി 1ന് 100 ഓഫിസർ ഉൾപ്പെടെ ആയിരത്തി ഏഴുന്നൂറോളം നാവികരെ ഉള്‍ക്കൊളളാനാവും. വലുപ്പം വച്ച് നോക്കുമ്പോൾ മൂന്ന് ഫുട്ബോൾ മൈതാനങ്ങളോളം വരും.
റഷ്യന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മിച്ച കപ്പലിന് മണിക്കൂറില്‍ 28 നോട്ടിക്കല്‍ മൈല്‍ മൈൽ വേഗതയും 18 മൈൽ ക്രൂയിസിങ് വേഗതയും 7,500 മൈൽ ദൂരം പോകുവാനുള്ള ശേഷിയുമുണ്ട്.
കപ്പൽ നിർമാണത്തിന് 20,000 ടൺ ഉരുക്കാണ് ആവശ്യമായി വന്നത്. ഇതു മുഴുവനായും ഇന്ത്യയിലാണ് ഉൽപ്പാദിപ്പിച്ചത്. യന്ത്രഭാഗങ്ങളുടെ 70 ശതമാനവും മറ്റ് ഉപകരണങ്ങളുടെ 80 ശതമാനവും നിർമിച്ചതും തദ്ദേശീയമായി തന്നെ.
ബെംഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍ ലിമിറ്റഡ് (ബിഎച്ച്ഇഎല്‍) ആണ് കപ്പലിന്റെ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സംവിധാനം (ഐ.പി.എം.എസ്.) ഒരുക്കുന്നത്.
14 ഡക്കുകളാണ് കപ്പലിനുള്ളത്. ഇവയിലായി ഫ്ളെെറ്റ് ഡെക്കിനു മുകളിലായി സൂപ്പർ സ്ട്രക്ചറിലായി അഞ്ചും താഴെയായി ഒൻപതും ഡെക്കുകൾ. വിമാനങ്ങൾ സൂക്ഷിക്കുന്ന ഹാങ്ങർ ആണ് ഒരു ഡെക്ക്. ഇതിൽ ഒരേ സമയം 20 വിമാനം സൂക്ഷിക്കാം. ഹാങ്ങറിൽനിന്ന് ലിഫ്റ്റ് വഴിയാണ് വിമാനങ്ങൾ ഫ്ളെറ്റ് ഡെക്കിലെത്തിക്കുക.

മൊത്തം ഡെക്കുകളിലായി 2300 കമ്പാര്‍ട്ട്മെന്റുകളാണുള്ളത്. ഇതിൽ 1850 എണ്ണം നാവികരുടെ താമസത്തിനും ഓഫിസ് ആവശ്യത്തിനും മറ്റ് ആവശ്യങ്ങൾക്കും വേണ്ടിയുള്ളതാണ്. വനിതാ ഓഫീസർമാർക്ക് വേണ്ടി പ്രത്യേക ക്യാബിനുകളുണ്ട്. ഇവ കഴിഞ്ഞുള്ള ക്യാബിനുകളിലാണ് യുദ്ധോപകരണങ്ങളും മറ്റും സൂക്ഷിക്കുക. കപ്പലിലാകെ ഉപയോഗിച്ചിരിക്കുന്നത് 2100 കിലോ മീറ്റര്‍ കേബിള്‍.
30 വിമാനങ്ങള്‍ വഹിക്കാൻ ശേഷി
ഇരുപതിനായിരത്തോളം കോടി രൂപ നിര്‍മാണച്ചെലവുള്ള ഐഎസി 1 പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നതോടെ 30 വിമാനങ്ങള്‍ വഹിക്കാനാവും. 20 ഫൈറ്റര്‍ ജെറ്റുകളും 10 ഹെലികോപ്ടറും ഉള്‍പ്പെടെയാണിത്. മിഗ്-29കെ, നാവിക സേനയുടെ എല്‍.സി.എ. എയര്‍ക്രാഫ്റ്റ് എന്നിവ വഹിക്കാനുള്ള സൗകര്യമുണ്ടാകും.
മൊത്തം മൂന്ന് റൺവേയാണ് വിമാനത്തിലുള്ളത്. ഇവയിൽ രണ്ടെണ്ണം വിമാനങ്ങൾ പറന്നുയരാനുള്ളതാണ്. യഥാക്രമം 203 ഉം 141 ഉം മീറ്ററാണ് ഈ റൺവേകളുടെ നീളം. ഇറങ്ങാനുള്ള റൺവേയുടെ നീളം 190 മീറ്ററാണ്. നീളം കുറഞ്ഞ റൺവേയിൽ ആവശ്യമായ ഷോര്‍ട്ട് ടേക്ക് ഓഫ് ബട്ട് അറസ്റ്റഡ് ഡെലിവറി (എസ്ടിഒബിഎആര്‍.) സംവിധാനവുമുണ്ടാകും.
യന്ത്രസാമഗ്രികൾ, കപ്പൽ നാവിഗേഷൻ, അതിജീവനം എന്നിവയ്ക്കായി വളരെ ഉയർന്ന നിലവാരമുള്ള യന്ത്രവൽകൃത സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇന്ത്യയുടെ ആവശ്യകതയ്ക്ക് ഐഎസി 1 മാത്രം മതിയാകുമോ?
വിമാനവാഹിനിക്കപ്പലുകളുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍സ് വിക്രമാദിത്യ, ഐഎൻഎസ് വിരാട് എന്നീ വിമാനവാഹിനിക്കപ്പലുകളാണ് ഇന്ത്യന്‍ നാവികസേനയ്ക്കു നേരത്തെ ഉണ്ടായിരുന്നത്. നിലവില്‍ ഐഎന്‍എസ് വിക്രമാദിത്യ മാത്രമാണ് സേവനത്തിലുള്ളത്.

ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് 1971 ലെ യുദ്ധത്തിൽ പാക്കിസ്ഥാൻ നാവികസേനയുടെ നീക്കം ബംഗാൾ ഉൾക്കടലിൽ ചെറുത്തതിലൂടെ ഇന്ത്യൻ നാവിക ചരിത്രത്തിൽ ഗംഭീര ഏടാണ് എഴുതിച്ചേർത്തത്. 1957ൽ ബ്രിട്ടനിൽനിന്നു വാങ്ങിയ എച്ച്എംഎസ് ഹെർക്കുലിസ് എന്ന വിമാന വാഹിനിക്കപ്പൽ 1961ലാണ് ഐഎൻഎസ് വിക്രാന്ത് എന്ന പേരിൽ കമ്മിഷൻ ചെയ്‌തത്.
1997 ജനുവരി 31നു ഡീകമ്മിഷന്‍ ചെയ്തു. 2012 വരെ മുംബൈയിൽ നാവിക മ്യൂസിയമായി സൂക്ഷിച്ച ഈ കപ്പൽ 2014ൽ ലേലത്തിൽ വിറ്റു. തുടർന്ന് സുപ്രീം കോടതി അനുമതി നൽകിയതോടെ പൊളിക്കുകയായിരുന്നു. ഈ കപ്പലിനു പകരമായാണ് ഐഎസി 1 വരുന്നത്.
210 മീറ്റർ നീളവും 39 മീറ്റർ വീതിയുമുണ്ടായിരുന്ന പഴയ ഐഎൻഎസ് വിക്രാന്തിന് 25 നോട്ടിക്കൽ മൈലായിരുന്നു വേഗം. ഹെലികോപ്റ്ററുകൾ ഉൾപ്പെട 21-23 വിമാനങ്ങളെ വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു.
ബ്രിട്ടീഷ് റോയൽ നേവിയുടെ ഭാഗമായിരുന്ന എച്ച്എംഎസ് ഹെർമസ് വിമാനവാഹിനിക്കപ്പലാണ് ഐഎൻഎസ് വിരാട് ആയി ഇന്ത്യൻ സേനയിൽ അവതരിച്ചത്. 1959ൽ നിർമിച്ച കപ്പൽ 1984ൽ ബ്രിട്ടൻ ഡികമ്മിഷൻ ചെയ്ത്, 1987ൽ ഇന്ത്യയ്ക്കു വിൽക്കുകയായിരുന്നു. തുടർന്ന് 30 വർഷത്തോളം ഐഎൻഎസ് വിരാടായി ഇന്ത്യൻ സേനയുടെ ഭാഗമായ കപ്പലിന്റ അവസാന യാത്ര 2016 ജൂലെെ 23ന് മുംബൈയിൽനിന്ന് കൊച്ചിയിലേക്കായിരുന്നു. 2017 മാർച്ച് ആറിന് ഡീകമ്മിഷൻ ചെയ്തു. തുടർന്ന് വിറ്റ കപ്പൽ പൊളിക്കാൻ ഈ വർഷം ഏപ്രിൽ 12നു സുപ്രീം കോടതി അനുമതി നൽകിയിരുന്നു.
226.5 മീറ്റർ നീളമുണ്ടായിരുന്ന കപ്പലിന് 48.78 മീറ്റർ വീതിയാണുണ്ടായിരുന്നത്. 28 നോട്ടിക്കൽ മൈലായിരുന്നു വേഗം. ഹെലികോപ്റ്ററുകൾ ഉൾപ്പെട 26 വിമാനങ്ങളെ വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു.
നിലവിൽ സേവനത്തിലുള്ള ഐഎൻഎസ് വിക്രമാദിത്യ റഷ്യയിൽനിന്നു വാങ്ങിയതാണ്. 1987ൽ നിർമിച്ച കപ്പൽ അഡ്മിറൽ ഗോർഷ്കോവ് എന്ന പേരിൽ 1996 വരെ റഷ്യൻ സേനയുടെ ഭാഗമായിരുന്നു ഈ കപ്പൽ. 2004ലാണ് കപ്പൽ ഇന്ത്യ വാങ്ങുന്നത്. 2013 നവംബർ 13നു കമ്മിഷൻ ചെയ്ത കപ്പൽ 2014 ജൂൺ 14നാണ് ഐഎൻഎസ് വിക്രമാദിത്യ എന്ന പേരിൽ ഇന്ത്യൻ സേനയുടെ ഭാഗമായത്. 284 മീറ്റർ നീളവും 61 മീറ്റർ വീതിയുമുള്ള ഈ കപ്പലിന് 22 ഡക്കാണുള്ളത്. 30 നോട്ടിക്കൽ വേഗത്തിൽ സഞ്ചരിക്കാനാവുന്ന കപ്പലിന് ഹെലികോപ്റ്ററുകൾ ഉൾപ്പെടെ 36 വിമാനങ്ങളെ വഹിക്കാനാവും.
മൂന്ന് വിമാനവാഹിനിക്കപ്പലുകളുടെ സേവനമാണ് നാവികസേനയ്ക്ക് ഉടന്‍ ആവശ്യമുള്ളത്. മൂന്നാമതൊരു കപ്പലെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് നാവികസേനയുടെ പ്രതീക്ഷ.