scorecardresearch

കേന്ദ്ര സർവകലാശാല പ്രവേശനത്തിന് പ്രവേശന പരീക്ഷ; എങ്ങനെ, എന്തുകൊണ്ട്?

കേന്ദ്രസർവകലാശാലകളിലേക്കുള്ള പ്രവേശനത്തിന് സർക്കാർ പൊതു പ്രവേശന പരീക്ഷ പ്രഖ്യാപിച്ചു. എന്തുകൊണ്ടാണ് ഇത്, എങ്ങനെയായിരിക്കും പരീക്ഷ?

കേന്ദ്രസർവകലാശാലകളിലേക്കുള്ള പ്രവേശനത്തിന് സർക്കാർ പൊതു പ്രവേശന പരീക്ഷ പ്രഖ്യാപിച്ചു. എന്തുകൊണ്ടാണ് ഇത്, എങ്ങനെയായിരിക്കും പരീക്ഷ?

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കേന്ദ്ര സർവകലാശാല പ്രവേശനത്തിന് പ്രവേശന പരീക്ഷ; എങ്ങനെ, എന്തുകൊണ്ട്?

രാജ്യത്തെ 45 കേന്ദ്ര സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി) നിർബന്ധമാണെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.

എന്തിനാണ് ഒരു പൊതു പ്രവേശന പരീക്ഷ?

Advertisment

ഉന്നതവിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന കുട്ടികളുടെ എളുപ്പത്തിന്, ഒന്നിലധികം പ്രവേശന പരീക്ഷകൾ മാറ്റി പകരം ഒരൊറ്റ പരീക്ഷ നടത്താനുള്ള ശ്രമങ്ങൾ പല സർക്കാരുകളും വർഷങ്ങളായി നടത്തിയിട്ടുണ്ട്. വാസ്തവത്തിൽ സിയുഇടി പുതിയ പരീക്ഷയല്ല. രണ്ടാം യുപിഎ സർക്കാരിന്റെ കീഴിൽ 2010ൽ സെൻട്രൽ യൂണിവേഴ്‌സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സിയുസിഇടി) ആരംഭിച്ചിരുന്നു, എന്നാൽ കഴിഞ്ഞ വർഷം വരെ 14 കേന്ദ്ര സർവ്വകലാശാലകൾ മാത്രമേ ഇത് സ്വീകരിച്ചിരുന്നുള്ളൂ.

സിയുസിഇടിയുടെ നവീകരിച്ച പതിപ്പാണ് സിയുഇടി, 45 കേന്ദ്ര സർവ്വകലാശാലകൾക്കും ഇത് ഇപ്പോൾ നിർബന്ധമാണ്. സർവകലാശാലാ പ്രവേശനത്തിന് പ്രവേശന പരീക്ഷ വേണമെന്ന് പറയുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.

ഡൽഹി സർവകലാശാല പോലെയുള്ള കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനെ ഇത് എങ്ങനെ ബാധിക്കും?

Advertisment

ഡൽഹി സർവകലാശാലയിലെ പ്രവേശനത്തിന് വേണ്ടിയിരുന്ന ഉയർന്ന കട്ട് ഓഫ് മാർക്ക് ഇനി ചരിത്രമാകും. ഒരു വിദ്യാർത്ഥിയുടെ ബോർഡ് പരീക്ഷയിലെ മാർക്ക് അടിസ്ഥാനത്തിൽ ആയിരിക്കില്ല ഇനി പ്രവേശനം. അത് അവരുടെ സിയുഇടി മാർക്കിനെ അടിസ്ഥാനമാക്കിയായിരിക്കും. സർവകലാശാലകൾക്ക് അഡ്മിഷനുള്ള ഏറ്റവും കുറഞ്ഞ യോഗ്യതയായി ബോർഡ് മാർക്ക് ഉപയോഗിക്കാനാവും.

സംഗീതം, പെയിന്റിങ്, ശിൽപകല, നാടകം തുടങ്ങിയ നൈപുണ്യ അധിഷ്ഠിത കോഴ്‌സുകൾക്ക്, സിയുഇടിക്കൊപ്പം പ്രാക്ടിക്കൽ പരീക്ഷകളോ അഭിമുഖങ്ങളോ നടത്താൻ സർവകലാശാലകളെ അനുവദിക്കും. എൻജിനീയറിങ്, എംബിബിഎസ് തുടങ്ങിയ പ്രൊഫഷണൽ പ്രോഗ്രാമുകൾക്ക് ജെഇഇ (മെയിൻ), നീറ്റ് എന്നീ പ്രവേശന പരീക്ഷകളിലൂടെ തന്നെയാവും പ്രവേശനം.

പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയിലെ പ്രകടനത്തിന് വെയിറ്റേജ് നൽകരുതെന്ന് സർക്കാർ തീരുമാനിച്ചത് എന്തുകൊണ്ട്?

വിവിധ ബോർഡുകൾ സ്വീകരിക്കുന്ന മൂല്യനിർണ്ണയ രീതികളിലെ വൈവിദ്ധ്യം കാരണമാണ് പ്രവേശനത്തിന് ബോർഡ് മാർക്ക് ഉപയോഗിക്കുന്നതിനെ സർക്കാർ അനുകൂലിക്കാതിരുന്നത്. "ചില ബോർഡുകൾ വിദ്യാർത്ഥികൾക്ക് ഉദാരമായി മാർക്ക് നൽകുന്നുണ്ട്. ഇത് ആ വിദ്യാർത്ഥികൾക്ക് കൂടുതൽ ആനുകൂല്യം നൽകും" ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ആരാണ് സിയുഇടി നടത്തുക, എപ്പോൾ നടത്തും?

ജെഇഇ (മെയിൻ),യുജിസി -നെറ്റ് തുടങ്ങിയ പ്രവേശന പരീക്ഷകൾ നടത്തുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) എല്ലാ കേന്ദ്ര സർവകലാശാലകളിലും ജൂലൈ ആദ്യവാരം സിഇയുടി നടത്തും. രണ്ട് ഷിഫ്റ്റുകളിലായി കംപ്യൂട്ടറിലാകും പരീക്ഷ. ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഉറുദു, ആസാമീസ്, ബംഗാളി, പഞ്ചാബി, ഒഡിയ, ഇംഗ്ലീഷ് എന്നീ 13 ഭാഷകളിൽ പരീക്ഷ എഴുതാം. എന്നാൽ സിയുഇടി ഒറ്റ ദിവസം ആയിരിക്കുമോ രണ്ട് ദിവസമായിരിക്കോ എന്ന് വ്യകതമല്ല.

ഏപ്രിൽ ആദ്യ വാരം രജിസ്‌ട്രേഷൻ ആരംഭിക്കും. എന്നാൽ ജെഇഇ (മെയിൻ) പോലെ പ്രവേശനത്തിന് പൊതുവായ കൗൺസലിങ് ഉണ്ടാകില്ല. എൻ‌ടി‌എ തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കി ഓരോ സർവകലാശാലയ്ക്കും പ്രവേശന പ്രക്രിയ നിർവചിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഭാവിയിൽ ജോയിന്റ് കൗൺസിലിങ് ഉണ്ടാവാനുള്ള സാധ്യത യുജിസി ചെയർമാൻ എം.ജഗദേഷ് കുമാർ തള്ളിക്കളയുന്നില്ല.

സിയുഇടി പരീക്ഷയിൽ വരുന്നത്?

മൂന്നര മണിക്കൂർ ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയിൽ എൻസിഇആർടി സിലബസിനെ അടിസ്ഥാനമാക്കിയുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂവെന്ന് യുജിസി ചെയർമാൻ പറഞ്ഞു. സിയുഇടി പ്രധാനമായും മൂന്ന് ഭാഗങ്ങളായിരിക്കും.

ആദ്യഭാഗം അവർ തിരഞ്ഞെടുത്ത ഭാഷ സംബന്ധിച്ചാകും. ഇതിൽ വായനാ, പദാവലിയെക്കുറിച്ചുള്ള ചോദ്യങ്ങൾ, പര്യായങ്ങൾ, വിപരീതപദങ്ങൾ എന്നിവ ഉൾപ്പെടും. 13 ഭാഷകളിൽ നിന്ന് ഏതും തിരഞ്ഞെടുക്കാം. ഇതിനു പുറമേ, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, നേപ്പാളി, പേർഷ്യൻ, ഇറ്റാലിയൻ, അറബിക്, സിന്ധി, കശ്മീരി, കൊങ്കണി, ബോഡോ, ഡോഗ്രി, മൈഥിലി, മണിപ്പൂരി, സന്താലി, ടിബറ്റൻ, ജാപ്പനീസ്, റഷ്യൻ, ചൈനീസ് എന്നിവയിൽ നിന്ന് ഒരു ഓപ്‌ഷണൽ ലാംഗ്വേജ് കൂടി തിരഞ്ഞെടുക്കാം.

സിയുടിഇയുടെ രണ്ടാം ഭാഗം അവർ തിരഞ്ഞെടുക്കുന്ന വിഷയത്തെ കുറിച്ചുള്ള അറിവ് പരിശോധിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതാണ്. ആകെ 27 വിഷയങ്ങളാണ് ഉള്ളത്, ഒരാൾക്ക് ആറ് വിഷയത്തിൽ വരെ പരീക്ഷ എഴുതാം. ഓരോ പ്രോഗ്രാമിനായി ഒരു വിദ്യാർത്ഥി ഏത് പരീക്ഷ എഴുതണമെന്ന് കേന്ദ്ര സർവകലാശാലകൾ വ്യക്തമാക്കും.

സിയുടിയുടെ രണ്ടാം ഭാഗത്തിൽ പറയുന്ന 27 വിഷയങ്ങൾ ഇവയാണ്, അക്കൗണ്ടൻസി/ ബുക്ക് കീപ്പിംഗ്, ബയോളജി/ ബയോളജിക്കൽ സ്റ്റഡീസ്/ ബയോടെക്‌നോളജി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്/ ഇൻഫോർമാറ്റിക്‌സ് പ്രാക്ടീസ്, ഇക്കണോമിക്‌സ്/ ബിസിനസ് ഇക്കണോമിക്‌സ്, എഞ്ചിനീയറിംഗ് ഗ്രാഫിക്‌സ്, എന്റർപ്രണർഷിപ്പ്, ഹിസ്റ്ററി, ഹോം സയൻസ്, ലീഗൽ സ്റ്റഡീസ്, കൊമേർഷ്യൽ ആർട്സ്, ഗണിതം, ഫിസിക്കൽ എജ്യുക്കേഷൻ/ എൻസിസി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സോഷ്യോളജി, ടീച്ചിംഗ് ആപ്റ്റിറ്റ്യൂഡ്, അഗ്രികൾച്ചർ, മാസ് മീഡിയ/ മാസ് കമ്മ്യൂണിക്കേഷൻ, ആന്ത്രോപോളജി, ഫൈൻ ആർട്സ്, പെർഫോമിംഗ് ആർട്സ്, സംസ്കൃതം.

പ്രവേശന പരീക്ഷയുടെ മൂന്നാം ഭാഗത്തിൽ പൊതുവിജ്ഞാനം, സമകാലിക സംഭവങ്ങൾ, മെന്റൽ എബിലിറ്റി, ന്യൂമറിക്കൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് റിസണിങ്, ലോജിക്കൽ ആൻഡ് അനലിറ്റിക്കൽ റിസണിങ് എന്നിവയാണ്.

നിർബന്ധിത ഭാഷാ പരീക്ഷയ്‌ക്ക് പുറമെ, മറ്റ് പരീക്ഷകൾ ഓരോ വിഷയത്തിനും ആവശ്യമായ നിലയ്ക്ക് സർവകലാശാലകൾക്ക് തീരുമാനിക്കാനാകും. അതായത് ഒരു സർവകലാശാലയ്ക്ക് ഒരു വിഷയത്തിലേക്കുള്ള പ്രവേശനത്തിന് ഭാഷ പരീക്ഷയും പൊതുവിജ്ഞാനം സംബന്ധിച്ച പരീക്ഷയും മാത്രം നടത്താനാകും.

എന്തുകൊണ്ടാണ് സിയുഇടി കേന്ദ്ര സർവകലാശാലകൾക്ക് മാത്രമായി പരിമിതപ്പെടുന്നത്?

നിലവിൽ കേന്ദ്ര സർവകലാശാലകൾക്ക് മാത്രമാണ് സിയുഇടി നിർബന്ധം. എന്നാൽ സ്വകാര്യ സർവകലാശാലകൾ ഉൾപ്പെടെ മറ്റിടങ്ങളിലും പരീക്ഷ നടത്താൻ സർക്കാർ തയ്യാറാണ്.

കേന്ദ്ര സർവകലാശാലകളിലെ ബിരുദാനന്തര പ്രവേശനത്തിന്?

സിയുഇടിയിലൂടെ ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് പ്രവേശനം നടത്തുന്നത് കേന്ദ്ര സർവകലാശാലകൾക്ക് നിർബന്ധമല്ല. അതിനാൽ, പിജി പ്രവേശനത്തിനായി സിയുഇടി സ്വീകരിക്കാനോ അല്ലെങ്കിൽ ഇപ്പോഴത്തെ പ്രക്രിയയിൽ ഉറച്ചുനിൽക്കാനോ കഴിയും.

Also Read: എപ്പോഴാണ് ഒരു സിനിമയെ നികുതി രഹിതമായി പ്രഖ്യാപിക്കുന്നത്? എന്താണ് അതിന്റെ ഗുണം?

Ugc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: