‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത ലഭിക്കുകയും രാഷ്ട്രീയ പിന്തുണ ലഭിക്കുകയും ചെയ്തതോടെ ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ, കർണാടക, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളാണ് സിനിമയെ നികുതി രഹിതമായി പ്രഖ്യാപിച്ചത്.
വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം, കശ്മീരിലെ കലാപങ്ങളെ തുടർന്ന് അവിടം വിടേണ്ടി വന്ന കശ്മീരി പണ്ഡിറ്റുകളുടെ ജീവിതമാണ് പറയുന്നത്. മാർച്ച് 11നാണ് ചിത്രം റിലീസ് ചെയ്തത്. സിനിമയെ നികുതിരഹിതമാക്കുന്നതിലൂടെ ടിക്കറ്റിന്റെ വിലകുറയും. കൂടുതൽ പേർക്ക് ചിത്രം കാണാനാകും.
ഒരു സിനിമയെ നികുതി രഹിതമായി പ്രഖ്യാപിക്കാനുള്ള യോഗ്യത എന്താണ്?
അമിതാഭ് ബച്ചനെ നായകനാക്കി നാഗ്രാജ് മഞ്ജുളെ സംവിധാനം ചെയ്ത് ഈ മാസം ആദ്യം റിലീസ് ചെയ്ത ജുണ്ടിന്റെ നിർമ്മാതാക്കളിലൊരാളായ സവിത രാജ് ഹിരേമത്ത് അടുത്തിടെ, “വലിയ പ്രശംസ നേടിയ ഒരു വലിയ സന്ദേശം നൽകുന്ന,” തന്റെ സിനിമയെ നികുതി രഹിതമാക്കുന്നില്ല എന്ന് സോഷ്യൽ മീഡിയയിലൂടെ പരാതി ഉന്നയിച്ചിരുന്നു.
ഒരു സിനിമയെ നികുതി രഹിതമാക്കുന്നതിന് നിശ്ചിത മാനദണ്ഡങ്ങളൊന്നുമില്ല എന്നതാണ് വസ്തുത. നികുതി വരുമാനം ഉപേക്ഷിക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാരുകൾ സിനിമകൾക്ക് അനുസൃതമായാണ് നൽകുന്നത്, സിനിമ സംവദിക്കുന്ന വിഷയത്തിന്റെ പ്രാധാന്യം കൂടി കണക്കിലെടുത്തവും ഇത്.
ഒരു പൊതുനിയമം എന്ന നിലയിൽ, ഒരു സിനിമ സാമൂഹിക പ്രസക്തിയുള്ളതും പ്രചോദനാത്മകവുമായ വിഷയം സംസാരിക്കുന്നുണ്ടെങ്കിൽ, അത് കൂടുതൽ പ്രേക്ഷകർക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന സർക്കാരുകൾ ചില സമയങ്ങളിൽ അവയെ നികുതിയിൽ നിന്ന് ഒഴിവാക്കാറുണ്ട്.
മറ്റ് സിനിമകളെ അപേക്ഷിച്ച് നികുതി രഹിതമായ സിനിമ കാണുന്നത് എത്രമാത്രം ചെലവ് കുറഞ്ഞതാണ്?
ചരക്ക് സേവന നികുതി (ജിഎസ്ടി) 2017-ൽ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ്, സംസ്ഥാന സർക്കാരുകൾ വിനോദ നികുതി ചുമത്തിയിരുന്നു, അത് ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരുന്നു, മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് കൂടുതലായിരുന്നു. ഒരു സിനിമയ്ക്ക് നികുതിയിളവ് പ്രഖ്യാപിക്കുമ്പോൾ, വിനോദ നികുതി ഒഴിവാവുകയും, ടിക്കറ്റ് വിലയേ ഗണ്യമായി കുറയുകയും ചെയ്യും.
ജിഎസ്ടിയിൽ സിനിമാ ടിക്കറ്റുകൾക്ക് ആദ്യം 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയിരുന്നു. പിന്നീട് അത് രണ്ട് സ്ലാബുകളാക്കി, 100 രൂപയിൽ താഴെയുള്ള ടിക്കറ്റുകൾക്ക് 12 ശതമാനവും വിലകൂടിയ ടിക്കറ്റുകൾക്ക് 18 ശതമാനവുമാക്കി. ഈ വരുമാനം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പങ്കിടുന്നുണ്ട്. അതിനാൽ ഒരു സംസ്ഥാനം നികുതി ഇളവ് നൽകിയാൽ, കേന്ദ്ര ജിഎസ്ടി ഈടാക്കുന്നത് തുടരും, സംസ്ഥാനത്തിന്റെ ജിഎസ്ടി മാത്രമേ കുറയു. ഇതനുസരിച്ച് ടിക്കറ്റ് നിരക്കിൽ ആറ് ശതമാനമോ ഒമ്പത് ശതമാനമോ ഇളവ് ലഭിക്കും.
സിനിമ നിർമ്മാണത്തിന് ആവശ്യമായ പണത്തിൽ ഇത് വലിയ മാറ്റമൊന്നും വരുത്തില്ലെങ്കിലും സർക്കാരിൽ നിന്നുള്ള അംഗീകാരമായാണ് സിനിമാക്കാർ ഇതിനെ കാണുക. സിനിമയുടെ പ്രതിച്ഛായയ്ക്കും പബ്ലിസിറ്റിക്കും ഇത് ഉപയോഗിക്കുകയും ചെയ്യും.
‘ദി കശ്മീർ ഫയൽസ്’ നികുതി രഹിതമാക്കണമെന്ന ബിജെപി എംപിമാരുടെ ആവശ്യം നിരസിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, കേന്ദ്രസർക്കാർ ജിഎസ്ടി ഒഴിവാക്കിയാൽ അത് രാജ്യത്തിനാകെ ബാധകമാകുമെന്നും അല്ലാത്തപക്ഷം അത് സംസ്ഥാനത്തിന് മാത്രമായിരിക്കുമെന്നും ബാധകമാവുകയെന്നും നഷ്ടം സംസ്ഥാനത്തിന് മാത്രമായിരിക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
രാജ്യത്ത് നികുതിരഹിതമാക്കിയ മറ്റ് സിനിമകൾ ഏതാണ്?
ഗാന്ധി (1982) പോലുള്ള പരക്കെ പ്രശംസ നേടിയതും പ്രധാനപ്പെട്ടതുമായ സിനിമകൾ നികുതി രഹിതമായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
2016ൽ ദംഗൽ, നീർജ എന്നീ സാമൂഹിക പ്രസക്തിയുള്ള രണ്ട് സിനിമകൾ പല സംസ്ഥാനങ്ങളിലും നികുതി രഹിതമാക്കിയിരുന്നു. ഹരിയാനയിലെ ഗ്രാമങ്ങളിൽ നിന്നുള്ള രണ്ട് സഹോദരിമാർ ഗുസ്തിയുടെ ലോകത്ത് മുന്നേറുന്നതിനെക്കുറിച്ചാണ് ദംഗൽ, 1986 ൽ കറാച്ചിയിൽ റാഞ്ചിയ വിമാനത്തിൽ നിന്ന് യാത്രക്കാരെ രക്ഷപ്പെടാൻ സഹായിക്കുന്നതിനിടെ വെടിയേറ്റ് മരിച്ച പാൻ ആം ഫ്ലൈറ്റ് 73 ലെ ഹെഡ് പേഴ്സർ നീർജ ഭാനോട്ടിന്റെ യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് നീർജ.
കഴിഞ്ഞ വർഷങ്ങളിൽ വിവിധ സംസ്ഥാനങ്ങൾ നികുതി രഹിതമാക്കിയ മറ്റ് സിനിമകളിൽ, തുറസ്സായ മലമൂത്രവിസർജനം തടയാനുള്ള ശ്രമങ്ങളെ പിന്തുണച്ച, ടോയ്ലറ്റ്: ഏക് പ്രേം കഥ (2017), ആസിഡ് ആക്രമണത്തിന് ഇരയായ ഒരാളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ കഥ പറയുന്ന, ഛപാക് (2020), ; ലോക ചാമ്പ്യനും ബോക്സിംഗ് ഇതിഹാസവുമായ മേരി കോമിന്റെ കഥപറയുന്ന മേരി കോം (2014), താരേ സമീൻ പർ (2007), മനുഷ്യക്കടത്തിനെതിരായ ഒരു പൊലീസുകാരിയുടെ പോരാട്ടത്തെക്കുറിച്ചുള്ള മർദാനി (2014),ഒപ്പം പ്രതീക്ഷയുടെ ശക്തിയെക്കുറിച്ചുള്ള ഒരു ഫീൽഗുഡ് സിനിമയായ നിൽ ബത്തേ സന്നത (2015) എന്നിവ ഉൾപ്പെടുന്നു.
Also Read: അമേരിക്ക യുക്രൈനിലേക്ക് അയച്ച ‘മാരകായുധം’; എന്താണ് കാമികാസെ ഡ്രോണുകൾ