/indian-express-malayalam/media/media_files/uploads/2021/12/covid-explained-2.jpg)
കൊറോണ വൈറസിന്റെ ബി.എഫ് 7 വകഭേദം കാരണം ചൈനയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധിച്ച സാഹചര്യത്തില്‍, അടുത്ത 40 ദിവസം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണെന്നാണു കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. ജനുവരിയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കും.
എന്നാല്‍, ഒരു കോവിഡ് തരംഗം സംഭവിച്ചാല്‍ പോലും മരണവും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കുറവായിരിക്കാനാണു സാധ്യതയെന്നാണു സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കാരണം രാജ്യത്തെ ഭൂരിഭാഗം പേരും വാക്‌സിന്‍ സ്വീകരിച്ചവരും മുന്‍പ് കോവിഡ് ബാധിച്ചതിലൂടെ സ്വാഭാവിക പ്രതിരോധശേഷി കൈവരിച്ചവരുമാണ്.
മുന്‍കാല ട്രെന്‍ഡുകള്‍ വിശകലനം ചെയ്തശേഷമാണു 40 ദിവസമെന്നു കണക്കില്‍ സര്‍ക്കാര്‍ എത്തിയതെന്നു വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു. ''മുന്‍പ് കിഴക്കനേഷ്യയില്‍ പ്രത്യക്ഷപ്പെട്ട ഒരു പുതിയ കോവിഡ് തരംഗം ഏകദേശം 30-35 ദിവസത്തിനുശേഷം ഇന്ത്യയെ ബാധിച്ചതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു…. ഇതൊരു പ്രവണതയാണ്,'' ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍നിന്നു വരുന്ന യാത്രക്കാര്‍ക്ക് അടുത്തയാഴ്ച മുതല്‍ 'എയര്‍ സുവിധ' ഫോം പൂരിപ്പിക്കുന്നതും 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടി-പിസിആര്‍ ഫലവും നിര്‍ബന്ധമാക്കിയേക്കും.
ഡിസംബര്‍ 24 നും ഡിസംബര്‍ 26 നുമിടയില്‍ 6,000 രാജ്യാന്തര യാത്രക്കാരെ ക്രമരഹിതമായി കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇതില്‍ 39 പേര്‍ കോവിഡ് പോസിറ്റീവാണെന്നു സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണു മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത്.
ഉപകരണങ്ങള്‍, നടപടിക്രമങ്ങള്‍, മനുഷ്യശക്തി എന്നിവയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് കോവിഡ്-സമര്‍പ്പണ സൗകര്യങ്ങളുടെ പ്രവര്‍ത്തന സന്നദ്ധത പരിശോധിക്കുന്നതിനായി ചൊവ്വാഴ്ച രാവിലെ രാജ്യത്തെമ്പാടുമുള്ള ആശുപത്രികള്‍ മോക്ക് ഡ്രില്ലുകള്‍ നടത്തിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിക്കുകയും കോവിഡുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തതിനു പിന്നാലെയാണു മോക്ക് ഡ്രില്‍ നടന്നത്.
ചൈനയിലെ ഇപ്പോഴത്തെ കോവിഡ് കുതിപ്പില്‍ ഡിസംബറിലെ ആദ്യ 20 ദിവസങ്ങളില്‍ 24.8 കോടി ആളുകള്‍ അല്ലെങ്കില്‍ 18 ശതമാനം പേര്‍ രോഗബാധിതരായേക്കുമെന്നാണു ദേശീയ ആരോഗ്യ കമ്മിഷന്റെ കണക്കെന്നു ബ്ലൂംബെര്‍ഗ് ഡിസംബര്‍ 24നു റിപ്പോര്‍ട്ട് ചെയ്തിരുന്ന. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്.
ചൈനയില്‍ പൂജ്യം കോവിഡ് നിയന്ത്രണങ്ങള്‍ അതിവേഗം നീക്കം ചെയ്തതോടെ, സ്വാഭാവിക പ്രതിരോധശേഷി കുറവുള്ളവരില്‍ ഒമൈക്രോണ്‍ വകഭേദം വേഗത്തില്‍ പടരുന്നതായാണ് ആരോഗ്യ ഏജന്‍സിയുടെ നിരീക്ഷണം. ചൈനയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള സിചുവാന്‍ പ്രവിശ്യയിലെയും തലസ്ഥാനമായ ബീജിങ്ങിലെയും പകുതിയിലധികം പേരും രോഗബാധിതരാണൊണ് ഏജന്‍സി കണക്കാക്കുന്നത്.
ഇന്ത്യയില്‍ കോവിഡ് പോസിറ്റീവിറ്റി ആഴ്ചതോറും കുറയുന്നതായി ഡിസംബര്‍ 23നു കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞിരുന്നു. ഒക്ടോബര്‍ ഏഴിനും 13നുമിടയില്‍ ശരാശരി പ്രതിദിന കേസുകള്‍ 2,408 (1.05%) ആയിരുന്നെങ്കില്‍, ഡിസംബര്‍ 16-22 ആഴ്ചയില്‍ കേസുകളുടെ എണ്ണം 153 ആയി (0.14%) കുറഞ്ഞു.
2 കോടി കോവിഷീല്‍ഡ് ഡോസ് വാഗ്ദാനം ചെയ്ത് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
ചില രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഷീല്‍ഡിന്റെ വാക്‌സിന്റെ രണ്ടു കോടി ഡോസ് കേന്ദ്രസര്‍ക്കാരിനു സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ് ഐ ഐ) സൗജന്യമായി വാഗ്ദാനം ചെയ്തതായി പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.