/indian-express-malayalam/media/media_files/uploads/2020/02/explained-1.jpg)
ആഗോളതലത്തിൽ ഭീതി പടർത്തുന്ന നോവൽ കൊറോണ വൈറസിന്റെ ഉറവിടം പാമ്പുകളാണെന്നും വവ്വാലുകളാണെന്നും നേരത്തേയുള്ള നിഗമനം. എന്നാൽ ഏറ്റവും പുതിയ റിപ്പോർട്ട് കൊറോണയുടെ വാഹകർ ഈനാംപേച്ചികളാണെന്നാണ്. നോവൽ കൊറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുന്ന ശാസ്ത്രജ്ഞരാണ് ഫെബ്രുവരി ഏഴിന് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈനാംപേച്ചിയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനിതക ഘടനയ്ക്ക് രോഗം ബാധിച്ച മനുഷ്യരിലെ വൈറസിന്റെ ഘടനയുമായി 99 % സാദൃശ്യമുണ്ടെന്നാണ് കണ്ടെത്തൽ. ലോകത്ത് ഏറ്റവുമധികം അനധികൃതമായി കടത്തപ്പെടുന്ന ജീവികളിലൊന്നാണ് ഈനാംപേച്ചികൾ. ഇവ വംശനാശ ഭീഷണി നേരിടുന്ന ഇനം കൂടിയാണ്.
ചൈനയിലെ നിയമപ്രകാരം ഈനാംപേച്ചികളെ വിൽക്കുന്നവർക്കു 10 വർഷമോ അതിൽ കൂടുതലോ തടവുശിക്ഷ ലഭിക്കാം. എന്നാൽ ചൈന, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ മാംസ ഉപഭോഗം മൂലം പ്രതിവർഷം ആയിരക്കണക്കിന് ഈനാംപേച്ചികളാണ് വേട്ടയാടപ്പെടുന്നത്.
വുഹാനിലെ അനധികൃതമായി മൃഗങ്ങളെ വിൽക്കുന്ന സീഫുഡ് മാർക്കറ്റിൽനിന്നാണു നോവൽ കൊറോണ വൈറസ് വ്യാപിച്ചതെന്നാണു പറയപ്പെടുന്നത്. എന്നാൽ പ്രധാനമായും ഏത് ജീവിയിൽനിന്നാണ് വൈറസ് പകർന്നതെന്നതു ഗവേഷകരെ ഇപ്പോഴും കുഴക്കുന്ന ചോദ്യമാണ്. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നത് ഇതിന്റെ വ്യാപനം നിയന്ത്രിക്കാനുള്ള മാർഗം കണ്ടെത്താൻ സഹായിക്കും.
നോവൽ കൊറോണ വൈറസിന്റെ ഉറവിടം പാമ്പുകളാണെന്ന് നേരത്തേ ഗവേഷകർ പറഞ്ഞിരുന്നെങ്കിലും ശാസ്ത്രലോകം ഇത് തള്ളിക്കളഞ്ഞിരുന്നു. 2003 ൽ തിരിച്ചറിഞ്ഞ SARS കൊറോണ വൈറസ് വവ്വാലുകളിൽനിന്ന് പൂച്ചകളിലേക്കും തുടർന്ന് മനുഷ്യരിലേക്കും പടർന്നതായാണു വിശ്വസിക്കപ്പെടുന്നു.
ഉറവിടം ഈനാംപേച്ചികളോ?
രണ്ട് ഗവേഷകർ നടത്തിയ പഠനത്തിൽ നോവൽ കൊറോണ വൈറസ് മനുഷ്യരിലേക്ക് പടരുന്നതിന്റെ വാഹകരാകുന്നത് ഈനാംപേച്ചികളാണെന്നു വ്യക്തമാക്കുന്നതായി ചൈനയിലെ ഗ്വാങ്‌ഷുവിലെ സൗത്ത് ചൈന അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയുടെ വെബ്‌സൈറ്റിൽ പറയുന്നു. വൈറസിന്റെ ഉത്ഭവം തടയുന്നതിനും നിയന്ത്രിക്കുന്നതിനും ഈ ഏറ്റവും പുതിയ കണ്ടെത്തൽ വലിയ പ്രാധാന്യമുള്ളതായിരിക്കും.
ഫെബ്രുവരി ഏഴിന് നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ കൊറോണ വൈറസുകൾ ഈനാംപേച്ചികളുടെ മരണത്തിന് കാരണമാകുന്നതായി പറയുന്നുണ്ട്. അതേസമയം ശാസ്ത്രജ്ഞർ പഠനത്തെ ചോദ്യം ചെയ്യുന്നുമുണ്ട്.
ഉറുമ്പ് തീനികളെന്നും വിശേഷിപ്പിക്കപ്പെടുന്ന ഈനാംപേച്ചികളുടെ ചൈനക്കാരുടെ ഉപഭോഗത്തെക്കുറിച്ച് നേച്ചറിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പരാമർശിച്ചിട്ടുണ്ട്. മാംസത്തിന് ഉപയോഗിക്കുന്ന ഏറ്റവും പ്രാകൃതമായ ചൈനീസ് സസ്തനികളാണ് ഇവയെന്നും ശരീരത്തിന്റെ ആവരണം മരുന്നുകൾക്കായി ഉപയോഗിക്കുന്നുവെന്നും പറയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us