/indian-express-malayalam/media/media_files/uploads/2018/05/dhoni-toss-MS-Dhoni-Kane-Williamson.jpg)
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ മൂന്നാം തവണയും നീട്ടിയിരിക്കുകയാണ്. ഇന്ന് മുതൽ ആരംഭിച്ച ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിൽ കായിക ലോകത്തിന് ആശ്വാസമാകുന്ന ഒരു കാര്യവും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച മാർഗരേഖയിലുണ്ട്. ഇന്ന് മുതൽ രാജ്യത്തെ സ്റ്റേഡിയങ്ങൾ തുറക്കാനുളള അനുമതിയാണ് കേന്ദ്രം നൽകിയത്.
കാണികളില്ലാതെ സ്റ്റേഡിയങ്ങൾ തുറക്കാമെന്ന നിർദേശം ഐപിഎല്ലിന്റെ സാധ്യതകൾ സജീവമാക്കുന്നുണ്ടോ? ഇല്ല എന്ന് തന്നെ ഉറപ്പിച്ച് പറയാൻ സാധിക്കും. ഇതിന് പ്രധാന കാരണം താരങ്ങൾക്ക് എത്താൻ സാധിക്കില്ലായെന്നതാണ്. ലോക്ക്ഡൗണിന്റെ നാലാം ഘട്ടത്തിൽ സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും തുറക്കാമെന്നാണ് ആഭ്യന്ത്ര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. എന്നാൽ കാണികൾ ഉണ്ടാകാൻ പാടില്ലെന്നും നിർദേശിക്കുന്നു.
Also Read: മികച്ച ഫീൽഡർമാരെ തിരഞ്ഞെടുത്ത് ജോണ്ടി റോഡ്സ്; നാലംഗ പട്ടികയിൽ ഒരു ഇന്ത്യൻ താരവും
സ്റ്റേഡിയങ്ങൾ തുറക്കുന്നതിലുൾപ്പടെ പല കാര്യങ്ങളിലും ഇളവ് പ്രഖ്യാപിച്ചെങ്കിലും ആഭ്യന്തര-രാജ്യാന്തര യാത്രകൾക്ക് ഇപ്പോഴും നിയന്ത്രണങ്ങളുണ്ട്. ഇത് തന്നെയാണ് ഐപിഎല്ലിന്റെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കാനും കാരണം. "യാത്രകൾക്കുള്ള നിയന്ത്രണങ്ങൾ തുടരുന്നിടത്തോളം ഇപ്പോൾ ഐപിഎൽ നടത്തുക അസാധ്യമാണ്. യാത്രകളില്ലാതെ എങ്ങനെ ഐപിഎൽ നടത്താനാകും? ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗരേഖ പഠിച്ചു വരികയാണ്. സംസ്ഥാനങ്ങളുടെ നിർദേശങ്ങളും അറിയേണ്ടതുണ്ട്. അതനുസരിച്ച് തീരുമാനിക്കുന്നതായിരിക്കും," ബിസിസിഐ ട്രഷറർ അരുൺ ധൂമൽ പറഞ്ഞു.
രാജ്യാന്തര യാത്രാവിലക്ക് നിലനിൽക്കുന്നതിനാൽ തന്നെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾക്ക് ഇന്ത്യയിലെത്താൻ സാധിക്കില്ല. ആഭ്യന്തര സർവീസുകളുമില്ലാത്തതിനാൽ ഇന്ത്യൻ താരങ്ങൾക്കും ഒന്നിക്കുക പ്രയാസമാണ്. ഇനി ആഭ്യന്തര യാത്ര അനുവദിച്ചാൽ തന്നെ വിദേശ താരങ്ങളില്ലാതെ കളിക്കാൻ ഫ്രാഞ്ചൈസുകൾ തയ്യാറാകാനുള്ള സാധ്യതയില്ല.
Also Read: സ്റ്റേഡിയങ്ങള്‍ തുറക്കാന്‍ അനുമതി, പരിശീലനം ആരംഭിക്കാന്‍ സാധ്യത
എന്നാൽ സ്റ്റേഡിയങ്ങൾ തുറക്കുന്നത് താരങ്ങൾക്ക് ഔട്ട്ഡോർ പരിശീലനത്തിന് സഹായകമാകും. എന്നാൽ ഇതും ചുരുക്കം താരങ്ങൾക്ക് മാത്രമാണ്. എല്ലാവർക്കും ഒന്നിച്ച് പരിശീലനം സാധ്യമല്ല.
അതേസമയം, ലീഗ് നടക്കാതിരുന്നാൽ അത് നടത്തിപ്പുകാർക്കും സാമ്പത്തികമായി വലിയ നഷ്ടമുണ്ടാക്കുമെന്ന് മുൻ ഇന്ത്യൻ നായകനും നിലവിൽ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി നേരത്തെ പറഞ്ഞിരുന്നു. "ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) നടക്കാതെ വന്നാൽ ഏകദേശം 4000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത്, അത് ഭീകരമാണ്,” ഗാംഗുലി പറഞ്ഞു.
എങ്ങനെയും ടൂർണമെന്റ് നടത്താനുള്ള സാധ്യതകൾ തേടുകയാണ് ബിസിസിഐ. ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ നിശ്ചയിച്ചിരിക്കുന്ന ടി20 ലോകകപ്പ് മാറ്റിവച്ചുകൊണ്ട് ഐപിഎൽ നടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us