ചടുലമായ വേഗതകൊണ്ടും അസാമാന്യ വഴക്കം കൊണ്ടും രാജ്യാന്തര ക്രിക്കറ്റിൽ മികച്ച ഫീൽഡറെന്ന പട്ടം തന്രെ പേരിനൊപ്പം ചേർത്ത താരമാണ് ദക്ഷിണാഫ്രിക്കയുടെ ജോണ്ടി റോഡ്സ്. പലപ്പോഴും തന്റെ പ്രകടനംകൊണ്ട് കാണികളെ ത്രസിപ്പിക്കുകയും രസിപ്പിക്കുകയും ഞെട്ടിപ്പിക്കുകയും ചെയ്ത ജോണ്ടി റോഡ്സാണ് ഫീൽഡറുടെ റോളിന് ഇത്രയും ക്രിക്കറ്റിൽ നേടിക്കൊടുത്തതും. കഴിഞ്ഞ ദിവസം ഇന്ത്യൻ താരം സുരേഷ് റെയ്നയുടെ ഇൻസ്റ്റഗ്രാം ലൈവിനൊപ്പം ചേർന്ന ജോണ്ടി ഇക്കാലത്തെ മികച്ച ഫീൽഡർമാരെ തിരഞ്ഞെടുത്തു. ഇന്ത്യൻ താരം രവീന്ദ്ര ജഡേജയുൾപ്പടെ നാല് പേരെയാണ് മികച്ച ഫീൽഡറായി മുൻ ദക്ഷിണാഫ്രിക്കൻ ഇതിഹാസം തിരഞ്ഞെടുത്തത്.

ഇതിനോടകം തന്നെ രാജ്യാന്തര ക്രിക്കറ്റിൽ നിരവധി മികച്ച ക്യാച്ചുകൾ സ്വന്തമാക്കിയ താരമാണ് ജഡേജയെന്ന് ജോണ്ടി റോഡ്സ് പറഞ്ഞു. ഫീൽഡിലുള്ള അദ്ദേഹത്തിന്റെ ശ്രദ്ധയും പ്രതീക്ഷയോടെയുള്ള കഴിവുകളുമാണ് ജഡ്ഡുവിന്റെ വിജയത്തിലേക്കുള്ള താക്കോലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സും, ന്യൂസിലൻഡിന്റെ മാർട്ടിൻ ഗുപ്റ്റിലും ഓസിസ് താരം മൈക്കിൾ ബെവനുമാണ് പട്ടികയിലെ മറ്റ് താരങ്ങൾ.

Also Read: വിരാട് കോഹ്‌ലിയോ രവീന്ദ്ര ജഡേജയോ; മികച്ച ഫീൽഡറെ തിരഞ്ഞെടുത്ത് ഇന്ത്യൻ നായകൻ

“ജഡ്ഡു നിരവധി മികച്ച ക്യാച്ചുകൾ എടുത്തിട്ടുണ്ട്. അദ്ദേഹം വളരെ പ്രതിജ്ഞാബദ്ധനാണ് എന്നതാണ് പ്രധാനം. പന്ത് പ്രതീക്ഷിക്കുന്നതിലും അദ്ദേഹം മികവ് പുലർത്തുന്നു. എ ബി വില്ലേിയേഴ്സിന്റെ ബാറ്റിങ്ങും ഫീൽഡിങ്ങും കാണാൻ ഇഷ്ടമാണ്. ജഡ്ഡുവിന് ഫീൽഡിൽ മികച്ച വേഗതയുമുണ്ട്,” ജോണ്ടി പറഞ്ഞു.

രാജ്യാന്തര ക്രിക്കറ്റിൽ ഫീൽഡിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ചും റോഡ്സ് വാചാലനായി. 1990കളിൽ ഫീൽഡിങ് കളിയുടെ വലിയ ഭാഗമല്ലായിരുന്നു. എന്നാൽ ഇപ്പോൾ ഫീൽഡിങ് മത്സരഫലത്തെ തന്നെ സ്വാധീനിക്കുമെന്ന് ടീമുകൾ മനസിലാക്കാൻ തുടങ്ങി. ഇപ്പോൾ എല്ലാ താരങ്ങളും മികച്ച രീതിയിൽ ഫിറ്റ്നസ് നിലനിർത്തുന്നതും എടുത്ത് പറയേണ്ടതാണെന്നും ജോണ്ടി റോഡ്സ് കൂട്ടിച്ചേർത്തു.

Also Read: നരേന്ദ്ര മോദിക്കെതിരായ അധിക്ഷേപം; അഫ്രീദി അതിരുവിട്ടു, ഇനി യാതൊരു ബന്ധവുമില്ലെന്ന് ഹർഭജൻ സിങ്

ജഡേജയാണ് മികച്ച ഫീൽഡറെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും അഭിപ്രായപ്പെട്ടിരുന്നു. നേരത്തെ ഇന്ത്യൻ ഫീൽഡിങ് കോച്ച് ആർ.ശ്രീധറും ജഡേജയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. മത്സരത്തിൽ എതിരാളികളെ ഫീൽഡ് ചെയ്യുമ്പോൾ മുൾമുനയിൽ നിർത്തുന്ന ഫീൽഡർമാരിൽ ഒരാളാണ് രവീന്ദ്ര ജഡേജയെന്നായിരുന്നു ശ്രീധറിന്റെ വാക്കുകൾ. കഴിഞ്ഞ ദശകത്തിൽ ടീം ഇന്ത്യയ്ക്കായി കളിച്ച ഏറ്റവും മികച്ച ഫീൽഡറാണ് അദ്ദേഹമെന്നും ശ്രീധർ അഭിപ്രായപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook