/indian-express-malayalam/media/media_files/uploads/2021/07/Currency.jpg)
ജി എസ് ടി ഇ-ഇന്‍വോയ്‌സ്, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍ പി എസ്), അടല്‍ പെന്‍ഷന്‍ യോജന (എ പി വൈ) എന്നിവയുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങളാണ് ഒക്‌ടോബര്‍ ഒന്നു മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരുന്നത്. അതുപോലെ സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം (എസ് സി എസ് എസ്) പലിശ നിരക്കും നാളെ മുതല്‍ വര്‍ധിക്കും. സാമ്പത്തിക-ബാങ്കിങ് മേഖലകളിലെ മാറ്റങ്ങളെക്കുറിച്ച് ധാരണ നിങ്ങള്‍ക്കു സാമ്പത്തിക നഷ്ടമൊഴിവാക്കും. അതിനാല്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം.
കാര്‍ഡ് ടോക്കണൈസേഷന്‍
പേയ്മെന്റുകള്‍ക്കായി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ക്കു പകരം 'ടോക്കണൈസേഷന്‍' സംവിധാനം ഒക്‌ടോബര്‍ ഒന്നിനു നിലവില്‍ വരും. പേയ്‌മെന്റ് നടത്താന്‍ വിവിധ വെബ്‌സൈറ്റുകളിലും ആപ്പുകളിലും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ സൂക്ഷിക്കുന്ന രീതി ഇതോടെ ഇല്ലാതാവും.
16 അക്ക നമ്പര്‍, പേര്്, കാര്‍ഡ്് കാലഹരണപ്പെടുന്ന തീയതി, കോഡുകള്‍ എന്നിവയ്ക്കു പകരമാണു ടോക്കണ്‍ നിലവില്‍ വരുന്നത്. ഇടപാടുകള്‍ക്കായി വ്യാപാരിയുടെ വെബ്സൈറ്റില്‍ ടോക്കണ്‍ ഉപയോഗിക്കാം. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ സംവിധാനം.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ചട്ടങ്ങളിലെ മാറ്റം
ചില ക്രെഡിറ്റ്, ഡെബിറ്റ് ചട്ടങ്ങളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഏര്‍പ്പെടുത്തിയ മാറ്റങ്ങള്‍ നാളെ നടപ്പാവും. പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം, കാര്‍ഡ് ആക്ടിവേഷന് ഒറ്റത്തവണ പാഡ്‌വേഡ് (ഒ ടി പി) നിര്‍ബന്ധമാക്കി. 30 ദിവസത്തിനുള്ളില്‍ (ഇഷ്യു ചെയ്ത തീയതി മുതല്‍) ആക്ടിവേറ്റ് ചെയ്തില്ലെങ്കില്‍ ഉപഭോക്താവില്‍നിന്ന് ഒ ടി പി സ്ഥിരീകരണം തേടുന്ന തീയതി മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ കാര്‍ഡ് ബ്ലോക്ക് ചെയ്യപ്പെടും. കാര്‍ഡ് ഉടമയുടെ സമ്മതമില്ലാതെ ക്രെഡിറ്റ് പരിധി ഇഷ്യൂവര്‍ ഉയര്‍ത്താന്‍ പാടില്ല.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളുടെ വിതരണവും ഉപയോഗവും ഉള്‍പ്പെടെയുള്ള മാസ്റ്റര്‍ ഡയറക്ഷന്‍ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനുള്ള സമയപരിധി ജൂലൈ ഒന്നു മുതല്‍ ഒക്ടോബര്‍ ഒന്നു വരെ ആര്‍ ബി ഐ നീട്ടിയിരുന്നു.
ഡീമാറ്റ് അക്കൗണ്ട് ലോഗിന്‍
ഡീമാറ്റ് അക്കൗണ്ട് ഉടമകള്‍ക്ക് അക്കൗണ്ട് ലോഗിന്‍ ചെയ്യാന്‍ ഒക്‌ടോബര്‍ ഒന്നു മുതല്‍ '2 ഫാക്ടര്‍ വെരിഫിക്കേഷന്‍' നിര്‍ബന്ധമാണ്. ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാനാണ് ഈ നീക്കം.
ഉപഭോക്താക്കള്‍ ഡീമാറ്റ് അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്യുന്നതിനുള്ള '2 ഫാക്ടര്‍ വെരിഫിക്കേഷന്‍' സംബന്ധിച്ച് ജൂണ്‍ 14-ന് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. സെപ്തംബര്‍ 30-നകം രണ്ട് രീതിയിലുള്ള ആധികാരികത ഉറപ്പ് വരുത്തിയിരിക്കണമെന്നാണു സര്‍ക്കുലറില്‍ പറഞ്ഞത്.
ഒന്നാമതായി ബയോമെട്രിക് ഓതന്റിക്കേഷനും രണ്ടാമതായി ഉപയോക്താവിനു മാത്രമറിയാവുന്ന പിന്‍ അല്ലെങ്കില്‍ ഒ ടി പിയും സെക്യൂരിറ്റി ടോക്കണുമാണു ലോഗിനായി നിര്‍ദേശിച്ചത്. രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐ ഡി വഴിയും എസ് എം എസ് വഴിയും ഒ ടി പി ലഭിക്കും. അതിനായി ഇമെയില്‍ ഐ ഡിയും ഫോണ്‍ നമ്പറും വെരിഫൈ ചെയ്യണം. ബയോമെട്രിക് സ്ഥിരീകരണം സാധ്യമല്ലാത്ത സന്ദര്‍ഭങ്ങളില്‍ പാസ്വേഡ്/പിന്‍, ഒ ടി പി/സെക്യൂരിറ്റി ടോക്കണ്‍, യൂസര്‍ ഐഡി എന്നിവ ഉപയോഗിക്കേണ്ടതുണ്ട്.
ദേശീയ പെന്‍ഷന്‍ പദ്ധതി (എന്‍ പി എസ്)
അംഗങ്ങളുടെ എളുപ്പത്തിനായി എന്‍ പി എസിന്റെ ഇ നോമിനേഷന്‍ പദ്ധതിയില്‍ മാറ്റം വരുത്തി. അംഗം ഇ-നോമിനേഷന്‍ ആരംഭിച്ചശേഷം, അപേക്ഷ നിരസിക്കാനോ സ്വീകരിക്കാനോ ഉള്ള ഓപ്ഷന്‍ നോഡല്‍ ഓഫീസിനുണ്ടായിരിക്കുമെന്ന് പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (പി എഫ് ആര്‍ ഡി എ) അറിയിച്ചു. അപേക്ഷ നല്‍കി 30 ദിവസത്തിനുള്ളില്‍ നോഡല്‍ ഓഫീസ് നടപടിയൊന്നും സ്വീകരിച്ചില്ലെങ്കില്‍, അത് സി ആര്‍ എ സിസ്റ്റത്തില്‍ തനിയെ സ്വീകരിക്കപ്പെടും. നിലവില്‍ നല്‍കിയിട്ടും പരിഗണിക്കാത്ത അപേക്ഷകള്‍ക്കും ഈ ചട്ടം ബാധകമാണ്.
അടല്‍ പെന്‍ഷന്‍ യോജന (എ പി വൈ)
അടല്‍ പെന്‍ഷന്‍ യോജനയില്‍ ആദായനികുതിദായകര്‍ക്ക് ചേരാനുള്ള അവസരം സെപ്റ്റംബര്‍ 30ന് അവസാനിച്ചു. ഒക്‌ടോബര്‍ ഒന്നു മുതല്‍ പദ്ധതിയില്‍ ചേരുന്ന ആദായനികുതിദായകരുടെ അക്കൗണ്ട് കണ്ടെത്തിയാലുടന്‍ ക്ലോസ് ചെയ്യും. അതുവരെയടച്ച തുക തിരികെ നല്‍കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു മെച്ചപ്പെട്ട പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുകയെന്നതാണ് എ പി വൈയുടെ ലക്ഷ്യമെന്നാണു ധനമന്ത്രാലയം പറയുന്നത്.
ജി എസ് ടി ഇ-ഇന്‍വോയ്‌സ്
ഒക്‌ടോബര്‍ ഒന്നു മുതല്‍ ഇ- ഇന്‍വോയിസ് നിയമങ്ങള്‍ മാറുകയാണ്. 10 കോടി രൂപയോ അതിനു മുകളിലോ വാര്‍ഷിക വിറ്റുവരവുള്ള ചരക്ക് സേവന നികുതി (ജി എസ് ടി) റജിസ്‌ട്രേഷനുള്ള വ്യാപാരികളുടെ ബിസിനസ് ടു ബിസിനസ് ഇടപാടുകള്‍ക്ക് ഇഇന്‍വോയ്‌സ് നിര്‍ബന്ധമാണ്. നിലവില്‍ 20 കോടി രൂപയാണു പരിധി. വരുമാന ചോര്‍ച്ച പരിഹരിക്കുന്നതിനും ബിസിനസുകളില്‍ നിന്നുള്ള മികച്ച നികുതി പാലിക്കല്‍ ഉറപ്പാക്കുന്നതിനുമായി ജി എസ് ടി കൗണ്‍സില്‍ തിരുമാനങ്ങളെത്തുടര്‍ന്നാണ് ഈ തീരുമാനം. ജി എസ് ടി കോമണ്‍ പോര്‍ട്ടല്‍ വഴിയാണ് ഇ-ഇന്‍വോയ്‌സ് റജിസ്‌ട്രേഷന്‍ എടുക്കേണ്ടത്.
രാജ്യത്തെ ബാങ്കിങ് അഥവാ ധനകാര്യവുമായി ബന്ധപ്പെട്ട വികസനങ്ങള്‍ ആഴ്ചകള്‍ തോറും സംഭവിക്കാറുണ്ട്. മാറ്റങ്ങള്‍ ദിനംപ്രതി സംഭവിക്കാറുമുണ്ട്. ദൈനംദിന ചെലവുകള്‍ നിയന്ത്രിക്കുന്നതിനും ഭാവി ആസൂത്രണം ചെയ്യുന്നതിനും ധനകാര്യവുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ അറിഞ്ഞിരിക്കണം. ഒക്ടോബര്‍ 1 മുതല്‍ ധനകാര്യ മേഖലയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ ആണ് ഉണ്ടാകുന്നത്. മികച്ച ധനകാര്യ മാനേജ്‌മെന്റിനായി അറിഞ്ഞിരിക്കേണ്ട നിയന്ത്രങ്ങള്‍ ഇതാ;
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സമ്പാദ്യ പദ്ധതി പലിശ ഉയര്‍ത്തി
ലഘുനിക്ഷേപപദ്ധതികളിലെ പലിശ നിരക്ക് 30 ബേസിക് പോയന്റ് വരെ വര്‍ധിപ്പിച്ചിരിക്കുകയാണു കേന്ദ്ര സര്‍ക്കാര്‍. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിലേക്കാണ് ഈ നിരക്ക്. ഇവ ഒക്‌ടോബര്‍ ഒന്നിനു പ്രാബല്യത്തില്‍ വരും.
സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം (എസ് സി എസ് എസ്) പലിശ 7.4 ശതമാനത്തില്‍നിന്ന് 7.6 ആയി ഉയര്‍ത്തി. കിസാന്‍ വികാസ് പത്ര പലിശ 6.9 ശതമാനത്തില്‍നിന്ന് ഏഴായി വര്‍ധിപ്പിച്ചു. കാലാവധി 124 മാസത്തില്‍നിന്ന് 123 ആയി കുറയ്ക്കുകയും ചെയ്തു.
രണ്ടു വര്‍ഷ പോസ്റ്റ് ഓഫിസ് ലഘു സമ്പാദ്യ പദ്ധതി പലിശ 5.5 ശതമാനത്തില്‍നിന്ന് 5.7 ആയി ഉയര്‍ത്തി. മൂന്നു വര്‍ഷത്തെ നിക്ഷേപത്തിനുള്ള പലിശ 5.5 ശതമാനത്തില്‍നിന്ന് 5.8 ആയും വര്‍ധിപ്പിച്ചു. പ്രതി മാസ വരുമാന പദ്ധതിയുടെ പലിശ 6.6 ശതമാനത്തില്‍നിന്ന് 6.7 ആയി വര്‍ധിപ്പിച്ചു.
ബാക്കിയുള്ള ലഘുസമ്പാദ്യ പദ്ധതികളുടെ പലിശനിരക്കില്‍ മാറ്റമില്ല. അഞ്ച് വര്‍ഷ നിക്ഷേപത്തിനും റെക്കറിങ് നിക്ഷേപത്തിനുമുള്ള പലിശ യഥാക്രമം 6.7 ശതമാനവും 5.8 ശതമാനവുമായി തുടരും. പി.പി.എഫ് (7.1), സുകന്യ സമൃദ്ധി (7.6), നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് (6.8 ശതമാനം) പദ്ധതികളിലെ നിരക്കിലും മാറ്റമില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.