/indian-express-malayalam/media/media_files/uploads/2018/07/mamtha-rima.jpg)
നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ മംമ്ത മോഹന്‍ദാസ് നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി നടി റിമാ കല്ലിങ്കല്‍. നിങ്ങള്‍ ഒരു പ്രശ്‌നത്തില്‍ അകപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ക്കുകൂടിയാണെന്നായിരുന്നു ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറഞ്ഞത്.
എന്നാല്‍ നിങ്ങള്‍ ആക്രമിക്കപ്പെട്ടതിന്റെ ഉത്തരവാദിത്തം നിങ്ങള്‍ക്കല്ല, അത് ആക്രമിച്ചയാള്‍ക്കും അതിനെ നിസാരവത്കരിക്കുന്ന സമൂഹത്തിനും, ആ കുറ്റകൃത്യം ചെയ്ത ആളെ സംരക്ഷിക്കുന്ന ലോകത്തിനുമാണെന്ന് റിമ തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു. മംമ്തയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു റിമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
Read More: വിമണ്‍ ഇന്‍ സിനിമാ കളക്‌ടീവ് ആവശ്യമുണ്ടെന്ന് കരുതുന്നില്ല: മംമ്ത
'മറ്റൊരാള്‍ ചെയ്ത തെറ്റിന് നിങ്ങള്‍ക്ക് കുറ്റബോധം തോന്നേണ്ട ആവശ്യമില്ല. തുറന്നു സംസാരിച്ചുകൊണ്ടേയിരിക്കുക, മറ്റുള്ളവര്‍ക്കുവേണ്ടി കൂടി നിലനില്‍ക്കുക. നിശബ്ദതയുടേയും അജ്ഞതയുടേയും മതിലുകള്‍ നമുക്ക് തകര്‍ക്കാം,' എന്നും റിമ കുറിച്ചു.
എന്നാല്‍ ഇതിന് മറുപടിയുമായി മംമ്തയും എത്തി. സ്ത്രീകള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാതെയല്ല താന്‍ സംസാരിച്ചതെന്നും, ബഹുമാനക്കുറവും, ആക്ഷേപവും ആക്രമണവുമെല്ലാം വിശ്വസിച്ച പുരുഷന്മാരില്‍ നിന്നു താനും നേരിട്ടിട്ടുണ്ടെന്നും പറഞ്ഞ മംമ്ത, ഉള്ളില്‍ നിലവിളിക്കുന്ന സ്ത്രീകള്‍ക്കെതിരെ തിരിയാതിരിക്കുകയെന്നും പ്രതികരിക്കുന്നതിനു മുമ്പ് ചിന്തിക്കണമെന്നും റിമയോടു പറഞ്ഞു.
മറ്റൊന്നും ചെയ്തില്ലെങ്കിലും കുറഞ്ഞപക്ഷം ഇരയെ പരിഹസിക്കാതിരിക്കുകയെന്നും നിങ്ങള്‍ക്കുള്ളിലെ പോരാളിയോട് സ്‌നേഹവും ബഹുമാനവും മാത്രമേയുള്ളുവെന്നും റിമ തന്റെ പേഴ്‌സണല്‍ പ്രൊഫൈലില്‍ നിന്നും മറുപടി നല്‍കി.
ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു മംമ്തയുടെ വിവാദ പരാമര്‍ശം. ക്രോസ് റോഡ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തില്‍ ഡബ്ല്യുസിസിയെ കുറിച്ചല്ല സംസാരിച്ചത്. ആ വാര്‍ത്താ സമ്മേളനത്തില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടാകാത്ത രീതിയില്‍ പരിഹരിക്കരിക്കപ്പെടേണ്ട സംഭവമായിരുന്നുവെന്നാണ് പറഞ്ഞതെന്ന് മംമ്ത ആവര്‍ത്തിച്ചു. കേസില്‍ പ്രതിയായ നടനും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള പ്രശ്നങ്ങള്‍ നേരത്തെ ആരംഭിച്ചതാണ്, ആക്രമണം നടന്ന ദിവസമല്ല. ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ പിന്നീട് അതിന്റെ അനന്തരഫലങ്ങളെ നേരിടാന്‍ കൂടി ആ പ്രശ്നത്തിന്റെ ഭാഗമായവരെല്ലാം തയ്യാറാകണമെന്നും മംമ്ത പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.