സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് പോലൊരു സംഘടനയുടെ ആവശ്യമുണ്ടെന്ന് താന്‍ കരുതുന്നില്ലെന്ന് നടി മംമ്താ മോഹന്‍ദാസ്. ഡബ്ല്യൂസിസി രൂപീകരിച്ചപ്പോള്‍ ഇവിടെ ഇല്ലായിരുന്നു. അതിന്റെ ഭാഗവുമല്ല. സ്ത്രീകള്‍ക്കുമാത്രമായി അത്തരമൊരു കൂട്ടായ്മ വേണമെന്നു കരുതുന്നില്ല. നമ്മള്‍ എന്തെങ്കിലും പ്രശ്നത്തിൽ അകപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം നമുക്കു കൂടിയാണെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്കു നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറയുന്നു.

“സംഘടന രൂപീകരിക്കുന്ന സമയത്ത് ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിലും ചിലപ്പോൾ അതിന്റെ ഭാഗമായിക്കൊള്ളണമെന്നില്ല. ഞാൻ അവരെ എതിർക്കുന്നതുകൊണ്ടോ അനുകൂലിക്കുന്നതുകൊണ്ടോ അല്ല. ഈ വിഷയത്തിൽ എനിക്ക് അഭിപ്രായമില്ല,” മംമ്ത പറഞ്ഞു.

ക്രോസ് റോഡ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ ഡബ്ല്യുസിസിയെ കുറിച്ചല്ല സംസാരിച്ചത്. ആ വാർത്താ സമ്മേളനത്തിൽ നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടാകാത്ത രീതിയിൽ പരിഹരിക്കരിക്കപ്പെടേണ്ട സംഭവമായിരുന്നുവെന്നാണ് പറഞ്ഞതെന്ന് മംമ്ത ആവർത്തിച്ചു.  കേസില്‍ പ്രതിയായ നടനും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍  നേരത്തെ ആരംഭിച്ചതാണ്,  ആക്രമണം നടന്ന ദിവസമല്ല.  ഒരു പ്രശ്നം ഉണ്ടാകുമ്പോള്‍ പിന്നീട് അതിന്റെ അനന്തരഫലങ്ങളെ നേരിടാന്‍ കൂടി ആ പ്രശ്‌നത്തിന്റെ ഭാഗമായവരെല്ലാം തയ്യാറാകണമെന്നും മംമ്ത പറഞ്ഞു.

ഒരു സ്ത്രീ ആക്രമിക്കപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം അവരുടേതുകൂടി ആണെന്ന് താൻ വിശ്വസിക്കുന്നതായും മംമ്ത പറഞ്ഞു. “സ്ത്രീകള്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്നതിന്റെ കാരണം അവര്‍ തന്നെയാണെന്നാണ് എനിക്ക് മനസിലാകുന്നത്. അവര്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില്‍ ലൈംഗിക ആക്രമത്തിലേക്ക് പോലും ചെന്നെത്തുന്നത്,” മമ്ത പറഞ്ഞു.

താരസംഘടനയായ ‘അമ്മ’യിലെ അംഗമാണെങ്കിലും അവരുടെ മീറ്റിങ്ങുകളിലൊന്നും താന്‍ പങ്കെടുക്കാറില്ലെന്നും മംമ്ത പറയുന്നു. 2005-2006ല്‍ നടന്ന അമ്മയുടെ ഒരു യോഗത്തില്‍ മാത്രമാണ് ഇതുവരെ പങ്കെടുത്തിട്ടുളളത്. അതുകൊണ്ടു തന്നെ ‘അമ്മ’യിലെ അംഗങ്ങളായ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അവരെങ്ങനെയാണ് ഇടപെടുന്നതെന്ന കാര്യത്തില്‍ തനിക്കൊരു അഭിപ്രായം പറയാനാകില്ലെന്നും മംമ്ത വ്യക്തമാക്കി.

കഴിഞ്ഞ ആറുവര്‍ഷമായി തനിക്ക് തന്റേതായ നിരവധി കാര്യങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ട് മറ്റു കാര്യങ്ങളുടെയൊന്നും ഭാഗമായിരുന്നില്ല. അതേസമയം ആക്രമിക്കപ്പെട്ട നടിയോടൊപ്പമാണെന്നും മകനെ സംരക്ഷിക്കുമെന്നുളള ‘അമ്മ’യുടെ പ്രസ്താവന വായിച്ചപ്പോള്‍ തമാശയായിട്ടാണ് തോന്നിയതെന്നും മംമ്ത പറയുന്നു.

അഭിനേതാക്കള്‍ക്ക്, പ്രത്യേകിച്ച് പല നടിമാര്‍ക്കും സോഷ്യല്‍ മീഡിയ ഇടപെടലില്‍ എവിടെയാണ് വര വരയ്‌ക്കേണ്ടത് എന്നറിയില്ലെന്നും മംമ്ത പറയുന്നു. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളില്‍ ഈ നടിമാര്‍ പെട്ടെന്ന് പ്രകോപിതരാകുന്നു. കാരണം അവര്‍ വളരെയധികം അരക്ഷിതരാണ്. ഒരു നല്ല നമൂഹം എന്നത് തീര്‍ത്തും സന്തുലിതമാണ്. അപ്പോള്‍ അഭിപ്രായ പ്രകടനങ്ങളില്‍ പ്രകോപിതരാകാതിരിക്കുക എന്നത് വളരെ പ്രധാനമാണെന്നും മംമ്ത പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook