/indian-express-malayalam/media/media_files/uploads/2023/03/suchithra.jpg)
ഹിന്ദി ചിത്രത്തിലൂടെയായിരുന്നു സുചിത്ര എന്ന നായികയുടെ അരങ്ങേറ്റം. പിന്നീട് അതേ ചിത്രത്തിനു വേണ്ടിയുള്ള ചിത്രങ്ങൾ കണ്ടിട്ടാണ് സുചിത്രയ്ക്ക് 'നമ്പർ 20 മദ്രാസ് മെയിൽ' എന്ന ചിത്രത്തിൽ അവസരം ലഭിക്കുന്നത്. സിനിമാലോകത്തെ തന്റെ അനുഭവങ്ങളും ജീവിതവുമൊക്കെ മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് സുചിത്ര. വിവാഹ ശേഷം അമേരിക്കയിലേക്ക് പോയ സുചിത്ര വർഷങ്ങളായി കുടുംബത്തോടൊപ്പം അവിടെയാണ് താമസമാക്കിയിട്ടുള്ളത്. സിനിമയിൽ അഭിനയിച്ചിരുന്നെന്ന് ചിന്തിക്കുമ്പോൾ കഴിഞ്ഞ ജന്മത്തിൽ സംഭവിച്ച കാര്യം പോലെയാണ് തോന്നുന്നതെന്ന് സുചിത്ര പറയുന്നു. കാരണം തന്റെ സംസ്കാരത്തിലും ജീവിതരീതിയിലും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചെന്നാണ് താരം പറയുന്നത്.
"സംഭവിച്ച കാര്യങ്ങൾ ഓർത്ത് വിഷമിക്കാൻ എനിക്ക് താത്പര്യമില്ല. എല്ലാം വിധിയാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഒരുപക്ഷെ ഞാനൊരു സ്റ്റാറായിരുന്നെങ്കിൽ എന്റെ ജീവിതം വേറെ രീതിയിലായിരിക്കും. ഇപ്പോഴുള്ള എന്റെ ജീവിതത്തിൽ ഞാൻ വളരെ സന്തോഷവതിയാണ്." മലയാള സിനിമ തന്നെ വേണ്ടവിധം ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും സുചിത്ര പറഞ്ഞു. 'നമ്പർ 20 മദ്രാസ് മെയിൽ' എന്ന ചിത്രത്തിൽ ഒരു പുതുമുഖ നായികയ്ക്ക് ലഭിക്കേണ്ടി പ്രാധാന്യം തനിക്ക് ലഭിച്ചില്ലെന്നും താരം കൂട്ടിച്ചേർത്തു. അതിൽ താൻ ആരെയും കുറ്റം പറയുന്നില്ലെന്നും, എല്ലാം വിധിയായി കാണാനാണ് തനിക്ക് ഇഷ്ടമെന്നും സുചിത്ര പറഞ്ഞു.
'മിമിക്സ് പരേഡ്' പോലുള്ള ഹാസ്യ ചിത്രങ്ങൾ വേണ്ടെന്നു വച്ച സമയത്തും ഇത്തരം ചിത്രങ്ങളുടെ വിജയം തന്നെ അവിടെ നിൽക്കുവാൻ പ്രേരിപ്പിച്ചെന്നും താരം പറയുന്നു. ബാലചന്ദ്രൻ മേനോൻ ചിത്രത്തിലൂടെയായിരിക്കണം സുചിത്രയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റമെന്നാണ് അച്ഛൻ ആഗ്രഹിച്ചിരുന്നത്. നായികയായില്ലെങ്കിലും മോനോൻ സാറിന്റെ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്യാനായതിൽ തനിക്ക് സന്തോഷമുണ്ടെന്നും സുചിത്ര പറഞ്ഞു. മാത്രമല്ല അമ്മ അസ്സാസ്സിയേഷന്റെ അഡ്മിനിസ്ട്രേഷൻ ചുമതലകളിലേക്ക് തന്നെ ക്ഷണിച്ചതും ബാലചന്ദ്ര മേനോനാണെന്നും സുചിത്ര.
പ്രിയദർശൻ സിനിമയിലൂടെയാണ് സുചിത്ര തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. സ്ക്രീൻ ടെസ്റ്റിനിടയിൽ സംഭവിച്ച രസകരമായ സംഭവവും സുചിത്ര ഓർത്തെടുക്കുന്നുണ്ട്. "പി സി ശ്രീറാമായിരുന്നു അന്നത്തെ ക്യാമറാമാൻ. ഞാൻ അന്ന് നല്ല മേക്കപ്പൊക്കെയിട്ടാണ് ചെന്നത്. എന്നോട് മേക്കപ്പ് തുടച്ച ശേഷം വരാൻ പറഞ്ഞു. മുഴുവൻ മേക്കപ്പും പോകാൻ വേണ്ടി കുറച്ച് എണ്ണയും തന്നു. ഒരു പഴയ ഷർട്ടാണ് അണിയാൻ തന്നത്. വളരെ കാഷ്വലായിട്ടാണ് ഷോർട്ടുകളെല്ലാമെടുത്തത്. ഒടുവിൽ അത് എന്റെ ആദ്യ തമിഴ് സിനിമയായി മാറി. കാർത്തികായിരുന്നു ആ ചിത്രത്തിലെ നായകൻ"
സിനിമയിലേക്ക് തിരിച്ചുവരുമോ എന്ന ചോദ്യത്തിനും സുചിത്ര മറുപടി പറഞ്ഞു. "ഒരു സമയത്ത് ആഗ്രഹമുണ്ടായിരുന്നു നായികയായിട്ടൊക്കെ തിരിച്ചുവരണമെന്ന്. പക്ഷെ ഒരു മൂന്ന് നാല് വർഷമായി അങ്ങനെയൊരു ചിന്ത പോലും എന്റെ മനസ്സിലില്ലെന്നതാണ് സത്യം. ഞാനിപ്പോൾ മറ്റൊരു ദിശയിലേക്കാണ് സഞ്ചരിക്കുന്നത്."
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.