/indian-express-malayalam/media/media_files/2025/06/18/Thug Life Kannada Controversy-06998315.jpg)
ചിത്രം: എക്സ്
കമൽഹാസൻ നായകനായ 'തഗ് ലൈഫ്' എന്ന ചിത്രത്തിന്റെ റിലീസ് വിലക്കിയ നടപടിയിൽ കർണാടക സർക്കാരിനെയും ഹൈക്കോടതിയെയും സുപ്രീം കോടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. റിലീസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി അനുകൂല നിലപാട് സ്വീകരിച്ചിട്ടും, ചിത്രം ഇനി സംസ്ഥാനത്ത് റിലീസ് ചെയ്യില്ലെന്ന് വ്യക്തമാക്കുകയാണ് വിതരണക്കാരൻ.
കർണാടകയിൽ തഗ് ലൈഫ് റിലീസു ചെയ്യില്ലെന്നും ധാരാളം കാരാണങ്ങൾ അതിനു പിന്നിലുണ്ടെന്നും ചിത്രത്തിന്റെ കർണാടകയിലെ വിതരണക്കാരനായ വെങ്കിടേഷ് കമലകർ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. "ഒരു സിനിമയ്ക്ക് തിയേറ്ററിൽ നിന്ന് പണം സമ്പാദിക്കണമെങ്കിൽ, അത് ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രമേ സംഭവിക്കൂ. തഗ് ലൈഫ് റിലീസു ചെയ്ത് രണ്ടാഴ്ചയിലേറെയായി. തമിഴ്‌നാട്ടിൽ പോലും ചിത്രത്തിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനിയിട്ടില്ല," വെങ്കിടേഷ് കമലകർ പറഞ്ഞു.
അതേസമയം, തിയേറ്ററുകളിൽ എന്തു പ്രദർശിപ്പിക്കണമെന്ന് തീരുമാനിക്കാൻ ഗുണ്ടാസംഘങ്ങളെ അനുവദിക്കാകില്ലെന്നായിരുന്നു സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയത്. ആൾക്കൂട്ട ഭീഷണികൾക്ക് നിയമവാഴ്ചയെ ബന്ദിയാക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ആരെങ്കിലും ഒരു പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിൽ, മറ്റൊരു പ്രസ്താവനയിലൂടെയാണ് അതിനെ പ്രതിരോധിക്കേണ്ടതെന്നും, തിയേറ്ററുകൾ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്താൻ അനുവദിക്കില്ലെന്നും ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ, ജസ്റ്റിസ് മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കർണാടകയിലെ ജനങ്ങൾക്ക് കമൽഹാസനോട് വിയോജിക്കാൻ സ്വാതന്ത്ര്യമുണ്ട്. അതുപോലെ തന്നെ മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കോടതി കൂട്ടിച്ചേർത്തു.
Also Read:കമൽ ഹാസൻ മാപ്പ് പറയണം; രൂക്ഷ വിമർശനവുമായി ഹൈക്കോടതി
ഒരു സിനിമയ്ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) അനുമതിയുണ്ടെങ്കിൽ അതു റിലീസു ചെയ്യാൻ അനുവദിക്കണം. ജനങ്ങൾക്ക് അത് കാണാതിരിക്കം എന്നു തീരുമാനിക്കാം. എന്നാൽ ഭീഷണിപ്പെടുത്താനോ സിനിമ റിലീസ് ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കാനോ ആരെയും അനുവദിക്കില്ല. കമൽഹാസൻ ക്ഷമാപണം നടത്തണമെന്ന് ഹൈക്കോടതി എന്തുകൊണ്ടാണ് ആവശ്യപ്പെട്ടതെന്നും സുപ്രീം കോടതി ചോദിച്ചു. വിലക്കിനെതിരെ മഹേഷ് റെഡ്ഡി നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിരീക്ഷണം.
Read More:'കന്നഡ പിറന്നത് തമിഴിൽനിന്ന്'; കമൽ ഹാസന്റെ പരാമർശത്തിനെതിരെ കർണാടകയിൽ വ്യാപക പ്രതിഷേധം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.