scorecardresearch

ദീപിക പദുക്കോണിനെ ആർക്കാണ് പേടി?

വലിയ വിജയങ്ങൾക്കൊപ്പം വലിയ വിവാദങ്ങളും എക്കാലവും ദീപികയെ അകമ്പടി സേവിച്ചിരുന്നു.

വലിയ വിജയങ്ങൾക്കൊപ്പം വലിയ വിവാദങ്ങളും എക്കാലവും ദീപികയെ അകമ്പടി സേവിച്ചിരുന്നു.

author-image
Entertainment Desk
New Update
Deepika Padukone, Actress, Birthday

ദീപിക പദുക്കോണിന്റെ ജന്മദിനമാണ് ഇന്ന്. വർഷങ്ങളായി ദീപികയുടെ അഭിപ്രായങ്ങൾ മുതൽ അരക്കെട്ടും കഴുത്തും ഹെംലൈനും വരെ പലകുറി വാർത്തകളിലും വിവാദങ്ങളിലും ഇടം പിടിച്ചുവരികയാണ്. വലിയ വിജയങ്ങൾക്കൊപ്പം വലിയ വിവാദങ്ങളും എക്കാലവും ദീപികയെ അകമ്പടി സേവിച്ചിരുന്നു.

Advertisment

വമ്പൻ റിലീസോടെയാണ് ദീപികയുടെ 2023ന് തുടക്കം കുറിക്കുന്നത്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാൻ സിനിമകളിലേക്ക് തിരിച്ചെത്തുമ്പോൾ, ഷാരൂഖിനൊപ്പം സ്ക്രീൻ സ്പേസ് പങ്കിട്ട് ദീപികയുമുണ്ട് 'പത്താനി'ൽ. ചിത്രത്തിൽ ദീപിക ധരിച്ച ബിക്കിനിയുടെ നിറത്തിൽ വരെ മതവും വർണ്ണ സിദ്ധാന്തവുമൊക്കെ ആരോപിച്ച് ഒരുകൂട്ടം ആളുകൾ ഉയർത്തി വിട്ട വിവാദങ്ങൾ കെട്ട് അടങ്ങുന്നതേയുള്ളൂ.

എന്നാൽ ദീപികയുടെ കരിയറിൽ ഇതാദ്യമായല്ല ഇത്തരം വിവാദങ്ങൾ. വാർത്താ ചാനലുകൾ, രാഷ്ട്രീയക്കാർ, സോഷ്യൽ മീഡിയ ഉപയോക്താക്കൾ എന്നിവരെല്ലാം ദീപികയുടെ അഭിപ്രായങ്ങൾ, അരക്കെട്ട്, കഴുത്ത്, ഹെംലൈനുകൾ തുടങ്ങി സിനിമകളുടെ തിരഞ്ഞെടുപ്പിൽ പോലും അസ്വസ്ഥത പ്രകടിപ്പിച്ച് താരത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ വിദ്വേഷം നിറഞ്ഞ വ്യക്തിപരമായ ആക്രമണങ്ങളെ പോലും മാന്യമായ നിശബ്ദത പാലിച്ചുകൊണ്ടാണ് ദീപിക കൈകാര്യം ചെയ്തത്.

Advertisment

നിങ്ങൾക്ക് ദീപികയെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യാം. എന്നാൽ ദീപിക പദുകോൺ ഇന്നൊരു അഭിനേത്രി മാത്രമല്ല, ആഗോളതലത്തിൽ തന്നെ ഒരു ഫാഷൻ ഐക്കൺ എന്ന നിലയിൽ തന്റെ സ്ഥാനം ഉറപ്പിച്ച വ്യക്തിത്വമാണ്. അതാർക്കും നിഷേധിക്കാനാവില്ല. കഴിഞ്ഞ വർഷം ഹൈഎൻഡ് യൂറോപ്യൻ ബ്രാൻഡുകളുമായും സ്‌പോർട്‌സ് ഭീമനായ അഡിഡാസുമായും ദീപിക എൻഡോഴ്‌സ്‌മെന്റ് കരാറുകളിൽ ഒപ്പുവച്ചു. സ്വന്തമായൊരു സ്കിൻ കെയർ ബ്രാൻഡ് ആരംഭിക്കുകയും മാനസികാരോഗ്യവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ സമൂഹത്തിൽ അവബോധമുണ്ടാക്കാൻ പല വേദികളിലും പരസ്യമായി സംസാരിക്കുകയും ചെയ്തു.

ഷാരൂഖ് ഖാനൊപ്പം ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെയായിരുന്നു ദീപികയുടെ ഗംഭീരമായ അരങ്ങേറ്റം. എന്നാൽ പിന്നീടങ്ങോട് മികവാർന്ന പ്രകടനങ്ങളുടെ ഒരു പരമ്പരയാണ് ദീപികയിൽ കണ്ടത്, ബോളിവുഡ് ഭരിച്ച ഖാൻമാർക്കും അക്ഷയ് കുമാറിനും ഒപ്പത്തിനൊപ്പമെന്ന രീതിയിൽ ദീപിക ഉയർന്നുവന്നു. ദീപികയ്ക്കായി നായികാപ്രാധാന്യമുള്ള ചിത്രങ്ങളുണ്ടായി. രൺബീറും മറ്റു ആൺസുഹൃത്തുക്കളുമൊക്കെയായുള്ള പ്രണയവും വേർപിരിയലുമൊക്കെ ദീപികയുടെ പ്രൊഫഷണൽ നേട്ടങ്ങൾക്ക് ഇടക്കാലത്ത് മങ്ങലേൽപ്പിച്ചെങ്കിലും കോക്ക്‌ടെയിലിലെ വെറോണിക്കയായി എത്തി മികച്ച പ്രകടനത്തിലൂടെ ദീപിക എല്ലാവരെയും അമ്പരപ്പിച്ചു.

സഞ്ജയ് ലീല ബൻസാലിയുടെ 'ഗോലിയോൻ കി രാസ്‌ലീല രാം ലീല' എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ ദീപികയുടെ ചിത്രങ്ങൾ വാണിജ്യപരമായി മുന്നേറി തുടങ്ങി. ആ ചിത്രത്തിൽ രൺവീറിനൊപ്പം അഭിനയിക്കുമ്പോൾ, രൺവീറും താരതമ്യേന തുടക്കക്കാരനായിരുന്നു. എന്നാൽ അതോടെ അതൊരു സൂപ്പർസ്റ്റാർഡത്തിന്റെ തുടക്കമായി മാറുകയായിരുന്നു. ചിത്രം വൻ വിജയമായി തീർന്നു. ചിത്രത്തിന്റെ പേരിലെ മതപരമായ പരാമർശങ്ങളുയർത്തി കാണിച്ച് ചില രാഷ്ട്രീയ സംഘടനകളും പ്രശ്നങ്ങളുയർത്തി രംഗത്തെത്തി.

കുറച്ച് വർഷങ്ങൾക്ക് ശേഷം അടുത്ത വിവാദത്തിന് തിരികൊളുത്തി പത്മാവതുമെത്തി. ചിത്രത്തിന് വലിയ രീതിയിലുള്ള തിരിച്ചടികൾ നേരിടേണ്ടി വന്നു. ചില രാഷ്ട്രീയ, മത സംഘടനകൾ ദീപികയുടെ മുഖം വികൃതമാക്കുമെന്ന് ഭീഷണിപ്പെടുത്തി. സൂഫി കവിയായ മാലിക് മുഹമ്മദ് ജയസിയുടെ ഒരു ഇതിഹാസ കാവ്യത്തെ അടിസ്ഥാനമാക്കിയുള്ള പദ്മാവത് ചരിത്രസംഭവങ്ങൾ വളച്ചൊടിക്കുന്നു എന്നതായിരുന്നു ആരോപണം. ദീപികയുടെ അരക്കെട്ടും വലിയ കോലാഹലം സൃഷ്ടിച്ചു. ഒരുപക്ഷേ സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാവും ഒരു സ്ത്രീയുടെ ബ്ലൗസിന്റെ നീളം ഡിജിറ്റലായി വർധിപ്പിച്ച് സമാധാനത്തിനായി സിനിമാപ്രവർത്തകർ ശ്രമിച്ചത്.

2019-ൽ ചപ്പാക്കിന്റെ റിലീസിന് തൊട്ടുമുമ്പ്, ഡൽഹിയിലെ CAA വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്തതിന് ആക്രമിക്കപ്പെട്ട ഡൽഹിയിലെ JNU വിദ്യാർത്ഥികളോടൊപ്പം ദീപിക നിലകൊണ്ടു. നിർമ്മാതാവെന്ന നിലയിൽ ദീപികയുടെ കന്നി സംരംഭമായിരുന്നു ചപ്പാക്ക്. വരാനിരിക്കുന്ന സിനിമയുടെ പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണിതെന്ന് പലരും വിമർശനം ഉന്നയിച്ചു. എന്നാൽ ആ വിദ്യാർത്ഥികൾക്കൊപ്പം നിലകൊണ്ടതും പൊതുവിടത്തിൽ പ്രത്യക്ഷപ്പെട്ടതും ദീപികയുടെ വളരെ ധീരമായൊരു നിലപാടായിരുന്നു. പ്രത്യേകിച്ചും ബോളിവുഡ്, രാഷ്ട്രീയത്തിൽ നിന്നും സമകാലിക പ്രശ്നങ്ങളിൽ നിന്നും കാതും കണ്ണും അകറ്റി, മിണ്ടാതെ നിശബ്ദത പാലിച്ചൊരു കാലത്ത്.

2020-ൽ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെത്തുടർന്ന്, വിഷാദരോഗവുമായുള്ള പോരാട്ടത്തെ ദീപിക അമിതമായി പൊലിപ്പിക്കുകയാണെന്നും സുശാന്തിന്റെ മരണത്തിലേക്ക് മാനസികരോഗം എന്ന ആംഗിൾ കൊണ്ടുവരാനായി നിർബന്ധം പിടിക്കുകയാണെന്നും കങ്കണ റണാവത്ത് ആരോപിച്ചു. കങ്കണയുടെ ക്രൂരവും വ്യക്തിപരവുമായ ആക്രമണങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ദീപിക നിന്നില്ല, എന്നാൽ മാനസികാരോഗ്യത്തെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ അകറ്റാൻ അർപ്പണബോധത്തോടെ തന്റെ പ്രവർത്തനം തുടരുകയാണ് ദീപിക ചെയ്തത്.

ഒരിക്കൽ മാത്രമാണ് തനിക്കെതിരെയുള്ള വിവാദങ്ങളോട് ദീപിക പരസ്യമായി പ്രതികരിച്ചത്.
ഗഹ്‌റൈയാൻ പ്രൊമോഷൻ സമയത്ത് അനന്യ പാണ്ഡെയുടെയും ദീപിക പദുക്കോണിന്റെയും വസ്ത്രങ്ങളെ കുറിച്ച് കമന്റ് ചെയ്‌തുകൊണ്ട് അഡ്‌മാൻ ഫ്രെഡി ബേർഡി വിചിത്രവും അശ്ലീലം നിറഞ്ഞതുമായ പോസ്റ്റ് ഷെയർ ചെയ്തപ്പോൾ മാത്രമാണ് ദീപിക പേരുകളൊന്നും എടുത്തു പറയാതെ പ്രതികരിച്ചത്. വലിയ പുരോഗമനവാദിയെന്ന ഇമേജിൽ നിൽക്കുന്ന ഫ്രെഡിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു, "ന്യൂട്ടന്റെ ബോളിവുഡ് നിയമം: ഗെഹ്‌റൈയാൻ റിലീസ് തീയതി അടുക്കുമ്പോൾ വസ്ത്രങ്ങൾ കൂടുതൽ ചെറുതാകും."

ഫ്രെഡിയുടെ അനുയായികളെ പോലും ആ പോസ്റ്റിലെ ലൈംഗികത ഞെട്ടിച്ചു. സാധാരണ വിവാദങ്ങളോട് ഏറ്റുമുട്ടാൻ നിൽക്കാത്ത ദീപിക, നിഗൂഢമായൊരു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. "പ്രപഞ്ചം പ്രോട്ടോണുകളും ന്യൂട്രോണുകളും ഇലക്ട്രോണുകളും കൊണ്ട് നിർമ്മിച്ചതാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. വിഡ്ഢികളെ കുറിച്ച് പറയാൻ അവർ മറന്നു." ആ വാക് പോര് അവിടെ അവസാനിച്ചില്ല. ഇഷ്ടമുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ താൻ ദീപികയെ അപമാനിച്ചിട്ടില്ലെന്ന് ഫ്രെഡി മറ്റൊരു പോസ്റ്റിൽ തിരിച്ചടിച്ചു.

കരൺ ജോഹറുമായുള്ള ദീപികയുടെ ഒരു അഭിമുഖമാണ് പിന്നീട് വിവാദങ്ങളിൽ നിറഞ്ഞത്. രൺബീർ വിശ്വാസവഞ്ചന കാണിച്ചുവെന്നായിരുന്നു അഭിമുഖത്തിനിടയിൽ ദീപിക പറഞ്ഞത്. വിവാദങ്ങൾ ഉയർന്നപ്പോൾ, ദീപിക സെൻസേഷണലിസത്തിന് പകരം നിശബ്ദതയുടെ പാത തിരഞ്ഞെടുത്തു. ദീപികയുടെ പ്രതികരണമില്ലായ്മയെ, പ്രത്യേകിച്ചും വിവാദങ്ങൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ, രാഷ്ട്രീയ കൃത്യതകുറവോ ധൈര്യമില്ലായ്മയോ ആയി വ്യാഖ്യാനിക്കപ്പെട്ടേക്കാം. എന്നിരുന്നാലും, രാഷ്ട്രീയ കുപ്രചരണങ്ങളാൽ കലയെ കൂടുതൽ കൂടുതൽ കളങ്കപ്പെടുത്തുന്ന ഒരു കാലത്ത്, ദീപികയുടെ മൗനം തന്നെ ഏറ്റവും നല്ല മറുപടിയായി മാറാം.

ഉടനെ തന്നെ പത്താന്റെ പ്രമോഷൻ ആരംഭിക്കും. ഇന്ത്യയിലെ ഭൂരിപക്ഷ പാർട്ടിയിലെ അംഗങ്ങൾ വളഞ്ഞിട്ട് ആക്രമിക്കുന്ന ചിത്രത്തിനെ ചുറ്റി ഇനിയും വിവാദങ്ങൾ ഉയർന്നേക്കാം. എന്നാൽ മുൻകാലങ്ങളെ പോലെ, സംയമനത്തോടെയും പക്വതയോടെയും വിവാദങ്ങൾ കൈകാര്യം ചെയ്തും ദീപിക തന്റെ യാത്ര തുടരും.

Deepika Padukone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: